ഷിജുഖാനും സംഘവും തീരുമാനിച്ചവര്‍ക്ക് ജോലി കിട്ടണമെങ്കില്‍ വൈസ് ചാന്‍സലര്‍ ഒപ്പു വയ്ക്കണം; കരാര്‍ അധ്യാപക നിയമനത്തിനായി യുജിസി ചട്ടം ലംഘിച്ചു തയാറാക്കിയ വിവാദ റാങ്ക് പട്ടികയില്‍ അനിശ്ചിതത്വം; ഗവര്‍ണ്ണറുടെ കാലാവധി നീട്ടി നല്‍കല്‍ പാരയില്‍ പെട്ട് ആ തീരുമാനം; കേരളയില്‍ സിപിഎം 'ഭയം' സംഭവിക്കുമ്പോള്‍
തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ സിപിഎം ഭയക്കുന്നത് തന്നെ സംഭവിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായുള്ള സര്‍ക്കാരിന്റെ ഭിന്നതയില്‍ ഇഷ്ടക്കാരെ കുത്തി തിരികാനുള്ള സിപിഎം മോഹവും നടക്കാതെ പോകുകയാണ്. കരാര്‍ അധ്യാപക നിയമനത്തിനായി യുജിസി ചട്ടം ലംഘിച്ചു തയാറാക്കിയ വിവാദ റാങ്ക് പട്ടിക സിന്‍ഡിക്കറ്റ് യോഗത്തിലെ എല്‍ഡിഎഫ് ഭൂരിപക്ഷം ഉപയോഗിച്ച് അംഗീകരിച്ചെങ്കിലും വൈസ് ചാന്‍സലര്‍ അതിന് അനുമതി നല്‍കില്ല. ഇതോടെ മറ്റൊരു നിയമപ്രശ്‌നമായി ഇത് മാറും. ഈ പട്ടികയില്‍ ഇടം നേടിയവര്‍ക്ക് രാഷ്ട്രീയ പിന്തുണയുണ്ടെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ഹൈക്കോടതിയില്‍ നിലവിലുള്ള കേസില്‍ വൈസ് ചാന്‍സലര്‍ സിന്‍ഡിക്കറ്റ് തീരുമാനത്തിനെതിരെ സത്യവാങ്മൂലം നല്‍കും. യുജിസി ചട്ടങ്ങള്‍ അനുസരിച്ചല്ല അധ്യാപക നിയമനമെന്നും ഇതു നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നെന്നും അറിയിച്ചാണ് വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ സത്യവാങ്മൂലം നല്‍കുക. കോടതി വിധിക്കു വിധേയമായി മാത്രമേ നിയമനം നടക്കൂ. ഇതിന് വേണ്ടിയാണ് വിസി തീരുമാനത്തില്‍ ഒപ്പുവയ്ക്കാത്തതെന്നു സൂചനയുണ്ട്. ആരോഗ്യ സര്‍വ്വകലാശാലാ വിസിയായ മോഹനന്‍ കുന്നുമ്മലിന് അടുത്ത കാലത്താണ് കാലാവധി ഗവര്‍ണര്‍ നീട്ടിക്കൊടുത്തത്. ഇതിനെ ഇടതുപക്ഷം എതിര്‍ത്തിരുന്നു. കേരള സര്‍വ്വകലാശാലയില്‍ കുന്നുമ്മലിന് താല്‍ക്കാലിക ചുമതലയാണ്. ഇതു കൊണ്ട് കൂടിയാണ് കാലാവധി നീട്ടിയതിനെ ഇടതു സര്‍ക്കാരും സിപിഎമ്മും ഇടതുപക്ഷവും എതിര്‍ക്കുന്നത്. സിപിഎമ്മിന്റെ രാഷ്ട്രീയ തീരുമാനങ്ങളെ എല്ലാം കുന്നുമ്മല്‍ എതിര്‍ക്കുന്നത് പതിവാണ്. ഇതാണ് താല്‍കാലിക അധ്യാപന നിയമനത്തിലും സംഭവിക്കുന്നത്.
വിരമിച്ച അധ്യാപകരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാമെന്ന വിസിയുടെ നിര്‍ദേശം എല്‍ഡിഎഫ് സിന്‍ഡിക്കറ്റ് അംഗങ്ങള്‍ അംഗീകരിച്ചിരുന്നില്ല. പകരം വിവാദ റാങ്ക് പട്ടിക അംഗീകരിക്കാനായി വോട്ടെടുപ്പു വേണമെന്ന് ആവശ്യപ്പെട്ട് ബഹളം വയ്ക്കുകയായിരുന്നു. അതേസമയം, വിസിയുടെ ഇരട്ട നിലപാടാണെന്നു കോണ്‍ഗ്രസ് സിന്‍ഡിക്കറ്റ് അംഗം വൈ.അഹമ്മദ് ഫസല്‍ പറഞ്ഞു. നിയമവിരുദ്ധമായ നിയമന നീക്കത്തെപ്പറ്റി വാര്‍ത്ത വന്ന ശേഷവും ഇടത് സിന്‍ഡിക്കറ്റ് അംഗത്തിന്റെ നേതൃത്വത്തില്‍ നടന്ന ഇന്റര്‍വ്യൂ വിസി തടഞ്ഞില്ല. വിസി രാഷ്ട്രീയം കളിക്കുകയാണെന്ന് യുഡിഎഫ് പറയുന്നു. എന്നാല്‍ അവരും ലിസ്റ്റ് അംഗീകരിക്കുന്നില്ല. ബിജെപി അംഗങ്ങളും വിസിയ്‌ക്കൊപ്പമാണ്.
