ജിവിക്കാനായി ചിലരില്‍ നിന്ന് കടം വാങ്ങിയിട്ടുണ്ടെന്നും അതു പോലും വീട്ടാനായിട്ടില്ലെന്നും പറഞ്ഞത് വെളിപ്പെടുത്തലുകള്‍ക്ക് 'സഹതാപ' സ്വാധീനമുണ്ടാകാന്‍; ഇപ്പോള്‍ വീടിന് മുമ്പില്‍ 'കടക്കാര്‍' മാത്രം; തിരൂര്‍ സതീശന് പണി കൊടുത്തത് വെളിപ്പെടുത്തലില്‍ വ്രണപ്പെട്ട രാഷ്ട്രീയക്കാര്‍! ഇത് കുഴപ്പണത്തിലെ വേറിട്ട പ്രതികാരമോ?
തൃശ്ശൂര്‍: ഇത് തിരൂര്‍ സതീഷ് പിടിച്ച പുലിവാലിന്റെ കഥ. കൊടകര കുഴല്‍പ്പണക്കേസില്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയ ബി.െജ.പി. തൃശ്ശൂര്‍ ജില്ലാ ഓഫീസിലെ മുന്‍ സെക്രട്ടറി തിരൂര്‍ സതീഷ് പുതിയ പ്രതിസന്ധിയില്‍. പണം വാങ്ങിയാണ് സതീഷ് കുഴല്‍പ്പണത്തില്‍ വ്യാജ വെളിപ്പെടുത്തല്‍ നടത്തുന്നതെന്ന ബി.ജെ.പി. നേതാക്കളുടെ ആരോപണത്തിന് നല്‍കിയ മറുപടി വിനയായി മാറി. ജിവിക്കാനായി ചിലരില്‍നിന്ന് കടം വാങ്ങിയിട്ടുണ്ടെന്നും അതു പോലും വീട്ടാനായിട്ടില്ലെന്നുമായിരുന്നു സതീഷ് പറഞ്ഞത്. ഇതോടെ 'കടക്കാര്‍' വീട്ടിന് മുന്നില്‍ എത്തുകയാണ്. താന്‍ ഇതുവരെ കണ്ടിട്ടില്ലാത്തവര്‍ പോലും കുട്ടത്തിലുണ്ടെന്ന് സതീഷ് പറയുന്നു.
ഇത് പറഞ്ഞതിനു പിന്നാലെ തങ്ങളില്‍നിന്ന് പണം കടം വാങ്ങിയെന്നും ഉടന്‍ തിരികെ തരണമെന്നുമാവശ്യപ്പെട്ട് നിരവധി പേര്‍ സതീഷിന്റെ വീട്ടിലെത്തി. ഇവരില്‍ മിക്കവരേയും അറിയുക പോലുമില്ലെന്ന് സതീഷ് പറയുന്നു. വെളിപ്പെടുത്തലില്‍ വ്രണപ്പെട്ട രാഷ്ട്രീയക്കാരാണ് പലരേയും വീട്ടിലേക്ക് പറഞ്ഞയയ്ക്കുന്നതെന്നാണ് സതീഷിന്റെ ആരോപണം. ആര്‍ക്കെല്ലാമാണ് പണം നല്‍കാനുള്ളതെന്ന് അറിയാം. അവരോടെല്ലാം തിരിച്ചു നല്‍കുന്ന കാലാവധി കൃത്യമായി പറഞ്ഞിട്ടുണ്ട്. അവരാരും എത്തുന്നില്ലെന്നും സതീഷ് പറയുന്നു. ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനും ശോഭാ സുരേന്ദ്രനുമാണ് വ്യാജ കടക്കാരെ പറഞ്ഞ് അയയ്ക്കുന്നതെന്നാണ് സതീശന്‍ പറയാതെ പറയുന്നത്.
സതീഷിന്റെ വീടിനിപ്പോള്‍ പോലീസ് കാവലുണ്ട്. സമീപത്തെ വീട്ടിലെ സി.സി.ടി.വി. ക്യാമറ സതീഷിന്റെ വീടിന്റെ വഴിയിലേക്ക് കാണുന്ന വിധം മാറ്റിയിട്ടുണ്ട്. ഈ സുരക്ഷ ഒരുക്കിയതിനിടെയാണ് കടം തിരികെ ചോദിക്കാനെന്ന പോലെ പലരും എത്തുന്നതെന്നും സതീഷ് പറയുന്നു. കൊടകര കുഴല്‍പ്പണ ഇടപാടില്‍ താന്‍ കണ്ടകാര്യങ്ങള്‍ എല്ലാം മൊഴിയായി നല്‍കുമെന്ന് തിരൂര്‍ സതീശ് പറഞ്ഞിരുന്നു. പറഞ്ഞതെല്ലാം സത്യമായ കാര്യങ്ങളാണ്. അവയില്‍ ഉറച്ചു നില്‍ക്കുന്നു. ഇനിയും കൂടുതല്‍ രഹസ്യങ്ങള്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തും. പണം വന്നതും പോയ വഴികളും പൊലീസിനോട് പറയുമെന്നും അറിയിച്ചു. ഇതോടെ ബിജെപി നേതൃത്വം വെട്ടിലാകുന്ന അവസ്ഥയിലാണ്.
