പിണറായി പറഞ്ഞതു പോലെ അതു വെറും 'ബോഡി വേസ്റ്റ്' അല്ല! പ്രവാചക കേശം കൊണ്ടുവച്ചതിനേക്കാള്‍ വലുതായി എന്ന അവകാശവാദം ഉന്നയിച്ച് കാന്തപുരം എത്തുമ്പോള്‍ ചര്‍ച്ചയാകുന്നത് പിണറായിയുടെ പഴയ കളിയാക്കല്‍; തിരുകേശം വളര്‍ന്നത് അര സെന്റീമീറ്ററോളമെന്ന് ഉസ്താദ്; തദ്ദേശ-നിയസഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് തിരുകേശം ചര്‍ച്ചകളിലേക്ക്
കോഴിക്കോട്: ഇനി അറിയേണ്ടത് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണമാണ്.... പ്രവാചക കേശം കൊണ്ടുവച്ചതിനേക്കാള്‍ വലുതായി എന്ന അവകാശവാദം ഉന്നയിച്ച് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ രംഗത്തു വന്നിരുന്നു. കോഴിക്കോട് മര്‍ക്കസ് നോളജ് സിറ്റിയില്‍ നടന്ന പ്രവാചക പ്രകീര്‍ത്തന സദസില്‍ സംസാരിക്കവെയായിരുന്നു കാന്തപുരത്തിന്റെ ഈ പരാമര്‍ശം. ബോഡി വേസ്റ്റ് തന്നെയെന്ന നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. എന്താ സംശയം? പറഞ്ഞത് പറഞ്ഞതു തന്നെയാണ്. നിങ്ങളുടെ ആരുടെയും സര്‍ട്ടിഫിക്കറ്റിന് വേണ്ടിയല്ല നിലപാട് വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു. പാര്‍ട്ടി സെക്രട്ടറിയായിരിക്കെയാണ് കാന്തപുരത്തിന്റെ തിരുകേശത്തെ പിണറായി തള്ളി പറഞ്ഞത്. മുഖ്യമന്ത്രിയായ ശേഷവും ഇതേ നിലപാട് തുടര്‍ന്നു. ഈ തിരുകേശമാണ് വളരുന്നതായി കാന്തപുരം പറയുന്നത്. വെറുമൊരു ബോഡി വേസ്റ്റല്ലെന്ന് കാന്തപുരം വിശദീകരിക്കുന്നു. ഇതിനോട് മാറിയ രാഷ്ട്രീയ കാലാവസ്ഥയില്‍ മുഖ്യമന്ത്രി പ്രതികരിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം.
'ശഅ്റ് മുബാറക് (പ്രവാചക കേശം)നമ്മള്‍ കൊണ്ടുവന്ന് വെച്ചതിനേക്കാള്‍ അര സെന്റീമീറ്ററോളം വളര്‍ന്നിട്ടുണ്ട്. അതിനു പുറമെ പ്രവാചകന്റെ ഉമിനീര് പുരട്ടിയ മദീനയില്‍നിന്നും നിന്നുള്ള വെള്ളവും അതുപോലെ മദീനയിലെ റൗളാ ഷരീഫില്‍ നിന്ന് വടിച്ചെടുക്കുന്ന പൊടികള്‍. അവിടുത്തെ കൈവിരലുകള്‍ ഭൂമിയില്‍ കുത്തിയപ്പോള്‍ പൊങ്ങി വന്ന വെള്ളവും ഉള്‍പ്പെടെ എല്ലാം ചേര്‍ത്ത വെള്ളമാണ് നിങ്ങള്‍ക്ക് ഇവിടെ നിന്ന് തരുന്നത്. അത് നിങ്ങള്‍ കൊണ്ടുപോയി നഷ്ടപ്പെടുത്തരുത്. വൃത്തിയില്ലാത്ത സ്ഥലത്ത് കൊണ്ടുവെക്കരുത്. ബഹുമാനത്തോടെ മാത്രമേ ആ വെള്ളത്തെ കാണാവൂ' എന്ന് കാന്തപുരം പറഞ്ഞു. ''പ്രവാചകന്റെ ഉമിനീര് കൊണ്ട് രോഗം മാറ്റിയ സംഭവങ്ങള്‍ ഹദീസുകളില്‍ ഉണ്ട്. പ്രസവിച്ചയുടനെ കുട്ടികളെ പ്രവാചകന്റെ അടുത്ത് കൊടുത്തയക്കും. പ്രവാചകന്റെ വായില്‍ നിന്നും ചവച്ച ഈന്തപ്പഴത്തിന്റെ മധുരം കുട്ടികളുടെ വായിലേക്ക് വെച്ച് കൊടുക്കുന്നതുമൊക്കെ പതിവായിരുന്നു. അതിന് പ്രത്യേക പവിത്രതയുണ്ടായിരുന്നുവെന്നും''- കാന്തപുരം കഴിഞ്ഞ ദിവസം പറഞ്ഞത ഇങ്ങനെയാണ്.