തന്ത്രി കൊണ്ടുവന്നയാള്‍ എന്ന നിലയില്‍ ഇയാള്‍ക്ക് ദേവസ്വം ബോര്‍ഡിന്റെ അനുമതി ആവശ്യമില്ലായിരുന്നുവെന്ന സൈബര്‍ സഖാക്കളുടെ വാദം ഇനി നില്‍ക്കില്ല; തന്ത്രി 'ദൈവതുല്യന്‍' അല്ല; മോദി ശബരിമലയിലേക്ക്: സ്വര്‍ണ്ണക്കൊള്ളക്കേസില്‍ ഇനി വഴിത്തിരിവുകളുടെ കാലം; തന്ത്രങ്ങള്‍ മെനയാന്‍ ആദ്യം എത്തുന്നത് അമിത് ഷാ; കണ്ഠര് കുടുംബത്തിന് അശ്വാസം

Update: 2026-01-07 03:46 GMT

കൊച്ചി/തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരെ പോലീസ് കുറ്റവിമുക്തനാക്കിയതോടെ തുറക്കുക പുതിയ പോര്‍മുഖത്തേക്ക്. തന്ത്രിയെ കരുവാക്കി രക്ഷപ്പെടാന്‍ ശ്രമിച്ച രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് തിരിച്ചടിയായി പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെ, ശബരിമല സന്ദര്‍ശനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദിയും തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങിക്കഴിഞ്ഞ കേരളത്തില്‍, ശബരിമല സ്വര്‍ണ്ണക്കൊള്ളയും കേന്ദ്ര ഏജന്‍സികളുടെ നീക്കങ്ങളും രാഷ്ട്രീയ ഗതിവിഗതികള്‍ മാറ്റിവരയ്ക്കുമെന്ന് ഉറപ്പായി.

ശ്രീകോവിലിന്റെ അറ്റകുറ്റപ്പണിക്ക് തന്ത്രി ആവശ്യപ്പെട്ടെന്ന മുന്‍ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാറിന്റെ വാദം പച്ചക്കള്ളമാണെന്ന് പോലീസ് കണ്ടെത്തി. മിനുട്‌സില്‍ 'പിച്ചള പാളി' എന്നത് വെട്ടി 'ചെമ്പ് പാളി' എന്നാക്കിയത് സ്വര്‍ണ്ണവേട്ടയ്ക്കുള്ള ആസൂത്രിത നീക്കമായിരുന്നു. തന്ത്രി ഒപ്പിടാത്ത മഹസര്‍ രേഖകളും കോടതിയില്‍ ഹാജരാക്കി. ഇതോടെ, തന്ത്രി കുടുംബത്തെ പ്രതിക്കൂട്ടിലാക്കി രക്ഷപ്പെടാന്‍ ശ്രമിച്ച രാഷ്ട്രീയ വമ്പന്മാര്‍ക്ക് തിരിച്ചടി ലഭിച്ചു. തന്ത്രിക്ക് ക്ലീന്‍ ചിറ്റ് ലഭിച്ചതോടെ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണം ഇനി ഉന്നത രാഷ്ട്രീയ നേതാക്കളിലേക്ക് മാത്രമായി കേന്ദ്രീകരിക്കും. ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയിലൂടെ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, എ. പത്മകുമാര്‍ തുടങ്ങിയവരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് ഇഡി നീക്കം.

തിരഞ്ഞെടുപ്പ് ആസന്നമായ വേളയില്‍ ശബരിമല വിഷയം ദേശീയ തലത്തില്‍ സജീവമാക്കാനാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി ഉടന്‍ സന്നിധാനത്തെത്തും. ജനുവരി 11-ന് തിരുവനന്തപുരത്തെത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബിജെപിയുടെ 'മിഷന്‍ 2026' ഔദ്യോഗികമായി പ്രഖ്യാപിക്കും. നിയമസഭയില്‍ രണ്ടക്ക സീറ്റുകള്‍ ലക്ഷ്യമിടുന്ന ബിജെപിക്ക്, സ്വര്‍ണ്ണക്കൊള്ളക്കേസിലെ ഇഡി അന്വേഷണം കരുത്താകും. കോടതിയില്‍ നിന്ന് കേസ് രേഖകള്‍ കൈക്കലാക്കിയ ഇഡി, കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കര്‍ശന നടപടികളിലേക്ക് കടക്കുന്നതോടെ പ്രമുഖ നേതാക്കള്‍ അഴിക്കുള്ളിലാകാനുള്ള സാധ്യതയും ഏറിയിട്ടുണ്ട്. വിശ്വാസികളെയും ഭക്തജനങ്ങളെയും ബാധിക്കുന്ന വൈകാരിക വിഷയം വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഇടത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുമെന്നാണ് വിലയിരുത്തല്‍.

