പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് അനുമതിയില്ലാതെ ഫ്‌ലെക്‌സ് ബോര്‍ഡ്; ബിജെപി ജില്ലാകമ്മിറ്റിക്ക് 20 ലക്ഷം രൂപ പിഴയിട്ട ബിജെപി നഗരസഭയെന്ന വാര്‍ത്ത ഭരണസമതിക്ക് തിരിച്ചടിയായി; പിഴയിട്ട തിരുവനന്തപുരം കോര്‍പ്പറേഷന്‍ റവന്യു ഓഫീസറെ സ്ഥലം മാറ്റി; ജി ഷൈനിയെ സ്ഥലം മാറ്റിയത് കൗണ്‍സില്‍ സെക്രട്ടറിയായി; തീരുമാനമെടുത്തത് കോര്‍പ്പറേഷന്‍ മേയര്‍
ജി ഷൈനിയെ സ്ഥലം മാറ്റിയത് കൗണ്‍സില്‍ സെക്രട്ടറിയായി; തീരുമാനമെടുത്തത് കോര്‍പ്പറേഷന്‍ ഭരണ സമതി
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപിക്ക് പിഴയിട്ട ഉദ്യോഗസ്ഥക്ക് സ്ഥലം മാറ്റം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് അനുമതിയില്ലാതെ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചതിന് പിഴയിട്ട കോര്‍പ്പറേഷന്‍ റവന്യു ഓഫീസര്‍ ജി ഷൈനിയെ ആണ് സ്ഥലം മാറ്റിയത്. ബിജെപി ഭരിക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപിക്ക് 20 ലക്ഷം പിഴയിട്ടത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇത് പുതിയ ഭരണസമതിക്ക് തിരിച്ചടിയുമായി.
ഇതോടെയാണ് കോര്‍പ്പറേഷനുള്ളിലെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാന്‍ കോര്‍പ്പറേഷന്‍ ഭരണകൂടം തീരുമാനിച്ചത്. ഇത് പ്രകാരം പിഴനോട്ടീസ് നല്‍കിയ റവന്യൂ ഓഫീസരെ സ്ഥലം മാറ്റിയത്. മറ്റു ചില ഉദ്യോഗസ്ഥര്‍ക്കും മാറ്റമുണ്ട്. അനുമതിയില്ലാതെ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചതിന് ബിജെപിക്ക് 20 ലക്ഷം രൂപ ഇവര്‍ പിഴയിട്ടിരുന്നു. കൂടാതെ, കോര്‍പ്പറേഷന്‍ പരാതിയില്‍ ബിജെപി ജില്ലാ പ്രസിഡന്റിനെതിരെ കേസുമെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് സ്ഥലം മാറ്റം ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ ആഴ്ച്ച ബുധന്‍, വ്യാഴം ദിവസങ്ങളിലായി നഗരത്തിലെ നടപ്പാതകളിലും ഡിവൈഡറുകളിലും വ്യാപകമായി ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. ഇത് യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും തടസ്സമാകുന്നു എന്ന പരാതിയെത്തുടര്‍ന്ന്, ഇവ രണ്ട് മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യാന്‍ കോര്‍പറേഷന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ നടപ്പാതയിലെ ചില ബോര്‍ഡുകള്‍ മാത്രം മാറ്റുകയും ബാക്കിയുള്ളവ നിലനിര്‍ത്തുകയും ചെയ്തതോടെയാണ് കോര്‍പറേഷന്‍ സെക്രട്ടറി പിഴ ഈടാക്കാന്‍ തീരുമാനിച്ചത്.
വിമാനത്താവളം മുതല്‍ പുത്തരിക്കണ്ടം വരെയുള്ള പാതയില്‍ സ്ഥാപിച്ച ബോര്‍ഡുകളുടെ കൃത്യമായ കണക്കെടുത്ത ശേഷമാണ് 20 ലക്ഷം രൂപയുടെ പിഴ നിശ്ചയിച്ചത്. അനുമതിയില്ലാതെ പൊതുസ്ഥലം കയ്യേറിയതിനാണ് ഈ നടപടി. കോര്‍പറേഷന്‍ നല്‍കിയ ആദ്യ നോട്ടീസിന് നിശ്ചിത സമയത്തിനകം മറുപടി നല്‍കേണ്ടതുണ്ട്. ഇതില്‍ വീഴ്ച വരുത്തിയാല്‍ രണ്ടാമതും നോട്ടീസ് നല്‍കും. തുടര്‍ന്ന് രണ്ട് തവണ ഹിയറിങ് നടത്തും. ഹിയറിങ്ങിലും പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തില്ലെങ്കില്‍ ജപ്തി ഉള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് കടക്കും. ഇതാണ് നടപടി ക്രമം. ഇതിനിടെയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ മേയര്‍ നടപടി കൈക്കൊണ്ടത്.
അതേസമയം ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന് ബിജെപി ഭരിക്കുന്ന കോര്‍പറേഷന്‍ പിഴ ഈടാക്കിയത് സ്വാഭാവിക നടപടിയെന്ന് മേയര്‍ വി വി രാജേഷ് നേരത്തെ പ്രതികരിച്ചത്. അനധികൃത ഫ്‌ളക്‌സുകള്‍ മാറ്റുന്ന നടപടികളെ കുറിച്ച് ഹൈക്കോടതിയെ അറിയിക്കേണ്ട ബാധ്യത കോര്‍പ്പറേഷന് ഉണ്ടെന്നും വിവി രാജേഷ് ചൂണ്ടിക്കാട്ടിയിരുന്നു. താന്‍ പാര്‍ട്ടി അധ്യക്ഷന്‍ ആയിരുന്ന സമയത്തും ഇത്തരത്തില്‍ കോര്‍പ്പറേഷന്‍ നോട്ടീസ് തന്നിട്ട് ഉണ്ട്. ഇത് വിവാദ വിഷയം ആക്കേണ്ട കാര്യമില്ലെന്നും വിവി രാജേഷ് പറഞ്ഞിരുന്നു.
