ഇതര ജാതിയില്‍പ്പെട്ട ആളിനെ കല്ല്യാണം കഴിച്ചതിനുള്ള പക; ഒത്തുതീര്‍പ്പിന് ശ്രമിച്ചു നടന്നില്ല, സ്റ്റേഷനില്‍ വച്ച് 90-ാം നാള്‍ കൊല്ലുമെന്ന് ഭീഷണി, 88-ാം ദിവസം നെഞ്ചില്‍ കത്തി കുത്തിയിറക്കി കൊല; ക്രിസ്മസ് ദിനത്തില്‍ കേരളം ഞെട്ടിയ ദുരഭിമാനക്കൊലയില്‍ വിധി ഇന്ന്

Update: 2024-10-28 03:10 GMT

പാലക്കാട്: 2020 ഡിസംബര്‍ 25ന് വൈകിട്ടാണ് കേരളം നടുങ്ങിയ ആ ദുരഭിമാനകൊല നടക്കുന്നത്. 2018ലാണ് ആദ്യമായി കേരളത്തില്‍ ആദ്യമായി ദുരഭിമാനിക്കൊല നടക്കുന്നത്. എല്ലാ കൊലയ്ക്കും വിധി ഉണ്ടായിട്ടുപോലും വീണ്ടും കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. കല്യാണം കഴിഞ്ഞതിന്റെ 88-ാം ദിവസമാണ് ഹരിതയുടെ അച്ഛനും അമ്മാവനും ചേര്‍ന്ന് അനീഷിനെ ക്രൂരമായി കൊലപ്പെടുത്തിയത്. ഇതരജാതിയില്‍ നിന്ന് മകള്‍ കല്യാണം കഴിച്ചതിനാണ് ഈ കൊടും ക്രൂരത അവര്‍ നടത്തിയത്. സംഭവത്തില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇവര്‍ക്കുള്ള ശിക്ഷാ വിധി എന്തെന്ന് ഇന്ന് അറിയാം. ഒന്നാം പ്രതിയും ഹരിതയുടെ അമ്മാവനുമായ തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ സുരേഷ് (49), രണ്ടാംപ്രതിയും ഹരിതയുടെ അച്ഛനുമായ ചെറുതുപ്പല്ലൂര്‍ പ്രഭുകുമാര്‍ (47) എന്നിവരുടെ ശിക്ഷയാണ് അഡീഷനല്‍ സെഷന്‍സ് കോടതി ഇന്ന് വിധിക്കുക.

പെയിന്റിങ് തൊഴിലാളിയായ അനീഷും ഹരിതയും സ്‌കൂള്‍ പഠനകാലം മുതല്‍ പ്രണയത്തിലായിരുന്നു. രണ്ടു സമുദായത്തില്‍ പെട്ടവരായതിനാല്‍ ഹരിതയുടെ വീട്ടുകാരുടെ എതിര്‍പ്പുണ്ടായിരുന്നു. ഹരിതയ്ക്ക് കോയമ്പത്തൂരില്‍നിന്ന് ഒരു വിവാഹാലോചന വന്നതിന്റെ അടുത്ത ദിവസം വീട്ടുകാരറിയാതെ ഹരിതയും അനീഷും വിവാഹിതരായി. വിവരമറിഞ്ഞ അച്ഛന്‍ പ്രഭുകുമാര്‍ കുഴല്‍മന്ദം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പോലീസ് ഇരുവരെയും സ്റ്റേഷനിലേക്കു വിളിച്ചുവരുത്തിയെങ്കിലും അനീഷിനോടൊപ്പം ജീവിക്കണമെന്നാണ് തീരുമാനമെന്ന് ഹരിത അറിയിച്ചു. സ്റ്റേഷനില്‍നിന്നു മടങ്ങുമ്പോള്‍, 90 ദിവസത്തിനകം അനീഷിനെ കൊല്ലുമെന്ന് പ്രഭുകുമാര്‍ ഭീഷണി മുഴക്കിയിരുന്നു.

