ഒരു കമ്പനിക്ക് 16 മണിക്കൂര്‍ പണിയെടുപ്പിക്കണമെങ്കില്‍ അവര്‍ കൂടുതല്‍ ആളുകളെ ജോലിക്കെടുക്കണം; ചൂഷണവും അവകാശലംഘനവും അരുത്; ഏണസ്റ്റ് ആന്‍ഡ് യങ്ങിലെ ജോലിഭാരം താങ്ങാനാവാതെ മരണമടഞ്ഞ അന്നയുടെ മാതാപിതാക്കളെ സന്ദര്‍ശിച്ച് തരൂര്‍

അന്നയുടെ മാതാപിതാക്കളെ സന്ദര്‍ശിച്ച് തരൂര്‍

Update: 2024-09-26 07:09 GMT

ന്യൂഡല്‍ഹി: ഒരു കമ്പനിക്ക് രാവും പകലും 16 മണിക്കൂര്‍ എല്ലാസമയത്തും ജീവനക്കാരെ ജോലിയെടുപ്പിക്കണമെങ്കില്‍, അവര്‍ കൂടുതല്‍ ആളുകളെ ജോലിക്ക് എടുക്കണമെന്ന് ശശി തരൂര്‍ എംപി. ജീവനക്കാരെ ചൂഷണം ചെയ്യുകയും,അവരുടെ അവകാശങ്ങളെ ഹനിക്കുകയുമല്ല വേണ്ടത്്. ജോലി സമ്മര്‍ദ്ദം താങ്ങാനാവാതെ ഹൃദയാഘാതം മൂലം മരിച്ച ഏണസ്റ്റ് ആന്‍ഡ് യങ് പൂനെ ഓഫീസിലെ മലയാളി ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യന്‍ പേരയിലിന്റെ മാതാപിതാക്കളെ ബുധനാഴ്ച സന്ദര്‍ശിച്ച ശേഷം എക്‌സിലെ കുറിപ്പിലാണ് തരൂര്‍ ഇക്കാര്യം പറഞ്ഞത്.

26 കാരിയായ അന്ന 'ഇ വൈ'യുടെ പൂനെ ഓഫീസില്‍ വെറും നാലുമാസമാണ് ജോലി ചെയ്തത്. ജൂലൈയില്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞു. അന്നയുടെ അന്ന അനിത അഗസ്റ്റിന്‍ ഇ വൈ ഇന്ത്യ ചെയര്‍മാന്‍ രാജീവ് മേമണിക്ക് അയച്ച കത്തില്‍ അമിതജോലിയെ മഹത്വവത്കരിക്കുന്ന കോര്‍പറേറ്റ് സംസ്‌കാരത്തെ വിമര്‍ശിച്ച് എഴുതിയ കത്ത് ഈ മാസം വൈറലായിരുന്നു.

അന്നയുടെ മാതാപിതാക്കളുമായുള്ള വൈകാരിക കൂടിക്കാഴ്ചയുടെ ചിത്രങ്ങളും തരൂര്‍ പങ്കുവച്ചു. സംഭവത്തില്‍ അന്വേഷണവും നടപടിയും ഉണ്ടാകണമെന്ന് താന്‍ അവരുമായി ചര്‍ച്ച ചെയ്‌തെന്ന് അദ്ദേഹം പറഞ്ഞു. ടോക്‌സിക്കായ ജോലി സംസ്‌കാരത്തിന് അറുതിയിടാന്‍ പുതിയ നിയമവും ചട്ടങ്ങളും വേണം. മധ്യലെവല്‍ മാനേജര്‍മാര്‍ക്ക് കൂടുതല്‍ മികച്ച പരിശീലനം നല്‍കണം, തരൂര്‍ കുറിച്ചു.




മാനേജര്‍മാരുടെ കടുത്ത സമ്മര്‍ദ്ദം താങ്ങാനാവാതെയാണ് അന്ന രോഗബാധിതയായതെന്നും തരൂര്‍ ആരോപിച്ചു. കഴിഞ്ഞാഴ്ച അന്നയുടെ അച്ഛന്‍ സിബി ജോസഫുമായി തരൂര്‍ സംസാരിക്കുകയും ഒരാഴ്ച നാല്‍പത് മണിക്കൂര്‍ ജോലി എന്നത് ക്രമപ്പെടുത്തണമെന്ന് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. പൊതു-സ്വകാര്യ സ്ഥാപന ഭേദമില്ലാതെ എല്ലാ ജോലിസ്ഥലങ്ങളിലും ആഴ്ചയില്‍ അഞ്ചുനാള്‍ ദിവസേന എട്ടുമണിക്കൂര്‍ ജോലി എന്ന നിശ്ചിത കലണ്ടര്‍ ഉറപ്പാക്കാന്‍ നിയമനിര്‍മ്മാണം വേണമെന്ന് അന്നയുടെ അച്ഛന്‍ നിര്‍ദ്ദേശിച്ചു. വീഴ്ച വരുത്തുന്നവര്‍ക്ക് കര്‍ശന ശിക്ഷയും ഉറപ്പാക്കണം. ഇക്കാര്യം പാര്‍ലമെന്റില്‍ ഉന്നയിക്കാമെന്ന് താന്‍ സമ്മതിച്ചതായും തരൂര്‍ വ്യക്തമാക്കി. ഡിസംബറിലെ പാര്‍ലമെന്റ് സമ്മേളനത്തില്‍ വിഷയം അവതരിപ്പിക്കുമെന്നും തരൂര്‍ സൂചിപ്പിച്ചു

Tags:    

Similar News