കൊടി സുനിയേയും കൂട്ടരേയും തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പ് കൊഴുപ്പിക്കാന്‍ പാര്‍ട്ടിക്ക് പുറത്തു വേണം; ടിപിയെ കൊന്ന എല്ലാവരേയും സ്വതന്ത്രരാക്കാന്‍ വീണ്ടും നീക്കം; പ്രതികളെ 'വിടുതല്‍' ചെയ്താല്‍ ആഭ്യന്തര സുരക്ഷാപ്രശ്‌നം ഉണ്ടാകുമോ എന്ന ചോദ്യം ജയിലുകളില്‍ എത്തി; പരോളോ വിട്ടയയ്ക്കലോ അല്ല ലക്ഷ്യം 'വിടുതല്‍'! കൊടി സുനി സ്വതന്ത്രനാകുമോ?
കണ്ണൂര്‍: തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പില്‍ ടിപി കേസ് പ്രതികളുടെ സഹായം ഉറപ്പിക്കാന്‍ അണിയറ നീക്കം സജീവം. ഈ സമയത്ത് ഇവരെല്ലാം പുറത്തായിരിക്കും. എല്ലാവര്‍ക്കും പരോള്‍ നല്‍കാനാണ് നീക്കം. ഇതിനൊപ്പം ഇവര്‍ക്ക് ശിക്ഷാ ഇളവ് നല്‍കുന്നതും പരിഗണനയിലുണ്ട്. തന്ത്രപരമായ നീക്കമാണ് നടക്കുന്നത്. 20 വര്‍ഷത്തേക്കു ശിക്ഷായിളവ് നല്‍കരുതെന്ന ഹൈക്കോടതി വിധി ടിപി കേസ് പ്രതികള്‍ക്കെതിരെയുണ്ട്. എന്നാല്‍ സര്‍ക്കാരിന് 14 കൊല്ലം കഴിഞ്ഞാല്‍ ശിക്ഷയില്‍ തീരുമാനം എടുക്കാമെന്നാണ് ചിലരുടെ വാദം. ഇതിന് അനുസരിച്ചാണ് നടപടികള്‍. നേരത്തെ തന്നെ കൊടി സുനി അടക്കമുള്ളവര്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ ശ്രമം നടന്നിരുന്നു. ഒന്നും പിണറായി സര്‍ക്കാരിന്റെ കാലത്തെ ഈ രഹസ്യ നീക്കം പൊളിച്ചത് മറുനാടന്‍ വാര്‍ത്തയാണ്.
നിലവില്‍ ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളെ 'വിടുതല്‍' ചെയ്താല്‍ ആഭ്യന്തര സുരക്ഷാപ്രശ്‌നം ഉണ്ടാകുമോ എന്നു ചോദിച്ച് സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടുമാര്‍ക്കും വിയ്യൂര്‍ അതീവസുരക്ഷ ജയില്‍ സൂപ്രണ്ടിനും ജയില്‍ ആസ്ഥാനത്തുനിന്നു കത്ത് ലഭിച്ചിട്ടുണ്ട്. കത്തില്‍ പരോള്‍ എന്നോ വിട്ടയയ്ക്കല്‍ എന്നോ വ്യക്തമാക്കാതെ 'വിടുതല്‍' എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നതെന്നത് നിര്‍ണ്ണായകമാണ്. ഇത് നല്‍കുന്നത് ശിക്ഷാ ഇളവിന്റെ സൂചനയാണ്. 20 വര്‍ഷത്തേക്കു ശിക്ഷായിളവ് നല്‍കരുതെന്ന ഹൈക്കോടതി വിധിയെ മറികടന്ന് ശിക്ഷാ ഇളവ് നല്‍കാനാണ് നീക്കം.
