മുക്കാല്‍ കുപ്പി വോഡ്ക അടിച്ചിട്ട് കിടന്നെണീറ്റ് പിറ്റേന്ന് രാവിലെ സര്‍ജറി നടത്തി; മണം തോന്നിയവര്‍ പരാതിപ്പെട്ടു; ബ്രിട്ടനിലെ വാറിംഗ്ടണ്‍ എന്‍എച്ച്എസ് ആശുപത്രിയിലെ ഇന്ത്യക്കാരനായ സര്‍ജന്‍ വിവേകിന് സസ്‌പെന്‍ഷന്‍ ഒന്‍പതു മാസം; മുന്‍ചരിത്രം ഇല്ലാത്തത് രക്ഷയായി
മുക്കാല്‍ കുപ്പി വോഡ്ക അടിച്ചിട്ട് കിടന്നെണീറ്റ് പിറ്റേന്ന് രാവിലെ സര്‍ജറി നടത്തി
ലണ്ടന്‍: ജോലിസ്ഥലത്ത് വോഡ്ക കുടിച്ചെത്തിയ സര്‍ജന് ഒന്‍പത് മാസക്കാലത്തെ സസ്‌പെന്‍ഷന്‍. ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം മൂലം ജോലിയില്‍ ഉണ്ടായ അമിത സമ്മര്‍ദ്ദമാണ് ഇത്തരമൊരു സാഹചര്യം ഉണ്ടാക്കിയതെന്നായിരുന്നു സര്‍ജന്റെ വാദം. ഇന്ത്യന്‍ വംശജനായ (മലയാളിയാണെന്ന് സംശയിക്കുന്നു) ഡോക്ടര്‍ വിവേക് വടികുടി 750 മി. ലീ വോഡ്ക കുപ്പിയിലെ മൂന്നില്‍ രണ്ട് ഭാഗത്തോളം തീര്‍ത്തതിന് ശേഷമാണ് ജോലിക്ക് ഹാജരായത് എന്നാണ് പറയുന്നത്.
വാരിംഗ്ടണ്‍ ഹോസ്പിറ്റലില്‍ സര്‍ജിക്കല്‍ റെജിസ്ട്രാര്‍ ആയി ജോലി ചെയ്യുന്ന ഡോക്ടര്‍ വിവേകിന്റെ കെസ് മെഡിക്കല്‍ പ്രാക്ടീഷണേഴ്സ് ട്രിബ്യൂണല്‍ സര്‍വ്വീസിനു മുന്നിലാണ് വന്നത്. 2023 സെപ്റ്റംബര്‍ 22 ന് ഒരു സര്‍ജിക്കല്‍ ഹാന്‍ഡോവറിനിടയില്‍, വിവേകിന്റെ ശ്വാസോച്ഛ്വാസത്തില്‍ മദ്യത്തിന്റെ ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഒരു സഹപ്രവര്‍ത്തകനായിരുന്നു അധികൃതര്‍ക്ക് മുന്‍പില്‍ പ്രശ്നം കൊണ്ടുവന്നത്. വിവേകിന്റെ പ്രവൃത്തി രോഗികളുടെ സുരക്ഷയെ വിപരീതമായി ബാധിക്കുന്ന ഒന്നാണെന്നാണ് ട്രിബ്യൂണല്‍ വിലയിരുത്തിയത്.
എന്നാല്‍, ദീര്‍ഘകാലമായി സര്‍വ്വീസിലുള്ള വിവേകില്‍ നിന്നും ഇത്തരമൊരു പെരുമാറ്റ ദൂഷ്യമുണ്ടാകുന്നത് ഇതാദ്യമായിട്ടാണെന്നും ട്രിബ്യൂണല്‍ ചൂണ്ടിക്കാട്ടി. മുന്‍പെങ്ങും ഒരു പരാതി ഈ ഡോക്ടര്‍ക്കെതിരെ ഉണ്ടായിട്ടില്ല. വളരെയധികം സമ്മര്‍ദ്ദം അനുഭവിക്കുകയും, ക്ഷീണിതനാവുകയും ചെയ്തതിനാല്‍ ഷിഫ്റ്റിന് മുന്‍പുള്ള രാത്രിയാണ് താന്‍ മദ്യപിച്ചതെന്ന് വിവേക് ട്രിബ്യൂണലിന് മുന്‍പില്‍ വെളിപ്പെടുത്തി. ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരത്തിലായതിനാല്‍ കടുത്ത ജോലിഭാരമായിരുന്നെന്നും വിവേക് പറഞ്ഞു.
തലേന്ന് ജോലി കഴിഞ്ഞ് മടങ്ങുന്ന വഴി ഒരു ചൈനീസ് ടേക്ക് എവേയുമായി വീട്ടിലെത്തിയ വിവേക് വോഡ്ക് കഴിച്ചതിനു ശേഷം ഭക്ഷണവും കഴിച്ച് പാതിരാത്രിക്ക് മുന്‍പായി കിടന്നുറങ്ങിയതായും അന്വേഷണ പാനല്‍ കോടതിയെ അറിയിച്ചു. പിറ്റേന്ന് രാവിലെ ഏഴേകാലിനായിരുന്നു ഷിഫ്റ്റ്. വൈകിയതിനാല്‍ പ്രാതല്‍ കഴിക്കാതെയായിരുന്നു അയാള്‍ ജോലിക്കെത്തിയത്.
ആ സമയത്ത് മദ്യത്തിന്റെ സ്വാധീനം ഉണ്ടായിരുന്നില. അതുകൊണ്ടു തന്നെ സ്വയം വാഹനമോടിച്ചാണ് ഡോക്ടര്‍ ജോലിക്കെത്തിയതും എന്നാല്‍ പിന്നീട് നടന്ന രക്തപരിശോധനയില്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ 48 മി ഗ്രാം ആല്‍ക്കഹോളിന്റെ അംശമുണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. ഇന്ത്യയില്‍ മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വിവേക് കഴിഞ്ഞ 10 വര്‍ഷമായി എന്‍ എച്ച് എസ്സില്‍ ജോലി ചെയ്യുകയാണ്.