കേരള യൂണിവേഴ്‌സിറ്റി യില്‍ നാല് വര്‍ഷ എഫ് വൈ യു ജി പി കോഴ്‌സുകള്‍ നടത്തുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ അദ്ധ്യാപകരെ നിയമിക്കുന്നതില്‍ സുതാര്യത ഉറപ്പു വരുത്തുന്നതിനു വേണ്ടി വൈസ് ചാന്‍സലര്‍ കണ്‍വീനര്‍ ആകേണ്ട കമ്മിറ്റിയില്‍ രാഷ്ട്രീയക്കാരന്‍ ആയ സിന്‍ഡിക്കേറ്റ് പ്രതിനിധി ഷിജുഖാനെ നിയമിച്ചതില്‍ ക്രമക്കേടുണ്ടെന്നും പ്രസ്തുത നിയമനം ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിലെ അദ്ധ്യാപക നിയമനത്തില്‍ രാഷ്ട്രീയ ഇടപെടല്‍ നടത്തുവാന്‍ ഉള്ള കളമൊരുക്കല്‍ ആണെന്നും ഉന്നത വിദ്യാഭ്യാസ അധ്യാപക സംഘം (ഉവാസ്) ആരോപിച്ചിരുന്നു. ഷിജുഖാനെ നിയമിക്കാനുള്ള തീരുമാനം റദ്ദാക്കണം എന്നും സര്‍വകലാശാലയുടെ ചാന്‍സലര്‍ എന്ന നിലയില്‍ ഇക്കാര്യത്തില്‍ ഗവര്‍ണറുടെ ഇടപെടലുണ്ടാകണമെന്നും ആവശ്യപ്പെട്ടു.
കേരള സര്‍വകലാശാലയില്‍ യുജിസി നിഷ്‌കര്‍ഷിക്കുന്ന യോഗ്യത ഇല്ലാത്ത വരെ തന്നെ അധ്യാപക നിയമനത്തിന്റെ അമരക്കാര്‍ ആകുന്നത് വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്നതിന് തുല്യമാണെന്നും, അതു വഴി വിദ്യാര്‍ത്ഥികള്‍ മറ്റു രാജ്യങ്ങളിലും, സംസ്ഥാനങ്ങളിലും പഠിക്കുവാന്‍ പോകുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നതെന്നും ആരോപണം ഉയര്‍ന്നു. യുജിസി നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയില്ലെങ്കില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് അതു വഴി വയ്ക്കുമെന്ന വൈസ് ചാന്‍സലര്‍ എന്ന നിലയില്‍ ഡോ മോഹനന്‍ കുന്നുമ്മലിന്റെ അഭിപ്രായം മുഖ വിലക്ക് എടുക്കാതെ ഉള്ള, നീക്കം അപലപനീയമാണെന്ന വാദവും ശക്തമായി.
യുജിസി മാനദണ്ഡ പ്രകാരം യോഗ്യതയുള്ളയാള്‍ വേണം ചെയര്‍പഴ്‌സനെന്നും താന്‍ നിയോഗിച്ചയാളുടെ പേര് സിന്‍ഡിക്കറ്റ് അംഗീകരിച്ചില്ലെന്നുമായിരുന്നു വിസിയുടെ പരസ്യ നിലപാട്. എന്നാല്‍, യുജിസി മാനദണ്ഡങ്ങളൊന്നും ഈ കരാര്‍ നിയമനങ്ങള്‍ക്കു ബാധകമല്ലെന്നും ഷിജുഖാനെ ചെയര്‍മാനായല്ല, അംഗമായാണു നിയമിച്ചതെന്നുമാണു സര്‍വകലാശാല പുറത്തിറക്കിയ ഔദ്യോഗിക വിശദീകരണക്കുറിപ്പും ചര്‍ച്ചകളില്‍ എത്തി. സര്‍വകലാശാലയില്‍ 4 വര്‍ഷ ബിരുദ കോഴ്‌സ് തുടങ്ങിയതിന്റെ ഭാഗമായി 11 പഠന വകുപ്പുകളിലേക്കായി 12 അസി.പ്രഫസര്‍മാരെയാണ് 11 മാസത്തെ കരാറില്‍ നിയമിക്കുന്നത്.