തിരുകേശം തന്നെ കള്ളത്തരം; ആരാണ് തിരുകേശത്തിന്റെ അളവെടുത്തത്? കാന്തപുരത്തിന്റെ മരണാനന്തരം അത്ഭുതസിദ്ധിയായി പ്രചരിപ്പിക്കാനുള്ള കുബുദ്ധിയാണ് നടക്കുന്നത്; മുടിയുടെ പേരിലുള്ള കേന്ദ്രം വരുമാന കേന്ദ്രമാക്കാനാണ് ശ്രമിക്കുന്നത്; തിരുകേശം വിഷയത്തില്‍ കാന്തപുരത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കെഎന്‍എം

തിരുകേശം തന്നെ കള്ളത്തരം; ആരാണ് തിരുകേശത്തിന്റെ അളവെടുത്തത്?

Update: 2025-08-27 10:34 GMT

കോഴിക്കോട്: തിരുകേശം വളര്‍ന്നുവെന്ന പ്രസ്താവനയില്‍ കാന്തപുരത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കേരള നദ്വത്തുല്‍ മുജാഹിദ്ദീന്‍( കെഎന്‍എം). കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ സമുദായത്തെ തെറ്റിധരിപ്പിക്കുന്നതായി കെഎന്‍എം സംസ്ഥാന പ്രസിഡണ്ട് ടി.പി. അബ്ദുള്ള കോയ മദനി പറഞ്ഞു. തിരുകേശത്തിന്റെ പേരില്‍ കാന്തപുരം കളവ് പറയുന്നു. കാന്തപുരത്തിന്റെ മരണാനന്തരം ഇത് അത്ഭുതസിദ്ധിയായി പ്രചരിപ്പിക്കാനുള്ള കുബുദ്ധിയാണ് നടക്കുന്നത്. മുടിയുടെ പേരിലുള്ള കേന്ദ്രം വരുമാന കേന്ദ്രമാക്കാനാണ് ശ്രമിക്കുന്നത്.

തിരുകേശം തന്നെ കള്ളത്തരമാണെന്ന് ബോധ്യപ്പെട്ടതാണ്. ആരാണ് തിരുകേശത്തിന്റെ അളവെടുത്തതെന്നും അബ്ദുള്ള കോയ മദനി ചോദ്യമുന്നയിച്ചു. തിരുകേശത്തിന്റെ പേരില്‍ നടക്കുന്നത് ഇസ്ലാം മത വിശ്വാസത്തില്‍ ഇല്ലാത്തതാണെന്നും അബ്ദുള്ള കോയ മദനി വ്യക്തമാക്കി. മര്‍കസ് നോളജ് സിറ്റിയില്‍ നടന്ന പ്രവാചക പ്രകീര്‍ത്തന സദസില്‍ സംസാരിക്കുന്നതിനിടെയാണ് കാന്തപുരം പ്രവാചക കേശം കൊണ്ടുവച്ചതിനെക്കാള്‍ വലുതായി എന്ന അവകാശവാദം ഉന്നയിച്ചത്.

'പ്രവാചകന്റെ ഉമിനീര് പുരട്ടിയ മദീനയില്‍ നിന്നുള്ള വെള്ളവും അതുപോലെ മദീനയിലെ റൗളാ ഷരീഫില്‍ നിന്ന് വടിച്ചെടുക്കുന്ന പൊടികള്‍, അവിടുത്തെ കൈ കൊണ്ട് ഭൂമിയില്‍ കുത്തിയപ്പോള്‍ പൊങ്ങിവന്ന വെള്ളത്തില്‍ നിന്ന് അല്‍പ്പം വെള്ളവും എല്ലാം ചേര്‍ത്ത വെള്ളമാണ് നിങ്ങള്‍ക്ക് ഇവിടെ നിന്ന് തരുന്നത്. അത് നിങ്ങള്‍ കൊണ്ടുപോയി നഷ്ടപ്പെടുത്തരുത്. വൃത്തിയില്ലാത്ത സ്ഥലത്ത് ഒഴിക്കരുത്,'' എന്നാണ് കാന്തപുരം പറഞ്ഞത്.

ഒരു കാലത്ത് തിരുകേശം വിവാദം കേരളത്തില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. തിരുകേശം ബോഡി വേസ്റ്റ് തന്നെയെന്ന നിലപാടില്‍ മാറ്റമില്ലെന്ന് പിണറായി വിജയന്‍ നേരത്തെ പറഞ്ഞിരുന്നു. പാര്‍ട്ടി സെക്രട്ടറിയായിരിക്കെയാണ് കാന്തപുരത്തിന്റെ തിരുകേശത്തെ പിണറായി തള്ളി പറഞ്ഞത്. മുഖ്യമന്ത്രിയായ ശേഷവും ഇതേ നിലപാട് തുടര്‍ന്നു. ഈ തിരുകേശമാണ് വളരുന്നതായി കാന്തപുരം പറയുന്നത്. വെറുമൊരു ബോഡി വേസ്റ്റല്ലെന്ന് കാന്തപുരം വിശദീകരിക്കുന്നു. ഇതിനോട് മാറിയ രാഷ്ട്രീയ കാലാവസ്ഥയില്‍ മുഖ്യമന്ത്രി പ്രതികരിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ തിരുകേശ വിവാദം ഉയര്‍ത്തിയിരുന്നു യുഡിഎഫ്. വര്‍ഗീയതയാണ് സിപിഎം കാര്‍ഡ്. പിറവം ഉപതിരഞ്ഞെടുപ്പ് സമയത്താണ് പിണറായി വിജയന്‍ പ്രവാചകന്റെ തിരുകേശത്തെ അപമാനിച്ചത്. നിലമ്പൂരില്‍ അത് പറയില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞിരുന്നു. പ്രവാചകന്റെ മുടിയായാലും പല്ലായാലും നഖമായാലും ബോഡി വേസ്റ്റാണെന്നായിരുന്നു പിണറായിയുടെ പരാമര്‍ശം.


ഈ നിലപാടില്‍ മാറ്റമില്ലെന്ന് വര്‍ഷങ്ങള്‍ക്ക് ശേഷവും പിണറായി ആവര്‍ത്തിച്ചിരുന്നു. ഇതിനെ വെല്ലുവിളിക്കുകയാണ് ഇപ്പോള്‍ കാന്തപുരം ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ പിണറായി ഇനി പറയുന്നതും നിര്‍ണ്ണായകമാണ്. അങ്ങനെ നിയമസഭാ-തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് പോകുമ്പോള്‍ തിരുകേശം വീണ്ടും ചര്‍ച്ചകളില്‍ എത്താന്‍ സാധ്യത ഏറെയാണ്. എന്നാല്‍, വിഷയത്തില്‍ കരുതലോടെ മാത്രമേ സിപിഎം പ്രതികരിക്കുകയുള്ളൂ.

Tags:    

Similar News