അഞ്ഞൂറും ആയിരവും രണ്ടായിരവും കോടി മുടക്കുന്ന ദേശീയ പാതകളില്‍ ടോള്‍ പിരിക്കുന്ന കേന്ദ്രം; കിഫ്ബിയുടെ ആലോചന 50 കോടി ചെലവുള്ള റോഡുകളിലെ യൂസര്‍ ഫീ മോഹം; സിപിഐ കനിഞ്ഞാല്‍ ഇടറോഡുകളില്‍ നിന്നും പുറത്തിറങ്ങിയാല്‍ വാഹനം ഓടിക്കുന്നവരുടെ പോക്കറ്റ് ഇനി കീറും; കെ ടോള്‍ കൊലച്ചതിയാകും
തിരുവനന്തപുരം: ദേശീയപാതകളിലേതു പോലെ കിഫ്ബി റോഡുകളിലും ടോള്‍ പിരിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കം വിവാദത്തിലേക്ക്. ഈ നയത്തെ സിപിഐ അംഗീകരിക്കില്ല. ഇതോടെ ബ്രൂവറിയ്ക്ക് പിന്നാലെ മറ്റൊരു വിഷയവും സിപിഎമ്മിന് തലവേദനയായി മാറും. ടോള്‍ പിരിവ് ഇടതുനയത്തിനു വിരുദ്ധം എന്നതാണ് ഇതിന് കാരണം .ദേശീയപാതകളിലെ ടോള്‍ പിരിവിനെ അതിരൂക്ഷമായി വിമര്‍ശിച്ച പാര്‍ട്ടിയാണ് സി.പി.എം. മഹാരാഷ്ട്രയിലും മറ്റും ദേശീയപാതയുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങള്‍ക്കും നേതൃത്വംനല്‍കി. ഈ സാഹചര്യത്തില്‍ ടോളുമായി മുമ്പോട്ട് പോകുന്നത് വലിയ വിവാദമാകും. 50 കോടിയിലേറെ മുതല്‍മുടക്കി നിര്‍മിക്കുന്ന റോഡുകളില്‍ ടോള്‍ പിരിക്കാനുള്ള സാധ്യതാപഠനം നടത്തുകയാണ് കിഫ്ബി. വരുമാനമാര്‍ഗമുണ്ടാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോവാനാണ് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലുള്ള ഉന്നതതലയോഗത്തിന്റെ അനുമതി. കിഫ്ബിയെ സ്വതന്ത്ര ഏജന്‍സിയായി നിര്‍ത്താനാണ് ഈ നീക്കം.
ദേശീയ പാതകളില്‍ കേന്ദ്ര സര്‍ക്കാര്‍ ടോള്‍ പിരിക്കുന്നുണ്ട്. അത് അഞ്ചൂറും ആയിരവും രണ്ടായിരം കോടിയും ചെലവാകുന്ന പദ്ധതികള്‍ക്കാണ്. എന്നാല്‍ കേരളം ആലോചിക്കുന്നത് കിഫ്ബി വഴി അമ്പത് കോടിയ്ക്ക് മുകളില്‍ ചെലവ് വരുന്ന പദ്ധതികള്‍ക്ക് യൂസര്‍ ഫീ എന്ന പേരില്‍ ടോള്‍ പിരിക്കാനാണ്. കേരളത്തിലെ മിക്കവാറും റോഡുകള്‍ക്ക് അമ്പത് കോടിയില്‍ അധികം ചെലവിട്ട് നിര്‍മ്മിച്ചയാണ്. മിക്ക പി ഡബ്ല്യു ഡി റോഡുകളും ഈ ഗണത്തിലാണ്. തദ്ദേശ സര്‍ക്കാരുകളുടെ നിയന്ത്രണത്തിലുള്ള ഇട റോഡുകള്‍ ഒഴിച്ച് ബാക്കിയെല്ലാം ഈ പരിധിയില്‍ വരും. അതായത് പുറത്തിറങ്ങണമെങ്കില്‍ ടോള്‍ കൊടുക്കേണ്ട അവസ്ഥ വരും. വന്‍ മുതല്‍ മുടക്കിലുള്ള കേന്ദ്ര റോഡുകളുമായി അമ്പതു കോടി മുതല്‍ മുടക്കിലെ റോഡുകള്‍ക്ക് യൂസര്‍ ഫീ പിരിക്കുന്നതിനെ താരതമ്യം ചെയ്യുന്ന തട്ടിപ്പാണ് കേരളത്തില്‍ നടക്കാന്‍ പോകുന്നത്. കിഫ്ബിയ്ക്കായി ഇന്ധന സെസ് പരിക്കുന്നുണ്ട്. കേരളത്തില്‍ പെട്രോള്‍-ഡീസല്‍ വില ഉയര്‍ത്തി നിര്‍ത്തുന്നതും ഈ സെസുകളാണ്. ഇതിനൊപ്പമാണ് യൂസര്‍ ഫീ ചര്‍ച്ചകളും. കെ ടോള്‍ എന്ന പേരും ഇതിന് സോഷ്യല്‍ മീഡിയ നല്‍കിയിട്ടുണ്ട്.
