തിരുപ്പതി വിഷയത്തില്‍ വേണ്ടത് അന്വേഷണമെന്ന് പ്രകാശ് രാജ്; ലഡു ഇപ്പോള്‍ വിവാദവിഷയമെന്ന് കാര്‍ത്തിയും; സിനിമ താരങ്ങള്‍ അനുകൂലമായി മാത്രം പ്രതികരിക്കണമെന്ന് പവന്‍ കല്യാണ്‍; തിരുപ്പതി ലഡു സിനിമാ ലോകത്തും ചര്‍ച്ചയാകുമ്പോള്‍

തിരുപ്പതി വിഷയത്തില്‍ വേണ്ടത് അന്വേഷണമെന്ന് പ്രകാശ് രാജ്

By :  Aswin P T
Update: 2024-09-25 09:33 GMT

ഹൈദരാബാദ്: ഏതാനും ദിവസങ്ങളായി ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചാവിഷയമാവുകയാണ് തിരുപ്പതി ലഡുവില്‍ മൃഗക്കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന പരാമര്‍ശം.ഇതിനോടകം രാഷ്ട്രീയ തലത്തില്‍ തന്നെ ചര്‍ച്ചയായ വിഷയം ഇപ്പോഴിത സിനിമാ ലോകത്തേക്കും കടന്നിരിക്കുകയാണ്.തമിഴ്താരം കാര്‍ത്തി അബദ്ധത്തില്‍ വിഷയത്തില്‍ പെട്ടപ്പോള്‍ പ്രകാശ് രാജും പവന്‍ കല്യാണും വിഷയത്തില്‍ തുറന്ന പോരിലേക്ക് വരെ എത്തിയിരിക്കുകയാണ്.

സിനിമാ മേഖലയില്‍ നിന്ന് ആരും വിഷയത്തില്‍ അഭിപ്രായം പ്രകടനം നടത്തിയിരുന്നില്ല.എന്നാല്‍ തന്റെ പുതിയ ചിത്രമായ മെയ്യഴ്കന്‍ എന്ന ചിത്രത്തിന്റെ പ്രമോഷനില്‍ കാര്‍ത്തി പറഞ്ഞ ഒരു അഭിപ്രായമാണ് തിരുപ്പതി ലഡുവിനെ സിനിമാ മേഖലയിലേക്കും എത്തിച്ചത്.

'മെയ്യഴകന്‍' സിനിമയുടെ തെലുങ്ക് പ്രി-റിലീസ് ഇവന്റിനിടെയാണ് അവതാരക അപ്രതീക്ഷിതമായി ലഡുവിനെക്കുറിച്ച് കാര്‍ത്തിയോട് ചോദിക്കുന്നത്.അതിനു മറുപടിയായി കാര്‍ത്തി തമാശ രൂപേണ വാക്കുകളാണ് വിവാദത്തിലേക്ക് എത്തിയത്.

''നമുക്ക് ഇപ്പോള്‍ ലഡുവിനെക്കുറിച്ച് പറയേണ്ട. ലഡു ഒരു സെന്‍സിറ്റീവ് വിഷയമാണ്.'' എന്നായിരുന്നു കാര്‍ത്തിയുടെ മറുപടി.ഇതിന് പിന്നാലെയാണ് കാര്‍ത്തിയുടെ പരാമര്‍ശത്തെ ചോദ്യം ചെയ്ത് ആന്ധ്രാ ഡെപ്യൂട്ടി മുഖ്യമന്ത്രിയും സിനിമാ താരവുമായി പവന്‍ കല്യാണ്‍ രം?ഗത്തെത്തിയത്.വിജയവാഡയില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് കാര്‍ത്തിയുടെ പരാമര്‍ശത്തില്‍ പവന്‍ കല്യാണ്‍ അതൃപ്തി പ്രകടിപ്പിച്ചത്.'നിങ്ങള്‍ ഒരിക്കലും അങ്ങനെ പറയരുത്. അത് പറയാന്‍ ധൈര്യപ്പെടരുത്.ഒരു നടനെന്ന നിലയില്‍ ഞാന്‍ നിങ്ങളെ ബഹുമാനിക്കുന്നു.എന്നാല്‍ സനാതന ധര്‍മ്മത്തിന്റെ കാര്യം പറയുമ്പോള്‍ ഒരു വാക്ക് പറയുന്നതിന് മുമ്പ് നൂറ് തവണ ചിന്തിക്കണമെന്നാണ്' കാര്‍ത്തിക്ക് താക്കീതെന്ന രീതിയില്‍ പവന്‍ കല്യാണ്‍ പറഞ്ഞത്.

