അമ്മിണി തീവണ്ടിയില്‍ നിന്ന് വീണ് നിമിഷങ്ങള്‍ക്കുള്ളില്‍ തൊട്ടടുത്ത ട്രാക്കിലൂടെ അന്ത്യോദയ എക്‌സ്പ്രസ് കടന്നുപോയി; വീണതിന്റെ ഒരു മീറ്റര്‍ അകലെ ഇരുമ്പുപോസ്റ്റും സിഗ്‌നല്‍ കമ്പികളും; ഇതിലൊന്നും തട്ടാതെ അദ്ഭുതകരമായ രക്ഷപ്പെടല്‍; അമ്മണി ഞെട്ടലില്‍ തന്നെ; ആ തീവണ്ടി കള്ളന്‍ ഇപ്പോഴും കാണാമറയത്ത്

Update: 2025-08-09 11:02 GMT

തൃശൂര്‍: ഭീതി ഇപ്പോഴും വിട്ടുമാറിയിട്ടില്ല തൃശൂര്‍ തലോര്‍ സ്വദേശി അമ്മിണിക്ക്. ഇന്നലെ പുലര്‍ച്ചെ കോഴിക്കോട് നിന്ന് ട്രെയിന്‍ വിട്ട ഉടനെയാണ് മോഷ്ടാവ് പണവും മൊബൈല്‍ ഫോണും അടങ്ങിയ ബാഗ് തട്ടിയെടുത്ത് അമ്മിണിയെ പാളത്തിലേക്ക് ചവിട്ടി തള്ളിയിട്ടത്. പിന്നെ ഭാഗ്യം കൊണ്ടു രക്ഷപ്പെട്ടു. ട്രെയിന്‍ യാത്രക്കിടെ ബാഗ് തട്ടിപ്പറിച്ച് മോഷ്ടാവ് റെയില്‍ പാളത്തിലേക്ക് ചവിട്ടി തള്ളിയിട്ടതിന്റെ ഓര്‍മ്മകള്‍ ഇപ്പോഴും അമ്മണിയെ വേട്ടയാടുന്നു. സ്ലീപ്പര്‍ ടിക്കറ്റിലായിരുന്നു അമ്മിണിയുടെ യാത്ര. മോഷ്ടാവ് അടുത്ത ട്രെയിനില്‍ കയറി രക്ഷപ്പെട്ടുവെന്നാണ് വിലയിരുത്തല്‍.

സമ്പര്‍ക്ക്ക്രാന്തി എക്‌സ്പ്രസ്സില്‍ എസ് വണ്‍ കോച്ചില്‍ യാത്ര ചെയ്യുകയായിരുന്ന അറുപത്തിനാലുകാരിയായ അമ്മിണിയെ ഇന്നലെ പുലര്‍ച്ചെയാണ് മോഷ്ടാവ് അക്രമിച്ചത്. പുലര്‍ച്ചെ നാലരയോടെ ശുചിമുറിക്ക് സമീപം വെച്ച് ഇവരുടെ ബാഗ് മോഷ്ടാവ് തട്ടിപ്പറിച്ചു .ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെ അമ്മിണിയെ മോഷ്ടാവ് ചവിട്ടി ട്രെയിനിന് പുറത്തേക്ക് തള്ളിയിട്ടു. സഹോദരനും അമ്മിണിക്ക് ഒപ്പം ഉണ്ടായിരുന്നു. ഇവരുടെ ബഹളം കേട്ട് സഹയാത്രക്കാര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിച്ചു. ട്രാക്കിലേക്ക് വീണതിന് തൊട്ട് പിന്നാലെ മറ്റൊരു ട്രെയിന്‍ കടന്നു പോയതായും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും അമ്മിണി പറഞ്ഞു.

