സില്‍ക്ക് സ്മിതയ്ക്കായി കൊഞ്ചിക്കുഴയാന്‍ ചിത്ര മടിച്ചു; 'എനിക്കിത് വയ്യെന്ന്' ചിണുങ്ങിയ വാനമ്പാടിയെക്കൊണ്ട് പാടിച്ച എസ്.പി. വെങ്കിടേഷ്; സ്ഫടികത്തിലെ ആ മാദകഗാനങ്ങള്‍ക്ക് പിന്നിലെ രഹസ്യം; നാക്കുളുക്കുന്ന വരികള്‍ പാടാന്‍ വയ്യ; ചിത്രയ്ക്ക് പണികൊടുത്ത് എം.ജി. ശ്രീകുമാര്‍ നൈസായി മുങ്ങി! ഈണങ്ങളുടെ തമ്പുരാന്‍ യാത്രയാകുമ്പോള്‍ ഓര്‍മ്മച്ചിത്രങ്ങള്‍ ഇങ്ങനെ
ഈണങ്ങളുടെ തമ്പുരാന്‍ യാത്രയാകുമ്പോള്‍ ഓര്‍മ്മച്ചിത്രങ്ങള്‍ ഇങ്ങനെ
കൊച്ചി: മലയാള സിനിമയില്‍, പശ്ചാത്തല സംഗീതവും, അവിസ്മരണീയമായ ഈണങ്ങള്‍ കൊണ്ടും വിസ്മയം തീര്‍ത്ത ആ മാന്ത്രിക വിരലുകള്‍ ഇനി ചലിക്കില്ല. ഗിറ്റാറിന്റെ തന്ത്രികളില്‍ വെസ്റ്റേണ്‍ സംഗീതവും ഇന്ത്യന്‍ ക്ലാസിക്കലും ഒരുപോലെ ആവാഹിച്ച എസ്.പി. വെങ്കിടേഷ് എന്ന അതുല്യ പ്രതിഭ വിടവാങ്ങുമ്പോള്‍, മലയാളി ഓര്‍ക്കുന്നത് ഒരു കാലഘട്ടത്തിന്റെ മുഴുവന്‍ സ്പന്ദനമാണ്. വിന്‍സന്റ് ഗോമസിന് ആവേശം പകര്‍ന്ന ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ മുതല്‍, വാനമ്പാടി കെ.എസ്. ചിത്രയെക്കൊണ്ട് മാദകഗാനങ്ങള്‍ പാടിച്ച വിസ്മയ മുഹൂര്‍ത്തങ്ങള്‍ വരെ നീളുന്നതാണ് ആ സംഗീത യാത്ര. സ്ഫടികത്തിലെ ഏഴിമല പൂഞ്ചോലയും കിലുക്കത്തിലെ കിലുകില്‍ പമ്പരവും ഇന്നും നമ്മുടെ കാതുകളില്‍ അലയടിക്കുമ്പോള്‍, വെങ്കിടേഷ് എന്ന പേര് മലയാളിയുടെ സംഗീത ബോധത്തില്‍ ഒരു അനശ്വര മുദ്രയായി അവശേഷിക്കുന്നു.
ഭദ്രന്‍ സംവിധാനം ചെയ്ത 'സ്ഫടികം' എന്ന സിനിമയിലെ ഗാനങ്ങള്‍ ഇന്നും മലയാളികള്‍ക്ക് ആവേശമാണ്. എന്നാല്‍ അതിലെ 'ഏഴിമല പൂഞ്ചോല', 'പരുമലച്ചെരുവിലെ' എന്നീ ഗാനങ്ങള്‍ പാടാന്‍ വാനമ്പാടി കെ.എസ്. ചിത്ര ആദ്യം വിസമ്മതിച്ചിരുന്നു. സില്‍ക്ക് സ്മിതയ്ക്കും കള്ളുകുടിച്ച ഉര്‍വശിക്കും വേണ്ടി മാദകത്വവും കൊഞ്ചലും കലര്‍ത്തി പാടുക എന്നത് ചിത്രയെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയായിരുന്നു.
ഇല്ല, ഇതെനിക്ക് വയ്യ..
സ്വതവേ നാണം കുണുങ്ങിയായ ചിത്രയെന്ന ഗായിക സംഗീത സംവിധായകന് മുന്നില്‍ നിന്ന് ചിണുങ്ങുകയാണ്. എനിക്കിത് പറ്റൂല...ഈ ഭാവമൊന്നും വരൂല...
