പട്ടുകടവില്‍ നിന്നും തേവലക്കരയില്‍ എത്തിയത് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായപ്പോള്‍; ഒരു മാസം മുമ്പ് ചേര്‍ന്ന പുതിയ സ്‌കൂളില്‍ ആവേശം കണ്ടെത്തിയത് കുവൈറ്റിലെ ഹോം നേഴ്‌സിന്റെ മകന്‍; മൂന്ന് മാസം മുമ്പ് വിമാനം കയറിയ അമ്മ; ജോലി ചെയ്യുന്ന കുടുംബത്തോടൊപ്പം തുര്‍ക്കിയില്‍ വിനോദ യാത്രയ്ക്കിടെ നാട്ടിലെ ദുരന്തം; അച്ഛന് കൂലിപ്പണി; രാവിലേയും മകനോട് ഫോണില്‍ സംസാരിച്ച സുജി; തേവലക്കരയിലെ ദുരന്തം കുടുംബത്തിന്റെ വേദനയാകുമ്പോള്‍

Update: 2025-07-17 08:48 GMT

കൊല്ലം: തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ മിഥുന്‍ ചേര്‍ന്നത് ഒരു മാസം മുമ്പ്. കിഴക്കേ കല്ലട വലിയവിളന്തറ ക്ഷേത്രത്തിന് അടുത്താണ് മിഥുന്റെ വീട്. പട്ടുകടവ് സ്‌കൂളില്‍നിന്ന് തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലേക്ക് ഈ അധ്യയന വര്‍ഷമാണ് മാറിയത്. ഹൈസ്‌കൂള്‍ ആയതു കൊണ്ടാണ് ഈ മാറ്റം അനിവാര്യതയായത്. ആ മാറ്റം മരണത്തിലേക്കും എത്തി.

സാധാരണ സ്‌കൂള്‍ ബസിലാണ് മിഥുന്‍ സ്‌കൂളിലേക്ക് പോകുന്നത്. ഇന്ന് ട്യൂഷന്‍ കഴിഞ്ഞ് പിതാവ് മനുവാണ് മിഥുനെ സ്‌കൂട്ടറില്‍ സ്‌കൂളില്‍ എത്തിച്ചത്. അമ്മ സുജ കുവൈറ്റില്‍ ഹോം നഴ്‌സായി ജോലിക്ക് പോയിട്ട് മൂന്നു മാസമാകുന്നതേയുള്ളൂ. സുജ രാവിലെ ഫോണില്‍ വിളിച്ച് മനുവിനോടും മിഥുനോടും സംസാരിച്ചിരുന്നു. അതിനുശേഷമാണ് സ്‌കൂളിലേക്ക് പോയത്. അപകടം നടന്നയുടനെ പഞ്ചായത്ത് അംഗം ശിവരാജന് വിവരം ലഭിച്ചു. അച്ഛനെ അറിയിച്ചു. മനുവിനൊപ്പം ആശുപത്രിയിലെത്തിയപ്പോഴേക്കും മിഥുന്‍ മരിച്ചു. കുവൈറ്റില്‍ സുജ ജോലി ചെയ്യുന്ന കുടുംബം തുര്‍ക്കിയിലേക്ക് വിനോദയാത്ര പോയിരിക്കുകയാണ്. സുജയെയും ഒപ്പം കൂട്ടി. സുജയുടെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. മനുവിന് കൂലിപ്പണിയാണ്. സാമ്പത്തികമായി താഴേത്തട്ടിലുള്ള കുടുംബമാണ്. പുതിയ വീട് നിര്‍മിക്കാന്‍ ലൈഫ് പദ്ധതിയില്‍ പേര് ചേര്‍ത്തിട്ടുണ്ട്. ഇതിന്റെ അനുമതി ലഭിച്ചിട്ടില്ല.

