'ബേബി', 'സ്വീറ്റ് ഗേള്‍' എന്നൊക്കെയാണ് എന്നെ വിളിച്ചിരുന്നത്; ഓഫീസ് മുറിയിലേക്ക് വിളിക്കും; അവിടെവെച്ചാണ് ഉപദ്രവിച്ചിരുന്നതെന്ന് പരാതിക്കാരിയായ പെണ്‍കുട്ടി; 17 വിദ്യാര്‍ഥിനികള്‍ പീഡനത്തിനിരയായി; ചൈതന്യാനന്ദ സരസ്വതിക്കെതിരായ എഫ്‌ഐആറില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

ചൈതന്യാനന്ദ സരസ്വതിക്കെതിരായ എഫ്‌ഐആറില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

Update: 2025-09-26 09:01 GMT

ന്യൂഡല്‍ഹി: പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്‌മെന്റിന്റെ ഡയറക്ടര്‍ ചൈതന്യാനന്ദ സരസ്വതി എന്ന സ്വാമി പാര്‍ഥസാരഥിക്കെതിരേ പൊലീസ് ഇട്ട എഫ്‌ഐആറില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. 17 ഓളം പെണ്‍കുട്ടികളാണു സ്വാമിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ചൈതന്യാനന്ദ സരസ്വതിയുടെ കൂടുതല്‍ ഹീനമായ പ്രവൃത്തികള്‍ പുറത്തായത്. സ്വാമി പാര്‍ഥസാരഥിയുടെ ഉടമസ്ഥതയിലുള്ള ഡല്‍ഹി വസന്ത്കുഞ്ചിലെ ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റിലെ വിദ്യാര്‍ഥികളായ 17 പെണ്‍കുട്ടികള്‍ പീഡനത്തിനിരയായെന്നാണ് ഏറ്റവും പുതിയ പരാതി.

ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ലൈംഗികാതിക്രമത്തിനിരയായ 17 പെണ്‍കുട്ടികളാണ് സ്വാമി പാര്‍ഥസാരഥിക്കെതിരേ പരാതി നല്‍കിയിരുന്നത്. എന്നാല്‍, പരാതി നല്‍കിയ സമയത്ത് സ്വാമി ലണ്ടനിലായിരുന്നുവെന്നാണ് വിവരം. പിന്നീട് ഇദ്ദേഹം ആഗ്രയിലെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഡല്‍ഹി, ഹരിയാണ, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ വിവിധകേന്ദ്രങ്ങളില്‍ ഡല്‍ഹി പോലീസ് പരിശോധന നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. അതേസമയം, പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സ്വാമി പാര്‍ഥസാരഥി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും പിന്നീട് ജാമ്യാപേക്ഷ പിന്‍വലിച്ചിരുന്നു. സ്വാമി രാജ്യംവിടാതിരിക്കാന്‍ പോലീസ് ഇയാള്‍ക്കെതിരേ ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. പ്രതിയെ കണ്ടെത്താനായി തിരച്ചില്‍ ഊര്‍ജിതമായി തുടരുകയാണെന്നും പോലീസ് പറഞ്ഞു. 2009-ലും 2016-ലും സ്വാമിക്കെതിരേ ലൈംഗികപീഡന പരാതികളുയര്‍ന്നെങ്കിലും സ്വാധീനം ഉപയോഗിച്ച് ഇയാള്‍ നിയമനടപടികളില്‍നിന്ന് രക്ഷപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.

