മലയാള സിനിമയുടെ അനിരുദ്ധ് അതുക്കും മേലെ..! റഷ്യന്‍ അന്തര്‍ദേശിയ ചലചിത്രമേളയില്‍ മ്യൂസിക്ക് വിഭാഗത്തില്‍ പുരസ്‌കാരം; പിന്നാലെ ഗ്രാമി പുരസ്‌കാരത്തിലും മത്സരിച്ച് സുഷിന്‍ ശ്യാം; ഗ്രാമി പുരസ്‌കാരം കേരളത്തിലേക്ക് എത്തുമോ? സംഗീതപ്രേമികള്‍ പ്രതീക്ഷയില്‍
മലയാള സിനിമയുടെ അനിരുദ്ധ് അതുക്കും മേലെ..!
തിരുവനന്തപുരം: ദിവസങ്ങള്‍ക്ക് മുന്നെയാണ് മലയാള സിനിമയ്ക്ക് തന്നെ അഭിമാനമായി റഷ്യയിലെ കിനോബ്രാവോ അന്തര്‍ദേശീയ ചലച്ചിത്രമേളയില്‍ ബെസ്റ്റ് ഫിലിം മ്യൂസിക് വിഭാഗത്തില്‍ മഞ്ഞുമ്മല്‍ ബോയ്സ് പുരസ്‌കാരം സ്വന്തമാക്കിയത്.മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഏക ഇന്ത്യന്‍ ചിത്രമായിരുന്നു മഞ്ഞുമ്മല്‍ ബോയ്സ്.ഈ പുരസ്‌കാരം നേടിയതിന് പിന്നാലെ മറ്റൊരു സന്തോഷ വാര്‍ത്ത കൂടി തന്റെ ആസ്വാദകരുമായി പങ്കുവെച്ചിരിക്കുകയാണ് സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം.
ആവേശം,മഞ്ഞുമ്മല്‍ ബോയ്‌സ് എന്നീ സിനിമകളിലെ സംഗീതം ഗ്രാമി പുരസ്‌കാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ് സുഷിന്‍ ശ്യാം.
തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ഈ വിവരം സുഷിന്‍ തന്നെയാണ് പങ്കുവച്ചത്.ബെസ്റ്റ് കോംപിലേഷന്‍ ഫോര്‍ വിഷ്വല്‍ മീഡിയ,ബെസ്റ്റ് സ്‌കോര്‍ സൗണ്ട്ട്രാക്ക് ഫോര്‍ വിഷ്വല്‍ മീഡിയ എന്നീ വിഭാഗത്തിലേക്കാണ് എന്‍ട്രികള്‍ അയച്ചിരിക്കുന്നത്.വിഷ്വല്‍ മീഡിയ വിഭാഗത്തിലെ ബെസ്റ്റ് സ്‌കോര്‍ സൗണ്ട് ട്രാക്കിനായി മഞ്ഞുമ്മല്‍ ബോയ്‌സിലെ സംഗീതവും ബെസ്റ്റ് കംപൈലേഷന്‍ സൗണ്ട്ട്രാക്ക് വിഭാഗത്തിലേക്ക് ആവേശത്തിലെ സംഗീതവുമാണ് പുരസ്‌കാരത്തിന് പരിഗണിക്കാന്‍ സമര്‍പ്പിച്ചിട്ടുള്ളത്.
മലയാളത്തില്‍ ഈ വര്‍ഷം പുറത്തിറങ്ങിയ ട്രെന്‍ഡിങ് ഗാനങ്ങളാണ് ആവേശത്തിലെയും മഞ്ഞുമ്മല്‍ ബോയ്സിലെയും. ഒപ്പം ഇരുസിനിമകള്‍ക്കും സുഷിന്‍ നല്‍കിയ പശ്ചാത്തല സംഗീതവും ഏറെ ശ്രദ്ധ നേടിയിരുന്നു.സുഷിന്റെ പോസ്റ്റിന് സമൂഹ മാധ്യമങ്ങളില്‍ മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.ഈ വര്‍ഷത്തെ പുരസ്‌കാരം സുഷിന്‍ സ്വന്തമാക്കുന്നതിനായി കാത്തിരിക്കുന്നതായി പലരും കുറിച്ചു. 'ആന്‍ഡ് ദി ഗ്രാമി ഗോസ് ടു...', 'ഗ്രാമി പോരട്ടെ', 'ഇത് സുഷിന്‍വുഡ്' ഇങ്ങനെ പോകുന്നു സുഷിന്റെ പോസ്റ്റിന് താഴെയുള്ള കമന്റുകള്‍.
