ദുരന്തമുഖത്തും സായിപ്പിന്റെ തമാശ! അഹമ്മദാബാദിലെ വിമാനദുരന്തത്തിന് ശേഷം മണിക്കൂറുകള്‍ക്കം ഇന്ത്യയെ പരിഹസിച്ചു കാര്‍ട്ടൂണ്‍; അമേരിക്കയിലെ പ്രമുഖ മാഗസീന്‍ 'ദി ന്യൂയോര്‍ക്കറി'നെതിരെ പ്രതിഷേധം ഇരമ്പി; ഒടുവില്‍ ക്ഷമചോദിച്ചു മാഗസിന്‍
ദുരന്തമുഖത്തും സായിപ്പിന്റെ തമാശ!
ന്യൂയോര്‍ക്ക്: ഇന്നലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനദുരന്തം ഉണ്ടായപ്പോള്‍ ചിരി ഇമോജിയുമായി സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ചിലര്‍ നമ്മുടെ നാട്ടില്‍ തന്നെ ഉണ്ടായിരുന്നു. കൂടാതെ ചില സായിപ്പന്‍മാര്‍ക്കും ഈ ദുരന്തത്തെ തമാശയായിട്ട് കാണാനാണ് ഇഷ്ടം. അത്തരത്തില്‍ ഒരു കാര്‍ട്ടൂണ്‍ നല്‍കിയതില്‍ ഇപ്പോള്‍ ക്ഷമാപണം നടത്തുകയാണ് അമേരിക്കയിലെ പ്രമുഖ മാഗസീനായ ദി ന്യൂയോര്‍ക്കര്‍. വിമാനാപകടം നടന്ന് എട്ട് മണിക്കൂറിനുള്ളിലാണ് ഇത്തരമൊരു കാര്‍ട്ടൂണ്‍ ഇതില്‍ പ്രത്യക്ഷപ്പെട്ടത്.
വിമാനയാത്രയില്‍ അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങളെ കുറിച്ചെന്ന പേരിലാണ് അവര്‍ ഈ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്. എന്നാല്‍
ജനരോഷം ഉയര്‍ന്ന സാഹചര്യത്തില്‍ അവര്‍ രണ്ട്് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കാര്‍ട്ടൂണ്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍ ഈ കാര്‍ട്ടൂണ്‍ മുന്‍കൂട്ടി ഇന്‍സ്റ്റഗ്രാമില്‍ ഷെഡ്യൂള്‍ ചെയ്തിരുന്നതാണ് എന്നാണ് മാഗസിന്റെ അണിയറ പ്രവര്‍ത്തകര്‍ വിശദീകരിക്കുന്നത്. തുടര്‍ന്ന് തങ്ങള്‍ പോസ്റ്റ് പിന്‍വലിച്ചതായും ഇത്തരമൊരു ദുരന്ത സമയത്ത് ഇങ്ങനെ ഒരു കാര്‍ട്ടൂണ്‍ പോസ്റ്റ് ചെയ്തതില്‍ ഖേദിക്കുന്നു എന്നുമാണ് അവര്‍ വ്യക്തമാക്കുന്നത്.
നിരവധി പേരാണ് ഈ കാര്‍ട്ടൂണിന് എതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനവുമായി എത്തിയത്. സ്ഥാപനത്തിലെ മുതിര്‍ന്ന കാര്‍ട്ടൂണിസ്റ്റായ ജോ ഡാറ്റോയാണ് ഈ കാര്‍ട്ടൂണ്‍ തയ്യാറാക്കിയത്. തനിക്കുള്ള യാത്രാവിമാനത്തില്‍ കയറാന്‍ കഴിയാതെ പോയ ഒരാളിനോട് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥന്‍ പറയുന്ന കാര്യങ്ങളാണ് ഇത്തരത്തില്‍ കാര്‍ട്ടൂണായി നല്‍കിയിരുന്നത്.
ഇത് വളരെ മോശമായിപ്പോയി എത്രയും വേഗം മാറ്റൂ എന്നാണ് ഒരു വായനക്കാരന്‍ സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെടുന്നത്. ലോകത്തിലെ ഏറ്റവും മാരകമായ വ്യോമയാന അപകടങ്ങളില്‍ ഒന്നുണ്ടായ ദിവസം നിങ്ങള്‍ക്ക് എങ്ങനെ ഇത് പോസ്റ്റ് ചെയ്യാന്‍ കഴിഞ്ഞു എന്നാണ് മറ്റൊരാള്‍ കോപത്തോടെ ചോദിക്കുന്നത്. നൂറ് വര്‍ഷം പഴക്കമുള്ള മാധ്യമസ്ഥാപനമാണ് ഇത്തരത്തില്‍ ഒരു കടുംകൈ ചെയ്തത് എന്നാണ് പലരേയും പ്രകോപിപ്പിച്ചത്.
പലപ്പോഴും സമൂഹ മാധ്യമങ്ങളില്‍ ഇത്തരത്തില്‍ വാര്‍ത്തകളും കാര്‍ട്ടൂണുകളും മുന്‍കൂട്ടി ഷെഡ്യൂള്‍ ചെയ്യുന്നത് പലപ്പോഴും വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ഏതായാലുംഅമേരിക്കയിലെ ഈ മാധ്യമ മുത്തശിക്ക് ഒരു കാര്‍ട്ടൂണിന്റെ പേരില്‍ ഇത്രയും ജനരോഷം ഏറ്റുവാങ്ങേണ്ടി വന്നത് വലിയൊരു തിരിച്ചടിയായി മാറിയിരിക്കുകയാണ്.