'സമയമെടുത്താലും ദൈവസഹായത്താല്‍ നിങ്ങള്‍ക്കുള്ള വാഗ്ദത്ത വിധി ആണത്; നിങ്ങള്‍ രക്തത്തിന് പ്രതിക്രിയ ചോദിക്കുന്നവനാണെങ്കില്‍, അതാണ് നിങ്ങളുടെ വിധി; തലാലിന്റെ ഖബറിടം സന്ദര്‍ശിച്ച് സഹോദരന്‍ അബ്ദു മഹ്ദി; നിമിഷപ്രിയയുടെ വധശിക്ഷയല്ലാതെ മറ്റൊരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്ന നിലപാടില്‍ കുടുംബം

'സമയമെടുത്താലും ദൈവസഹായത്താല്‍ നിങ്ങള്‍ക്കുള്ള വാഗ്ദത്ത വിധി ആണത്

Update: 2025-07-22 05:09 GMT

കോഴിക്കോട്: നിമിഷപ്രിയയുടെ മോചനകാര്യത്തില്‍ പ്രതിസന്ധി തുടരുന്നു. വധശിക്ഷ താല്‍ക്കാലികമായി സ്റ്റേ ചെയ്‌തെങ്കിലും കുടുംബം മാപ്പു നല്‍കാന്‍ തയ്യാറല്ലെന്ന സൂചനയാണ് പുറത്തുവരുന്നത്. യമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ഇടപെടലുകള്‍ തുടരവെ കൊല്ലപ്പെട്ട തലാലിന്റെ  സഹോദരന്‍ അബ്ദു മഹ്ദി ദിവസം ചെല്ലുംതോറും നിലപാട് കടുപ്പിക്കുകയാണ്. ഖബറിടം സന്ദര്‍ശിച്ച് ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് സഹോദരന്‍. താന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുമെന്ന സൂചനയാണ് അദ്ദേഹംനല്‍കുന്നത്.

സമയമെടുത്താലും ദൈവം വാഗ്ദാനം ചെയ്ത വിജയം ലഭിക്കുക തന്നെ ചെയ്യും എന്ന് സഹോദരന്‍ അബ്ദുല്‍ഫത്താഹ് മഹ്ദി ചിത്രത്തിനൊപ്പം കുറിച്ചു. നിങ്ങള്‍ രക്തത്തിന് പ്രതിക്രിയ ചോദിക്കുന്നവനാണെങ്കില്‍, അതാണ് നിങ്ങളുടെ വിധി, കുറച്ചു സമയമെടുത്താലും ദൈവസഹായത്താല്‍ നിങ്ങള്‍ക്കുള്ള വാഗ്ദത്ത വിധി ആണത്'. ''അക്രമത്തിന് ഇരയായതിന് ശേഷം ആരെങ്കിലും സ്വയം പ്രതിരോധിച്ചാല്‍ - അവര്‍ക്കെതിരെ കുറ്റമില്ല'' എന്ന് ഖുര്‍ആന്‍. കാരുണ്യത്തിന്റെ മേഘങ്ങള്‍ നിങ്ങളുടെ ആത്മാക്കളെ പൊതിയട്ടെ -എന്നാണ് തലോലിന്റെ സഹോദരന്‍ കുറിച്ചത്.

നിമിഷപ്രിയയുടെ വധശിക്ഷയല്ലാതെ മറ്റൊരു ഒത്തുതീര്‍പ്പിനും തങ്ങള്‍ തയാറല്ലെന്ന് നേരത്തെയും സഹോദരന്‍ വ്യക്തമാക്കിയിരുന്നു. പ്രിയയുടെ വധശിക്ഷയല്ലാതെ മറ്റൊരു ഒത്തുതീര്‍പ്പിനും തങ്ങള്‍ തയാറല്ല. അനുരഞ്ജന ശ്രമങ്ങളോടുള്ള ഞങ്ങളുടെ നിലപാട് വ്യക്തമാണ്. ദൈവത്തിന്റെ നീതി കേസില്‍ നടപ്പാക്കണമെന്നാണ് ഞങ്ങള്‍ക്ക് ആവശ്യപ്പെടാനുള്ളത്. അതല്ലാതെ മറ്റൊരു ആവശ്യവുമില്ലെന്നും തലാലിന്റെ സഹോദരന്‍ മാധ്യമങ്ങളോടും സമൂഹമാധ്യമങ്ങളിലും വ്യക്തമാക്കിയിരുന്നു.