ആവേശത്തിന്റെയും മഞ്ഞുമ്മലിന്റെയും നട്ടെല്ല് എന്നാണ് സുഷിന്റെ സംഗീതത്തെ പലരും വിശേഷിപ്പിച്ചതും.അതിനാല്‍ തന്നെ അപ്പോള്‍ മലയാളത്തിലെ ഏറ്റവും സൂപ്പര്‍ഹിറ്റ് സംഗീത സംവിധായകനാണ് സുഷിന്‍ ശ്യം.റഷ്യന്‍ ചലചിത്രമേളയിലും മികച്ച പ്രതികരണമാണ് മ്ഞ്ഞുമ്മല്‍ ബോയിസിന് ലഭിച്ചത്.സിനിമ കണ്ട റഷ്യക്കാര്‍ കരഞ്ഞുവെന്ന് സംവിധായകന്‍ ചിദംബരം പ്രതികരിച്ചു.
പ്രദര്‍ശനത്തിനുശേഷം ഒരുപാടുപേര്‍ തങ്ങളുടെ അടുത്ത് വന്നുവെന്നും ആലിംഗനംചെയ്തുവെന്നും ചിദംബരം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
ഇറ്റാലിയന്‍ നിരൂപകനും ചലച്ചിത്ര ചരിത്രകാരനും നിര്‍മാതാവുമായ മാര്‍കോ മുള്ളറാണ് ജൂറി അധ്യക്ഷന്‍. ഇന്ത്യയില്‍നിന്ന് വിശാല്‍ ഭരദ്വാജ് ജൂറി അംഗമാണ്.ബെസ്റ്റ് ഫിലിം മ്യൂസിക് വിഭാഗത്തില്‍ സുഷിന്‍ ശ്യാമിന് വേണ്ടി പുരസ്‌കാരം ചിത്രത്തിന്റെ സംവിധായകന്‍ ചിദംബരം ഏറ്റുവാങ്ങി.റഷ്യയിലെ സോച്ചിയിലാണ് ചലച്ചിത്രമേള നടന്നത്.
എഞ്ചിനിയറിങ്ങ് വിട്ട സുഷീന്‍ മലയാളത്തിന്റെ ബ്രാന്‍ഡ് ആകുമ്പോള്‍
്മലയാള സിനിമയുടെ 'സീന്‍ മാറ്റി' വിലപിടിപ്പുള്ള ബ്രാന്‍ഡ് നെയിം ആയി വളര്‍ന്ന സംഗീതസംവിധായകനാണ് സുഷിന്‍ ശ്യാം. ആവേശത്തിലെ ഇലുമിനാറ്റി സൃഷ്ടിച്ച ഓളം ഇനിയും കെട്ടടങ്ങിയിട്ടില്ല.ഗാനങ്ങള്‍ക്ക് പുറമെ പശ്ചാത്തല സംഗീതത്തിലും തന്റെ പ്രതിഭ തെളിയിക്കാന്‍ പറ്റുന്നുവെന്നാതാണ് സുഷിന്‍ ശ്യാമിന്റെ മികവ്.കൊമേഷ്യല്‍ സിനിമകളില്‍ മാത്രം ഒതുങ്ങാതെ ഓഫ് ബീറ്റ് സിനിമകളുടെ ഭാഗമാകാനും സുഷിന്‍ പരിശ്രമിക്കുന്നുണ്ട്.
