വാങ്ങാന്‍ ആളില്ല..! ഏറ്റവും വില കുറഞ്ഞ സൈബര്‍ ട്രക്കിന്റെ നിര്‍മ്മാണം നിര്‍ത്തി ഇലോണ്‍ മസ്‌ക്കിന്റെ ടെസ്ല; വില്‍പ്പനക്കെത്തി അഞ്ച് മാസത്തിന് ശേഷം തീരുമാനം; വന്‍ പരാജയമാകും മുമ്പ് പൂട്ടിക്കെട്ടി തടിയെടുക്കാന്‍ മസ്‌ക്ക്
വാങ്ങാന്‍ ആളില്ല..! ഏറ്റവും വില കുറഞ്ഞ സൈബര്‍ ട്രക്കിന്റെ നിര്‍മ്മാണം നിര്‍ത്തി ഇലോണ്‍ മസ്‌ക്കിന്റെ ടെസ്ല
വാഷിങ്ടണ്‍: ലോകകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്കിന്റെ കഷ്ടകാലം ഒഴിയുന്നില്ല. അദ്ദേഹത്തിന്റെ വാഹന നിര്‍മ്മാണ കമ്പനിയായ ടെസ്ലയുടെ ഏറ്റവും വില കുറഞ്ഞ സൈബര്‍ ട്രക്കിന്റെ നിര്‍മ്മാണം കമ്പനി നിര്‍ത്തുകയാണ്. വില്‍പ്പനക്കെത്തി വെറും അഞ്ച് മാസത്തിന് ശേഷമാണ് ഇക്കാര്യത്തില്‍ കമ്പനി ഒരു തീരുമാനം എടുത്തത്. ഈ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പിക്ക്-അപ്പ് ട്രക്ക് മൂന്ന് ഓപ്ഷനുകളില്‍ ലഭ്യമായിരുന്നു.
69,990 ഡോളര്‍ മുതലാണ് ഇതിന് വിലയിട്ടിരുന്നത്. എന്നാല്‍ വാങ്ങുന്നവരുടെ താല്‍പ്പര്യക്കുറവ് കാരണമാണ് എലോണ്‍ മസ്‌കിന്റെ കമ്പനി ഈ കുറഞ്ഞ വിലയുള്ള മോഡല്‍ അവരുടെ വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്തത്. വടക്കേ അമേരിക്കയില്‍ വ്യാപകമായി ലഭ്യമായ സൈബര്‍ട്രക്ക്, ദീര്‍ഘദൂര ഡ്രൈവിംഗില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചുള്ള ഒരു അള്‍ട്രാ-റെസിലന്റ് ഓള്‍-ഇലക്ട്രിക് പിക്ക്-അപ്പ് ട്രക്കാണ്.
എന്നാല്‍ വില്‍പ്പനയുടെ കാര്യത്തില്‍ ഈ വാഹനം മസ്‌ക്കിന്റെ പ്രതീക്ഷകള്‍ നിറവേറ്റിയിരുന്നില്ല. ഇത് എക്കാലത്തേയും വലിയ പരാജയങ്ങളില്‍ ഒന്നായി മാറുമെന്ന ആശങ്കകള്‍ കൂടി ഉയര്‍ന്ന സാഹചര്യത്തിലാണ് മസ്‌ക്ക് ഈ നിര്‍ണായക തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. 2023 ലാണ് ഇത്തരമൊരു വാഹനം വിപണിയില്‍ ഇറക്കുന്നത് സംബന്ധിച്ച തീരുമാനം ടെസ്ല പ്രഖ്യാപിച്ചത്. എന്നാല്‍ ഈ വാഹനം വാങ്ങിയവര്‍ ഇതിന്റെ സുരക്ഷയും പ്രകടനവും സംബന്ധിച്ച നിരവധി പരാതികള്‍ ഉന്നയിച്ചിരുന്നു.
ഈ ട്രക്ക് ആദ്യമായി പുറത്തിറക്കിയ ദിവസം തന്നെ അതില്‍ ഒന്നിന്റെ വിന്‍ഡോ ചില്ലുകള്‍ തകര്‍ന്നത് വലിയ തോതിലുള്ള വിവാദം ഉയര്‍ത്തിയിരുന്നു. ഈ വര്‍ഷം ഏപ്രിലിലാണ് 'ലോംഗ് റേഞ്ച്' എന്ന് പേരിട്ടിരിക്കുന്ന ഈ വിലകുറഞ്ഞ വേരിയന്റ് പുറത്തിറക്കി സൈബര്‍ട്രക്ക് വില്‍പ്പനയില്‍ ഒരു പുതിയ തരംഗം സൃഷ്ടിക്കാന്‍ ടെസ്ല ശ്രമിച്ചത്. എന്നാല്‍ നേരത്തേ പുറത്തിറങ്ങിയ വാഹനത്തിലെ നിരവധി ഫീച്ചറുകള്‍ ഇതില്‍ നിന്നും നീക്കം ചെയ്തിരുന്നത് ഉപഭോക്താക്കളെ നിരാശപ്പെടുത്തിയിരുന്നു.
ഏതായാലും ഈ കുറഞ്ഞ വിലയുള്ള മോഡല്‍ ഉപക്ഷേിച്ചു എങ്കിലും കമ്പനിയുടെ കൂടുതല്‍ വിലയുള്ള രണ്ട് മോഡലുകള്‍ ഇപ്പോഴും വിപണയില്‍ സജീവമാണ്. വിലകുറഞ്ഞ ലോംഗ് റേഞ്ച് മോഡല്‍ നിര്‍ത്തലാക്കിയതിന്റെ കാരണം ടെസ്ല വ്യക്തമാക്കിയിട്ടില്ല, എന്നിരുന്നാലും വില്‍പ്പന പ്രതീക്ഷിച്ചതിലും വളരെ കുറവാണെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ടെസ്ല നിലവില്‍ പ്രതിവര്‍ഷം ഏകദേശം 20,000 യൂണിറ്റ് എന്ന നിരക്കില്‍ സൈബര്‍ട്രക്ക് വില്‍ക്കുന്നുണ്ട്. ഇത് പ്രതീക്ഷിച്ചതിലും വളരെ കുറവാണ്.
ഈ വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ടെസ്ല 4,306 സൈബര്‍ട്രക്കുകള്‍ മാത്രമേ വിറ്റഴിച്ചുള്ളൂ . കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് വില്‍പ്പനയില്‍ 50 ശതമാനത്തിലധികം ഇടിവാണ് ഉണ്ടായിരിക്കുന്നത്. അസാധാരണമായ വലുപ്പവും ആകൃതിയും നിയന്ത്രണങ്ങള്‍ പാലിക്കാത്തതിനാല്‍ സൈബര്‍ട്രക്ക് യുകെയിലോ യൂറോപ്പിലെ പ്രധാന സ്ഥലങ്ങളിലും ലഭ്യമല്ല.