മലയാളികള്‍ക്ക് വീണ്ടും ലണ്ടനിലേക്ക് നേരിട്ടുള്ള വിമാനമെത്തുമോ? തിരുവനന്തപുരത്തു നിന്നും ലണ്ടനിലേക്കും ഗാറ്റ്വിക്കിലേക്കും നേരിട്ടുള്ള വിമാനമെന്ന് ഫേസ്ബുക്കില്‍ എയര്‍പോര്‍ട്ട് ആരാധകര്‍; ഹിന്ദു പത്രത്തിന്റെ ചര്‍ച്ചകള്‍ നടക്കുന്നുവെന്ന ഒറ്റവരി വാര്‍ത്ത ബ്രിട്ടീഷ് എയര്‍വേയ്സ് കൊച്ചിയിലേക്ക് എത്തുന്നു എന്നത് പോലെയാകുമോ? ഔദ്യോഗിക സ്ഥിരീകരണം എവിടെയുമില്ല

മലയാളികള്‍ക്ക് വീണ്ടും ലണ്ടനിലേക്ക് നേരിട്ടുള്ള വിമാനമെത്തുമോ?

Update: 2024-10-24 04:58 GMT

കവന്‍ട്രി: ഇന്നലെ വൈകുന്നേരത്തോടെ ട്രിവാന്‍ഡ്രം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഫാന്‍സ് എന്ന ഫേസ്ബുക് പേജില്‍ വന്ന ലണ്ടനിലേക്ക് നേരിട്ട് വിമാനം എന്ന പോസ്റ്റ് ആവേശത്തോടെയാണ് യുകെ മലയാളികള്‍ ഏറ്റെടുത്തത്. ആയിരക്കണക്കിന് യുകെ മലയാളികള്‍ക്കും കന്യാകുമാരി അടക്കം തെക്കന്‍ ജില്ലക്കാരായ തമിഴ്‌നാട്ടുകാര്‍ക്കും ഗുണമാകുന്ന സര്‍വീസിനെ പറ്റി ആവേശവും ആഹ്ലാദവും കലര്‍ന്ന സ്വരത്തിലാണ് സോഷ്യല്‍ മീഡിയ പ്രചാരമുണ്ടായത്. ചില ഓണ്‍ലൈന്‍ സൈറ്റുകള്‍ കൂടി രംഗത്ത് വന്നതോടെ വിമാനം ഏതു നിമിഷവും പ്രഖ്യാപിക്കപ്പെടും എന്ന പ്രതീതിയായി.

ഇതോടെ യുകെയിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലക്കാര്‍ തങ്ങള്‍ക്കും യുകെയില്‍ നിന്നും ഒന്‍പതു മണിക്കൂര്‍ പറന്നു നാട്ടിലെത്താമല്ലോ എന്ന ആശ്വാസത്തിലായി. എന്നാല്‍ വിമാനസര്‍വീസിനെ കുറിച്ചുള്ള വിവരങ്ങള്‍ സോഷ്യല്‍ മീഡിയ ആഘോഷമാക്കുമ്പോള്‍ തന്നെ ഇതിന്റെ സത്യാവസ്ഥ അറിയാന്‍ തയ്യാറായ മറുനാടന്‍ മലയാളിക്ക് ലഭിച്ചത് ദി ഹിന്ദു പത്രത്തിന്റെ ഒറ്റവരി വാര്‍ത്തയാണ്. അതും എയര്‍ ഇന്ത്യയുമായി ആലോചന നടക്കുന്നു എന്ന കാര്യം മാത്രമാണ് വാര്‍ത്തയില്‍ പരാമര്‍ശിക്കപ്പെട്ട് പോയിരിക്കുന്നത്.

