ഷഹബാസ് കൊലപാതകത്തില്‍ നിര്‍ണായക തെളിവ്; പ്രതിയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ തലയ്ക്കടിച്ച നഞ്ചക്ക് കണ്ടെത്തി; നാല് മൊബൈല്‍ ഫോണുകളും ഒരു ലാപ്‌ടോപ്പും കണ്ടെടുത്തു; പരീക്ഷയെഴുതാന്‍ പ്രതികള്‍ക്ക് പൊലീസ് സുരക്ഷ

ഷഹബാസ് കൊലപാതകം: തലയ്ക്കടിച്ച നഞ്ചക്ക് കണ്ടെത്തി

Update: 2025-03-02 11:07 GMT

കോഴിക്കോട് താമരശ്ശേരി മുഹമ്മദ് ഷഹബാസ് കൊലപാതകത്തില്‍ നിര്‍ണായക തെളിവ് കണ്ടെത്തി അന്വേഷണ സംഘം. കേസിലെ പ്രതിയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഷഹബാസിന്റെ തലയ്ക്കടിച്ച നഞ്ചക്കാണ് പൊലീസ് കണ്ടെടുത്തത്. പ്രതികളുടെ വീട്ടില്‍ നിന്നും 4 മൊബൈല്‍ ഫോണുകളും ഒരു ലാപ്‌ടോപ്പും കണ്ടെത്തി. കൊലപാതകം ആസൂത്രണം ചെയ്ത ഡിജിറ്റല്‍ തെളിവുകളടക്കമാണ് പൊലീസ് ശേഖരിക്കുന്നത്. റിമാന്റിലായ അഞ്ച് വിദ്യാര്‍ത്ഥികളുടേയും വീട്ടില്‍ ഒരേ സമയമാണ് പൊലീസ് പരിശോധന നടത്തിയത്. സംഘര്‍ഷത്തില്‍ മുതിര്‍ന്നവര്‍ക്കും പങ്കുണ്ടെന്ന് മുഹമ്മദ് ഷഹബാസിന്റെ കുടുംബം ആരോപിക്കുന്നു.

കട്ടിയേറിയ ആയുധം കൊണ്ടുള്ള അടിയില്‍ തലയ്‌ക്കേറ്റ ക്ഷതമാണ് ഷഹബാസിന്റെ മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ആക്രമണത്തില്‍ ഷഹബാസിന്റെ വലതു ചെവിയുടെ മുകള്‍ഭാഗത്തെ തലയോട്ടി തകര്‍ന്നിരുന്നു. കൃത്യത്തില്‍ പങ്കെടുത്ത അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. ജൂവനില്‍ ജെസ്റ്റിസ് ബോര്‍ഡിനു മുന്‍പാകെ ഹാജരാക്കിയ വിദ്യാര്‍ത്ഥികളെ വെള്ളിമാട് കുന്നിലെ ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് മാറ്റി. എങ്കിലും ഇവര്‍ക്ക് ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷ എഴുതാനാകും.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവത്തിന്റെ തുടക്കം. ട്യൂഷന്‍ സെന്ററില്‍ പത്താം ക്ലാസുകാരുടെ ഫെയര്‍വെല്‍ പരിപാടിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണം. തര്‍ക്കത്തിന്റെ തുടര്‍ച്ചയായിട്ടാണ് വ്യാഴാഴ്ച വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടിയത്. തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ മുഹമ്മദ് ഷഹബാസിനെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിക്കുകയായിരുന്നു. തലച്ചോറില്‍ 70 %ക്ഷതമേറ്റതിനാല്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു വിദ്യാര്‍ത്ഥി ജീവന്‍ നിലനിര്‍ത്തിയിരുന്നത്. പിന്നീട് വെള്ളിയാഴ്ച പുലര്‍ച്ചെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

പരീക്ഷയെഴുതാന്‍ പൊലീസ് സുരക്ഷ

താമരശ്ശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസ് കൊലപാതകത്തിലെ പ്രതികള്‍ക്ക് പരീക്ഷയെഴുതാന്‍ പൊലീസ് സുരക്ഷയൊരുക്കും. പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് നിര്‍ദേശം. നാളെ ആരംഭിക്കുന്ന എസ്എസ്എല്‍സി പരീക്ഷയാണ് പ്രതികള്‍ സ്‌കൂളില്‍ വെച്ച് എഴുതുക. നിലവില്‍ പ്രതികള്‍ വെള്ളിമാടുകുന്നിലെ ഒബ്സര്‍വേഷന്‍ ഹോമിലാണുള്ളത്.

ജില്ലാ പൊലീസ് മേധാവിയോടും ശിശുക്ഷേമ സമിതി ചെയര്‍പേഴ്‌സണോടും ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ വിശദീകരണം തേടി. ലഹരിയും സിനിമയിലെ വയലന്‍സും കുട്ടികളെ സ്വാധീനിക്കുന്നുണ്ടെന്നും സംസ്ഥാനതലത്തില്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുമെന്നും മനോജ് കുമാര്‍ പറഞ്ഞു.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ഷഹബാസ്. രാത്രി 12.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. ട്യൂഷന്‍ ക്ലാസിലെ ഫെയര്‍വെല്‍ പാര്‍ട്ടിക്കിടെ മൈക്ക് ഓഫ് ആയതുമായി ബന്ധപ്പെട്ട തര്‍ക്കം സംഘര്‍ഷത്തിലും കൊലപാതകത്തിലും കലാശിക്കുകയായിരുന്നു.

എളേറ്റില്‍ വട്ടോളി എം ജെ ഹയര്‍ സെക്കന്ററി സ്‌കൂളിലെ കുട്ടികളും താമരശ്ശേരി ഹയര്‍ സെക്കന്ററി സ്‌കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്. കരാട്ടെ പരിശീലിക്കുന്നവര്‍ ഉപയോഗിക്കുന്ന നഞ്ചക്ക് ഉപയോഗിച്ചാണ് പ്രതികള്‍ ഷഹബാസിനെ മര്‍ദിച്ചത്.

Tags:    

Similar News