അച്ഛന്‍ പറഞ്ഞ കാര്യങ്ങളാണ് കുട്ടിക്കാലത്തെ തന്റെ സംഗീതഭ്രമത്തെക്കുറിച്ച് സുഷിന്റെ മനസ്സില്‍ ഉള്ളത്.അതിനെക്കുറിച്ച് സുഷിന്‍ ഒരിക്കല്‍ പങ്കുവെച്ചത് ഇങ്ങനെ..പപ്പ പറഞ്ഞു കേട്ടിട്ടുള്ള കഥയാണ്. ചേച്ചിയെ പഠിപ്പിക്കാന്‍ ഒരു പാട്ടുമാഷ് വരുമായിരുന്നു.ചേച്ചിയെ പഠിപ്പിക്കാന്‍ ഇരിക്കുമ്പോള്‍ ഞാന്‍ ആ മുറിയുടെ വാതിലൊക്കെ തള്ളിത്തുറന്നു ചെന്ന് ഹാര്‍മോണിയത്തില്‍ ഞെക്കി അവരെ ശല്യപ്പെടുത്തും.അങ്ങനെ ശല്യം ചെയ്ത് ഹാര്‍മോണിയത്തിന്റെ ഒരു കീ ഒക്കെ പറിച്ചെടുത്തിട്ടുണ്ട്.ഇങ്ങനെ ഹാര്‍മോണിയത്തിന്റെ ഒരു കീ പൊട്ടിച്ചെടുത്താണ് ഞാന്‍ ശരിക്കും സംഗീതത്തിലേക്ക് വരുന്നത്.
എനിക്ക് ഓര്‍മയുള്ള കാലം മുതലേ ഞാന്‍ കീ ബോര്‍ഡിന്റെ ഒപ്പമാണ്.പഠിക്കാതെ ഇരുന്നതിനല്ല കീ ബോര്‍ഡ് പ്രാക്ടീസ് ചെയ്യാത്തതിനാണ് ഞാന്‍ അടി വാങ്ങിയിട്ടുള്ളത്.എന്തായാലും പപ്പയാണ് എനിക്ക് ബേസിക്സ് ഒക്കെ പഠിപ്പിച്ചു തന്നത്.നാലാം വയസ്സില്‍ പപ്പ എന്നെ സ്റ്റേജില്‍ കൊണ്ടുചെന്ന് ഇരുത്തിയിട്ടുണ്ട്. പപ്പ പറയുന്ന എല്ലാ സംഗീതപരിപാടിയ്ക്കും പോകുമായിരുന്നു. അദ്ദേഹം ഒരു സംഗീതജ്ഞനാണ്. ഒരുപാട് പാട്ടുകള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്.പക്ഷേ അതൊരു പ്രഫഷന്‍ ആക്കാതെ പപ്പ ബിസിനസില്‍ ശ്രദ്ധിച്ചു. അദ്ദേഹത്തിന്റെ കൂടി ആഗ്രഹമാണ് ഞാന്‍ ഇപ്പോള്‍ പ്രാവര്‍ത്തികമാക്കുന്നത്.
സ്‌കൂള്‍ ഓര്‍മകളില്‍ കലോത്സവവും സംഗീതവുമൊക്കെയാണ് ആദ്യം വരിക. എന്‍ജിനീയറാകണോ ഡോക്ടറാകണോ രണ്ട് ഐറ്റംസായിരുന്നു ഓപ്ഷന്‍. അങ്ങനെ എന്‍ജിനീയറിങ് പഠിക്കാന്‍ പോയി.പക്ഷേ, ഇതല്ല എന്റെ കരിയര്‍ എന്ന് മനസ്സിലായപ്പോള്‍ അത് മതിയാക്കി. പിന്നീട്, ചെന്നൈയിലെത്തി ദീപക്കേട്ടന്റെ (ദീപക് ദേവ്) അസിസ്റ്റന്റായി. അദ്ദേഹത്തോടുള്ള കടുത്ത ആരാധനയാണ് അവിടെ എത്തിച്ചത്. അത് ജീവിതത്തിലെ ടേണിങ് പോയിന്റായി.അദ്ദേഹത്തിനൊപ്പമുള്ള കാലഘട്ടമാണ് ഇന്നത്തെ സുഷിനെ സൃഷ്ടിക്കുന്നത്.
