അസമിൽ വീണ്ടും സംഘർഷം; ലാത്തിച്ചാർജ്ജും കണ്ണീർവാതകവും പ്രയോഗിച്ച് പോലീസ്; ഏറ്റുമുട്ടലിൽ രണ്ട് പേർ കൊല്ലപ്പെട്ടു, 58 പൊലീസുകാർക്ക് പരിക്ക്; മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചു; കലാപഭൂമിയായി വടക്കുകിഴക്കൻ മണ്ണ്
ഗുവാഹത്തി: അസമിലെ കാർബി ആംഗ്ലോങ് ജില്ലയിൽ തുടർച്ചയായ രണ്ടാം ദിവസവും വൻ സംഘർഷം. ഏറ്റുമുട്ടലിൽ രണ്ട് പേർ കൊല്ലപ്പെട്ടു. 58 പൊലീസുകാർക്ക് പരിക്ക്. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് ലാത്തിച്ചാർജ്ജ് നടത്തുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. തിങ്കളാഴ്ച നടന്ന അക്രമസംഭവങ്ങളിൽ കടകൾ നഷ്ടപ്പെട്ടവരും കുടിയേറ്റക്കാരെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നവരും തമ്മിലാണ് ചൊവ്വാഴ്ച ഏറ്റുമുട്ടിയത്.
കർബി ആംഗ്ലോങ്, വെസ്റ്റ് കർബി ആംഗ്ലോങ് ജില്ലകളിലെ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ സംഘർഷത്തെ തുടർന്ന് വിച്ഛേദിച്ചു. ഗോത്ര വിഭാഗത്തിൽ പെട്ടവർക്ക് സ്വയംഭരണ അവകാശമുള്ള പ്രദേശമാണിത്. ഇവിടെ കുടിയേറിയ മറ്റു വിഭാഗങ്ങളെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധം കഴിഞ്ഞ ദിവസം സംഘർഷത്തിൽ കലാശിച്ചിരുന്നു.
ഖേരോണി മാർക്കറ്റ് പരിസരത്ത് ഇരുവിഭാഗങ്ങളും തമ്മിൽ കല്ലേറുണ്ടായി. ഇത് നിയന്ത്രിക്കാൻ പോലീസ് ഇടപെട്ടതോടെ സ്ഥിതി കൂടുതൽ വഷളായി. പ്രതിഷേധക്കാർക്കൊപ്പം പോലീസുകാർക്കും മാധ്യമപ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. ജില്ലയിലെ സാഹചര്യം അതീവ ഗുരുതരമാണെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പ്രതികരിച്ചു. മന്ത്രി രനോജ് പെഗു നിലവിൽ ജില്ലയിൽ ക്യാമ്പ് ചെയ്ത് സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.
ഗോത്രമേഖലകളിലെ ഭൂമിയിൽ അതിക്രമിച്ച് കയറിയവരെ (പ്രധാനമായും ബിഹാറിൽ നിന്നുള്ളവർ എന്ന് ആരോപിക്കപ്പെടുന്നു) ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഏതാനും സംഘടനകൾ കഴിഞ്ഞ 15 ദിവസമായി നിരാഹാര സമരത്തിലായിരുന്നു. സമരക്കാർ അറസ്റ്റിലായി എന്ന വ്യാജവാർത്ത പരന്നതാണ് തിങ്കളാഴ്ച വലിയ തോതിലുള്ള അക്രമങ്ങൾക്ക് കാരണമായത്. അന്ന് കാർബി ആംഗ്ലോങ് സ്വയംഭരണ കൗൺസിൽ (KAAC) ചീഫ് എക്സിക്യൂട്ടീവ് മെമ്പർ തുലിറാം റോങ്ഹാങ്ങിന്റെ വീടിന് പ്രക്ഷോഭകാരികൾ തീയിട്ടിരുന്നു.
പ്രദേശത്ത് നിരോധനാജ്ഞ തുടരുകയാണ്. സമരക്കാരുമായി മന്ത്രി രനോജ് പെഗു നടത്തിയ ചർച്ചയെത്തുടർന്ന് നിരാഹാര സമരം താൽക്കാലികമായി പിൻവലിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുമായി ഉടൻ ത്രികക്ഷി ചർച്ച നടത്താമെന്ന ഉറപ്പിന്മേലാണ് സമരം അവസാനിപ്പിച്ചത്. എന്നാൽ മേഖലയിൽ ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്.