കിഫ്ബി വഴിയാണ് കേരളത്തിലെ റോഡ് വികസനം പ്രധാനമായും നടക്കുന്നത്. സെസ് പിരിച്ച് കിഫ്ബിയ്ക്ക് കൊടുക്കും. കിഫ്ബി കടമെടുത്ത് റോഡ് പണിയും. ഈ മോഡലില്‍ കിഫ്ബി എടുക്കുന്ന ലോണുകളും സംസ്ഥാനത്തിന്റെ കണക്കില്‍ കേന്ദ്രം ഉള്‍പ്പെടുത്തുന്നു. കിഫ്ബിയ്ക്ക് സ്വന്തമായ വരുമാന മാര്‍ഗ്ഗം ഇല്ലാത്തതാണ് ഇതിന് കാരണമായി പറയുന്നത്. ഇത് മറികടക്കാനാണ് ടോള്‍ ഏര്‍പ്പെടുത്തുന്നത്. ഇതോടെ കിഫ്ബിയ്ക്ക് സ്വന്തമായി വരുമാന മാര്‍ഗ്ഗമെത്തും. ഇതോടെ കിഫ്ബി സ്വന്തം കാലില്‍ നില്‍ക്കുമത്രേ. ഫലത്തില്‍ കേരളത്തിലെ റോഡ് വികസനത്തില്‍ നിന്നും സര്‍ക്കാര്‍ പൂര്‍ണ്ണമായും പിന്മാറുന്ന സ്ഥിതിയും വരും.
കേരളത്തില്‍ ദേശീയപാതാ വികസത്തിനുള്ള ചര്‍ച്ചകള്‍ തുടങ്ങിയ വേളയിലും ടോള്‍ പിരിവിനെ സി.പി.എം. എതിര്‍ത്തിരുന്നു. ഇതിനെല്ലാം പുറമേ, ഒന്നാം പിണറായി സര്‍ക്കാരില്‍ പൊതുമരാമത്തു മന്ത്രിയായിരുന്ന ജി. സുധാകരന്‍ സംസ്ഥാനപാതകളില്‍ ടോള്‍ വേണ്ടെന്നും തീരുമാനിച്ചു. ഇങ്ങനെ, ഏറെക്കാലമായി സി.പി.എം. പിന്തുടരുന്ന നയത്തിലാണ് ഇപ്പോഴത്തെ പൊളിച്ചെഴുത്ത്. അതും മുഖ്യമന്ത്രിയുടെ മരുമകനായ മുഹമ്മദ് റിയാസ് പൊതു മരാമത്ത് വകുപ്പ് ഭരിക്കുമ്പോള്‍. 2019 ജൂണ്‍ 14-ന് നിയമസഭയില്‍, കിഫ്ബി നടപ്പാക്കുന്ന പദ്ധതികളില്‍നിന്ന് വരുമാനം ലഭ്യമാക്കാന്‍ യൂസര്‍ഫീയോ ടോളോ പിരിക്കുന്ന കാര്യം ആലോചനയിലുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു ധനമന്ത്രി തോമസ് ഐസക്കിന്റെ മറുപടി. ടോള്‍ പിരിവ് ഉള്‍പ്പെടെയുള്ള വരുമാനമാര്‍ഗങ്ങളാവാമെന്ന് കിഫ്ബി നിയമം അനുശാസിക്കുന്നുണ്ടെങ്കിലും സി.പി.എമ്മിന്റെ പ്രഖ്യാപിത നയമനുസരിച്ചായിരുന്നു കേന്ദ്രകമ്മിറ്റിയംഗമായ തോമസ് ഐസക്കിന്റെ മറുപടി.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷവും ടോള്‍ പിരിവിനെതിരേ നിലപാട് വ്യക്തമാക്കി സി.പി.