പിന്നീട്, പല സംഗീത സംവിധായകര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചു. അതിനൊടുവിലാണ് സ്വതന്ത്രമായി സംഗീതം ചെയ്യുന്നത്. 'സപ്തമശ്രീ തസ്‌കകരാഃ' ആയിരുന്നു ആദ്യ ചിത്രം. അതില്‍ പശ്ചാത്തലസംഗീതം ചെയ്തു. പാട്ടിന് ആദ്യമായി ഈണമിടുന്നത് 'കിസ്മത്ത്' എന്ന ചിത്രത്തിനു വേണ്ടിയാണ്.പിന്നിട് അങ്ങോട്ട് സുഷിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.കുമ്പളങ്ങി നൈറ്റ്സിലൂടെ ആദ്യ സംസ്ഥാന പുരസ്‌കാരവും സുഷിനെത്തേടിയെത്തി.വരത്തന്‍, വൈറസ്, ട്രാന്‍സ്, അഞ്ചാം പാതിര, മാലിക്,ഭീഷ്്മപര്‍വം,കണ്ണൂര്‍ സ്‌ക്വാഡ്,ഉള്ളൊഴുക്ക് തുടങ്ങിയ സൂപ്പര്‍ഹിറ്റുകളിലേയ്ക്കു സംഗീതമഴ പെയ്യിച്ചതും ഈ തലശ്ശേരിക്കാരന്‍ തന്നെ.
പപ്പയാണ് തന്റെ പ്രധാന വിമര്‍ശകന്‍ എന്നാണ് സുഷിന്‍ ഒരിക്കല്‍ പറഞ്ഞത്.നല്ല പാട്ടുകള്‍ ആണെങ്കില്‍ അത് പറയും.മോശം ആണെങ്കില്‍ അതും പറയും.ചിലപ്പോള്‍ ഞാന്‍ പാട്ട് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ അയച്ചുകൊടുക്കും അപ്പോള്‍ ചില മാറ്റങ്ങളൊക്കെ അദ്ദേഹം നിര്‍ദ്ദേശിക്കാറുണ്ട്.അമ്മയും പപ്പയും തലശ്ശേരിയില്‍ ആണ് താമസം.താനും പാര്‍ട്ണറും കൊച്ചിയിലുമെന്ന് സുഷീന്‍ അഭിമുഖത്തില്‍ കുടുംബത്തെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
ഓരോ സിനിമയുടെ ഇടവേളയിലും നടത്തുന്ന യാത്രകള്‍ തനിക്ക് പലപ്പോഴും അടുത്ത സിനിമ ചെയ്യുമ്പോള്‍ ഗുണമായി മാറാറുണ്ട്. ഓരോ നാടിനും തനത് സംഗീതമുണ്ട്.അത് കണ്ടെത്താനും ആസ്വദിക്കാനുമാണ് ഓരോ യാത്രയിലും ഞാന്‍ ശ്രമിക്കുന്നത്. കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമ വന്നപ്പോള്‍ ആദ്യം പോയത് കഥ നടക്കുന്ന കുമ്പളങ്ങി എന്ന ഗ്രാമത്തിലേക്കാണ്. അവിടത്തെ ആള്‍ക്കാരുടെ ജീവിതം, അവര്‍ കേള്‍ക്കുന്ന സംഗീതം എന്നിവ കണ്ടെത്താനായിരുന്നു അത്. എന്നാല്‍ മാത്രമേ ഏത് തരത്തിലുള്ള ഐറ്റം പിടിക്കണമെന്നൊരു ഐഡിയ നമ്മള്‍ക്ക് കിട്ടൂവെന്നും സുഷീന്‍ പറയുന്നു.
എന്റെ പാട്ടുകള്‍ വിജയിച്ചോ ഇല്ലയോ എന്നു ഞാന്‍ നോക്കാറില്ല, സംഗീതം ചെയ്തുകൊണ്ടിരിക്കുക എന്നതു മാത്രമാണു ലക്ഷ്യം. മുന്നോട്ടു പോകുന്ന അത്രയും പോകട്ടെയെന്നും നിര്‍ത്തണം എന്നു തോന്നുമ്പോള്‍ അങ്ങനെ ചെയ്യാം എന്നുമാണ് മനസ്സില്‍. അല്ലാതെ വലിയ പദ്ധതികളൊന്നുമില്ല. നൂറുശതമാനവും താത്പര്യം തോന്നുന്ന പ്രൊജക്ടുകള്‍ മാത്രമേ ഞാന്‍ ഏറ്റെടുക്കാറുള്ളുവെന്നുമാണ് സുഷിന്റെ ഭാഷ്യം.Sushin Shyam submits his work from ‘Aavesham’ and ‘Manjummel Boys’ for Grammy consideration