വ്യാജ വാര്‍ത്ത: മംഗളം പത്രത്തിന്റെ മുന്‍ മേധാവി അജിത്കുമാറും റിപ്പോര്‍ട്ടര്‍ കെകെ സുനിലും കുറ്റക്കാര്‍; മുന്‍ ചീഫ് സെക്രട്ടറി ടോം ജോസിന്റെ കേസില്‍ ഇരുവര്‍ക്കും നാലുമാസം തടവും 50000 രൂപ പിഴയുമിട്ട് കോടതി; വാര്‍ത്ത മുക്കി രക്ഷിച്ച് പത്രങ്ങളും ചാനലുകളും

Update: 2024-11-09 07:35 GMT

കൊച്ചി: മുന്‍ ചീഫ് സെക്രട്ടറി ടോം ജോസ് ഐഎഎസ് നല്‍കിയ മാനനഷ്ടക്കേസില്‍ മംഗളം പബ്ലിക്കേഷന്റെ അസോസിയേറ്റ് എഡിറ്റര്‍ ആയിരുന്ന ആര്‍.അജിത്കുമാര്‍, റിപ്പോര്‍ട്ടര്‍ കെ.കെ.സുനില്‍ എന്നിവരെ ശിക്ഷിച്ച് കോടതി. ഐപിസി സെക്ഷന്‍ 500 പ്രകാരം അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരാണെന്ന് എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (സാമ്പത്തിക കുറ്റകൃത്യങ്ങള്‍) കണ്ടെത്തി. എന്നാല്‍ ഈ വാര്‍ത്ത കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളൊന്നും നല്‍കിയില്ലെന്നതാണ് വസ്തുത.

ഇരുവര്‍ക്കും 4 മാസത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. മംഗളം പ്രസിദ്ധീകരണങ്ങള്‍ ഐപിസി സെക്ഷന്‍ 500 പ്രകാരം അപകീര്‍ത്തിപ്പെടുത്തുകയും ഐപിസി സെക്ഷന്‍ 502 പ്രകാരം അപകീര്‍ത്തികരമായ കാര്യങ്ങള്‍ അടങ്ങിയ അച്ചടിച്ച വസ്തുക്കള്‍ വില്‍ക്കുകയും ചെയ്തുവെന്നായിരുന്നു ആരോപണം. ഇത് രണ്ടും കോടതി ശരിവച്ചു. മംഗളത്തിന്റെ കമ്പനിക്ക് 2000 രൂപ പിഴ ചുമത്തി. ഓരോ കുറ്റത്തിനും 50,000 പിഴ അടയ്ക്കാന്‍ കമ്പനി വിസമ്മതിച്ചാല്‍, ഓരോ കുറ്റത്തിനും പ്രസിദ്ധീകരണത്തിന്റെ എഡിറ്ററും പ്രസാധകനും 3 മാസത്തെ തടവ് അനുഭവിക്കണം.

വിജിലന്‍സ് വകുപ്പിന്റെ ഉന്നത ഓഫീസുകളില്‍ സ്വാധീനം ചെലുത്താന്‍ പരാതിക്കാരന്‍ ശ്രമിച്ചുവെന്ന് 12.04.2015ന് മംഗളം ദിനപത്രം കൊച്ചി എഡിഷന്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ കേസു കൊടുത്തത്. മഹാരാഷ്ട്രയില്‍ കോടികളുടെ ഫ്‌ളാറ്റും എറണാകുളം കടവന്ത്രയില്‍ 1.5 കോടിയുടെ ഫ്‌ളാറ്റും പരാതിക്കാരന്‍ വാങ്ങിയെന്നായിരുന്നു മംഗളത്തിലെ വാര്‍ത്ത. ഇതില്‍ വസ്തുതയില്ലെന്നും ഫ്‌ളാറ്റോ വസ്തുവോ വാങ്ങിയതിന് തനിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടില്ലെന്നും പരാതിക്കാരന്‍ കോടതിയെ അറിയിച്ചു. വിചാരണ വേളയില്‍ ടോം ജോസിനെതിരെ വിജിലന്‍സ് അന്വേഷണം ഉണ്ടായിരുന്നെങ്കിലും പിന്നീട് 2018-ല്‍ അദ്ദേഹത്തിനെതിരായ നടപടികള്‍ പിന്‍വലിച്ചിരുന്നു.

2016ലായിരുന്നു വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്. എന്നാല്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത് 2015ലായിരുന്നു. വാര്‍ത്തയിലെ വസ്തുത തെളിയിക്കാന്‍ പ്രതികള്‍ക്ക് സാധിക്കാതിരുന്നതാണ് കോടതിവിധിക്ക് കാരണം. ടോം ജോസിന് അനധികൃത സ്വത്തുണ്ടെന്ന് പരാതി ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ രഹസ്യ അന്വേഷണത്തിന് ശേഷമാണ് മൂവാറ്റുപുഴ വിജലന്‍സ് കോടതിയില്‍ എഫ്ഐആര്‍ നല്‍കുകയും റെയ്ഡിന് അനുമതി വാങ്ങുകയും ചെയ്തത്. ടോം ജോസ് കൊച്ചിയില്‍ വാങ്ങിയ ഫ്ളാറ്റ് അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പരിധിയില്‍ വരുമെന്ന് കണ്ടത്തിയതിനെത്തുടര്‍ന്നാണ് 2016ല്‍ കേസെടുത്തത്.

കെ.എം.എം.എല്‍. എം.ഡി. ആയിരിക്കെ ടോം ജോസ് നടത്തിയ മഗ്നീഷ്യം ഇടപാടിലൂടെ സര്‍ക്കാരിന് 1.21 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന കേസിലും വിജിലന്‍സ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് ഒന്ന് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്.പ്രാദേശിക വിപണിയില്‍ 1.87 കോടി രൂപയ്ക്ക് ലഭിക്കുന്ന അതേഗുണനിലവാരമുള്ള മഗ്നീഷ്യം വിദേശത്തുനിന്നു 2.62 കോടി രൂപയ്ക്ക് വാങ്ങി. ഇത്തരത്തില്‍ 162 മെട്രിക് ടണ്‍ ഇറക്കുമതി ചെയ്തു. ഇതിലൂടെ സര്‍ക്കാരിന് 1.21 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും എഫ്.ഐ.ആറില്‍ പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് കുറ്റവിമുക്തനാക്കുകയും ചെയ്തു. ടോം ജോസിനെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി അംഗീകരിക്കുകയും ചെയ്തു. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് റിപ്പോര്‍ട്ട് അംഗീകരിച്ചത്.

വിജിലന്‍സ് തിരിവനന്തപുരം യൂണിറ്റ് അന്വേഷിച്ച കേസില്‍ കെഎംഎംഎല്‍ മുന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സുരേഷ്‌കുമാര്‍, മുന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ (ഫിനാന്‍സ്) സുനില്‍ ചാക്കോ എന്നിവരും പ്രതികളായിരുന്നു.

Tags:    

Similar News