ഡാ..ഡാ..നീ ഇത് കണ്ടോ...മിണ്ടാതെ ഇരുന്നില്ലെങ്കിൽ 'ഡ്രസ്സ്' വലിച്ചൂരും..! എയർപോർട്ടിലെ കൗണ്ടറിൽ നിന്ന് പാതി നഗ്നനായ ഒരാളുടെ അലറിവിളി; പരിഭ്രാന്തിയോടെ നോക്കി നിന്ന് യാത്രക്കാർ; എല്ലാ നിയന്ത്രണവും നഷ്ടപ്പെട്ട് ഇയാൾ ചെയ്തത്; ആകാശത്തിലെ ആ നീലകുപ്പായക്കാരന്റെ താളം തെറ്റലിൽ പുലിവാല് പിടിക്കുമ്പോൾ

Update: 2025-12-05 13:30 GMT

ഡൽഹി: രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനികളിലൊന്നായ ഇൻഡിഗോയുടെ സർവീസുകളിലുണ്ടായ താളം തെറ്റൽ കാരണം ആയിരക്കണക്കിന് യാത്രക്കാർ വലയുന്നതിനിടെ, ദില്ലി വിമാനത്താവളത്തിൽ കടുത്ത പ്രതിഷേധവുമായി ഒരു യാത്രക്കാരൻ രംഗത്തെത്തി. തങ്ങളുടെ വിമാനങ്ങൾ റദ്ദാക്കിയതിൽ പ്രതിഷേധിച്ച് ടിക്കറ്റ് കൗണ്ടറിൽ വസ്ത്രമൂരുമെന്ന് ഭീഷണി മുഴക്കിയ യാത്രക്കാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.

ദില്ലി വിമാനത്താവളത്തിലെ ഇൻഡിഗോ കൗണ്ടറിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കടുത്ത ദേഷ്യത്തിലായിരുന്ന യാത്രക്കാരൻ താൻ ധരിച്ചിരുന്ന ഷർട്ട് ഊരിയെറിഞ്ഞ ശേഷം, കൗണ്ടറിലുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് വീണ്ടും വീണ്ടും 'ഞാൻ എന്‍റെ വസ്ത്രങ്ങൾ മുഴുവൻ ഊരിയെറിയും' എന്ന് ആക്രോശിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. ഇൻഡിഗോയുടെ താളം തെറ്റിയ സർവീസുകൾ കാരണം യാത്രാ പദ്ധതികൾ താളം തെറ്റിയതിലുള്ള കടുത്ത നിരാശയാണ് ഈ യാത്രക്കാരന്റെ പ്രതികരണത്തിലൂടെ പുറത്തുവന്നത്.

രാജ്യവ്യാപകമായി ഇൻഡിഗോ വിമാന സർവീസുകൾ റദ്ദാക്കിയത് വ്യോമയാന മേഖലയിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ആയിരക്കണക്കിന് യാത്രക്കാർ വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. ദില്ലിയിൽ നിന്ന് അർദ്ധരാത്രി വരെ പുറപ്പെടേണ്ട എല്ലാ ആഭ്യന്തര ഇൻഡിഗോ വിമാനങ്ങളും റദ്ദാക്കിയ ദിവസമാണ് ഈ പ്രതിഷേധ സംഭവവും അരങ്ങേറിയത്.

ഈ പ്രതിസന്ധി ആരംഭിച്ചതിനുശേഷം ഏറ്റവും കൂടുതൽ സർവീസുകൾ റദ്ദാക്കിയ ദിവസമായിരുന്നു വെള്ളിയാഴ്ച. ഈ ദിവസം മാത്രം 750-ൽ അധികം വിമാനങ്ങളാണ് ഇൻഡിഗോ റദ്ദാക്കിയത്. ഇതിനു മുന്നോടിയായി വ്യാഴാഴ്ച 550-ഉം ബുധനാഴ്ച 85-ഉം വിമാനങ്ങൾ റദ്ദാക്കിയിരുന്നു. ദില്ലി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം വൻ ആശയക്കുഴപ്പമാണ് നിലനിന്നത്. തലസ്ഥാനത്ത് മാത്രം 235 വിമാനങ്ങൾ റദ്ദാക്കിയത് നൂറുകണക്കിന് യാത്രക്കാരുടെ യാത്രകളെ ബാധിച്ചു.

വിമാനങ്ങൾ റദ്ദാക്കിയതിലും യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടുകളിലും ഇൻഡിഗോ അഗാധമായ ഖേദം രേഖപ്പെടുത്തി. പ്രതിസന്ധി ലഘൂകരിക്കുന്നതിനായി വിവിധ നടപടികൾ സ്വീകരിച്ചതായും കമ്പനി അറിയിച്ചു.

Tags:    

Similar News