ചിത്രാമ്മാ..നിങ്ങള്‍ പാടിയെങ്കിലേ ഇതുണ്ടാകൂ..നമുക്ക് ശ്രമിക്കാം..ഒടുവില്‍ ചിത്ര കണ്ണുമടച്ച് പാടി. ഒന്നല്ല, അത്തരം രണ്ടു പാട്ടുകളാണ് ചിത്ര ആ ചിത്രത്തിന് വേണ്ടി പാടിയത്. ഒന്നു സില്‍ക്ക് സ്മിത എന്ന മാദകതിടമ്പിന് വേണ്ടിയും അടുത്തത് കളളുകുടിച്ച് കോണ്‍ തെറ്റിയതായി സ്‌ക്രീനില്‍ വന്ന ഉര്‍വശിക്ക് വേണ്ടിയും.
പാട്ടുകള്‍ എഴുതിയത് പി. ഭാസ്‌കരന്‍, സംഗീതം എസ്.പി വെങ്കടേഷ്..
ഗാനങ്ങള്‍ ഇവയാണ്
ഏഴിമല പൂഞ്ചോല...മാമനുക്ക് മണിമാല
അര്‍ധനഗ്‌ന മേനിയുമായി കൊഞ്ചിക്കുഴഞ്ഞ് സില്‍ക്ക് സ്മിത എന്ന മാദകസുന്ദരി മോഹന്‍ലാലിനെ ഉഴിഞ്ഞു കൊണ്ടു പാടുന്ന ഗാനം. അടുത്തത് മോഹന്‍ലാല്‍ ബലമായി കുടിപ്പിച്ച കള്ള് ഉളളില്‍ ചെന്നപ്പോള്‍ നില വിട്ടു പോയ ഉര്‍വശി പാടുന്ന ഗാനം
പരുമലച്ചെരുവിലെ പടിപ്പുര വീട്ടില്‍
പതിനെട്ടാം പട്ട തെങ്ങു വച്ചു.
പാട്ടു രണ്ടും ഹിറ്റായി. ഇതെങ്ങനെ പാടി വച്ചുവെന്ന് ഇപ്പോഴും തനിക്ക് അറിയില്ലെന്ന് ചിത്ര ഒരു റിയാലിറ്റി ഷോയില്‍ ജഡ്ജായി വന്നപ്പോള്‍ പറഞ്ഞു. അന്ന് പാടിയ ആ മാദകത്വവും കൊഞ്ചിക്കുറുകലുമൊക്കെ വീണ്ടും ഒന്നു കൂടി പാടാന്‍ ബുദ്ധിമുട്ടാണെന്നും മലയാളത്തിന്റെ വാനമ്പാടി പറഞ്ഞിരുന്നു.
എം.ജി. ശ്രീകുമാറിന്റെ 'നൈസ്' കളി
ഹിറ്റ്ലര്‍ എന്ന സിനിമയിലെ 'കിതച്ചെത്തും കാറ്റേ' എന്ന ഗാനം എം.ജി. ശ്രീകുമാറും ചിത്രയും ചേര്‍ന്നാണ് പാടിയത്. എന്നാല്‍ ഈ പാട്ടിന് പിന്നില്‍ എം.ജി. ശ്രീകുമാറിന്റെ ഒരു തന്ത്രമുണ്ടായിരുന്നു. പാട്ടിലെ 'അക്കരെ നിക്കണ ചക്കരമാവില്‍' എന്ന് തുടങ്ങുന്ന ഭാഗം അതിവേഗത്തില്‍ പാടേണ്ട ഒന്നായിരുന്നു. നാക്കുളുക്കുന്ന ആ വരികള്‍ പാടാന്‍ പ്രയാസമാണെന്ന് കണ്ടപ്പോള്‍ ശ്രീകുമാര്‍ അത് സമര്‍ത്ഥമായി സ്ത്രീ ശബ്ദത്തിലേക്ക് (ചിത്രയ്ക്ക്) മാറ്റിച്ചു. ഒടുവില്‍ ആ വെല്ലുവിളി ഏറ്റെടുത്ത ചിത്ര അത് മനോഹരമായി പാടി ഹിറ്റാക്കുകയും ചെയ്തു.
എം.ജി ശ്രീകുമാറിന് 1991 ലെ മികച്ച ഗായകനുള്ള സംസ്ഥാന പുരസ്‌കാരം ലഭിക്കാന്‍ കാരണമായത് എസ്.പി വെങ്കിടേഷ് ഒരുക്കിയ രണ്ടു ഗാനങ്ങളായിരുന്നു. തുടര്‍ക്കഥയിലെ ആതിര വരവായി, കിലുക്കത്തിലെ കിലുകില്‍ പമ്പരം എന്നിവയായിരുന്നു അത്. എസ്പി ബാലസുബ്രഹ്‌മണ്യത്തിന്റെ രണ്ടു മികച്ച മലയാള ഗാനങ്ങളും എസ്.പി വെങ്കിടേഷിന്റെ കമ്പോസിങ്ങില്‍ പിറവി എടുത്തതാണ്. കിലുക്കത്തിലെ ഊട്ടിപ്പട്ടണം, ഗാന്ധര്‍വം സിനിമയിലെ നെഞ്ചില്‍ കഞ്ചബാണമെയ്യും എന്നീ ഗാനങ്ങള്‍ എസ്പി വെങ്കിടേഷിന്റെ ഈണത്തില്‍ എസ്പിബി പാടി തകര്‍ത്തു.
