ധീം.. തരികിട... തോം! ശ്രീറാം വെങ്കിട്ടരാമനെ തോല്‍പ്പിച്ച അതിബുദ്ധി; 11-ാം മണിക്കൂറില്‍ സ്റ്റേഷനില്‍ ഹാജര്‍; 12-ാം മണിക്കൂറില്‍ പോലീസ് ജീപ്പില്‍ രക്തപരിശോധനയ്ക്കുള്ള യാത്ര; മണിയന്‍പിള്ള രാജുവിനെ ഇനി ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല; ആ അനുജന്റെ ബുദ്ധി തുണച്ചു; മ്യൂസിയം പോലീസിനെ വെട്ടിലാക്കി രാജുവിന്റെ രക്ഷപ്പെടല്‍

Update: 2026-02-06 04:25 GMT

തിരുവനന്തപുരം: മണിയന്‍ പിള്ള രാജു നായകനായ പ്രിയദര്‍ശന്‍ സിനിമയാണ് ധീം തരികിട തോം...! നിയമത്തിന്റെ പഴുതുകള്‍ക്കിടയിലൂടെ വഴുതിമാറാന്‍ ഒരു അതിബുദ്ധിമാനായ തിരക്കഥാകൃത്തിന്റെ തന്ത്രവുമായി നടന്‍ മണിയന്‍പിള്ള രാജു. വഴുതക്കാട് സുബ്രഹ്‌മണ്യം ഹാളിന് മുന്നില്‍ വെച്ച് ബൈക്ക് യാത്രക്കാരെ ഇടിച്ചുതെറിപ്പിച്ച് നിര്‍ത്താതെ പോയ താരം, കൃത്യം 11 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി കീഴടങ്ങി.

രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്താന്‍ കഴിയുന്ന ആ 'എട്ടു മണിക്കൂര്‍' എന്ന നിര്‍ണ്ണായക സമയം കടന്നുപോകാന്‍ ഒളിവിലിരുന്ന് കരുനീക്കം നടത്തിയ താരത്തിന് പിന്നില്‍ ഒരു അതിബുദ്ധിമാന്റെ ഉപദേശമുണ്ടായിരുന്നുവെന്നാണ് സൂചന. ശ്രീറാം വെങ്കിട്ടരാമന്‍ പോലും തോറ്റുപോകുന്ന ഇത്തരമൊരു 'ഒളിച്ചുകളി'യിലൂടെ താന്‍ മദ്യപിച്ചിരുന്നില്ലെന്ന് ശാസ്ത്രീയമായി സ്ഥാപിക്കാന്‍ രാജുവിന് ഇനി സാധിക്കും. മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനം ഇടിച്ചു കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ആദ്യ മണിക്കൂറില്‍ അതിബുദ്ധിപരമായി രക്തപരിശോധന ഒഴിവാക്കിയിരുന്നു. അതും സംഭവിച്ചത് മ്യൂസിയം പോലീസ് സ്‌റ്റേഷനിലാണ്. ഇതേ മ്യൂസിയം പോലീസാണ് മണിയന്‍ പിള്ളയേയും രക്ഷിക്കുന്നത്.

ഇന്നലെ രാത്രി പത്തു മണിയോടെ ട്രിവാന്‍ഡ്രം ക്ലബ്ബിന് മുന്നിലായിരുന്നു അപകടം. മദ്യലഹരിയിലായിരുന്നോ എന്ന സംശയം ബലപ്പെടുത്തുന്ന വിധത്തിലായിരുന്നു അപകടത്തിന് ശേഷമുള്ള താരത്തിന്റെ പാച്ചില്‍. പോലീസ് ആസ്ഥാനത്തിന് വിളിപ്പാടകലെ വെച്ച് രണ്ട് യുവാക്കളുടെ നട്ടെല്ലും കാലും തകര്‍ത്തിട്ടും തിരിഞ്ഞുനോക്കാതെ ആഡംബര കാര്‍ പറന്നുപോയത് നഗരത്തെ ഞെട്ടിച്ചു. എന്നാല്‍, അപകടം നടന്നയുടന്‍ താരം ഒരു ഉന്നതനെ ബന്ധപ്പെട്ടതായും അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് തടിതപ്പിയതെന്നുമാണ് ലഭിക്കുന്ന വിവരം.

രാത്രി താരത്തിന്റെ വീട്ടിലെത്തിയ പോലീസിനോട് രാജു അവിടെയില്ലെന്ന മറുപടിയാണ് ലഭിച്ചത്. കൃത്യം 11 മണിക്കൂര്‍ കഴിഞ്ഞ് മദ്യത്തിന്റെ അംശം രക്തത്തില്‍ നിന്ന് അപ്രത്യക്ഷമായെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് താരം സ്റ്റേഷനിലെത്തിയത്. 12 മണിക്കൂര്‍ കഴിഞ്ഞ് മാത്രമേ രക്ത പരിശോധന നടക്കൂവെന്ന് ഉറപ്പിക്കാനായിരുന്നു ഇത്. അപകടത്തിന് ശേഷം പന്ത്രണ്ടാം മണിക്കൂറില്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന നടത്തിയെങ്കിലും 'മദ്യപിച്ചിട്ടില്ല' എന്ന ക്ലീന്‍ ചിറ്റ് താരം നിയമപരമായി ഉറപ്പിച്ചു കഴിഞ്ഞു. ഭയം കാരണമാണ് നിര്‍ത്താതെ പോയതെന്ന രാജുവിന്റെ വാദം വെറും പുകമറയാണെന്ന് വ്യക്തം.

തകര്‍ന്നുപോയ യുവാക്കളെ റോഡില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ താരത്തിന് വേണ്ടി ഉന്നതങ്ങളില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായതോടെ കേസ് ഒതുക്കിത്തീര്‍ക്കാനുള്ള നീക്കങ്ങളും സജീവമാണ്. പോലീസ് സ്റ്റേഷനിലെത്തി ചിരിച്ചുകൊണ്ട് മടങ്ങിയ രാജുവിനെ ഇനി മദ്യപാനത്തിന്റെ പേരില്‍ കുടുക്കാന്‍ നിയമത്തിന് കഴിയില്ലെന്നത് പോലീസിനും നാണക്കേടായി മാറിയിരിക്കുകയാണ്. സാധാരണക്കാരനാണെങ്കില്‍ അപ്പോള്‍ തന്നെ അകത്താകുമായിരുന്ന കേസില്‍, പണവും സ്വാധീനവുമുള്ള താരം നിയമത്തെ വെല്ലുവിളിച്ച് പുറത്തിറങ്ങി നടക്കുന്നു.

അപകടമുണ്ടായ രാത്രിയില്‍ തന്നെ പോലീസ് മണിയന്‍ പിള്ളയുടെ വീട്ടില്‍ എത്തിയിരുന്നു. മണിയന്‍പിള്ള വീട്ടില്‍ ഇല്ലെന്നാണ് പോലീസ് പറഞ്ഞത്. എന്നാല്‍ വീട്ടില്‍ മണിയന്‍ പിള്ള ഉണ്ടായിരുന്നു. ഇതെല്ലാം ദുരൂഹമായി മാറുന്നു.

Tags:    

Similar News