മല്ലു ഹിന്ദു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദത്തില്‍ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടു എന്ന വിശദീകരണം ഏശിയില്ല; വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന് സസ്‌പെന്‍ഷന്‍; ഐ എ എസ് തലപ്പത്തെ ഈഗോ പെരുത്ത് ചേരിപ്പോരായപ്പോള്‍ സര്‍ക്കാരിനും നാണക്കേട്; ജയതിലകിന് എതിരായ പരസ്യ അധിക്ഷേപത്തിന് എന്‍ പ്രശാന്തിനും സസ്‌പെന്‍ഷന്‍
കെ ഗോപാലകൃഷ്ണനും എന്‍ പ്രശാന്തിനും സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: ഐ എ എസ് തലപ്പത്തെ തമ്മിലടിക്കും വീഴ്ചയ്ക്കും സര്‍ക്കാര്‍ നടപടി. മല്ലു മത വാട്‌സാപ്പ് ഗ്രൂപ്പ് വിവാദത്തില്‍ വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണനെ സസ്‌പെന്‍ഡ് ചെയ്തു. അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലകിന് എതിരായ പരസ്യ അധിക്ഷേപത്തിന് കൃഷിവകുപ്പ് സ്പെഷല്‍ സെക്രട്ടറി എന്‍ പ്രശാന്തിനും സസ്‌പെന്‍ഷന്‍.
ഇതാദ്യമായി സോഷ്യല്‍ മീഡിയ വഴി ഉന്നതര്‍ തമ്മില്‍ വിഴുപ്പലക്കല്‍ അടക്കം ഉണ്ടായതോടെ വിവാദം സംസ്ഥാന സര്‍ക്കാറിനും തലവേദന സൃഷ്ടിച്ചിരുന്നു. ഉപതിരഞ്ഞെടുപ്പു വേളയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിലയ്ക്കു നിര്‍ത്താന്‍ കഴിയാത്ത മുഖ്യമന്ത്രിയെന്ന ചീത്തപ്പേരും പിണറായി വിജയന് കിട്ടിയിരുന്നു. പി വി അന്‍വര്‍ അടക്കമുള്ളവര്‍ പിണറായി അശക്തനാണെന്ന ആരോപണങ്ങള്‍ അഴിച്ചുവിട്ടതിന് പിന്നാലെയാണ് ഇപ്പോള്‍ ഉന്നത ഉദ്യോഗസ്ഥ തലത്തിലും ചേരിപ്പോരുണ്ടായത്.
മതാടിസ്ഥാനത്തില്‍ വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത് അടക്കം ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കി. സംഭവത്തില്‍ തന്റെ ഫോണ്‍ ഹാക്ക് ചെയ്തുവെന്ന വ്യവസായവാണിജ്യ വകുപ്പ് സെക്രട്ടറി കെ.ഗോപാലകൃഷ്ണന്റെ വാദം പൊളിഞ്ഞിരുന്നു.
വാട്സാപ് ഗ്രൂപ്പുണ്ടാക്കിയതു ഗോപാലകൃഷ്ണന്റെ ഭാഗത്തുനിന്നുണ്ടായ വ്യക്തിപരമായ വീഴ്ചയാണെന്നും അച്ചടക്ക നടപടിയോടെ വിവാദം അവസാനിക്കുമെന്നുമാണു സര്‍ക്കാരിന്റെ വിലയിരുത്തല്‍. എന്നാല്‍, മറുവശത്ത് അതായിരുന്നില്ല കാര്യങ്ങള്‍. സര്‍ക്കാറിലെ പ്രമുഖരായ രണ്ട് ഉദ്യോഗസ്ഥര്‍ നേര്‍ക്കുനേര്‍ നിന്ന് പോരാടുന്ന അവസ്ഥ ആകെ നാണക്കേടായിരുന്നു. എന്‍ പ്രശാന്ത് പരസ്യ പ്രതികരണവുമായി രംഗത്തുവന്നെങ്കിലും അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക് അത്തരമൊരു പരസ്യ പ്രതികരണം നടത്തിയിട്ടില്ല.
ഇപ്പോഴത്തെ വിഷയം ജയതിലകിനെതിരെ കൃഷിവകുപ്പ് സ്പെഷല്‍ സെക്രട്ടറി എന്‍.പ്രശാന്ത് സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയ പരാമര്‍ശങ്ങള്‍ അതിരുവിട്ടു പോയി എന്നതാണ്. ജയതിലകിനെതിരെ പല കാര്യങ്ങളും വരുംദിവസങ്ങളില്‍ വെളിപ്പെടുത്തുമെന്നും അതില്‍ സര്‍വീസ് ചട്ടലംഘനമില്ലെന്നുമാണു പ്രശാന്തിന്റെ നിലപാട്. ഈ വിഷയത്തില്‍ ഐഎഎസ് തലപ്പത്തെ അടിയില്‍ ഐഎഎസ് അസോസിയേഷനിലും രണ്ടഭിപ്രായമായിരു്‌നു.