വ്യാഴാഴ്ച രാവിലെ 9.15 ഓടെയായിരുന്നു സംഭവം. കളിക്കുന്നതിനിടയില്‍ ചെരിപ്പ് സൈക്കിള്‍ ഷെഡിന് മുകളില്‍ വീണു. ചെരുപ്പ് എടുക്കാന്‍ സമീപത്തെ കെട്ടിടത്തില്‍ കയറി മുകളിലൂടെ നടന്നു പോകുന്നതിനിടയില്‍ കാല്‍ വഴുതി അതുവഴി കടന്നുപോയ വൈദ്യുത ലൈനിലേക്ക് വീഴുകയായിരുന്നു. അബദ്ധത്തില്‍ ലൈനിന്‍ പിടിച്ചതോടെ ഷോക്കേല്‍ക്കുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ അധ്യാപകര്‍ ഓടിയെത്തി അകലെയുള്ള ട്രാന്‍സ്‌ഫോര്‍മറിന്റെ ഫ്യൂസ് ഊരി രക്ഷിക്കാന്‍ ശ്രമിച്ചു. തേവലക്കര കെഎസ്ഇബി ഉദ്യോഗസ്ഥരും പെട്ടെന്ന് നടപടികള്‍ നീക്കി ഫീഡര്‍ ഓഫ് ചെയ്തു. അധ്യാപകര്‍ മുകളില്‍ കയറി മിഥുനെ താഴെയിറക്കി ശാസ്താംകോട്ട താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പിതാവ്: മനോജ്, മാതാവ്: സുജി (ഗള്‍ഫ്), സഹോദരന്‍: സുജിന്‍. സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി റിപ്പോര്‍ട്ട് തേടി. പൊതുവിദ്യാഭ്യാസ ഡയറക്ടറോടാണ് വിശദീകരണം തേടിയത്. വൈദ്യുതി വകുപ്പും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി വി. ശിവന്‍കുട്ടി പറഞ്ഞു. മിഥുന്റെ മരണത്തെ തുടര്‍ന്ന് എന്തൊക്ക സഹായം ചെയ്യേണ്ടിവന്നാലും അത് മുഴുവന്‍ സര്‍ക്കാര്‍ ചെയ്യും. മിഥുന്റെ കുടുംബത്തോടുള്ള ദുഃഖം അറിയിക്കുന്നതായും അവര്‍ക്കൊപ്പമാണ് സര്‍ക്കാരെന്നും മന്ത്രി പറഞ്ഞു. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

സ്‌കൂളുകളിലെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാതിരിക്കാന്‍ ഹെഡ് മാസ്റ്റര്‍ക്കും പ്രിന്‍സിപ്പാളിനും എന്താണ് മറ്റ് ജോലിയെന്നും മന്ത്രി ചോദിച്ചു. ഇക്കാര്യങ്ങളൊക്കെ അവര്‍ ശ്രദ്ധിക്കേണ്ടതല്ലേ. സംസ്ഥാനത്തെ 14,000 സ്‌കൂളുകളും വിദ്യാഭ്യാസ ഡയറക്ടര്‍ക്കും മറ്റും ശ്രദ്ധിക്കാനാകില്ലല്ലോ. ഒരു സ്‌കൂളിന്റെ അധിപനായിരിക്കുന്ന ആള്‍ ഇക്കാര്യങ്ങളെ കുറിച്ച് സര്‍ക്കാരില്‍നിന്ന് വരുന്ന നിര്‍ദേശങ്ങള്‍ വായിച്ചെങ്കിലും നോക്കണ്ടേ. മറ്റ് സ്‌കൂളുകളിലും സമാനമായ രീതിയില്‍ വൈദ്യുതി കമ്പി താഴ്ന്നുകിടക്കുന്നതായി ആളുകള്‍ അറിയിക്കുന്നുണ്ടെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം.

ഒരു മകനെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. അതിന് കാരണം അനാസ്ഥയാണോ എന്ന് അറിയില്ല. അത് പരിശോധിക്കേണ്ടതുണ്ട്. അനാസ്ഥയുണ്ടെന്ന് തെളിഞ്ഞാല്‍ അതിനുത്തരവാദികളോട് യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.

Tags:    

Similar News