ടി.കെ.രജീഷ്, കെ.കെ.മുഹമ്മദ് ഷാഫി, എസ്.സിജിത്ത് എന്നിവരെ വിട്ടയയ്ക്കാന്‍ നേരത്തെ സര്‍ക്കാര്‍ നടത്തിയ ശ്രമം വിവാദമായതിനെ തുടര്‍ന്നാണ് ഉപേക്ഷിച്ചത്.ഇവരെ വിട്ടയച്ചാല്‍ ഉണ്ടാകുന്ന സുരക്ഷാപ്രശ്‌നം വിലയിരുത്തേണ്ടത് പൊലീസാണ്. ഇക്കാര്യത്തില്‍ ജയില്‍ സൂപ്രണ്ടുമാര്‍ക്ക് പങ്കില്ല. അതുകൊണ്ട് തന്നെ സുരക്ഷാ പ്രശ്‌നങ്ങളില്‍ മറുപടി തേടേണ്ടത് പോലീസിനോടാണ്. ഇവിടെ ജയിലിലേക്ക് കത്തയയ്ക്കുന്നു. ഇതില്‍ പല പ്രതികളും ജയിലില്‍ കിടക്കുമ്പോള്‍ തന്നെ പുതിയ കേസുകളില്‍ പെട്ടതാണ്. കാരണവര്‍ കേസ് പ്രതി ഷെറിനെ മോചിപ്പിച്ച അതേ രീതിയില്‍ എല്ലാവരേയും പറഞ്ഞു വിടാനാണ് നീക്കം.
പ്രതികള്‍ നിലവില്‍ കഴിയുന്ന സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടുമാര്‍ക്ക് മാത്രം കത്തയയ്ക്കാതെ മുഴുവന്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടുമാര്‍ക്കും കത്തയച്ചത് എന്തിനെന്നും വ്യക്തമല്ല. കേസിലെ പ്രതിയായ കൊടി സുനി തവനൂര്‍ സെന്‍ട്രല്‍ ജയിലിലും മറ്റുള്ളവര്‍ കണ്ണൂര്‍, തൃശൂര്‍ സെന്‍ട്രല്‍ ജയിലുകളിലാണ്. സാധാരണ നിലയില്‍ ഈ ജയിലുകളിലേക്ക് മാത്രം കത്തയച്ചാല്‍ മതി. പക്ഷേ ഇവിടെ എല്ലാവര്‍ക്കും കത്തു പോയി. ഇതിന് പിന്നില്‍ ഈ വാര്‍ത്ത പുറംലോകത്ത് എത്താനുള്ള ആരുടേയോ കരുതലാണെന്ന് സര്‍ക്കാര്‍ സംശയിക്കുന്നുണ്ട്. പിഎം ശ്രീയില്‍ അതീവ രഹസ്യമായാണ് കേന്ദ്ര സര്‍ക്കാരുമായി പിണറായി സര്‍ക്കാര്‍ ഒപ്പിട്ടത്. ഇതിന് പിന്നാലെയാണ് വിവാദമാകുന്ന മറ്റൊരു നീക്കം പിണറായി സര്‍ക്കാര്‍ തുടങ്ങുന്നത്. തുടര്‍ഭരണം കിട്ടിയില്ലെങ്കില്‍ പോലും ടിപി കേസ് പ്രതികളെ പുറത്തെത്തിച്ചുവെന്ന് ഉറപ്പിക്കാനാണ് നീക്കം. ശബരിമല വിവാദങ്ങള്‍ അടക്കം ഉണ്ടായതോടെ തുടര്‍ഭരണം സിപിഎം ഉറപ്പിക്കുന്നില്ല. ഇതുകൊണ്ടാണ് ടിപി കേസ് പ്രതികളെ എങ്ങനേയും പുറത്തെത്തിക്കാന്‍ ശ്രമം നടക്കുന്നതെന്ന് വിലയിരുത്തലുണ്ട്. മനോരമയാണ് ഈ നിര്‍ണ്ണായക വാര്‍ത്ത പുറത്തു കൊണ്ടു വരുന്നത്.
