സ്വിറ്റ്സര്‍ലന്‍ഡിലെ 14 കുടുംബങ്ങള്‍ ചേര്‍ന്ന് 2013-ല്‍ തുടങ്ങി; 'ജീവിതത്തെ പ്രകാശിപ്പിക്കാന്‍ ഒരു വെളിച്ചമാകൂ' എന്ന മുദ്രാവാക്യം ഉയര്‍ത്തി പിടിച്ചു; ലൈറ്റ് ഇന്‍ ലൈഫ് ചാരിറ്റി സ്വിസിന് അനുകമ്പയുടെയും മാറ്റത്തിന്റെയും ഒരു ദശകം

Update: 2024-12-27 04:33 GMT

മഡഗാസ്‌കര്‍: ഇന്ത്യയിലെയും മഡഗാസ്‌കറിലെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട എണ്ണമറ്റ ജനങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ചുകൊണ്ട് സ്വിസ് ചാരിറ്റി 'ലൈറ്റ് ഇന്‍ ലൈഫ്' പത്താം വാര്‍ഷികം ആഘോഷിക്കുന്നു. പ്രതീക്ഷയുടെയും അചഞ്ചലമായ പ്രതിബദ്ധതയുടെയും ദീര്‍ഘവീക്ഷണത്തിന്റെയും യാത്രയുടെ വിജയഗാഥ ആണ് സ്വിസ് ചാരിറ്റി 'ലൈറ്റ് ഇന്‍ ലൈഫിന്' പറയാനുള്ളത്.

സ്വിറ്റ്സര്‍ലന്‍ഡിലെ 14 കുടുംബങ്ങള്‍ ചേര്‍ന്ന് 2013-ല്‍ സ്ഥാപിതമായ ഈ സംഘടന, 19 കുടുംബങ്ങളുടെ സമര്‍പ്പിത കൂട്ടായ്മയായി ഇപ്പോള്‍ വളര്‍ന്നിരിക്കുന്നു . കൃത്യനിര്‍വഹണത്തിനായി ചെലവുകളൊന്നും ഈടാക്കാത്തതിനാലും സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഈ സംഘടന വഴിയുള്ള സംഭാവനകളെ നികുതിയില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടുള്ളതിനാലും , ഓരോ സംഭാവനയും പൂര്‍ണ്ണമായും ആവശ്യമുള്ളവര്‍ക്ക് നേരിട്ട് എത്തിക്കാന്‍ കഴിയുന്നു എന്നതാണ് ഈ ചാരിറ്റിയുടെ ഏറ്റവും വലിയ പ്രത്യേകത.

പത്തു വര്‍ഷങ്ങള്‍ക്കുള്ളില്‍, ലൈറ്റ് ഇന്‍ ലൈഫ്, ഭവനരഹിതര്‍ക്കായി 118 വീടുകള്‍ വിജയകരമായി നിര്‍മ്മിക്കുകയും വടക്കുകിഴക്കന്‍ ഇന്ത്യയില്‍ നാല് സ്‌കൂള്‍ കെട്ടിടങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. ഇക്കാലയളവില്‍ സംഘടന, അംഗ പരിമിതര്‍ക്കായി നൂറില്‍പരം വീല്‍ചെയറുകളും വിതരണം ചെയ്തിരുന്നു . ഈ വര്ഷം (2024) ആഫ്രിക്കന്‍ ദ്വീപ് രാജ്യമായ മഡഗാസ്‌കറില്‍ രണ്ട് സ്‌കൂളുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി.

നവംബര്‍ മൂന്നാം വാരത്തില്‍ ലൈറ്റ് ഇന്‍ ലൈഫ് പ്രസിഡന്റ് ഷാജി അടത്തലയുടെ സാന്നിധ്യത്തില്‍ ഉദ്ഘാടനം ചെയ്തു പ്രവര്‍ത്തനം ആരംഭിച്ചു . 'ലൈറ്റ് 4 ചൈല്‍ഡ്' എന്ന പ്രത്യേക വിദ്യാഭ്യാസ സംരംഭത്തിന് കീഴില്‍ സംഘടന, ഇന്ത്യയിലെ 210 വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിവരുന്ന വാര്‍ഷിക വിദ്യാഭ്യാസ സഹായം, ഈ വര്‍ഷം മുതല്‍ മഡഗാസ്‌കറിലെ 100 വിദ്യാര്‍ത്ഥികളിലേക്ക് കൂടി വ്യാപിപ്പിക്കുകയും ചെയ്തു.

ഇന്നുവരെ, സംഘടന ഏകദേശം 2 ദശലക്ഷം സ്വിസ് ഫ്രാങ്കിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ആണ് നടപ്പിലാക്കിയത്. അടുത്ത അഞ്ച് വര്‍ഷത്തേക്ക് നടപ്പിലാക്കുന്നതിനായി 1 ദശലക്ഷം സ്വിസ് ഫ്രാങ്കിന്റെ വിവിധ പദ്ധതികള്‍ ആണ് സംഘടന വിഭാവനം ചെയ്തിരിക്കുന്നത്. 2024 നവംബര്‍ 23-ന് സ്വിറ്റ്സര്‍ലന്‍ഡിലെ ടൊയിഫനില്‍ വച്ചുനടന്ന സംഘടനയുടെ പത്താം വാര്‍ഷിക ആഘോഷങ്ങളില്‍ നിരവധി പ്രാദേശിക നേതാക്കളും സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുത്തു.

'ജീവിതത്തെ പ്രകാശിപ്പിക്കാന്‍ ഒരു വെളിച്ചമാകൂ' എന്ന മുദ്രാവാക്യത്താല്‍ നയിക്കപ്പെടുന്ന ലൈഫ് ഇന്‍ ലൈഫ്, അനുകമ്പയുടെയും പ്രത്യാശയുടെയും കാഴ്ചപ്പാടോടെ ജീവിതത്തെ പരിവര്‍ത്തനം ചെയ്യാന്‍ പ്രതിജ്ഞാബദ്ധരായി മുന്നേറുകയാണ് .

Tags:    

Similar News