ഇതോടെ പവന്‍കല്യാണിന്റെ ആരാധകരും കാര്‍ത്തിക്കു നേരെ തിരിഞ്ഞു.സംഭവം വലിയ വിവാദമായി മാറിയതോടെയാണ് പവന്‍ കല്യാണിനോട് മാപ്പ് പറഞ്ഞ് കാര്‍ത്തി എത്തിയത്.''പ്രിയ പവന്‍ കല്യാണ്‍ സാര്‍, നിങ്ങളോട് അത്യധികം ആദരവോടെ ഞാന്‍ ക്ഷമ ചോദിക്കുന്നു.മോശമായി ഒന്നും ഉദ്ദേശിക്കാതെ ഞാന്‍ പറഞ്ഞതില്‍ എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടാക്കിയെങ്കില്‍ എന്നോട് ക്ഷമിക്കുക

.വെങ്കിടേശ്വര ഭഗവാന്റെ ഒരു എളിയ ഭക്തന്‍ എന്ന നിലയില്‍,ഞാന്‍ എപ്പോഴും നമ്മുടെ പാരമ്പര്യങ്ങളെ മുറുകെ പിടിക്കുന്നു. ആശംസകളോടെ കാര്‍ത്തി.എന്ന്''നടന്‍ ട്വീറ്റ് ചെയ്തു.

തന്റെ ആരാധകരുടെ വിമര്‍ശനം അതിരുകടന്നതോടെ കാര്‍ത്തിക്ക് മറുപടിയുമായി പവന്‍കല്യാണ്‍ തന്നെ രംഗത്ത് വന്നു.''പ്രിയപ്പെട്ട കാര്‍ത്തി, നിങ്ങളുടെ വിനയപൂര്‍വവും വേഗത്തിലുള്ളതുമായ പ്രതികരണത്തെയും നമ്മുടെ പാരമ്പര്യങ്ങളോട് നിങ്ങള്‍ കാണിച്ച ബഹുമാനത്തെയും ഞാന്‍ ആത്മാര്‍ഥമായി അഭിനന്ദിക്കുന്നു. തിരുപ്പതി ക്ഷേത്രവും അവിടുത്തെ പ്രസാദമായ അതിവിശിഷ്ടമായ ലഡുവും പോലെയുള്ള നമ്മുടെ വിശ്വാസപരമായ കാര്യങ്ങള്‍ ദശലക്ഷക്കണക്കിന് ഭക്തര്‍ ആഴത്തിലുള്ള ഭക്തിയോടെയും വികാരത്തോടെയുമാണ് നോക്കികാണുന്നത്.

അതുകൊണ്ടു തന്നെ അത്തരം വിഷയങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടത് അത്യാവശ്യമാണ്.ഇത് നിങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരാനാണു ഞാന്‍ ആഗ്രഹിച്ചത്.പ്രത്യേകിച്ച് ദുരുദ്ദേശമൊന്നുമില്ലാതെയും മനഃപൂര്‍വമല്ലാതെയുമാണ് നിങ്ങള്‍ പ്രതികരിച്ചതെന്ന് ഞാന്‍ മനസ്സിലാക്കുന്നു.സമൂഹത്തില്‍ പ്രശസ്തരായ വ്യക്തികള്‍ എന്ന നിലയില്‍ നമ്മുടെ ഉത്തരവാദിത്തം നമ്മള്‍ ഏറ്റവും വിലമതിക്കുന്ന സംസ്‌കാരവും ആത്മീയ മൂല്യങ്ങളും ഐക്യത്തോടെയും ആദരപൂര്വവും നിലനിര്‍ത്തുക എന്നുള്ളതാകണം.സിനിമയിലൂടെ സമൂഹത്തില്‍ മാതൃക കാണിക്കുന്ന നമ്മള്‍ എപ്പോഴും ഈ പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ പരിശ്രമിക്കണമെന്നുമായിരുന്നു മാപ്പ് പറച്ചിലിന് ശേഷം പവന്‍ കല്യാണിന്റെ മറുപടി.