പറഞ്ഞ കാര്യങ്ങള്‍ക്ക് ഇതുവരെ പാര്‍ട്ടി നേതൃത്വം മറുപടി പറഞ്ഞിട്ടില്ല. പകരം വ്യക്തിഹത്യ നടത്തുകയാണ് ചെയ്തത്. സത്യങ്ങള്‍ വിളിച്ച് പറയാന്‍ പ്രത്യേക സമയങ്ങളില്ല. മനസ് പാകപ്പെട്ടെന്ന് ബോധ്യമായപ്പോള്‍ തുറന്നുപറയുകയാണ്. ഇവയില്‍ സത്യസന്ധയുണ്ടോ ഇല്ലെയെന്ന് പൊതുജനത്തിന് മനസിലാകും. കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണത്തിന് അനുമതി തേടി പൊലീസ് നാളെ കോടതിയെ സമീപിക്കാനിരിക്കയാണ്. ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശ് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണത്തിന് മുതിരുന്നത്. ഈ സാഹചര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ കൈമാറുമെന്നാണ് തിരൂര്‍ സതീശ് പറയുന്നത്. ഇതിനിടെ ശോഭാ സുരേന്ദ്രനുമായി തിരൂര്‍ സതീഷ് കൊമ്പു കോര്‍ക്കുകയും ചെയ്തു.
തന്റെ വീട്ടില്‍ ശോഭാ സുരേന്ദ്രന്‍ വന്നിട്ടില്ലെന്ന് പറയുന്നത് പച്ചക്കള്ളമാണെന്നും ഫോട്ടോ എടുത്തത് തന്റെ വീട്ടില്‍ വച്ചുതന്നെയാണെന്നും തിരൂര്‍ സതീശ് പറഞ്ഞിരുന്നു. തന്റെ അമ്മയ്ക്കൊപ്പം ശോഭാ സുരേന്ദ്രന്‍ നില്‍ക്കുന്ന മറ്റൊരു ഫോട്ടോയും സതീശ് പുറത്തുവിട്ടു. വടക്കാഞ്ചേരിയിലേക്ക് പോകുന്നതിനിടെയാണ് ശോഭാ സുരേന്ദ്രന്‍ ആറുമാസത്തിന് മുമ്പ് എന്റെ വീട്ടിലേക്ക് വന്നത്. അരമണിക്കൂര്‍ വീട്ടില്‍ ചെലവഴിച്ചു. മറ്റൊരു ദിവസം അമ്മയ്ക്കൊപ്പംനിന്ന് തറവാട്ടുവീട്ടിലും ഫോട്ടോയെടുത്തു. ശ്രീശന്‍ അടിയാട്ടുമായി എനിക്കു ബന്ധമില്ല. സി.പി.എം. നേതാവ് എ.സി. മൊയ്തീനെ കാണാന്‍ ഞാന്‍ എന്തിനാണ് പോകുന്നത്. കേരള ബാങ്കില്‍ വായ്പയെടുത്തിട്ടുണ്ടെങ്കിലും ഇതിന്റെ പേരില്‍ എം.കെ. കണ്ണനെ കണ്ടിട്ടില്ല.ബി.ജെ.പിയെ നശിപ്പിക്കലോ കെ. സുരേന്ദ്രനെ നശിപ്പിക്കലോ അല്ല എന്റെ പണി. 2021ല്‍ പാര്‍ട്ടി ഓഫീസില്‍ പണം വന്ന കാര്യം മാത്രമേ പറഞ്ഞിട്ടുള്ളു. പണം എത്തിച്ചുവെന്ന് ധര്‍മരാജന്‍ പോലും പറഞ്ഞുവല്ലോ. കെ. സുരേന്ദ്രന്‍ പാലക്കാട് ക്യാമ്പ് ചെയ്യുന്നതു തെരഞ്ഞെടുപ്പ് ഫണ്ട് വരുന്നത് കൊണ്ടാണ്.
ഞാന്‍ ശോഭാ സുരേന്ദ്രന്റെ പേര് പറഞ്ഞിട്ടില്ല. പറയാത്ത കാര്യത്തിന്റെ പേരിലാണ് ശോഭാ സുരേന്ദ്രന്‍ എനിക്കെതിരേ പറയുന്നത്. ശോഭാ സുരേന്ദ്രന്റെ ഒപ്പമുള്ള ഫോട്ടോ കൃത്രിമമായി ഉണ്ടാക്കിയതാണെന്നുള്ള തെറ്റിദ്ധാരണ ഉണ്ടാക്കുന്നവര്‍ ആ ചിത്രത്തിന്റെ സ്ഥലം പരിശോധിക്കണം. ആ ഫോട്ടോയില്‍ കാണുന്ന സ്ഥലത്തില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ല. ഈ വീട്ടില്‍വച്ചാണ് ചിത്രം എടുത്തത്.'-തിരൂര്‍ സതീശ് പറഞ്ഞത് ഇങ്ങനെയാണ്.
തിരൂര്‍ സതീശ്, ബിജെപി