ജില്ലാ കമ്മറ്റി അംഗമെന്ന പദവി നഷ്ടമായെങ്കിലും പിപി ദിവ്യയ്ക്ക് ചിരിക്കാം; നവീന്‍ ബാബുവിന്റെ ആത്മഹത്യാ കേസില്‍ ദിവ്യയ്ക്ക് ജാമ്യം അനുവദിച്ച് തലശ്ശേരി കോടതി; കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജയിലില്‍ നിന്നും പുറത്തേക്ക്; നിര്‍ണ്ണായകമായത് കളക്ടറുടെ 'തെറ്റുപറ്റിയെന്ന' വെളിപ്പെടുത്തല്‍; എഡിഎം കേസില്‍ 11-ാം നാള്‍ ദിവ്യ പുറത്തേക്ക്

Update: 2024-11-08 05:36 GMT

കണ്ണൂര്‍: നവീന്‍ ബാബു ആത്മഹത്യാ കേസില്‍ പിപി ദിവ്യയ്ക്ക് ജാമ്യം. തലശ്ശേരി കോടതിയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും പുറത്തിറങ്ങിയാല്‍ തെളിവ് നശിപ്പിക്കുമെന്ന ആശങ്കയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. ഇത് കോടതി തള്ളി. ജയിലിലായി പതിനൊന്നാം നാളിലാണ് ദിവ്യയ്ക്ക് ജാമ്യം കിട്ടുന്നത്. ഇന്ന് തന്നെ അവര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പുറത്തേക്ക് വരും.

എഡിഎം കെ.നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ റിമാന്‍ഡിലാണ് ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി മുന്‍ അംഗവുമായ പി.പി.ദിവ്യ. ദിവ്യയെ സിപിഎം കഴിഞ്ഞ ദിവസം എല്ലാ സ്ഥാനമാനങ്ങളില്‍ നിന്നും നീക്കിയിരുന്നു. ഇതോടെ സാധാരണ പാര്‍ട്ടി അംഗമായി ദിവ്യ. അതിന് പിന്നാലെയാണ് ജാമ്യ ഹര്‍ജിയും തള്ളുന്നത്. ജാമ്യാപേക്ഷയെ എതിര്‍ത്ത് നവീന്റെ ഭാര്യ മഞ്ജുഷയും ഹര്‍ജിയില്‍ കക്ഷിചേര്‍ന്നിരുന്നു. നിലവില്‍ പള്ളിക്കുന്ന് വനിതാ ജയിലില്‍ കഴിയുകയാണ് ദിവ്യ. ടൗണ്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയതിനെത്തുടര്‍ന്നാണ് ദിവ്യ കീഴടങ്ങിയത്. പിന്നീട് ജാമ്യ ഹര്‍ജി നല്‍കി. ഇതാണ് അനുവദിക്കുന്നത്. ഇതിനെതിരെ നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയെ സമീപിക്കാന്‍ സാധ്യതയുണ്ട്.

അന്വേഷണവുമായി ദിവ്യ സഹകരിച്ചെന്നും പൊലീസില്‍ കീഴടങ്ങിയെന്നും ദിവ്യയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. പമ്പ് സ്ഥാപിക്കാന്‍ സംരംഭകനായ പ്രശാന്ത് എഡിഎമ്മിന് കൈക്കൂലി കൊടുത്തെന്ന് ഡിഎംഇയുടെ റിപ്പോര്‍ട്ടുണ്ട്. തനിക്ക് തെറ്റുപറ്റിയെന്ന് നവീന്‍ ബാബു കലക്ടറോട് പറഞ്ഞിരുന്നു. തെറ്റുപറ്റിയെന്ന് പറയുന്നത് പണം വാങ്ങിയതിനു തുല്യമാണെന്നും ദിവ്യയുടെ അഭിഭാഷകന്‍ വാദിച്ചു. പമ്പിന് അനുമതിപത്രം ലഭിക്കുന്നതിന് എഡിഎമ്മിന് കൈക്കൂലി നല്‍കിയെന്ന് പ്രശാന്തും പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഈ മൊഴിയാണ് മുഖവിലയ്‌ക്കെടുക്കേണ്ടത്. എഡിഎമ്മും പ്രശാന്തും തമ്മില്‍ കണ്ടതിന് സിസിടിവി ദൃശ്യങ്ങള്‍ തെളിവായുണ്ടെന്നും അഭിഭാഷകന്‍ വാദിച്ചത് ഇങ്ങനെയാണ്. ഇതെല്ലാം കോടതി മുഖവിലയ്ക്ക് എടുത്തു.