എം. പൊളിറ്റ്ബ്യൂറോ പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. തിരഞ്ഞെടുപ്പ് പൂര്‍ത്തിയായപ്പോള്‍ റോഡ് ടോള്‍ ടാക്‌സ് അഞ്ചുശതമാനമായി കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചെന്നും ജനങ്ങളുടെ യാത്രച്ചെലവിനു പുറമേ, നിത്യോപയോഗ സാധനങ്ങള്‍ക്കും വില കൂടുമെന്നും വിമര്‍ശിച്ചു. 2024 ജൂണ്‍ മൂന്നിനാണ് ഈ പ്രസ്താവന. ഈ നിലപാടുകളെല്ലാം കാറ്റില്‍ പറത്തിയാണ് സര്‍ക്കാരിന്റെ നീക്കം.
കിഫ്ബി റോഡുകളില്‍ ടോള്‍ പിരിക്കുന്നതിനെക്കുറിച്ച് എല്‍.ഡി.എഫില്‍ ആലോചന നടന്നിട്ടുണ്ടെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ പറയുന്നു. അതേസമയം, ഇക്കാര്യം തീരുമാനിച്ചിട്ടില്ലെന്ന് സി.പി.എം. സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദനും ധനമന്ത്രി കെ.എന്‍. ബാലഗോപാലും പ്രതികരിച്ചു. കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ വന്‍കിട പദ്ധതികളില്‍നിന്ന് വരുമാനമുണ്ടാക്കാനുള്ള സംവിധാനം സംസ്ഥാനം ഉപയോഗിക്കേണ്ടിവരുമെന്ന് ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. ടോള്‍ പിരിവിന്റെ കാര്യം മന്ത്രിസഭയില്‍ വരട്ടെയെന്നും അപ്പോള്‍ ആലോചിക്കാമെന്നും അദ്ദേഹം പറഞ്ഞു. വികസനത്തിനായി കടംവാങ്ങി പദ്ധതികള്‍ ആസൂത്രണംചെയ്യുകയാണ് കിഫ്ബിയെന്നും അതിന്റെ ഭാഗമായി എന്തൊക്കെ ചെയ്യേണ്ടിവരുമെന്നത് ആലോചിച്ച് തീരുമാനിക്കേണ്ട കാര്യമാണെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
കിഫ്ബി റോഡുകളിലെ ടോള്‍ പിരിവില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ വ്യക്തമാക്കി. ഏതൊക്കെത്തരത്തില്‍ റവന്യു വരുമാനമുണ്ടാക്കാനുള്ള പരിശോധന നടക്കുന്നുവെന്നാണ് പറഞ്ഞത്. കിഫ്ബിക്ക് റവന്യു വരുമാനമുണ്ടാക്കുന്ന പ്രവര്‍ത്തനം വേണമെന്നുണ്ട്. നമ്മള്‍ പണിയുന്നതെല്ലാം സൗജന്യമായി കൊടുക്കാനാവില്ല. വലിയ പലിശയ്‌ക്കെടുക്കുന്ന വായ്പയാണ് ഇതിനൊക്കെ ഉപയോഗിക്കുന്നത്. അതുകൊണ്ട് എവിടെനിന്നൊക്കെ വരുമാനമുണ്ടാക്കാനാവുമെന്ന് പരിശോധിക്കേണ്ടിവരും -ധനമന്ത്രി വിശദീകരിക്കുന്നത് ഇങ്ങനെയാണ്. വിവാദം സജീവമാകുന്ന സാഹചര്യത്തില്‍ ഈ തീരുമാനം സംസ്ഥാന സര്‍ക്കാര്‍ വേണ്ടെന്ന് വയ്ക്കുമെന്നാണ് സൂചന.