തൃശൂര്‍ പൂരം അലങ്കോലപ്പെട്ടപ്പോള്‍ ആദ്യമെത്തിയ രാഷ്ട്രീയ നേതാവ് സുരേഷ് ഗോപി; ഗൂഢാലോചന ആരോപണത്തില്‍ കേന്ദ്രമന്ത്രിയെ രഹസ്യമായി ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം; ആരോപണം നിഷേധിച്ച് സുരേഷ് ഗോപി; അവിടെ എത്തിയത് പൊതുപ്രവര്‍ത്തകന്‍ എന്ന കടമ നിര്‍വ്വഹിക്കാനെന്ന് മറുപടി; അന്വേഷണം അന്തിമ ഘട്ടത്തില്‍

തൃശൂര്‍പൂരം അലങ്കോലമാക്കല്‍: സുരേഷ് ഗോപിയെ ചോദ്യം ചെയ്തു

Update: 2025-07-07 06:42 GMT

തൃശൂര്‍: തൃശൂര്‍പൂരം അലങ്കോലമാക്കല്‍ ഗൂഢാലോചന ആരോപണത്തില്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തി. തിരുവനന്തപുരത്ത് വെച്ച് അതീവ രഹസ്യമായിട്ടാണ് ചോദ്യം ചെയ്യല്‍ നടന്നത്. എഡിജിപി എച്ച്.വെങ്കിടേഷിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നത്.

പൂരം അലങ്കോലപ്പെട്ടപ്പോള്‍ ആദ്യമെത്തിയ രാഷ്ട്രീയ നേതാവ് സുരേഷ് ഗോപിയാണ്. എങ്ങനെയാണ് ആദ്യം അറിഞ്ഞതും സ്ഥലത്ത് എത്തിയതുമെന്ന് അന്വേഷണ സംഘം ആരാഞ്ഞു. ബിജെപി പ്രവര്‍ത്തകരാണ് വിവരം അറിയിച്ചത്. ഇതേത്തുടര്‍ന്ന് വളരെപ്പെട്ടെന്ന് ഇടപെടേണ്ടതിനാല്‍ അവിടെ എത്തിയെന്നും സുരേഷ് ഗോപി മൊഴി നല്‍കി. പൂരം അലങ്കോലപ്പെടുന്ന സമയത്ത് തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു സുരേഷ് ഗോപി. സേവാഭാരതിയുടെ ആംബുലന്‍സിലായിരുന്നു സുരേഷ് ഗോപി പൂരനഗരിയിലെത്തിയത്.

പൂരം അലങ്കോലപ്പെട്ടത് ആദ്യം അറിയിച്ചത് ബിജെപി പ്രവര്‍ത്തകരാണെന്നാണ് സുരേഷ് ഗോപി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്. ഇവര്‍ അറിയിച്ചതനുസരിച്ചാണ് താന്‍ സംഭവ സ്ഥലത്തേക്ക് എത്തിയതെന്നും അവിടെ എത്തിയത് പൊതുപ്രവര്‍ത്തകന്‍ എന്ന കടമ നിര്‍വ്വഹിക്കാനെന്നാണ് മറുപടി നല്‍കിയത്. പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് ആദ്യമായാണ് സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തുന്നത്.

ചടങ്ങുകള്‍ അലങ്കോലമായതിന്റെ പേരില്‍ തിരുവമ്പാടി വിഭാഗം പൂരം നിര്‍ത്തിവച്ചതിനു പിന്നാലെ പ്രശ്നം പരിഹരിക്കാനുള്ള ശ്രമവുമായി സുരേഷ് ഗോപി ആംബുലന്‍സില്‍ വന്നിറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. മറ്റു വാഹനങ്ങള്‍ക്കു പ്രവേശനമില്ലാതെ അടച്ചിട്ട മേഖലയിലേക്ക് ആംബുലന്‍സില്‍ സുരേഷ് ഗോപിയെ എത്തിച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് സിപിഐയും യുഡിഎഫും ആരോപണം ഉന്നയിച്ചിരുന്നു.

തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് ത്രിതല അന്വേഷണത്തിനാണ് മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നത്. ഇതില്‍ രണ്ട് അന്വേഷണം പൂര്‍ത്തിയായിരുന്നു. പൂരം കലക്കലിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണമാണ് തുടരുന്നത്. ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇക്കാര്യം അന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസമാണ് എഡിജിപി വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള സംഘം അതീവരഹസ്യമായി സുരേഷ് ഗോപിയെ ചോദ്യം ചെയ്തത്.

സംഭവത്തില്‍ അന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന സുരേഷ് ഗോപിക്കെതിരെ സിപിഐയും തൃശൂരിലെ ഇടതുസ്ഥാനാര്‍ത്ഥി വി എസ് സുനില്‍കുമാറും രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. സംഘപരിവാറിന്റെ ഗൂഢാലോചന പൂരം കലക്കലിന് പിന്നില്‍ ഉണ്ടെന്നും ആരോപണം ഉന്നയിച്ചിരുന്നു. പ്രദേശത്ത് പൊലീസ് ബാരിക്കേഡുകള്‍ വെച്ച് അടച്ചിരുന്നു. എന്നാല്‍ സുരേഷ് ഗോപിക്ക് സ്ഥലത്തേക്ക് പ്രവേശനം അനുവദിക്കുകയായിരുന്നു. സുരേഷ് ഗോപിക്ക് വേണ്ടിയാണ് പൂരം കലക്കിയതെന്നാണ് വി എസ് സുനില്‍കുമാര്‍ നേരത്തെ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കിയതെന്നാണ് സൂചന. ഗൂഢാലോചനയുമായി ബന്ധപ്പെട്ട അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ട്.

Tags:    

Similar News