തന്ത്രിയുടെ പേരില്‍ പുകമറ സൃഷ്ടിച്ച് കോടികള്‍ തട്ടിയ പത്മകുമാറിനും സംഘത്തിനും ഹൈക്കോടതിയില്‍ നിന്ന് കനത്ത പ്രഹരം ഇനി ലഭിച്ചേക്കാം. തന്ത്രിയല്ല ദൈവ തുല്യന്‍ എന്ന് പോലീസ് തന്നെ പറയുകയാണ്. 2004-ല്‍ ബംഗളൂരു പൂജാരിയായിരുന്ന ഉണ്ണിക്കൃഷ്ണന്‍ പോറ്റി ശബരിമലയിലെത്തുന്നത് തന്ത്രി കണ്ഠരര് രാജീവരുമായുള്ള ബന്ധം വഴിയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. തന്ത്രി കൊണ്ടുവന്നയാള്‍ എന്ന നിലയില്‍ ഇയാള്‍ക്ക് ദേവസ്വം ബോര്‍ഡിന്റെ അനുമതി ആവശ്യമില്ലായിരുന്നു. എന്നാല്‍ പില്‍ക്കാലത്ത് കോണ്‍ഗ്രസ് നേതാക്കളായ ജി. രാമന്‍നായര്‍, എം.പി. ഗോവിന്ദന്‍നായര്‍, പ്രയാര്‍ ഗോപാലകൃഷ്ണന്‍ എന്നിവരുടെ ഭരണകാലത്താണ് പോറ്റി ശബരിമലയിലെ സമാന്തര ഭരണാധികാരിയായി വളര്‍ന്നത് എന്നായിരുന്നു സിപിഎം ആരോപണം.

ആറന്മുളയില്‍ വെച്ച് കവറിലിട്ട് രഹസ്യമായി നല്‍കിയ ഉത്തരവിലൂടെയാണ് ഇയാള്‍ക്ക് കീഴ്ശാന്തി നിയമനം ലഭിച്ചതെന്നും മുന്‍ മന്ത്രി വി.എസ്. ശിവകുമാറിന്റെ സഹോദരന്റെ ശുപാര്‍ശയും പോറ്റിക്ക് തുണയായി എന്നും പ്രചരണം വന്നു. തമിഴ്, കന്നഡ ഭാഷകള്‍ അറിയാവുന്ന പോറ്റി ഇതര സംസ്ഥാന കോടീശ്വരന്മാരുടെ പ്രിയപ്പെട്ടവനായി മാറിയെന്നായിരുന്നു സിപിഎം പ്രചരണം. ഇത്തരം പ്രചരണത്തിലൂടെ തന്ത്രിയെ പ്രതിസ്ഥാനത്ത് കൊ്ണ്ടു വരാനായിരുന്നു ശ്രമം. എന്നാല്‍ അതൊന്നും ഇനി നടക്കില്ല. ഇഡിക്കും തന്ത്രയിലേക്ക് അന്വേഷണം കൊണ്ടു പോകേണ്ട സാഹചര്യം കോടതിയിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടോടെ ഇല്ലാതായി. തന്ത്രി കണ്ഠരര് രാജീവര് ആയിരുന്നു സൈബര്‍ സഖാക്കളുടെ ആക്രമണത്തിന് വിധേയനായത്. ഏതായാലും ഇതിന് ഇനി നിയമപരമായ ബലമുണ്ടാകില്ല. ഇഡിക്കും അന്വേഷിക്കേണ്ട ബാധ്യതയുണ്ടാകില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടന്‍ ശബരിമല സന്ദര്‍ശിക്കുമെന്നാണ് ഏറ്റവും പുതിയ വിവരം. മുന്‍പ് രാഷ്ട്രപതി ശബരിമലയില്‍ എത്തിയ അതേ സുരക്ഷാ മാനദണ്ഡങ്ങളും പ്രോട്ടോക്കോളും പാലിച്ചായിരിക്കും പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. ഇതിനുള്ള ഔദ്യോഗിക തീരുമാനങ്ങള്‍ ഉടന്‍ ഉണ്ടാകും. ബിജെപിയുടെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജനുവരി 11-ന് തിരുവനന്തപുരത്തെത്തും. പാര്‍ട്ടിയുടെ സംസ്ഥാന നേതൃയോഗത്തില്‍ അദ്ദേഹം പങ്കെടുക്കുന്നതോടെ ബിജെപിയുടെ 'മിഷന്‍ 2026' ഔദ്യോഗികമായി ആരംഭിക്കും.

ശബരിമലയിലെ പുണ്യസ്വര്‍ണ്ണം കവര്‍ന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി വേണമെന്ന നിലപാടിലാണ് കേന്ദ്രം. അമിത് ഷായുടെ സന്ദര്‍ശനത്തിന് പിന്നാലെ പ്രധാനമന്ത്രി സന്നിധാനത്തെത്തുന്നതോടെ ശബരിമല വിഷയം വീണ്ടും സജീവ ചര്‍ച്ചയാക്കി തിരഞ്ഞെടുപ്പ് ഗോദയില്‍ ആധിപത്യം ഉറപ്പിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. നിയമസഭയില്‍ രണ്ട അക്ക അംഗ പ്രാതിനിധ്യമാണ് അമിത് ഷാ ലക്ഷ്യമിടുന്നത്. മോദിയുടെ ശബരിമല സന്ദര്‍ശനത്തില്‍ അമിത് ഷാ കേരളാ നേതൃത്വത്തില്‍ നിന്നും റിപ്പോര്‍ട്ടും തേടും.

Tags:    

Similar News