നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ രാഷ്ട്രപതിക്ക് മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം; തീരുമാനം വൈകിയാല്‍ സംസ്ഥാന സര്‍ക്കാറിനെ രേഖാമൂലം അറിയിക്കണം; അല്ലാത്ത പക്ഷം കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി; രാഷ്ട്രപതിക്ക് സമയപരിധി നിശ്ചയിക്കുന്ന കോടതി വിധി ഇതാദ്യം

രാഷ്ട്രപതിക്ക് സമയപരിധി നിശ്ചയിക്കുന്ന കോടതി വിധി ഇതാദ്യം

Update: 2025-04-12 03:52 GMT

ന്യൂഡല്‍ഹി: നിയമസഭകള്‍ പാസ്സാക്കുന്ന ബില്ലുകള്‍ ഗവര്‍ണര്‍മാര്‍ അയച്ചാല്‍ രാഷ്ട്രപതി മൂന്ന് മാസത്തിനുള്ളില്‍ അതില്‍ തീരുമാനം എടുക്കണമെന്ന് വ്യക്തമാക്കി സുപ്രീം കോടതി. തീരുമാനം വൈകിയാല്‍ അതിനുള്ള കാരണം സംസ്ഥാന സര്‍ക്കാരിനെ രേഖാമൂലം അക്കാര്യം അറിയിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. രാഷ്ട്രപതിയുടെ തീരുമാനം വൈകിയാല്‍ അത് കോടതിയില്‍ ചോദ്യം ചെയ്യാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് ഉണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. തമിഴ്‌നാട് ഗവര്‍ണറുമായുള്ള കേസിലെ വിധിയിലാണ് സുപ്രീംകോടതിയുടെ ഭാഗത്തു നിന്നും നിര്‍ണായക വിധി ഉണ്ടായിരിക്കുന്നത്.

ഇതാദ്യമായാണ് നിയമസഭകള്‍ പാസ്സാക്കുന്ന ബില്ലുകളില്‍ തീരുമാനം എടുക്കാന്‍ രാഷ്ട്രപതിക്ക് സുപ്രീം കോടതി സമയ പരിധി നിശ്ചയിക്കുന്നത് എന്നതും ശ്രദ്ദേയം. ഗവര്‍ണര്‍മാര്‍ അയക്കുന്ന ബില്ലുകളില്‍ രാഷ്ട്രപതി സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ച് ഭരണഘടനയുടെ 201 ആം അനുച്ഛേദത്തില്‍ വിശദീകരിച്ചിട്ടുണ്ട്. എന്നാല്‍ ഈ അനുച്ഛേദത്തില്‍ സമയ പരിധി നിശ്ചയിച്ചിരുന്നില്ല. ബില്ലുകളില്‍ രാഷ്ട്രപതിയുടെ തീരുമാനം വൈകരുത് എന്ന് സര്‍ക്കാരിയ, പൂഞ്ചി കമ്മീഷനുകളുടെ ശുപാര്‍ശകളിലും, കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയിട്ടുള്ള മാനദണ്ഡത്തിലും വിശദീകരിച്ചിട്ടുണ്ട് എന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അതിനാല്‍ യുക്തമായ സമയത്തിനുള്ളില്‍ ഒരു ഭരണഘടന അതോറിറ്റി തീരുമാനം എടുത്തില്ലെങ്കില്‍ അത് കോടതിയില്‍ ചോദ്യം ചെയ്യാം എന്നും ജസ്റ്റിസ്മാരായ ജെ ബി പര്‍ഡിവാല, ആര്‍ മഹാദേവന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

നിയമസഭാ പാസ്സാക്കിയ ബില്ലുകളില്‍ തീരുമാനം എടുക്കാതെ പിടിച്ച് വയ്ക്കുകയും, പിന്നിട്ട് രാഷ്ട്രപതിക്ക് അയക്കുകയും ചെയ്ത തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിയുടെ നടപടി ഭരണഘടന വിരുദ്ധം ആണെന്ന് വിധിച്ച് കൊണ്ടുള്ള വിധിയിലാണ് സുപ്രീം കോടതി രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ചത്. ഏപ്രില്‍ എട്ടിന് തുറന്ന കോടതിയില്‍ പുറപ്പെടുവിച്ച വിധിയുടെ പൂര്‍ണ്ണ രൂപം ഇന്നലെ അര്‍ദ്ധ രാത്രിയാണ് സുപ്രീം കോടതി വെബ് സൈറ്റില്‍ അപ്ലോഡ് ചെയ്തത്. വിധിയുടെ പകര്‍പ്പ് എല്ലാ ഗവര്‍ണര്‍മാരുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്കും, ഹൈകോടതികള്‍ക്കും അയച്ച് കൊടുക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ബില്ലുകളില്‍ തീരുമാനം എടുക്കുന്നതിന് ഗവര്‍ണര്‍മാര്‍ക്കുള്ള സമയപരിധി സംബന്ധിച്ചും വിധിയില്‍ വിശദീകരിച്ചിട്ടുണ്ട്. സംസ്ഥാന മന്ത്രിസഭയുടെ ഉപദേശ പ്രകാരം ബില്ല് തിരിച്ച് അയക്കുകയോ, രാഷ്ട്രപതിക്ക് അയക്കുകയോ ചെയ്യുന്നെങ്കില്‍ അത് ഒരു മാസത്തിനകം വേണം. മന്ത്രിസഭയുടെ ഉപദേശമില്ലാതെ ബില്ല് തിരിച്ചയക്കുകയാണെങ്കില്‍ അത് മൂന്ന് മാസത്തിനുള്ളില്‍ വേണം. തിരിച്ച് അയച്ച ബില്ലുകള്‍ നിയമസഭ വീണ്ടും പാസ്സാക്കി അയച്ചാല്‍ അതില്‍ ഗവര്‍ണര്‍ ഒരു മാസത്തിനുള്ളില്‍ അംഗീകാരം നല്‍കണം. തിരിച്ചയക്കുന്ന ബില്ലുകള്‍ നിയമസഭാ വീണ്ടും പാസ്സാക്കി അയച്ചാല്‍ ഗവര്‍ണര്‍ അതിന് അംഗീകാരം നല്‍കിയേ മതിയാകൂ. സുപ്രീം കോടതി വിധി തമിഴ്‌നാടിന്റെ മാത്രമല്ല എല്ലാ സംസ്ഥാനങ്ങളുടെയും വിജയമാണെന്നും എംകെ സ്റ്റാലിന്‍ നിയമസഭയില്‍ പറഞ്ഞു.

ബില്ലുകള്‍ പാസാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാന സര്‍ക്കാരുകളും ഗവര്‍ണര്‍മാരും തമ്മിലുള്ള പോര് നിലനില്‍ക്കുന്നിനിടയിലാണ് സുപ്രിം കോടതിയുടെ ഈ സുപ്രധാന ഉത്തരവ് എന്നതാണ് ശ്രദ്ധേയം.

Tags:    

Similar News