ബ്രിട്ടീഷ് എയര്‍വേയ്സ് വന്ന പോലെ ആകരുതേ എന്ന പ്രാര്‍ത്ഥന മാത്രം

നടക്കാന്‍ സാധ്യത ഇല്ലാത്ത കാര്യം ഒന്നും അല്ലെങ്കിലും ദാ വിമാനം വന്നു എന്ന മട്ടിലുള്ള പ്രചാരണം ഈ ഘട്ടത്തില്‍ അല്‍പം കടന്ന കയ്യായിപ്പോയി എന്നാണു ടിക്കറ്റ് ബുക്കിംഗ് ഏജന്‍സികളും പറയുന്നത്. വിമാനം റെഡിയായാല്‍ ആദ്യം അറിയുന്ന ഇക്കൂട്ടര്‍ക്കും പുതിയ വിമാന റൂട്ടിനെ പറ്റി ഇനിയും ഒരറിവും ഇല്ല എന്നതും ശ്രദ്ധേയമാണ്. അതിനിടെ ഒരു വര്‍ഷം മുന്‍പ് ഏറെ കൊട്ടിഘോഷിക്കപ്പെട്ട ലണ്ടന്‍ - കൊച്ചി ബ്രിട്ടീഷ് എയര്‍വേയ്സ് സര്‍വീസ് പോലെ ആകരുതേ ഇപ്പോഴത്തെ എയര്‍ ഇന്ത്യ വാര്‍ത്തയും എന്ന പ്രാര്‍ത്ഥനയാണ് യുകെയിലെ തെക്കന്‍ കേരള ജില്ലക്കാര്‍ക്കുള്ളത്.

കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ഊരും പേരും ഇല്ലാതെ ബ്രിട്ടീഷ് എയര്‍വേയ്സ് കൊച്ചിയിലേക്ക് എന്ന് യുകെയില്‍ പിറന്ന വാര്‍ത്ത ഒടുവില്‍ ഇന്ത്യയില്‍ ദേശീയ പത്രങ്ങള്‍ വരെ ഏറ്റെടുത്തിരുന്നു. പക്ഷെ വിമാനം മാത്രം ഇനിയും എത്തിയിട്ടില്ല. അന്നും വാര്‍ത്തയുടെ സാംഗത്യത്തെ ചോദ്യം ചെയ്ത ഏക മാധ്യമം മറുനാടന്‍ മലയാളിയാണ്. അന്ന് സിയാല്‍ സിഎംഡി തന്നെ വാര്‍ത്ത കള്ളം ആണെന്ന് പറഞ്ഞിട്ടും ഏറെക്കാലം ആ വാര്‍ത്ത ആഘോഷമായി പറന്നു നടന്നിരുന്നു.

നടന്നതിങ്ങനെ, ഒരു ഒറ്റവരി പരാമര്‍ശം, അതിലും വലുതാണ് കൊച്ചിയില്‍ നടന്നത്

രണ്ടു മാസം മുന്‍പ് എയര്‍ ഇന്ത്യ പ്രഖ്യാപിച്ച ബാംഗ്ലൂര്‍ അടക്കമുള്ള മറ്റു ഇന്ത്യന്‍ നഗരങ്ങളിലേക്ക് യുകെയില്‍ നിന്നും നേരിട്ട് അധിക സര്‍വീസ് നടത്തുന്ന വാര്‍ത്തയാണ് ദി ഹിന്ദു പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇക്കാര്യം ബ്രിട്ടീഷ് മലയാളിയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേരളത്തെ ഒഴിവാക്കി എയര്‍ ഇന്ത്യയുടെ ചിറ്റമ്മ നയം എന്ന തലക്കെട്ടിലാണ് മറുനാടന്‍ മലയാളി വാര്‍ത്ത നല്‍കിയത്.