കൊടി സുനിക്ക് ജയിലിനകത്തും പുറത്തും സഹായം ലഭിക്കുന്നുണ്ടെന്ന് ജയില്‍ ഡിഐജി പങ്കെടുത്ത യോഗത്തില്‍ വിമര്‍ശം ഉയര്‍ന്നിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഡിഐജി വി. ജയകുമാറിന്റെ നേതൃത്വത്തിലായിരുന്നു യോഗം. തുടര്‍ന്ന് ഡിഐജിയുടെ മേല്‍നോട്ടത്തില്‍ ജയിലില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ മൊബൈല്‍ഫോണും മറ്റും കണ്ടെടുത്തിരുന്നു. കഴിഞ്ഞ മാസമായിരുന്നു ഈ യോഗം. കൊടി സുനിക്കും ടി.പി. കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട മറ്റുള്ളവര്‍ക്കും ജയിലിനകത്ത് ചില ഉദ്യോഗസ്ഥരുടെയും തടവുകാരുടെയും സഹായം കിട്ടുന്നുണ്ടെന്ന് ചില ഉദ്യോഗസ്ഥര്‍ ഡിഐജിയോട് പറഞ്ഞു. കൊടി സുനിയെയും കൂട്ടാളികളെയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് മാറ്റണമെന്ന് ജയില്‍ സൂപ്രണ്ട് തന്നെ ആവശ്യപ്പെട്ടു. ഇതിന് ശേഷമാണ് തവനൂരിലേക്ക് മാറ്റിയത്. കൊടി സുനി നിരന്തരം ഫോണ്‍ ഉപയോഗിക്കുന്നതായും ലഹരി ഉത്പന്നങ്ങള്‍ പ്രതികള്‍ക്ക് ലഭിക്കുന്നതായും നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു. ജയിലിനകത്തുനിന്ന് പുറത്തെ ലഹരിമരുന്ന് വില്പന നിയന്ത്രിക്കുന്നതായും ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധം പുലര്‍ത്തുന്നതായും ജയില്‍വകുപ്പിന്റെ റിപ്പോര്‍ട്ടിലുണ്ട്. ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തെ തുടര്‍ന്നുണ്ടായ സംഭവങ്ങള്‍, കോടതിയില്‍ കൊണ്ടുപോകുന്നതിനിടെ കൊടി സുനിയുടെ പരസ്യ മദ്യപാനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പല തലത്തിലും ചര്‍ച്ചയായിട്ടുണ്ട്.
പോലീസിന്റെ സാന്നിധ്യത്തില്‍ പൊതുസ്ഥലത്ത് പരസ്യമായി മദ്യപിച്ച സംഭവത്തില്‍ കൊടി സുനി ഉള്‍പ്പെടെയുള്ളവരുടെ പേരില്‍ പോലീസ് കേസെടുക്കുകയും ചെയ്തു. സുനിയെക്കൂടാതെ മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവര്‍ക്കും മാഹി ഇരട്ടക്കൊലക്കേസിലെ ചില പ്രതികള്‍ ഉള്‍പ്പെടെ കണ്ടാലറിയുന്ന ഇവരുടെ സുഹൃത്തുക്കള്‍ക്കുമെതിരേയുമാണ് കേസ് എടുത്തത്. ജൂണ്‍ 17-ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് വിചാരണയ്ക്കായി തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ പ്രതികളെ ഹാജരാക്കിയിരുന്നു. കോടതി നടപടികള്‍ക്കുശേഷം തിരിച്ചുപോകവേ വൈകീട്ട് നാലോടെ കോടതിക്ക് സമീപത്തുള്ള വിക്ടോറിയ ഹോട്ടലില്‍ എത്തിയ പ്രതികള്‍ പോലീസുകാരെ ഭീഷണിപ്പെടുത്തി ഹോട്ടലിന്റെ കാര്‍ പാര്‍ക്കിങ് ഏരിയയില്‍ സുഹൃത്തുക്കളോടൊപ്പം പരസ്യമായി മദ്യപിക്കുകയുമായിരുന്നു. ഇങ്ങനെ പോലീസ് തന്നെ പറയുന്ന പ്രതിയെയാണ് മോചിപ്പിക്കാനുള്ള നീക്കം.
ജയിലില്‍ കഴിയുന്ന പ്രതികള്‍ക്ക് ശിക്ഷ ഇളവ് നല്‍കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിലവിലുള്ള മാര്‍ഗനിര്‍ദേശം ഉപയോഗപ്പെടുത്തിക്കൊണ്ടാണ് കൊലയാളി സംഘത്തിലെ മൂന്ന് പേര്‍ക്ക് ശിക്ഷ നല്‍കാനുള്ള നീക്കം അന്ന് നടത്തിയത്. വിടുതല്‍ നല്‍കാന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന തടവുകാരുടെ പട്ടിക ജയില്‍ ഉപദേശക സമിതി തയ്യാറാക്കിയിരുന്നു. 2024ലെ ഈ പട്ടികയിലാണ് ടി.പി കേസിലെ മൂന്ന് പ്രതികളുടെയും പേര് ഉള്‍പ്പെട്ടിട്ടത്. തുടര്‍ച്ചയായി 20 വര്‍ഷം ജീവപര്യന്തം ശിക്ഷ അനുഭവിക്കണമെന്ന് ഹൈക്കോടതി വിധിച്ചവരാണ് ഈ മൂന്ന് പ്രതികളും. എന്നാല്‍ വിവാദങ്ങളെ തുടര്‍ന്ന് അന്നത് നടന്നില്ല.
