സിന്‍ഡിക്കേറ്റ് അംഗം പി കെ ബിജു ഏ കെ ജി സെന്ററിലേക്കും സിഐടിയു ഓഫീസിലേക്കും ഉള്ള യാത്രയ്ക്ക് സര്‍വകലാശാല വാഹനം ദുരുപയോഗം ചെയ്തു; പരീക്ഷ നടത്തിപ്പിനുള്ള ഇ ഗവേണന്‍സ് കരാറില്‍ വീഴ്ച; സാങ്കേതിക സര്‍വകലാശാലയില്‍ ഗുരുതര ക്രമക്കേടുകളെന്ന് എജിയുടെ റിപ്പോര്‍ട്ട്
സാങ്കേതിക സര്‍വകാശാലയില്‍ ഗുരുതര ക്രമക്കേടുകളെന്ന് എജിയുടെ റിപ്പോര്‍ട്ട്
തിരുവനന്തപുരം: സാങ്കേതിക സര്‍വ്വകലാശാലയുടെ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട സോഫ്റ്റ്വെയര്‍ പരിപാലനത്തിന് പ്രതിവര്‍ഷം ഏഴു കോടി രൂപ നല്‍കിവരുന്നത് സര്‍ക്കാര്‍ ഉത്തരവുകളുടെ ലംഘനമാണെന്ന് 2024 ലെ അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റിങ്ങില്‍ കണ്ടെത്തി.
അരക്കോടി രൂപയില്‍ കൂടുതലുള്ള ഐടി പ്രോജക്ടുകള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഐടി വകുപ്പിന്റെ അനുമതി കൂടാതെ നടപ്പാക്കിയത് ഗുരുതര വീഴ്ചയാണെന്നും കണ്ടെത്തി. കാലാവധി കഴിഞ്ഞ് ഒരുവര്‍ഷം പിന്നിട്ടിട്ടും പുന:സംഘടിപ്പിക്കാതെ സര്‍വ്വകലാശാലയുടെ സിന്‍ഡിക്കേറ്റ് തുടരുന്നതായ ആക്ഷേപം നിലനില്‍ക്കുമ്പോഴാണ് ഇപ്പോള്‍ എ ജിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നത്.
സര്‍വ്വകലാശാലകെല്‍ ട്രോണിന് ഇ-ഗവര്‍ണന്‍സിന് നല്‍കിയ കരാര്‍ സര്‍വ്വകലാശാലയുടെ അനുമതി കൂടാതെ കെല്‍ട്രോണ്‍ ഒരു സ്വകാര്യ കമ്പനിക്ക് ഉപകരാര്‍ നല്‍കി. സ്വകാര്യ കമ്പനി നിയോഗിക്കുന്ന ജീവനക്കാരുടെ യോഗ്യതയും കഴിവും സര്‍വകലാശാല പരിശോധിക്കാതെയും സര്‍വ്വകലാശാലയുടെ യാതൊരു മേല്‍നോട്ടവും കൂടാതെയും പരീക്ഷ സംബന്ധമായ സോഫ്റ്റ്വെയര്‍ ജോലികള്‍ ചെയ്യുന്നത് ഗുരുതര വീഴ്ചയാണെന്നും എജി കണ്ടെത്തി.
സിന്‍ഡിക്കേറ്റ് മെമ്പറായ പി.കെ. ബിജു എകെജി സെന്ററിലേക്കും, സിഐടിയു ഓഫീസിലേക്കും പോകുന്നതിനായി സാങ്കേതിക സര്‍വ്വകലാശാലയുടെ വാഹനങ്ങള്‍ സ്ഥിരമായി ദുരുപയോഗം ചെയ്യുന്നതായും സ്റ്റാട്യൂട്ടറി ഉദ്യോഗസ്ഥന്മാര്‍ ഉപയോഗിക്കേണ്ട സര്‍വ്വകലാശാല വാഹനങ്ങള്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ടവര്‍ ദുരുപയോഗം ചെയ്യുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. രജിസ്ട്രാറുടെ നിയന്ത്രണത്തിലുള്ള വാഹനങ്ങളുടെ അനുബന്ധ ലോഗ് റെക്കോര്‍ഡുകള്‍ കൈകാര്യം ചെയ്യുന്ന കണ്‍ട്രോളിങ് ഓഫീസറായി നിയമിച്ചിരിക്കുന്നത് ഒരു ക്ലാസ് ഫോര്‍ ജീവനക്കാരനെയാണെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്.