ദി ഹിന്ദുവിന്റെ ബാംഗ്ലൂര്‍ ബ്യുറോ തയ്യാറാക്കിയ വാര്‍ത്തയില്‍ നഗരത്തെ തേടിയെത്തുന്ന വിവിധ വിമാനങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് അധികവും ചേര്‍ത്തിരിക്കുന്നത്. ഗള്‍ഫില്‍ നിന്നും എത്തുന്ന ജസീറ അടക്കമുള്ള വിമാനങ്ങളുടെ വിശദാംശങ്ങള്‍ ഈ വാര്‍ത്തയിലുണ്ട്. ഈ വാര്‍ത്തയിലാണ് ലണ്ടനില്‍ നിന്നും ഗാറ്റ്വികില്‍ നിന്നും ഒരു പോലെ നേരിട്ടുള്ള വിമാന സര്‍വീസ് ലഭിക്കുന്ന എയര്‍പോര്‍ട്ടായി ബാംഗ്ലൂര്‍ മാറുന്നത് ചൂണ്ടിക്കാട്ടുന്നത് മറ്റു വിമാനത്താവളങ്ങള്‍ക്കില്ലാത്ത അപൂര്‍വത ആണിതെന്നും റിപ്പോര്‍ട്ട് പറയുന്നു.

ലണ്ടനിലേക്കും ഗാറ്റ്വികിലേക്കും ഒരുപോലെ ഇന്ത്യയിലെ മറ്റൊരു വിമാനത്താവളത്തില്‍ നിന്നും നേരിട്ടുള്ള സര്‍വീസില്ല. ഒന്നുകില്‍ ലണ്ടനിലേക്ക് മാത്രമോ അഥവാ ഗാറ്റ്വികിലേക്ക് മാത്രമോ ആണ് അത്തരം സര്‍വീസുകള്‍. ശൈത്യകാല സര്‍വീസിന്റെ ഭാഗമായി ആഗസ്റ്റ് അവസാനം തന്നെ ഈ വിമാനങ്ങള്‍ പറന്നു തുടങ്ങും എന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ബ്രിട്ടീഷ് എയര്‍വേയ്സ്, വിര്‍ജിന്‍ അറ്റ്‌ലാന്റിക് എന്നിവയും ലണ്ടനില്‍ നിന്നുള്ള നേരിട്ടുള്ള വിമാനങ്ങളുമായി ബാംഗ്ലൂരില്‍ എത്തുന്നുമുണ്ട്.


ഹിന്ദുവിന്റെ ബാംഗ്ലൂര്‍ വാര്‍ത്തയുടെ പിന്നാലെ ഇന്നലെ തിരുവനന്തപുരം ബ്യുറോ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ അവസാന ഭാഗത്താണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ലണ്ടനിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ചര്‍ച്ചയില്‍ ഉണ്ടെന്നു ഒറ്റ വരിയില്‍ പറഞ്ഞു പോകുന്നത്. കൂടുതല്‍ ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കുന്ന വിവരവും ഗള്‍ഫിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ എത്തുന്ന കാര്യവും ഒക്കെ വിശദമായി വാര്‍ത്തയില്‍ ചേര്‍ത്തിട്ടുണ്ട്.

ഈ വര്‍ഷത്തെ ആദ്യ പകുതി പിന്നിടുമ്പോള്‍ വിമാനത്താവള ഉപയോക്താക്കളുടെ എണ്ണം 25 ലക്ഷമായി മാറിയതും വാര്‍ത്തയുടെ ഹൈലൈറ്റാണ്. ഈ വാര്‍ത്ത അവസാനിക്കുന്ന ഭാഗത്താണ് ഈ വര്‍ഷം ശൈത്യകാലത്ത് തന്നെ ആഴ്ചയില്‍ ഓരോ സര്‍വീസ് ഗാറ്റ്വിക്ക്, ഹീത്രൂ എന്നിവിടങ്ങളിലേക്ക് ഉണ്ടാകും എന്ന് എയര്‍ ഇന്ത്യ വൃത്തങ്ങളില്‍ ലഭിച്ച വിവരം എന്ന പരാമര്‍ശത്തോടെ ചൂണ്ടിക്കാട്ടുന്നത്.

തിരുവനന്തപുരത്തിനു സാധ്യതയുണ്ടോ? ബ്രിട്ടീഷ് എയര്‍വേയ്സ് പിന്‍വാങ്ങിയത് എന്തുകൊണ്ട്?