എന്നാല്‍ പ്രകാശ് രാജിന്റെ കാര്യത്തില്‍ കുറച്ചുകൂടി തുറന്ന പോരിലേക്കാണ് കാര്യങ്ങളുടെ പോക്ക്.കാര്‍ത്തിയുടെ പരാമര്‍ശത്തിന് പിന്നാലെ പവന്‍ കല്യാണ്‍ തന്റെ സമൂഹമാധ്യമ പേജുകളില്‍ പങ്കുവെച്ച ഒരു കുറിപ്പിന് പ്രകാശ് രാജ് മറുപടി നല്‍കിയതോടെയാണ് ഇരുവരും തമ്മില്‍ പ്രശ്നം ഉടലെടുക്കുന്നത്.ഇന്ത്യയില്‍ സനാതനധര്‍മ്മത്തെ രക്ഷിക്കാന്‍ പ്രത്യേകം രക്ഷാബോര്‍ഡുകള്‍ രൂപീകരിക്കേണ്ട സമയമായെന്നുള്ളതായിരുന്നു പവന്‍ കല്യാണിന്റെ പോസ്റ്റ്.സനാതനധര്‍മ്മത്തിനെതിരെ നിരന്തരം വെല്ലുവിളികള്‍ ഉയരുന്ന സാഹചര്യത്തില്‍ സനാതനരക്ഷാബോര്‍ഡുകള്‍ രൂപീകരിക്കേണ്ടത് അത്യാവശ്യമായിരിക്കുന്നുവെന്നാണ് ഡെപ്യൂട്ടി മുഖ്യമന്ത്രിയുടെ പരാമര്‍ശം.

ഇതിന് മറുപടിയായി അന്വേഷണമാണ് വേണ്ടതെന്നും എന്തിനാണ് ദേശീയതലത്തില്‍ വിഷയം ആളിക്കത്തിക്കാന്‍ പവന്‍ കല്യാണ്‍ ശ്രമിക്കുന്നതെന്നും പ്രകാശ് രാജ് ചോദിച്ചു.എ്ന്നാല്‍ സമൂഹമാധ്യമത്തിലെ ചോദ്യത്തിന് മാധ്യമങ്ങളിലൂടെയാണ് പവന്‍ മറുപടി നല്‍കിയത്.സനാതന ധര്‍മ്മത്തിനെതിരായ ആക്രമണങ്ങള്‍ക്കെതിരെ താന്‍ ശബ്ദമുയര്‍ത്തേണ്ടതല്ലേ എന്ന് പവന്‍ കല്യാണ്‍ ചോദിച്ചു. താന്‍ ഹിന്ദുമതത്തിന്റെ പവിത്രതയെയും ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നത് പോലുള്ള പ്രശ്‌നങ്ങളെയുമാണ് അഭിസംബോധന ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രകാശ് രാജിനോട് ബ?ഹുമാനമുണ്ടെന്നും പക്ഷേ, എന്തിനാണ് അദ്ദേഹം തന്നെ വിമര്‍ശിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും പവന്‍ കല്യാണ്‍ പറഞ്ഞു.

സിനിമാ മേഖലയില്‍ നിന്നുള്ള വ്യക്തികള്‍ തിരുപ്പതി വിഷയം ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍,അവര്‍ ഒന്നുകില്‍ അതിനെ പിന്തുണയ്ക്കുകയോ അല്ലെങ്കില്‍ അഭിപ്രായം പറയാതിരിക്കുകയോ ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി.പൊതുവേദികളില്‍ ഈ വിഷയത്തില്‍ അഭിപ്രായം പറയുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാനും പവന്‍ കല്യാണ്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.ഇത് ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഒടുവില്‍ എക്സില്‍ വീഡിയോയിലൂടെയാണ് പ്രകാശ് രാജ് മറുപടിയുമായി എത്തിയിരിക്കുന്നത്.പവന്‍ കല്യാണിന്റെ വാര്‍ത്താ സമ്മേളനം കണ്ടുവെന്നും താന്‍ പറഞ്ഞതിനെ അദ്ദേഹം തെറ്റായി വ്യാഖ്യാനിച്ചത് ആശ്ചര്യകരമാണെന്നും പ്രകാശ് രാജ് പറഞ്ഞു. താന്‍ വിദേശത്ത് ഷൂട്ടിങ്ങിലാണെന്നും പവന്‍ കല്യാണിന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എത്തുമെന്നും പ്രകാശ് രാജ് ചൂണ്ടിക്കാട്ടി. തന്റെ ട്വീറ്റ് പരിശോധിച്ച് കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കണമെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

വൈഎസ്ആര്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് തിരുപ്പതി ക്ഷേത്രത്തില്‍ ലഡു ഉണ്ടാക്കാന്‍ ഉപയോഗിച്ചിരുന്ന നെയ്യില്‍ മൃഗക്കൊഴുപ്പും മറ്റ് നിലവാരമില്ലാത്ത ചേരുവകളും ഉപയോഗിച്ചെന്നായിരുന്നു ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിന്റെ ആരോപണം.നെയ്യില്‍ മൃഗക്കൊഴുപ്പ്, മത്സ്യ എണ്ണ എന്നിവയുടെ സാന്നിധ്യം ഗുജറാത്ത് ആസ്ഥാനമായുള്ള ലബോറട്ടറി സ്ഥിരീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.ചന്ദ്രബാബു നായിഡുവിന്റെ ആരോപണം വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്.