ജാമ്യം നല്‍കിയാല്‍ പി.പി.ദിവ്യ സാക്ഷികളെ സ്വാധീനിക്കുമെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. എഡിഎമ്മിനെതിരായ കൈക്കൂലി ആരോപണത്തില്‍ തെളിവില്ല. പെട്രോള്‍ പമ്പിനുള്ള നിരാക്ഷേപ പത്രം എഡിഎം വൈകിച്ചിട്ടില്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. പി.പി.ദിവ്യ അന്വേഷണവുമായി സഹകരിച്ചില്ലെന്ന് എഡിഎമ്മിന്റെ കുടുംബത്തിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. കലക്ടര്‍ അരുണ്‍ കെ.വിജയന്‍ നവീന്‍ബാബുവുമായി സൗഹൃദമുള്ള ആളല്ല. കലക്ടറോട് നവീന്‍ ബാബു കുറ്റസമ്മതം നടത്തിയെന്ന ദിവ്യയുടെ വാദം തെറ്റാണ്. കലക്ടര്‍ അവധിപോലും നല്‍കാത്ത ആളാണ്. മാനസിക ഐക്യം ഇല്ലാത്ത ആളോട് ആരും കുറ്റസമ്മതം നടത്തില്ല. എഡിഎമ്മിന് കൈക്കൂലി കൊടുത്തെങ്കില്‍ എന്തുകൊണ്ട് പ്രശാന്തിനെതിരെ നടപടിയെടുത്തില്ലെന്നും കുടുംബത്തിന്റെ അഭിഭാഷകന്‍ ചോദിച്ചിരുന്നു. എന്നാല്‍ ഇതൊന്നും കോടതി വിധിയെ സ്വാധീനിച്ചില്ല.

എഡിഎം ജീവനൊടുക്കിയ സംഭവത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട പി.പി.ദിവ്യ മരണം നടന്ന് 14ാം ദിവസമാണ് കീഴടങ്ങിയത്. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയിലെ വാദങ്ങള്‍ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി കെ.ടി.നിസാര്‍ അഹമ്മദ് നേരത്തെ തള്ളിയിരുന്നു. പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റം ലഭിച്ച നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍ വിളിക്കാതെ എത്തിയ ദിവ്യ വിമര്‍ശനം ഉന്നയിച്ചതിനു പിറ്റേന്നാണ് എഡിഎം ആത്മഹത്യ ചെയ്ത്. പെട്രോള്‍ പമ്പിന് നിരാക്ഷേപ പത്രം വൈകിയത് എഡിഎം കൈക്കൂലി ചോദിച്ചതു കൊണ്ടാണെന്ന സൂചനയാണ് ദിവ്യയുടെ പ്രസംഗത്തില്‍ ഉണ്ടായിരുന്നത്.

നവീന്‍ ബാബു കൈക്കൂലി വാങ്ങിയിട്ടില്ലെന്നായിരുന്നു റവന്യൂ വകുപ്പിന്റെ കണ്ടെത്തല്‍. വിവാദത്തെ തുടര്‍ന്ന് ദിവ്യയെ ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്ന് സിപിഎം ഒഴിവാക്കി. ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്നു ദിവ്യ. ഈ സ്ഥാനങ്ങളെല്ലാം കഴിഞ്ഞ ദിവസം പോയി. 36ാം വയസ്സിലാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ പ്രസിഡന്റാകുന്നത്. കല്യാശ്ശേരി ഡിവിഷനില്‍നിന്ന് 22,576 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ജയം. അതിനു മുന്‍പുള്ള ഭരണസമിതിയില്‍ വൈസ് പ്രസിഡന്റായിരുന്നു.

Tags:    

Similar News