തൃശൂരില്‍ ഇറങ്ങേണ്ടതിനാല്‍, അമ്മിണിയും അനിയന്‍ വര്‍ഗീസും ഉറക്കമുണര്‍ന്നു. സഹോദരന്റെ വീട്ടിലെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത് മുംബൈയില്‍ നിന്ന് വരികയായിരുന്നു സഹോദരങ്ങള്‍. വാതിലിനരികിലുള്ള സീറ്റിലാണ് ഇരുന്നത്. യുവാവ് ബാഗ് തട്ടിപ്പറിച്ചോടാന്‍ നോക്കി. അറുപത്തിനാലുകാരിയായ അമ്മിണി ബാഗില്‍ നിന്ന് പിടിവിട്ടില്ല. പിടിവലിയ്ക്കിടെ ഡോറിനരികില്‍ എത്തി. ഇതോടെ യുവാവ് ഒറ്റചവിട്ടിന് അമ്മിണിയെ പുറത്തേയ്ക്കിട്ടു. ട്രെയിനിന് വേഗം കുറവായിരുന്നു. അതുകൊണ്ടാണ് രക്ഷപ്പെട്ടത്. എസ്-1 കോച്ചിന്റെ വാതിലിനോടുചേര്‍ന്ന സൈഡ് സീറ്റുകളിലായിരുന്നു സഞ്ചരിച്ചിരുന്നത്.

തൊട്ടരികിലെ ട്രാക്കില്‍ ട്രെയിനും കടന്നുപോകുന്നു. തലയില്‍ നിന്ന് രക്തപ്രവാഹം. മറ്റു യാത്രക്കാര്‍ നിലവിളിച്ചു. സഹോദരന്‍ വര്‍ഗീസ് ശുചിമുറിയില്‍ നിന്ന് വരുന്നതിനിടെയാണ് ഇതു കണ്ടത്. ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി. അമ്മിണിയെ ഉടനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. തലയില്‍ അഞ്ചു തുന്നിക്കെട്ടുണ്ട്. ''ദൈവാനുഗ്രഹം കൊണ്ട് രക്ഷപ്പെട്ടു. ഇതു രണ്ടാം ജന്‍മമാണ്''. അമ്മിണി പറയുന്നു. അമ്മിണി തീവണ്ടിയില്‍നിന്ന് വീണ് നിമിഷങ്ങള്‍ക്കുള്ളില്‍ തൊട്ടടുത്ത ട്രാക്കിലൂടെ അന്ത്യോദയ എക്‌സ്പ്രസ് കടന്നുപോയി. വീണതിന്റെ ഒരു മീറ്റര്‍ അകലെ ഇരുമ്പുപോസ്റ്റും സിഗ്‌നല്‍കമ്പികളും ഉണ്ട്. ഇതിലൊന്നും തട്ടാതെ അദ്ഭുതകരമായ രക്ഷപ്പെടലാണുണ്ടായത്.

8,500 രൂപയുണ്ടായിരുന്നു ബാഗില്‍. ഫോണും പോയി. പിന്നെ, ആധാര്‍ കാര്‍ഡും. ഫോണിന്റെ ഇപ്പോഴത്തെ ലൊക്കേഷന്‍ മംഗലാപുരമാണ്. ഏതെങ്കിലും വണ്ടിയില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടാവ് കയറ്റി വിട്ടതാകാം. അല്ലെങ്കില്‍, മോഷ്ടാവ് മംഗലാപുരത്ത് എത്തിയതാകാമെന്നാണ് പോലീസ് നിഗമനം. കോഴിക്കോട്ട് തീവണ്ടി നിര്‍ത്തിയപ്പോള്‍ ഒപ്പമുണ്ടായിരുന്ന സഹോദരന്‍ വര്‍ഗീസ് ബാത്ത്‌റൂമിലേക്ക് പോയി. തീവണ്ടി നീങ്ങിത്തുടങ്ങിയപ്പോള്‍ അമ്മിണി എഴുന്നേറ്റുനിന്ന് സാരി ശരിയാക്കുന്നതിനിടെ സീറ്റിലുണ്ടായിരുന്ന ബാഗെടുത്ത് മോഷ്ടാവ് ഓടാന്‍ ശ്രമിച്ചു. ഉടന്‍തന്നെ അമ്മിണി ബാഗില്‍ പിടിക്കുകയും പിടിവിടാതെ മോഷ്ടാവിനെ പ്രതിരോധിക്കുകയും ചെയ്തു. ഇതിനിടെ ബാഗ് ബലമായി തട്ടിയെടുത്ത മോഷ്ടാവ് അമ്മിണിയെ വാതിലിലൂടെ പുറത്തേക്ക് തള്ളിയിട്ടു.

