വിദേശരാജ്യങ്ങളില്‍ കണ്‍സ്ട്രക്ഷന്‍ മേഖലയിലെ വാഹനത്തിന് റിവേഴ്‌സ് ഗിയറില്‍ ബീപ് സൗണ്ട് നിര്‍ബന്ധം; കേരളത്തില്‍ നിയമം കര്‍ശനമെങ്കില്‍ കുന്നംകുളത്തെ അപകടം ഒഴിവാക്കാമായിരുന്നു; പിന്നോട്ടെടുത്ത ലോറി ശരീരത്തിലൂടെ കയറിയിറങ്ങി വീട്ടമ്മ മരിച്ച സംഭവത്തില്‍ ഗതാഗത മന്ത്രി അറിയാന്‍
പിന്നോട്ടെടുത്ത ലോറി ശരീരത്തിലൂടെ കയറിയിറങ്ങി വീട്ടമ്മ മരിച്ച സംഭവത്തില്‍ ഗതാഗത മന്ത്രി അറിയാന്‍
തൃശൂര്‍: കുന്നംകുളത്ത് പിന്നോട്ടെടുത്ത ടോറസ് ലോറി ശരീരത്തിലൂടെ കയറിയിറങ്ങി യുവതിയായ വീട്ടമ്മ മരിച്ച സംഭവത്തിന്റെ നടുക്കത്തിലാണ് പ്രദേശവാസികള്‍. കേച്ചേരി പട്ടിക്കര സ്വദേശി രായ്മരക്കാര്‍ വീട്ടില്‍ ഷെരീഫിന്റെ ഭാര്യ ഷബിതയാണ് മരിച്ചത്. റോഡിലൂടെ നടന്നു പോവുകയായിരുന്ന ഷബിതയെ ഇടിച്ചു വീഴ്ത്തി റോഡില്‍ വീണ ഷബിതയുടെ ശരീരത്തിലൂടെ ടോറസ് ലോറി കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ ഷബിതയുടെ മരണം സംഭവിച്ചെന്നാണ് വ്യക്തമാകുന്നത്. സംഭവത്തില്‍ കടുത്ത പ്രതിഷേധമാണ് പ്രദേശവാസികള്‍ ഉയര്‍ത്തുന്നത്.
അതേ സമയം വിദേശ രാജ്യങ്ങളിലേതിന് സമാനമായി ഗതാഗത നിയമം നടപ്പാക്കത്തതാണ് അപകടത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടി ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാറിന് നിവേദനവുമായി നാട്ടുകാര്‍ രംഗത്ത് വന്നു. വിദേശരാജ്യങ്ങളില്‍ എല്ലാം കണ്‍സ്ട്രഷന്‍ മേഖലകളില്‍ വര്‍ക്ക് ചെയ്യുന്ന ഏതൊരു വാഹനത്തിനും പുറകിലോട്ട് എടുക്കുമ്പോള്‍ ബീപ് സൗണ്ട് നിര്‍ബന്ധമാണ്. ഇത്തരം നിയമം കേരളത്തില്‍ നടപ്പാക്കിയിരുന്നങ്കില്‍ പിന്നോട്ട് വരുന്ന വാഹനം കാണാനും അപകടം ഒഴിവാക്കാനും സാധിക്കുമായിരുന്നുവെന്ന് കത്തില്‍ പറയുന്നു. വാഹനങ്ങളില്‍ റിവേഴ്‌സ് ഗിയര്‍ ബീപ് സൗണ്ട് ഘടിപ്പിക്കേണ്ടത് അനിവാര്യമാണെന്നും കത്തില്‍ പറയുന്നു.
വെള്ളിയാഴ്ച വൈകിട്ട് 4.30 നാണ് അപകടമുണ്ടായത്. കേച്ചേരി അക്കിക്കാവ് ബൈപാസ് റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഗോവ കേന്ദ്രീകരിച്ചുള്ള ബാബ് കണ്‍സ്ട്രക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ വാഹനത്തിന്റെ ഡ്രൈവര്‍ കൗക്കാന പെട്ടി സ്വദേശി കിഴിക്കിട്ടില്‍ വീട്ടില്‍ മനോജിനെ (42) കുന്നംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിനിടയാക്കിയ വാഹനവും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് മേഖലയില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.
റോഡ് നിര്‍മാണത്തിന് ആവശ്യമായ സാധനസാമഗ്രികള്‍ സൂക്ഷിച്ച സ്ഥലത്തേക്ക് കയറിയ വാഹനം പിറകോട്ട് വന്നതോടെയാണ് അപകടം സംഭവിച്ചത്. പട്ടിക്കരയിലെ തറവാട് വീട്ടില്‍നിന്ന് സ്വന്തം വീട്ടിലേക്ക് നടന്നുപോകുന്നതിനിടെയായിരുന്നു സംഭവം. ഷബിതയുടെ ഭര്‍ത്താവ് ഷെരീഫ് വിദേശത്താണ്.
മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. സംഭവത്തില്‍ വാഹനത്തിന്റെ ഡ്രൈവര്‍ കൗകാനപെട്ടി സ്വദേശി മനോജിനെ കുന്നംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു. കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി തുടര്‍നടപടി സ്വീകരിച്ചു.
വെള്ളറക്കാട് പാറക്കല്‍ വീട്ടില്‍ പരേതനായ അബൂബക്കര്‍-ഫാത്തിമ ദമ്പതികളുടെ മകളാണ് ഷെബിത. മക്കള്‍: ഷൈമ ഷെറിന്‍, നീമ ഷെറിന്‍, ഷിഫ, നിസ്ബ.