നാലു വര്‍ഷം മുമ്പ് ക്രിസ്മസ് ദിനത്തിലെ സായാഹ്നത്തില്‍ ആഘോഷങ്ങള്‍ക്കിടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. ആറു മണിയോടെ വീട്ടില്‍ നിന്നും പുറത്തിറങ്ങിയതായിരുന്നു അനീഷും സഹോദരന്‍ അരുണും. വീടിന് അടുത്തുള്ള മാന്നാംകുളമ്പില്‍ പ്രതികളായ പ്രഭുകുമാറും സുരേഷ് കുമാറും അനീഷിനെയും കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. ആദ്യം ബൈക്ക് തടഞ്ഞു നിര്‍ത്തി. പിന്നാലെ സഹോദരനെ തള്ളിയിട്ടു. കയ്യിലുണ്ടായിരുന്ന ഇരുമ്പ് ദണ്ഡ് കൊണ്ട് അനീഷിനെ അടിച്ചു വീഴ്ത്തി. നെഞ്ചിലേക്ക് ആഴത്തില്‍ കത്തികൊണ്ട് കുത്തി. ആളുകള്‍ ഓടിക്കൂടും മുമ്പെ പ്രതികള്‍ കൃത്യം നിര്‍വഹിച്ചു കടന്നു കളഞ്ഞിരുന്നു.

കോയമ്പത്തൂരിലെ ബന്ധു വീട്ടില്‍ നിന്നായിരുന്നു പ്രതികളെ പോലിസ് പിടികൂടിയത്. കുഴല്‍മന്ദം പോലീസ് അന്വേഷിച്ച കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. 75 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചു. ദുരഭിമാനക്കൊലയെന്ന് കുറ്റപത്രത്തിലും രേഖപ്പെടുത്തി. കൊലക്കുറ്റത്തിന് പുറമെ ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ കുറ്റങ്ങളും ചുമത്തി. വിവാഹശേഷം ആറു തവണ ഹരിതയുടെ അമ്മാവനും അച്ഛനും അനീഷിനെ ഭീഷണിപ്പെടുത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. പ്രധാനസാക്ഷിയായ അനീഷിന്റെ സഹോദരന്‍ അരുണിന്റെ മൊഴിയും കേസന്വേഷണത്തില്‍ നി4ണായകമായി. കത്തിമുനയില്‍ സ്വപ്‌നങ്ങള്‍ അറ്റുപോയെങ്കിലും അനീഷിന്റെ അച്ഛനേയും അമ്മയേയും വിട്ടുപോകില്ലെന്ന തീരുമാനത്തിലാണ് ഹരിത. അന്നു മുതലിങ്ങോട്ട് അവരുടെ മകളായാണ് അവളുടെ ജീവിതം.

തന്റെ ഭര്‍ത്താവിനെ കൊന്ന അച്ഛന്റെ വീട്ടിലക്കു മടങ്ങില്ലെന്നു തീരുമാനിച്ച ഹരിത, സ്വാധീനശ്രമങ്ങളും ഭീഷണികളും മറികടന്ന് നിയമപോരാട്ടം തുടര്‍ന്നു. അതിന്റെ പര്യവസാനമാണ് പ്രതികള്‍ കുറ്റക്കാരാണെന്നു കോടതിയുടെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഹരിതയ്ക്കു 10 ലക്ഷം രൂപ ലഭിച്ചു. ആ പണം കൊണ്ട് തേങ്കുറുശി ഇലമന്ദത്ത് മൂന്നുസെന്റ് സ്ഥലം വാങ്ങിയിട്ടുണ്ട്. അവിടെ ഒരു വീടു വയ്ക്കണമെന്നാണ് ഹരിതയുടെ സ്വപ്‌നം, ബിബിഎ പൂര്‍ത്തിയാക്കിയ ഹരിത ഇപ്പോള്‍ പിഎസ്സി പരിശീലനം നടത്തുകയാണ്. അനീഷിന്റെ അച്ഛനും അമ്മയും സ്വന്തം മകളായിത്തന്നെയാണു നോക്കുന്നതെന്നു ഹരിത പറയുന്നു.

Tags:    

Similar News