ഇവര്‍ വീണതിനുപിന്നാലെ മോഷ്ടാവും ചാടി. സംഭവസമയത്ത് കോച്ചിലെ മറ്റുയാത്രക്കാര്‍ ഉറക്കമായിരുന്നു. ശബ്ദംകേട്ട് ബാത്ത്‌റൂമില്‍നിന്ന് പുറത്തേക്കുവന്ന സഹോദരന്‍ വര്‍ഗീസ് ടിടിഇയുടെ സഹായത്തോടെ ചെയിന്‍വലിച്ച് തീവണ്ടി നിര്‍ത്തി. ചാടിയിറങ്ങിയ വര്‍ഗീസ് തീവണ്ടിവന്ന വഴി ഓടി. ഒപ്പം ചില യാത്രക്കാരും. തലപൊട്ടി ചോരയൊലിച്ചുനിന്ന അമ്മിണിയെ തിരിച്ചുകയറ്റി യാത്ര തുടര്‍ന്നു. തിരൂരില്‍ ഇറക്കിയ അമ്മിണിക്കൊപ്പം സഹോദരന്‍ വര്‍ഗീസും സഹയാത്രികന്‍ താനൂര്‍ സ്വദേശി മുഹമ്മദ് ജനീഫും റെയില്‍വേ പോലീസും ഒപ്പമിറങ്ങി. അമ്മിണിയെ ആംബുലന്‍സില്‍ ആദ്യം തിരൂരിലെ ഒരു ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി, തലയിലെ മുറിവിന് തുന്നലിട്ടു.

ഉത്തരേന്ത്യക്കാരനെന്ന് സംശയിക്കുന്ന ഒരാളാണ് മോഷണശ്രമം നടത്തിയതെന്ന് അമ്മിണി പോലീസില്‍ മൊഴിനല്‍കി. തീവണ്ടിയ്ക്ക് വേഗം തീരേകുറവായതും ഇവര്‍ വീണ സ്ഥലത്ത് വലിയ അപകടങ്ങളുണ്ടാക്കാവുന്ന വസ്തുക്കള്‍ ഇല്ലാതിരുന്നതും രക്ഷയായി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ സ്‌കാനിങ്ങിലും ആന്തരികമായി മറ്റു പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. പ്രതിയെ സംബന്ധിക്കുന്ന നിര്‍ണായക തെളിവ് ലഭിച്ചുവെന്ന് പോലീസ് പറയുന്നു. ഈ തെളിവിന്റെ അടിസ്ഥാനത്തില്‍ പ്രതിക്കായുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി.

സംഭവവുമായി ബന്ധപ്പെട്ട് റെയില്‍വേ പോലീസ് സൂപ്രണ്ട് അരുള്‍ ആര്‍.ബി. കൃഷ്ണയുടെയും പാലക്കാട് റെയില്‍വേ ഡിവിഷന്‍ സെക്യൂരിറ്റി കമ്മിഷണര്‍ നവീന്‍ പ്രശാന്തിന്റെയും മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു. കവര്‍ച്ച നടത്തിയതിനും കവര്‍ച്ചയ്ക്കിടെ പരിക്കേല്‍പ്പിച്ചതിനുമുള്ള കുറ്റം ചുമത്തി റെയില്‍വേ പോലീസ് കേസെടുത്തു.

Tags:    

Similar News