കുത്തിറക്കമുള്ള കുട്ടിക്കാനം വളവുകളിലൂടെ ബ്രേക്ക് നഷ്ടപ്പെട്ട് പാഞ്ഞ കെ എസ് ആര്‍ ടി സി ബസ്; ആ ബസിന്റെ മുന്‍പിലെക്ക് ഒരാള്‍ ജീപ്പ് ഓടിച്ചുകയറ്റുന്നത് കണ്ട ബസ് ഡ്രൈവര്‍ അന്തംവിട്ടു; ആ സാഹസികത അന്ന് രക്ഷിച്ചത് 105 അയ്യപ്പഭക്തരുടെ ജീവന്‍; കാഞ്ഞിരപ്പള്ളി അച്ചായന്‍മാരുടെ തന്റേടത്തിന്റെയും കരളുറപ്പിന്റെയും പ്രതികം; ടി ജെ കരിമ്പനാല്‍ ഇനി ഓര്‍മ

ടി ജെ കരിമ്പനാല്‍ ഇനി ഓര്‍മ

Update: 2025-07-07 05:45 GMT

കോട്ടയം: കാഞ്ഞിരപ്പള്ളി അച്ചായന്‍മാരുടെ തന്റേടത്തിന്റെയും കരളുറപ്പിന്റെയും പ്രതികമായിരുന്ന അപ്പച്ചന്‍ കരിമ്പനാല്‍ എന്ന ടി.ജെ. കരിമ്പനാല്‍ ഇനി ഓര്‍മ. പുതിയ തലമുറയ്ക്ക് ഒരുപക്ഷെ ടി.ജെ. കരിമ്പനാല്‍(87) ഒരു പ്ലാന്റര്‍ മാത്രമാകാം. എന്നാല്‍, കാഞ്ഞിരപ്പള്ളിക്കാരായ പഴയ തലമുറ ഇന്നും ധീരതയുടെ പര്യായമായി പറയുന്ന പേരാണ് അപ്പച്ചന്‍ കരിമ്പനാല്‍. ബ്രേക്ക് നഷ്ടപ്പെട്ട് നിറയെ ശബരിമല തീര്‍ത്ഥാടകരായ യാത്രക്കാരുമായി കുത്തിറക്കമുള്ള കുട്ടിക്കാനം വളവുകളിലൂടെ കുതിച്ചുപാഞ്ഞ ആ കെഎസ്ആര്‍ടിസി ബസ് തന്റെ മിലിട്ടറി ജീപ്പുകൊണ്ട് ഇടിപ്പിച്ചുനിര്‍ത്തി യാത്രക്കാരുടെ ജീവന്‍രക്ഷിച്ച അപ്പച്ചന്‍ തന്റേടത്തിന്റെ ആള്‍രൂപമാണ് അവര്‍ക്ക് ഇന്നും.

1986 നവംബറിലായിരുന്നു സംഭവം. പ്ലാന്ററായിരുന്ന ടി ജെ കരിമ്പനാല്‍ ചെറുവള്ളിക്കുളത്തെ എസ്റ്റേറ്റില്‍നിന്നു കാഞ്ഞിരപ്പള്ളിയിലേക്കു വരികയായിരുന്നു. മിലിറ്ററിയില്‍നിന്ന് ലേലത്തില്‍ വാങ്ങിച്ച ജീപ്പ് ഓടിച്ചു വരുന്നതിനിടെ കെ കെ റോഡില്‍ മരുതുംമൂടിനു മുകളിലെ വളവു തിരഞ്ഞപ്പോള്‍ മുന്നില്‍ പോകുന്ന കെഎസ്ആര്‍ടിസി ബസില്‍നിന്ന് യാത്രക്കാരായ ശബരിമല തീര്‍ത്ഥാടകരുടെ നിലവിളി കേട്ടു.

ബസിന്റെ ബ്രേക്ക് പോയതാണെന്ന് അദ്ദേഹത്തിന് മനസ്സിലായി. ഗിയര്‍ ഡൗണ്‍ ചെയ്തും കല്ലുകളുടെ മുകളില്‍ കയറ്റിയുമൊക്കെ ബസ് നിര്‍ത്താന്‍ ഡ്രൈവര്‍ കഴിയുന്നവിധം ശ്രമിക്കുന്നുണ്ടായിരുന്നു. ഒരു നിമിഷം പോലും ചിന്തിച്ചു കളയാതെ അതുവരെ ജീപ്പിന്റെ പിന്നിലിരുന്ന തന്റെ ഡ്രൈവറോടു ജീപ്പിനുള്ളിലൂടെ മുന്‍സീറ്റിലേക്ക് വരാന്‍ അപ്പച്ചന്‍ ആവശ്യപ്പെട്ടു. പിന്നാലെ അദ്ദേഹം ബസിനെ ഓവര്‍ടേക്ക് ചെയ്തു. ബ്രേക്ക് പോയ ബസിന്റെ മുന്‍പില്‍ ഒരാള്‍ ജീപ്പ് ഓടിച്ചുകയറ്റുന്നത് കണ്ട് ബസിന്റെ ഡ്രൈവര്‍ അന്തംവിട്ടു.

മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദവും കരാട്ടെ ബ്രൗണ്‍ ബെല്‍റ്റുമുണ്ടായിരുന്ന അപ്പച്ചന്‍ ജീപ്പ് ബസിനു മുന്നില്‍ക്കയറ്റിയ ശേഷം 4 വീല്‍ ഡ്രൈവ് മോഡിലാക്കി വേഗം കുറച്ചു കുറച്ചു വന്നു ബസിന്റെ മുന്‍ഭാഗം ജീപ്പിന്റെ പിന്നില്‍ ഇടിക്കാന്‍ അവസരം കൊടുത്തു. ആദ്യം കാര്യം മനസിലാകാതെ അന്തംവിട്ട ബസ് ഡ്രൈവര്‍ക്ക്, മുന്നിലെ ജീപ്പിലെ ഡ്രൈവര്‍ തങ്ങളെ രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് മനസിലായി. മനസന്നിധ്യത്തോടെ അവസരത്തിനൊത്തുയര്‍ന്ന ബസ് ഡ്രൈവര്‍ ജീപ്പിന്റെ പിന്നില്‍ ബസ് ശരിയായി കൊള്ളിച്ച് ഇടിപ്പിക്കുവാന്‍ ശ്രമിച്ചു. ജീപ്പിന്റെ പിന്നില്‍ ബസ് ഇടിച്ചതോടെ ജീപ്പ് ബ്രേക്ക് ചെയ്തു. ഇതോടെ ജീപ്പും ബസും ഓട്ടം നിലച്ച് നിന്നു.

ജീപ്പിനോട് ഭ്രമമുള്ള അപ്പച്ചന്‍ മിലിട്ടറിയില്‍നിന്ന് ലേലത്തില്‍ വാങ്ങിയ ജീപ്പിലായിരുന്നു അന്നത്തെ യാത്ര. സ്വന്തംജീവന്‍ പണയംവെച്ചായിരുന്നു ഒരു ബസ് നിറച്ചുണ്ടായിരുന്ന യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചത്. നവംബര്‍ മാസത്തിലായിരുന്നു അപകടം.

പൊന്‍കുന്നം ഡിപ്പോയിലെ ബസ് കുമളിയില്‍നിന്ന് എരുമേലിക്ക് ശബരിമല തീര്‍ഥാടകരുമായി പോയതാണ്. സീറ്റിലുള്ളവരെ കൂടാതെ നിരവധി തീര്‍ഥാടകര്‍ ബസിനുള്ളിലുണ്ട്. കെകെ റോഡില്‍ മരുതുംമൂട് വളവിന് മുമ്പേ ബ്രേക്ക് നഷ്ടപ്പെട്ട ബസ് ഡ്രൈവറുടെ നിയന്ത്രണത്തിനപ്പുറത്തായപ്പോഴായിരുന്നു സാഹസികമായ ആ രക്ഷിക്കല്‍.

ജീപ്പ് ബസിന് പിന്നിലായിരുന്നു. മുന്നിലുള്ള ബസിന്റെ പോക്ക് ശരിയല്ലെന്നുകണ്ടതോടെ അപകടം മുന്നില്‍കണ്ടു. കുത്തിറക്കവും വളവുമുള്ള റോഡില്‍ ബസ് താഴേക്ക് പതിക്കാന്‍ സാധ്യതയേറെ. ബസിനുള്ളില്‍നിന്ന് യാത്രക്കാരുടെ ശരണംവിളിയും ആര്‍ത്തനാദവും കേള്‍ക്കാം. തന്റെ ഡ്രൈവറെ പിന്‍സീറ്റിലിരുത്തി ജീപ്പോടിച്ചിരുന്ന അപ്പച്ചന്‍ തന്റെ ഡ്രൈവിങ് മികവ് തെളിയിച്ചുകൊണ്ട് ബസിനെ മറികടന്ന് മുന്‍പിലെത്തി. നീണ്ട ഹോണടിച്ച് ജീപ്പ് മാറ്റാന്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ സൂചന നല്‍കിയെങ്കിലും മനസ്സാന്നിധ്യം കൈവിടാതെ ബസിന് മുന്‍പില്‍തന്നെ ഫോര്‍വീല്‍ ഡ്രൈവ് മോഡിലാക്കി ജീപ്പ് വേഗംകുറച്ച് ബസിടിക്കാന്‍ പാകത്തില്‍ സൗകര്യമൊരുക്കി. 105 അയ്യപ്പഭക്തരുടെ ജീവന്‍ രക്ഷിച്ച ടി.ജെ. കരിമ്പനാലിന്റെ അസാമാന്യ ധൈര്യത്തെ എല്ലാവരും അഭിനന്ദിച്ചിരുന്നു.

തിരുവനന്തപുരം സിഇടി എന്‍ജീനീയറിങ് കോളേജില്‍നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിജയിച്ച അപ്പച്ചന്‍ കരാട്ടെ വിദഗ്ധനുമായിരുന്നു. കരാട്ടെയില്‍ ലഭിച്ച ധൈര്യവും യാത്രക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ തുണച്ചു.കുറെക്കാലം ജര്‍മനിയില്‍ എന്‍ജിനീയറായി ജോലിചെയ്ത അദ്ദേഹം പിന്നീട് നാട്ടില്‍ മടങ്ങിയെത്തി കൃഷിയില്‍ തുടരുകയായിരുന്നു. സഹോദരന് ഉണ്ടായ അപകടത്തെത്തുടര്‍ന്നാണ് നാട്ടിലെത്തിയത്. പിന്നാലെ കൃഷിയും തോട്ടത്തിന്റെ ചുമതലകളും ഏറ്റെടുക്കുകയായിരുന്നു.

Tags:    

Similar News