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ തിരുകേശ വിവാദം ഉയര്‍ത്തിയിരുന്നു യുഡിഎഫ്. വര്‍ഗീയതയാണ് സിപിഎം കാര്‍ഡ്. പിറവം ഉപതിരഞ്ഞെടുപ്പ് സമയത്താണ് പിണറായി വിജയന്‍ പ്രവാചകന്റെ തിരുകേശത്തെ അപമാനിച്ചത്. നിലമ്പൂരില്‍ അത് പറയില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞിരുന്നു. പ്രവാചകന്റെ മുടിയായാലും പല്ലായാലും നഖമായാലും ബോഡി വേസ്റ്റാണെന്നായിരുന്നു പിണറായിയുടെ പരാമര്‍ശം. ഈ നിലപാടില്‍ മാറ്റമില്ലെന്ന് വര്‍ഷങ്ങള്‍ക്ക് ശേഷവും പിണറായി ആവര്‍ത്തിച്ചിരുന്നു. ഇതിനെ വെല്ലുവിളിക്കുകയാണ് ഇപ്പോള്‍ കാന്തപുരം ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ പിണറായി ഇനി പറയുന്നതും നിര്‍ണ്ണായകമാണ്. അങ്ങനെ നിയമസഭാ-തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് പോകുമ്പോള്‍ തിരുകേശം വീണ്ടും ചര്‍ച്ചകളില്‍ എത്താന്‍ സാധ്യത ഏറെയാണ്. നിലവിലെ സാഹചര്യത്തില്‍ സിപിഎം കരുതലോടെ മാത്രമേ പ്രതികരിക്കൂ. ആരുടേയും വിശ്വാസത്തെ ഹനിക്കുന്നതൊന്നും പറയില്ല.
കോവിഡ് പത്രസമ്മേളനത്തിലാണ് പിണറായി അവസാനമായി ഇതേ കുറിച്ച് പറഞ്ഞത്. തിരുകേശവുമായി ബന്ധപ്പെട്ട് വിശ്വാസികള്‍ പുലര്‍ത്തുന്നത് വിശ്വാസത്തിന്റെ ഭാഗമാണെന്നും എന്നാല്‍ ഇക്കാര്യത്തില്‍ താന്‍ പറഞ്ഞത് തന്റെ അഭിപ്രായമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. 2020ല്‍ കൊവിഡ് വിശകലന യോഗത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ ഇതുസംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒരു വിശ്വാസിക്ക് തന്റെ വിശ്വാസത്തിന്റെ ഭാഗമായി ഇത്തരം കാര്യങ്ങള്‍ വിശ്വസിക്കുന്നതിനും ആചരിക്കുന്നതിനും സ്വാതന്ത്ര്യമുണ്ട്. അതേസമയം ഇതുമായി ബന്ധപ്പെട്ട് അഭിപ്രായം നിങ്ങള്‍ ചോദിച്ചപ്പോള്‍ ഞാന്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ ഉറച്ചു നില്‍ക്കുന്നു എന്നാണ് നിങ്ങള്‍ ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞത്. അതിന്റെ അര്‍ഥം അവര്‍ക്ക് അങ്ങനെ ഒരു വിശ്വാസം ഉണ്ടാകാന്‍ പാടില്ല എന്നല്ല. എന്നാല്‍ അത് ഇതുമായി ബന്ധപ്പെട്ട് വിശ്വാസത്തിനോ ആചാരത്തിനോ എതിരല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇതൊരു ബോഡി വേസ്റ്റ് അല്ലെന്നാണ് കാന്തപുരം വിശദീകരിക്കുന്നത്. വിശ്വാസത്തിനൊപ്പം യാഥാര്‍ത്ഥ്യവും അതിലുണ്ടെന്ന് കാന്തപുരം പരസ്യമായി പറയുകയാണ്.
തിരുകേശം ബോഡി വേസ്റ്റ് തന്നെയെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേരള മുസ്‌ലിം ജമാഅത്ത് അന്ന് രംഗത്തു വന്നിരുന്നു. പിണറായി വിജയന്റെ പ്രസ്താവന ഖേദകരമാണ് . മത ചിഹ്നങ്ങളെയും വിശ്വാസങ്ങളെയും അനാദരിക്കുന്ന പ്രസ്താവനകള്‍ വെല്ലുവിളിയായി ഗണിക്കപ്പെടും എന്നും മുസ്‌ലിം ജമാഅത്ത് പ്രസ്താവനയില്‍ പറഞ്ഞിരുന്നു. വിശ്വാസി മനസ്സുകളെ മുറിവേല്‍പ്പിക്കുന്ന പ്രസ്താവനകളില്‍ നിന്നും രാഷ്ട്രീയ നേതാക്കള്‍ വിട്ടുനില്‍ക്കണമെന്നും ജമാ അത്ത് ആവശ്യപ്പെട്ടിരുന്നു.