നിലവില്‍ ഡല്‍ഹി, മുംബൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലേക്ക് മാത്രമാണ് എയര്‍ ഇന്ത്യ ഹീത്രൂവില്‍ നിന്നും സര്‍വീസ് നടത്തുന്നത്. ഹീത്രൂവില്‍ വിമാനങ്ങള്‍ക്ക് സ്ലോട്ട് ലഭിക്കാതെ വന്ന സാഹചര്യത്തിലാണ് എയര്‍ ഇന്ത്യക്ക് കൊച്ചി അടക്കം ഇന്ത്യയിലെ മറ്റു നഗരങ്ങളെ ബന്ധിപ്പിക്കുന്ന നേരിട്ടുള്ള സര്‍വീസുകള്‍ ഗാറ്റ്വിക്കിലേക്ക് മാറ്റേണ്ടി വന്നത്. അതിനിടയില്‍ മെട്രോ നഗരങ്ങള്‍ക്ക് മാത്രം ലഭിച്ച പരിഗണന തിരുവനന്തപുരത്തിനും ലഭിക്കും എന്നത് അവിശ്വസനീയമാണ്.

മാത്രമല്ല ഒറ്റയടിക്ക് യുകെയിലെ രണ്ടു നഗരങ്ങളിലേക്ക് തിരുവനന്തപുരത്ത് നിന്നും നേരിട്ടുള്ള സര്‍വീസുകള്‍ക്ക് എയര്‍ ഇന്ത്യ തയ്യാറാകുമോ എന്ന ചോദ്യവും പ്രസക്തമാണ്. പക്ഷെ വിവര സ്ഥിരീകരണത്തിനൊന്നും നില്‍ക്കാതെ സോഷ്യല്‍ മീഡിയ ആഘോഷം തുടങ്ങിക്കഴിഞ്ഞു. വിമാനം ഉടനെത്തും എന്ന പ്രതീക്ഷയാണ് യുകെയിലെ തെക്കന്‍ കേരളീയര്‍ക്കുള്ളത്.

എന്നാല്‍ കൊച്ചിക്ക് നേരിട്ട് പറക്കും എന്ന് പറഞ്ഞ ബ്രിട്ടീഷ് എയര്‍വേയ്സ് പോലെ ആകരുതേ എന്ന പ്രാര്‍ത്ഥനയും ഒപ്പം അവരുടെ മനസിലുണ്ട്. കൊച്ചിയുടെ കാര്യത്തില്‍ ആണെങ്കില്‍ ബ്രിട്ടീഷ് എയര്‍വേയ്സ് നേരിട്ട് എത്തി സാധ്യത പഠനം വരെ നടത്തിയതുമാണ്, എന്നാല്‍ എന്തോ കാരണത്താല്‍ സര്‍വീസ് മാത്രം തുടങ്ങിയില്ല. നേരിട്ടുള്ള സര്‍വീസ് വന്നാല്‍ എയര്‍ ഇന്ത്യക്ക് നല്‍കിയത് പോലെ അധിക ആനുകൂല്യങ്ങള്‍ ബ്രിട്ടീഷ് എയര്‍വെയ്‌സിനും നല്‍കാമെന്നും സിയാല്‍ വാഗ്ദാനം ചെയ്തിരുന്നതാണ്.

പക്ഷെ ബിസിനസ് ക്ലാസ് ഉള്‍പ്പെടെ പ്രീമിയം നിരക്കില്‍ യാത്ര ചെയ്യുന്ന ആളുകളുടെ എണ്ണത്തെ കുറിച്ചുള്ള ആശങ്കയാണ് ബ്രിട്ടീഷ് എയര്‍വെയ്‌സിനെ കൊച്ചിയില്‍ നിന്നും പിന്നോക്കം വലിച്ചതെന്നാണ് പിന്നീട് അറിയാനായത്. ഡെല്‍ഹിക്കും മുംബൈക്കും ബാംഗ്ളൂരിനും ഒക്കെ ആ ആശങ്ക തെല്ലും ഇല്ലാതെയാണ് ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനങ്ങള്‍ പറക്കുന്നതും.

Tags:    

Similar News