ജയരാജിന് വേണ്ടി ഒരുക്കിയ പൈതൃകത്തിലെ ഗാനങ്ങള്‍ പതിവു ശൈലി വിട്ടവയായിരുന്നു. സിദ്ദിഖ് ലാലിന്റെ കാബൂളിവാലയിലെ ഗാനങ്ങള്‍ക്ക് ചുവട് വയ്ക്കാത്ത മലയാളികള്‍ ഇല്ല. മാന്നാര്‍ മത്തായി സ്പീക്കിങ്ങിലെ നാടകത്തിന് വേണ്ടി ചിട്ടപ്പെടുത്തിയ പാല്‍സരണികളില്‍ എന്ന ഗാനം യവനികയ്ക്ക് ശേഷം മലയാളത്തില്‍ വന്ന സിനിമകളിലെ, നാടക ഗാനങ്ങളില്‍ എടുത്തു പറയാവുന്നവതാണ്.
തമ്പി കണ്ണന്താനത്തിന്റെ കരുത്തും ബിജിഎം മാന്ത്രികനും
എസ്.പി. വെങ്കിടേഷിനെ മലയാളത്തിന് പരിചയപ്പെടുത്തിയത് തമ്പി കണ്ണന്താനമായിരുന്നു. 'രാജാവിന്റെ മകന്‍' എന്ന ചിത്രത്തിലൂടെയായിരുന്നു ആ തുടക്കം. ആ സിനിമയിലെ പാട്ടുകള്‍ക്കൊപ്പം തന്നെ വിന്‍സന്റ് ഗോമസ് എന്ന അധോലോക നായകന് അദ്ദേഹം നല്‍കിയ പശ്ചാത്തല സംഗീതം ഇന്നും പ്രേക്ഷകരുടെ കാതുകളില്‍ മുഴങ്ങുന്നുണ്ട്. പിന്നീട് വഴിയോരക്കാഴ്ചകള്‍, ഇന്ദ്രജാലം, മാന്ത്രികം തുടങ്ങി തമ്പി കണ്ണന്താനത്തിന്റെ നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് വെങ്കിടേഷ് ഈണം പകര്‍ന്നു. ബിജു നാരായണന്‍ എന്ന ഗായകന് വലിയൊരു ബ്രേക്ക് നല്‍കിയ 'കേളീവിപിനം' അദ്ദേഹത്തിന്റെ മറ്റൊരു മികച്ച സൃഷ്ടിയാണ്.
പൈതൃകം, കാബൂളിവാല, മാന്നാര്‍ മത്തായി സ്പീക്കിങ് തുടങ്ങി വ്യത്യസ്തമായ ശൈലികള്‍ പരീക്ഷിച്ച ചിത്രങ്ങളിലും അദ്ദേഹം തന്റെ കൈയൊപ്പ് പതിപ്പിച്ചു. 1991-ല്‍ നാഗം എന്ന ചിത്രത്തിന് വേണ്ടി ഒരുക്കിയ 'മൗനം മൗനത്തില്‍ വീണുടഞ്ഞു' അദ്ദേഹത്തിന്റെ ഏറ്റവും മികച്ച മെലഡികളിലൊന്നായി കരുതപ്പെടുന്നു.
വെസ്റ്റേണ്‍-ക്ലാസിക്കല്‍ സമന്വയം
കന്നഡ സ്വദേശിയായ എസ്.പി. വെങ്കിടേഷ് ഗിറ്റാറിസ്റ്റായാണ് തന്റെ കരിയര്‍ ആരംഭിച്ചത്. അതുകൊണ്ടുതന്നെ പാശ്ചാത്യ സംഗീത ഉപകരണങ്ങളെ ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതവുമായി കോര്‍ത്തിണക്കുന്നതില്‍ അദ്ദേഹം അസാമാന്യ വൈഭവം പുലര്‍ത്തി. നായര്‍ സാബ്, ധ്രുവം, മിന്നാരം, ജോണിവാക്കര്‍, കൗരവര്‍ തുടങ്ങി അദ്ദേഹം സംഗീതം നല്‍കിയ ചിത്രങ്ങളുടെ നിര നീണ്ടതാണ്. ചില പാട്ടുകളില്‍ ആവര്‍ത്തന വിരസത ഉണ്ടെന്ന വിമര്‍ശനം നേരിട്ടിട്ടുണ്ടെങ്കിലും, മലയാള സിനിമയുടെ പശ്ചാത്തല സംഗീതത്തിലും മെലഡികളിലും വെങ്കിടേഷ് തീര്‍ത്ത വിപ്ലവം പകരം വെക്കാനില്ലാത്തതാണ്.