സംഭവത്തില്‍ ചന്ദ്രബാബു നായിഡുവിനോട് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡ റിപ്പോര്‍ട്ട് തേടിയിരുന്നു.ഭക്തരുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്നതും ഹൈന്ദവ ആചാരങ്ങളുടെ ലംഘനവുമാണ് സംഭവിച്ചതെന്നാരോപിച്ച് സുപ്രീംകോടതിയില്‍ ഹര്‍ജിയും ഫയല്‍ ചെയ്യപ്പെട്ടിരുന്നു.

വിവാദം ബാധിച്ചില്ല തിരുപ്പതി ലഡു വില്‍പ്പന തകൃതി

തിരുപ്പതി വെങ്കിടാചലപതി ക്ഷേത്രത്തിലെ ലഡ്ഡുവില്‍ മൃഗക്കൊഴുപ്പ് വിവാദം ആന്ധ്രാപ്രദേശില്‍ വലിയ ചലനങ്ങളുണ്ടാക്കുമ്പോഴും

ക്ഷേത്രത്തിലെ ലഡ്ഡു വില്‍പ്പനയില്‍ കുറവില്ല.നാല് ദിവസത്തിനുള്ളില്‍ പതിനാല് ലക്ഷത്തിലധികം ലഡു വിറ്റതായാണ് ക്ഷേത്രം അധികൃതര്‍ അറിയിക്കുന്നത്.

സെപ്റ്റംബര്‍ 19ന് 3.59 ലക്ഷവും, സെപ്റ്റംബര്‍ 20ന് 3.17 ലക്ഷവും, സെപ്റ്റംബര്‍ 21ന് 3.67 ലക്ഷവും, സെപ്റ്റംബര്‍ 22ന് 3.60 ലക്ഷവും ലഡു ക്ഷേത്രത്തില്‍ വിറ്റു.ശരാശരി 3.50 ലക്ഷം ലഡുവാണ് ഒരു ദിവസം വിറ്റത്.പ്രതിദിനം, മൂന്ന് ലക്ഷം ലഡുവാണ് ക്ഷേത്രത്തില്‍ തയാറാക്കുന്നത്. ക്ഷേത്രം സന്ദര്‍ശിക്കുന്നവര്‍ ഇത് വന്‍തോതില്‍ വാങ്ങാറുമുണ്ട്.

300 വര്‍ഷത്തിലേറെ പഴക്കമുണ്ട് തിരുപ്പതി ശ്രീ വെങ്കിടാചലപതി ക്ഷേത്രത്തില്‍ പ്രസാദമായി നല്‍കുന്ന ലഡ്ഡുവിന്. 1715 മുതലാണ് ലഡ്ഡു ഭഗവാന് നിവേദിക്കാനും പ്രസാദമായി നല്‍കാനും തുടങ്ങിയത്.ശുദ്ധവും നറുമണവും ഉയര്‍ന്ന ഗുണമേന്മയുള്ള നെയ്യാണ് ലഡ്ഡുവിന്റെ ചേരുവകളില്‍ പ്രധാനപ്പെട്ടത്.എല്ലാ ദിവസവും കുറഞ്ഞത് 400-500 കിലോ നെയ്യ്, 750 കിലോ കശുവണ്ടി, 500 കിലോ ഉണക്കമുന്തിരി, 200 കിലോ ഏലക്ക എന്നിവയാണ് ലഡ്ഡു തയ്യാറാക്കാന്‍ ഉപയോഗിക്കുന്നത്.ഇതിനായ് പ്രതിവര്‍ഷം 5 ലക്ഷം കിലോ നെയ്യാണ് തിരുമല തിരുപ്പതി ദേവസ്ഥാനം വാങ്ങാറുള്ളത്.ലഡ്ഡു നിര്‍മാണത്തില്‍ വിദഗ്ധരായ 600 പ്രത്യേക പാചകക്കാരാണ് രണ്ടു ഷിഫ്റ്റുകളിലായി ലഡ്ഡു തയാറാക്കുന്നത്.

വിഷയം സിനിമാ തലത്തിലേക്കും കടന്നതോടെ പ്രകാശ് രാജ് പവന്‍ കല്യാണിന് വിശദമായ മറുപടിയുമായി എത്തുമ്പോള്‍ തിരിപ്പതി ലഡു വരും ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചയ്ക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തല്‍.

Tags:    

Similar News