സര്‍വ്വകലാശാലയിലെ ഇടതുപക്ഷ സംഘടനയുടെ പ്രസിഡന്റ് ആയിരുന്ന ഹരികൃഷ്ണന് ശമ്പള കുടിശ്ശിക ഇനത്തില്‍ അനധികൃതമായി നല്‍കിയ 88,000 രൂപ തിരിച്ചടപ്പിക്കാതെ അദ്ദേഹത്തിന് വിരമിക്കല്‍ അനുവദിച്ചത് ഗുരുതര വീഴ്ചയാണെന്നും 18% പലിശയോട് കൂടി തുക ഈടാക്കണമെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രൊവിഡന്റ് ഫണ്ട് ഫണ്ട് അക്കൗണ്ട് യാതൊരു നിയമങ്ങളും പാലിക്കാതെയാണ് കൈകാര്യം ചെയ്യുന്നതെന്നും കുറ്റപ്പെടുത്തി. സിപിഎം സംഘടനാ നേതാവ് കൈപ്പറ്റിയ തുക തിരിച്ചുവാങ്ങാന്‍ സര്‍വ്വകലാശാല തയ്യാറായിട്ടില്ല.
മുന്‍ വൈസ് ചാന്‍സിലര്‍ ഡോക്ടര്‍ രാജശ്രീയും മുന്‍പ്രോ വൈസ് ചാന്‍സിലര്‍ ഡോക്ടര്‍ അയ്യൂബും വീട്ടു വാടക ബത്തയും ശമ്പളപരിഷ്‌കരണ കുടിശ്ശികയും ഉള്‍പ്പെടെ 18 ലക്ഷത്തിലധികം രൂപ അനധികൃതമായി കൈപ്പറ്റിയതായും കണ്ടെത്തി. എംപ്ലോയമെന്റ് എക്‌സ്‌ചേഞ്ചിലൂടെയല്ലാതെ കരാര്‍ ജീവനക്കാരെ നിയമിച്ചതും അവര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള വേതനത്തിന് അധികമായ തുക വേതനമായി നല്‍കുന്നത് ഗുരുതര വീഴ്ചയാണെന്ന് റിപ്പോര്‍ട്ടില്‍ പ്രതിപാദി ച്ചിട്ടുണ്ട്.
സാങ്കേതിക സര്‍വ്വകലാശാലയില്‍ നടന്ന സാമ്പത്തിക ക്രമക്കേടുകളില്‍ വിശദമായ അന്വേഷണം നടത്താനും സാമ്പത്തിക ക്രമക്കേടുകള്‍ തടയാനും വൈസ് ചാന്‍സലര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സേവ് യു ണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റിഗവര്‍ണര്‍ക്ക് നിവേദനം നല്‍കി.
അതിനിടെ, രണ്ടുദിവസം മുമ്പ് സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ബഹളമുണ്ടാക്കിയതിനെത്തുടര്‍ന്ന് വൈസ്ചാന്‍സലര്‍ ഡോ.കെ.ശിവപ്രസാദ് യോഗം പിരിച്ചുവിട്ടിരുന്നു. വി.സി ഇറങ്ങിപ്പോയ ശേഷവും തുടര്‍ന്ന സിന്‍ഡിക്കേറ്റംഗങ്ങളുടെ പ്രത്യേക യോഗത്തില്‍ പങ്കെടുത്തതിന് രജിസ്ട്രാര്‍ ഡോ.എ.പ്രവീണിന് വി.സി കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി.
വി.സിയായി ഡോ.കെ.ശിവപ്രസാദ് ചുമതലയേറ്റ ശേഷമുള്ള ആദ്യ സിന്‍ഡിക്കേറ്റ് യോഗത്തിലാണ് ഒരുമണിക്കൂറോളം ബഹളമുണ്ടായത്. സി.പി.എം പ്രതിനിധികളായ പി.കെ.ബിജു, സച്ചിന്‍ദേവ് എം.എല്‍.എ എന്നിവര്‍ അജന്‍ഡകള്‍ ചര്‍ച്ച ചെയ്യാന്‍ അനുവദിച്ചില്ലെന്നാണ് വിമര്‍ശനം. ഒറ്റ അജന്‍ഡയും പരിഗണിക്കാതെയാണ് യോഗം പിരിഞ്ഞത്. പ്രത്യേകയോഗം അസാധുവാണെന്നും ഒരു തീരുമാനവുമെടുത്തിട്ടില്ലെന്നും വി.സി പ്രത്യേക ഉത്തരവിറക്കും. ചട്ടവിരുദ്ധമായി സിന്‍ഡിക്കേറ്റ് യോഗം ചേര്‍ന്നതും രജിസ്ട്രാര്‍ ആ യോഗത്തില്‍ പങ്കെടുത്തതും സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്ക് വി.സി കൈമാറി.