കടയില്‍ നിന്നും മോഷ്ടിച്ച സാധനങ്ങളുമായി വീല്‍ചെയറില്‍ ചീറിപ്പാഞ്ഞ് സ്ത്രീ; പിന്നാലെ സൈറണ്‍ മുഴക്കി പാഞ്ഞ് പോലീസും; തടഞ്ഞു നിര്‍ത്തി മോഷണ സാധനങ്ങള്‍ വീണ്ടെടുത്തു; ഷെഫീല്‍ഡില്‍ നടന്ന ഒരു ചേസിന്റെ കഥ
കടയില്‍ നിന്നും മോഷ്ടിച്ച സാധനങ്ങളുമായി വീല്‍ചെയറില്‍ ചീറിപ്പാഞ്ഞ് സ്ത്രീ
ലണ്ടന്‍: മോഷണം നടത്തിയിട്ട് വീല്‍ചെയറില്‍ രക്ഷപ്പെടുക എന്നത് ഒരു പക്ഷെ നമ്മള് സിനിമകളില്‍ മാത്രമായിരിക്കും കണ്ടിട്ടുള്ളത്. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അത്തരം ഒരു സംഭവം നടന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. മോഷണം നടത്തിയിട്ട് വീല്‍ചെയറില്‍ രക്ഷപ്പെട്ട സ്ത്രീയെ പിടികൂടാനായി പോലീസ് വാഹനങ്ങള്‍ പിന്നാലെ ചീറിപ്പായുകയും ചെയ്തു. ഇംഗ്ലണ്ടിലെ ഷെഫീല്‍ഡില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്.
ഒരു കടയില്‍ നിന്ന് വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ചിട്ടാണ് ഒരു സ്ത്രീ വീല്‍ ചെയറില്‍ രക്ഷപ്പെട്ടത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് വീല്‍ ചെയറിന് പിന്നാലെ നീലലൈററിട്ട് സെറനും മുഴക്കി പായുന്നതും ദൃശ്യങ്ങളില്‍ കാണാം. അധിക ദൂരം പോകുന്നതിന് മുമ്പ് തന്നെ സ്ത്രീയെ പോലീസ് തടഞ്ഞു നിര്‍ത്തി. തുടര്‍ന്ന് താന്‍ കടയില്‍ നിന്നും സാധനങ്ങള്‍ മോഷ്ടിച്ചതായി സ്ത്രീ പോലീസിനോട് സമ്മതിച്ചു.
തുടര്‍ന്ന് മോഷ്ടിച്ച വസ്തുക്കള്‍ ഇവരില്‍ നിന്ന് കണ്ടെടുത്തു. വീല്‍ ചെയറില്‍ ഒരു സ്ത്രീ അമിത വേഗത്തില്‍ സഞ്ചരിക്കുന്നതായി കണ്ടതായി സമീപത്തുള്ള ഒരു കടയുടമസ്ഥന് മാധ്യമങ്ങളോട് പറഞ്ഞു. 33 കാരിയായ മോഷ്ടാവിന്റെ പേരോ വിശദാംശങ്ങളോ ഇനിയും പുറത്തു വിട്ടിട്ടില്ല. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യന്ത്രം ഘടിപ്പിച്ച വീല്‍ ചെയര്‍ ഒറ്റ നോട്ടത്തില്‍ സ്ക്കൂട്ടറാണെന്ന് തോന്നിപ്പിക്കുന്നതാണ്.
എന്നാല്‍ നാട്ടുകാര്‍ ചൂണ്ടിക്കാട്ടിയ പ്രധാനപ്പെട്ട കാര്യം പോലീസ് കാറില്‍ ഇവരെ ചേസ് ചെയ്യുമ്പോള്‍ വഴിയാത്രക്കാര്‍ക്ക് ഒരു ബുദ്ധിമുട്ടും വരാതിരിക്കാന്‍ പോലീസ് ശ്രദ്ധിച്ചിരുന്നു എന്നതാണ്. നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന മേഖലയിലാണ് ഇവര്‍ മോഷണം നടത്തിയത്. 280 ഓളം ഷോപ്പുകളാണ് ഇവിടെയുള്ളത്. ബ്രിട്ടനിലെ പന്ത്രണ്ടാമത്തെ ഏറ്റവും വലിയ വാണിജ്യ കേന്ദ്രമാണ ഷെഫീല്‍ഡിലെ ഈ പ്രദേശം.