സര്‍ക്കാര്‍ ഉത്തരവിടാതെ സ്വന്തം നിലയ്ക്കാണു പ്രശാന്തിനെതിരെ ജയതിലക് റിപ്പോര്‍ട്ട് നല്‍കിയതെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയും അന്തിമ തീരുമാനമെടുക്കും മുന്‍പ് ഉദ്യോഗസ്ഥര്‍ക്കെതിരായ അച്ചടക്കനടപടി റിപ്പോര്‍ട്ട് വിവരാവകാശ നിയമപ്രകാരം പോലും പുറത്തുവിടാന്‍ പാടില്ലെന്ന ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണ് ഇപ്പോള്‍ നടന്നതെന്നു പ്രശാന്തിനെ അനുകൂലിക്കുന്നവര്‍ വാദിച്ചു.
എന്നാല്‍, മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ ഫോട്ടോ ഉള്‍പ്പെടെ സമൂഹമാധ്യമത്തില്‍ ഉപയോഗിച്ചു രൂക്ഷമായി പ്രതികരിക്കുന്നത് അച്ചടക്ക ലംഘനമാണെന്നാണു ജയതിലകിനൊപ്പമുള്ളവരുടെ വാദം. പ്രശ്നം ഇത്രയും വഷളാകുന്നതിനു മുന്‍പ് ഉദ്യോഗസ്ഥതലത്തില്‍ പരിഹരിക്കേണ്ടിയിരുന്നുവെന്ന വാദവും ശക്തമായിരുന്നു.
ഹിന്ദു ഐഎഎസ് ഓഫീസര്‍മാരുടെ വാട്ട്‌സാപ് ഗ്രൂപ്പുണ്ടാക്കിയെന്ന ആരോപണമാണ് ഗോപാലകൃഷ്ണന്‍ നേരിട്ടത്. സമൂഹ മാധ്യമങ്ങളിലൂടെ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിനെതിരെ പ്രശാന്ത് വ്യക്തിപരമായ പരാമര്‍ശം നടത്തിയത് കടുത്ത ചട്ടലംഘനമാണെന്നും ചീഫ്‌സെക്രട്ടറി ശാരദാ മുരളീധരന്‍ മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്. പ്രശാന്ത് സര്‍വീസ് ചട്ടങ്ങളുടെ ലംഘനം നടത്തിയെന്നാണു ചീഫ് സെക്രട്ടറിയുടെ കണ്ടെത്തല്‍. സമൂഹമാധ്യമത്തിലൂടെ അഡിഷനല്‍ ചീഫ് സെക്രട്ടറിയെ തുടര്‍ച്ചയായി അധിക്ഷേപിച്ച പ്രശാന്തിനോട് ഇനി വിശദീകരണം ചോദിക്കേണ്ട എന്ന നിലപാടും ചീഫ് സെക്രട്ടറി സ്വീകരിച്ചിരുന്നു. എ.ജയതിലകിനെ വിമര്‍ശിച്ചും അധിക്ഷേപം ചൊരിഞ്ഞും ഇന്നലെയും സമൂഹമാധ്യമത്തില്‍ പ്രശാന്ത് കുറിപ്പിട്ടിരുന്നു.
തന്റെ വാട്ട്‌സാപ് ഹാക്ക് ചെയ്താണ് ഹിന്ദു ഗ്രൂപ്പുണ്ടാക്കിയതെന്നാണ് ഗോപാലകൃഷ്ണന്‍ നേരത്തെ വിശദീകരിച്ചത്. ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ലെന്ന് മെറ്റ കമ്പനി റിപ്പോര്‍ട്ട് നല്‍കി. ഫോറന്‍സിക് പരിശോധനയിലും ഇത് കണ്ടെത്താനായിട്ടില്ല.
അതേസമയം,രമേശ് ചെന്നിത്തലയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു പ്രശാന്ത്. പിന്നീട് അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന പല ഇടപെടലും പ്രശാന്ത് നടത്തിയെന്ന ആക്ഷേപം ഇടതുപക്ഷത്തിനുണ്ട്. മേഴ്സിക്കുട്ടിയമ്മയെ അറിയില്ലെന്ന പരാമര്‍ശം അടക്കം സിപിഎം അണികളുടെ രോഷം ക്ഷണിച്ചു വരുത്തിയ കാര്യമാണ്.