എഫ്‌ഐആറില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍

പെണ്‍കുട്ടികള്‍ താമസിച്ചിരുന്ന ഹോസ്റ്റലിന്റെ മുക്കിലും മൂലയിലും സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. സുരക്ഷയുടെ പേരിലാണ് ക്യാമറ സ്ഥാപിച്ചതെങ്കിലും ശുചിമുറിയുടെ ഭാഗങ്ങളിലും ക്യാമറ ഒഴിവാക്കിയിരുന്നില്ല. ക്യാമറയിലെ ദൃശ്യങ്ങള്‍ പതിവായി ചൈതന്യാനന്ദ ഫോണിലൂടെ കണ്ടു. ഒപ്പം കുട്ടികളോട് ശുചിമുറിയില്‍ പോകുന്നതിനെ കുറിച്ച് ചോദിച്ചു. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ കോണ്ടം ഉപയോഗിക്കാറുണ്ടോ എന്നീ ചോദ്യങ്ങളും പെണ്‍കുട്ടികളോട് ചോദിച്ചു. രാത്രിയില്‍ പെണ്‍കുട്ടികള്‍ക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നതും പതിവാക്കിയിരുന്നു.

ചൈതന്യാനന്ദ സരസ്വതിയുടെ ഓഫിസില്‍ നിന്നും പെണ്‍കുട്ടികള്‍ കരഞ്ഞുകൊണ്ടു ഇറങ്ങി പോകുന്നത് പതിവായി കണ്ടിരുന്നെന്നും ഒരാളുടെ വസ്ത്രം കീറിയ നിലയില്‍ കണ്ടതായും ഒരു പെണ്‍കുട്ടി മൊഴി നല്‍കി. ഹോളി ആഘോഷ വേളയിലും സ്വാമി അതിരുവിട്ട് പെരുമാറി. വരിക്ക് നിര്‍ത്തിയ ശേഷം ചൈതന്യാനന്ദ പെണ്‍കുട്ടികളുടെ മുഖത്തും മുടിയിലും നിറങ്ങള്‍ തേച്ചു. ഇതിനുശേഷം മാത്രമേ ആഘോഷങ്ങള്‍ ആരംഭിക്കാവൂ എന്നും നിര്‍ദേശം നല്‍കി.

രാത്രികാലങ്ങളില്‍ ചൈതന്യാനന്ദ സരസ്വതി താമസിച്ചിരുന്ന വസതിയിലേക്കും പെണ്‍കുട്ടികളെ വിളിച്ചു വരുത്തുമായിരുന്നു. രാജ്യത്തിനകത്തും പുറത്തും ഒപ്പം യാത്ര ചെയ്യാനും പെണ്‍കുട്ടികളെ നിര്‍ബന്ധിപ്പിച്ചു. ചൈതന്യാനന്ദ സരസ്വതിയുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാത്ത വിദ്യാര്‍ഥികള്‍ ഒട്ടേറെ ബുദ്ധിമുട്ടുകള്‍ സഹിച്ചിരുന്നു. ഹാജര്‍ നല്‍കാതിരിക്കുക, ഉയര്‍ന്ന ഫീസ് വാങ്ങുക തുടങ്ങിയ കാര്യങ്ങളാണ് ഇത്തരത്തില്‍ ചെയ്തിരുന്നത്. പീഡനങ്ങളെ കുറിച്ച് മുന്‍പ് പരാതി നല്‍കി സംഭവങ്ങള്‍ ജീവനക്കാര്‍ ഇടപെട്ട് മൂടിവച്ചു.

പെണ്‍കുട്ടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ഇതിനുപിന്നാലെയാണ് 2016-ല്‍ സ്വാമിക്കെതിരേ പരാതി നല്‍കിയ പെണ്‍കുട്ടിയും കൂടുതല്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തി. കഴുകന്‍ കണ്ണുകളോടെയാണ് സ്വാമി പാര്‍ഥസാരഥി തന്നെ പിന്തുടര്‍ന്നതെന്നും അശ്ലീല സന്ദേശങ്ങളയച്ചാണ് സ്വാമിയുടെ അതിക്രമങ്ങള്‍ ആരംഭിച്ചതെന്നും പെണ്‍കുട്ടി പറഞ്ഞു. 2016-ലാണ് ഈ പെണ്‍കുട്ടി സ്വാമിക്കെതിരേ പരാതിനല്‍കിയത്. ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ കാലഘട്ടമെന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനകാലത്തെക്കുറിച്ച് പെണ്‍കുട്ടി പറയുന്നത്. നിരന്തരമായ അതിക്രമങ്ങള്‍ കാരണം എട്ടുമാസത്തിനുള്ളില്‍ അവിടെനിന്ന് പഠനം ഉപേക്ഷിച്ചെന്നും പരാതിക്കാരി പറഞ്ഞു.

'ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നതിന് പിന്നാലെ ബാബ എനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കാന്‍ തുടങ്ങി. 'ബേബി', 'സ്വീറ്റ് ഗേള്‍' എന്നൊക്കെയാണ് എന്നെ വിളിച്ചിരുന്നത്. വൈകീട്ട് ആറരയ്ക്ക് ക്ലാസ് കഴിഞ്ഞാല്‍ ബാബ അദ്ദേഹത്തിന്റെ ഓഫീസ് മുറിയിലേക്ക് വിളിക്കും. അവിടെവെച്ചാണ് ഉപദ്രവിച്ചിരുന്നത്. ഞാന്‍ മിടുക്കിയായ വിദ്യാര്‍ഥിയാണെന്നും എന്നെ ദുബായില്‍ കൊണ്ടുപോയി പഠിപ്പിക്കുമെന്നും സ്വാമി പറഞ്ഞിരുന്നു. എന്റെ എല്ലാചെലവുകളും വഹിക്കാമെന്നും വാഗ്ദാനംനല്‍കി. പക്ഷേ, എനിക്ക് അതിനൊന്നും ആഗ്രഹമുണ്ടായിരുന്നില്ല. എന്നാല്‍, അദ്ദേഹത്തിന്റെ ജീവനക്കാര്‍ എന്റെമേല്‍ സമ്മര്‍ദം ചെലുത്തി. എന്റെ മൊബൈല്‍ഫോണ്‍ ബാബ പിടിച്ചുവാങ്ങി. ഹോസ്റ്റല്‍ മുറിയില്‍ ഒറ്റയ്ക്ക് താമസിക്കാന്‍ നിര്‍ബന്ധിച്ചു. ആരോടും സംസാരിക്കാന്‍ പോലും അനുവദിച്ചില്ല. രാത്രി അയാള്‍ ഫോണില്‍ വിളിക്കും. അയാളുടെ കഴുകന്‍ കണ്ണുകള്‍ എനിക്കുമേല്‍ ഉണ്ടായിരുന്നു'', പെണ്‍കുട്ടി പറഞ്ഞു.

ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് പുറത്തെ ഹോട്ടലിലേക്ക് പോകാനായി സ്വാമി പാര്‍ഥസാരഥി തന്നെ ക്ഷണിച്ചിരുന്നതായും പരാതിക്കാരി ആരോപിച്ചു. പലപ്പോഴും തന്റെ ശരീരത്തില്‍ മോശമായി സ്പര്‍ശിക്കാന്‍ ബാബ ശ്രമിച്ചിരുന്നു. ഒരിക്കല്‍ അദ്ദേഹത്തോടൊപ്പം മഥുരയിലേക്ക് പോകാന്‍ നിര്‍ബന്ധിച്ചു. പക്ഷേ, താന്‍ പോയില്ല. തുടര്‍ന്ന് അവിടെനിന്ന് എല്ലാസാധനങ്ങളുമെടുത്ത് ഓടിരക്ഷപ്പെടുകയായിരുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞു. ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനം നിര്‍ത്തിയിട്ടും സ്വാമിയുമായി ബന്ധമുള്ള വിദ്യാര്‍ഥികളെ ഉപയോഗിച്ച് തന്നെ തിരിച്ചുകൊണ്ടുവരാന്‍ അവര്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. അടുപ്പക്കാരായ പല വിദ്യാര്‍ഥികള്‍ക്കും സ്വാമി തന്റെ നമ്പരും വിലാസവും നല്‍കി. അവര്‍ തന്നെ വിളിച്ച് തിരികെവരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, തന്റെ പിതാവ് അവരെയെല്ലാം അടിച്ചോടിച്ചെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി.

Tags:    

Similar News