ലോകകപ്പ് ഫുട്ബോളിന് വേദിയാകുന്ന മൊറോക്കോയില്‍ കൊന്നൊടുക്കുന്നത് 30 ലക്ഷം തെരുവ് നായ്ക്കളെ! തെരുവുകള്‍ വൃത്തിയാക്കുന്നതിന്റെ ഭാഗമെന്ന് വിശദീകരണം; തീരുമാനത്തിനെതിരെ പ്രതിഷേധവുമായി മൃഗസ്‌നേഹികള്‍

ലോകകപ്പ് ഫുട്ബോളിന് വേദിയാകുന്ന മൊറോക്കോയില്‍ കൊന്നൊടുക്കുന്നത് 30 ലക്ഷം തെരുവ് നായ്ക്കളെ!

Update: 2025-01-14 06:38 GMT

റബാറ്റ്: 2030ലെ ലോകകപ്പ് ഫുട്ബോളിന് വേദിയാകുന്ന മൊറോക്കോയില്‍ 30 ലക്ഷം തെരുവ് നായ്ക്കളെ കൊന്നൊടുക്കാനുള്ള തീരുമാനത്തിനെതിരെ മൃഗസ്നേഹികള്‍ രംഗത്ത്. തെരുവുകള്‍ വൃത്തിയാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരത്തില്‍ നായ്ക്കളെ കൊന്നൊടുക്കുന്നത് എന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്. എന്നാല്‍ ഈ ക്രൂരത അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട്് നിരവധി പേര്‍ ഇപ്പോള്‍ ഫിഫ അധികൃതരോട് ഇക്കാര്യത്തില്‍ ഇടപെടണം എന്നാവശ്യപ്പെട്ടിരിക്കുകയാണ്.

ലോകമെമ്പാടുമുള്ള ഫുട്ബോള്‍ പ്രേമികള്‍ മൊറോക്കോയിലേക്ക് എത്തുമ്പോള്‍ അങ്ങേയറ്റം വൃത്തിയോടെയാണ് രാജ്യം സൂക്ഷിക്കേണ്ടതെന്നാണ് സര്‍ക്കാര്‍ വാദിക്കുന്നത്. ഇതിനോടകം തന്നെ ആയിരക്കണക്കിന് തെരുവ് നായ്ക്കളെ മൊറോക്കോയില്‍ കൊന്നൊടുക്കി കഴിഞ്ഞു എന്നാണ് പറയപ്പെടുന്നത്. മല്‍സരം നടക്കുന്ന സ്റ്റേഡിയങ്ങള്‍ക്ക് സമീപത്തുള്ള നായ്ക്കളെയാണ് കൊന്നു തള്ളിയത് എന്നാണ് മൃഗസ്നേഹികള്‍ ആരോപിക്കുന്നത്. ഇതിന് തെളിവായി നിരവധി ചിത്രങ്ങളും ഇവര്‍ പുറത്ത് വിട്ടിട്ടുണ്ട്.

പ്രാകൃതമായ ഈ നടപടി അടിയന്തരമായി നിര്‍ത്തണമെന്നാവശ്യപ്പെട്ട്് മൊറോക്കോയിലെ പ്രമുഖ മൃഗസംരക്ഷണ സംഘടനകള്‍ ഫിഫാ സെക്രട്ടറി ജനറല്‍ മത്യാസ് ഗ്രാഫ്സ്ട്രോമിന് കത്തയച്ചിരിക്കുകയാണ്. ഫിഫ അധികാരികള്‍ ഈ ക്രൂരത കണ്ടില്ലെന്ന് നടിക്കുകയാണെന്നും

കത്തില്‍ ആരോപിക്കുന്നുണ്ട്. നായ്ക്കളെ കൂട്ടത്തോടെ കൊല്ലുന്നത് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ മൊറോക്കന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു എങ്കിലും ഈ ക്രൂരത തുടരുകയാണെന്ന് കത്തില്‍ സംഘടനയുടെ നേതാവായ ജെയിന്‍ ഗൂഡാള്‍ ചൂണ്ടിക്കാട്ടുന്നു.

നായ്ക്കളെ അങ്ങേയറ്റം ക്രൂരമായ രീതിയിലാണ് കൊല്ലുന്നതെന്നും അവര്‍ ആരോപിക്കുന്നു. ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകര്‍ തങ്ങളുടെ പേര് പറഞ്ഞ് നായ്ക്കളെ കൊല്ലുന്നതിനെതിരെ പ്രതികരിക്കണമെന്നും ഗൂഡാള്‍ ആവശ്യപ്പെട്ടു. ഇക്കൂട്ടത്തില്‍ നിരവധി മൃഗസ്നേഹികള്‍ ഉണ്ടെന്ന കാര്യവും അവര്‍ ഓര്‍മ്മിപ്പിച്ചു. തെരുവു നായ്ക്കളെ കൊല്ലുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ മൊറോക്കോയില്‍ ലോകകപ്പ് ഫുട്ബോള്‍ നടത്താന്‍ അനുവദിക്കരുതെന്നാണ് മൃഗസ്നേഹികള്‍ ആവശ്യപ്പെടുന്നത്.

തെരുവ് നായ്്ക്കള്‍ പെറ്റു പെരുകുന്നത് നിയന്ത്രിക്കാന്‍ നിവരവധി സംവിധാനങ്ങള്‍ ഉള്ളപ്പോള്‍ എന്തിനാണ് അവയെ കൂട്ടക്കൊല ചെയ്യുന്നതെന്നാണ് അവര്‍ ചോദിക്കുന്നത്. ഇക്കാര്യത്തില്‍ മൊറോക്കോയ്ക്ക് നിരവധി അന്താരാഷ്ട്ര സംഘടനകളുടെ സഹായം തേടാമെന്നും സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. മൊറോക്കോയില്‍ നിലവില്‍ തെരുവ് നായ്ക്കളെ വിഷം കുത്തി വെച്ചും ഭക്ഷണത്തില്‍ വിഷം ചേര്‍്ത്ത് കൊടുത്തുമാണ് കൊല്ലുന്നത്. ചില സ്ഥലങ്ങളില്‍ ഇവയെ വെടിവെച്ചു കൊല്ലുന്നതായും പറയപ്പെടുന്നു.

നായ്ക്കളെ കുരുക്കിട്ട് പിടിച്ചതിന് ശേഷം കൂട്ടത്തോടെ വാഹനങ്ങളില്‍ കയറ്റി കൊണ്ടു പോയി കൊല്ലുന്നതായും മൃഗസ്നേഹികള്‍ കുറ്റപ്പെടുത്തുന്നു. 2023 ല്‍ മൊറോക്കോ ഫിഫാ കപ്പ് മല്‍സരങ്ങള്‍ക്ക് വേദിയാകും എന്ന പ്രഖ്യാപനത്തിന് തൊട്ടു പിന്നാലെയാണ് നായ്ക്കളെ കൂട്ടത്തോടെ കൊല്ലാന്‍ ആരംഭിച്ചതെന്നാണ് പറയപ്പെടുന്നത്. ഈ സംഭവങ്ങളോട് ഫിഫാ അധികാരികള്‍ ഇനിയും പ്രതികരിച്ചിട്ടില്ല. ഫിഫ തങ്ങളുടെ ആവശ്യം നിരസിക്കുകയാണെങ്കില്‍ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് മൃഗസ്നേഹികളുടെ സംഘടന തീരുമാനിച്ചിട്ടുള്ളത്.

Tags:    

Similar News