നിമിഷപ്രിയ കേസില്‍ സാമുവല്‍ ജെറോമിന്റെ അവകാശവാദങ്ങള്‍ തള്ളി മഹ്ദി കഴിഞ്ഞ ജിവസം രംഗത്തുവന്നിരുന്നു. സാമുവലിനെതിരെ മഹ്ദി ഗുരുതര ആരോപണങ്ങളാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഉന്നയിച്ചിട്ടുള്ളത്. 'സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍' കാലങ്ങളായി സാമുവല്‍ ജെറോമിന് എതിരെ ഉന്നയിച്ച് കൊണ്ടിരിക്കുന്ന സാമ്പത്തിക തട്ടിപ്പ് ഉള്‍പ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളെ ശരിവെക്കുന്നത് കൂടിയാണ് അബ്ദുല്‍ ഫത്താഹ് മഹ്ദിയുടെ പോസ്റ്റ്.

കേസിലെ അഭിഭാഷകന്‍ എന്ന പേരിലായിരുന്നു സാമുവല്‍ ജെറോം മലയാളം മാധ്യമങ്ങളിലും ബിബിസി ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളിലും നിറഞ്ഞു നിന്നത്. എന്നാല്‍ സാമുവല്‍ ജെറോം അഭിഭാഷകന്‍ അല്ലെന്നും പ്രതിയുടെ കുടുംബത്തിന്റെ യമനിലെ പ്രതിനിധിയായി പവര്‍ ഓഫ് അറ്റോര്‍ണി ഉള്ള ആള്‍ മാത്രമാണെന്നും അദ്ദേഹം പറയുന്നു. മാത്രമല്ല, സാമുവല്‍ ഈ കേസില്‍ ഇതുവരെ കാര്യമായ യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്നും, ഇന്നേവരെ ഒരു മധ്യസ്ഥ ചര്‍ച്ചക്ക് ഞങ്ങളെ ബന്ധപ്പെടുകയോ വിളിക്കുകയോ ഒരു ടെക്സ്റ്റ് മെസ്സേജ് പോലും ഉണ്ടായിട്ടില്ലെന്നും മഹ്ദി പറയുന്നു.

പ്രസിഡന്റ് വധശിക്ഷ വിധി അംഗീകരിച്ച ശേഷമാണ് സനയില്‍ വച്ച് ആദ്യമായി സാമുവലിനെ കാണുന്നതെന്നും അപ്പോള്‍ സന്തോഷവാനായ എന്നോട് അദ്ദേഹം 'അഭിനന്ദനങ്ങള്‍' പറഞ്ഞു എന്നുമാണ് മഹ്ദി ആരോപിക്കുന്ന മറ്റൊരു പ്രധാന കാര്യം. ഈ കേസുമായി ബന്ധപ്പെട്ട് സാമൂവല്‍ ഉന്നയിക്കുന്ന മറ്റെല്ലാ അവകാശവാദങ്ങളും കളവാണെന്നും മധ്യസ്ഥ ചര്‍ച്ചയ്ക്ക് എന്ന പേരില്‍ അവസാനം കൈപ്പറ്റിയ നാല്പത്തിനായിരം ഡോളര്‍ ഉള്‍പ്പെടെ അനേകം പണം സാമുവല്‍ കരസ്ഥമാക്കിയിട്ടുണ്ടെന്നും തന്റെ സഹോദരന്റെ രക്തത്തില്‍ വ്യാപാരം നടത്തുകയാണെന്നും മഹ്ദി ആരോപിക്കുന്നു.

അതിനിടെ, ഇന്നലെ നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് നടത്തിയ ഇടപെടലുകള്‍ക്ക് നന്ദി പറയാനും ഭാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും പുതുപ്പള്ളി എം.എല്‍.എ ചാണ്ടി ഉമ്മന്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരെ സന്ദര്‍ശിച്ചു. മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ അത് നിമിഷപ്രിയയുടെ മോചനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് സന്ദര്‍ശനത്തിന് ശേഷം ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഈ വിഷയത്തില്‍ രാഷ്ട്രീയമില്ല. എല്ലാവരും ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിക്കുന്നത്.

കാന്തപുരത്തിന്റെ ഇടപെടലുകള്‍ സഹായകരമായിട്ടുണ്ട്. അന്താരാഷ്ട്ര ബന്ധങ്ങളും യമനിലെ പണ്ഡിതരുമായുള്ള ബന്ധവും ഉപയോഗപ്പെടുത്തിയാണ് അദ്ദേഹം ഇടപെടുന്നതെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു. ചാണ്ടി ഉമ്മന്റെ അഭ്യര്‍ഥന പ്രകാരമാണ് താന്‍ വിഷയത്തില്‍ ഇടപെട്ടതെന്ന് നേരത്തെ കാന്തപുരം വ്യക്തമാക്കിയിരുന്നു.

Tags:    

Similar News