'തന്നെ വല്ലാതെ മിസ് ചെയ്ത് കേട്ടോ; ഇലോണ്‍ എന്നോട് മിണ്ടണമെന്ന് തനിക്ക് കൊതിയുണ്ടെന്ന് കേട്ടല്ലോ'! തോള്‍ കുലുക്കിയും തല കുലുക്കിയും കൈ കൊടുത്തും ട്രംപിന്റെ അഭിവാദ്യം സ്വീകരിച്ച് മസ്‌ക്; അടിച്ചുപിരിഞ്ഞ പഴയ കൂട്ടുകാര്‍ കണ്ടുമുട്ടിയപ്പോള്‍ എന്താണ് പറഞ്ഞത്? ഡികോഡ് ചെയ്ത് ലിപ് റീഡര്‍മാര്‍
ട്രംപും മസ്‌കും വീണ്ടും കണ്ടുമുട്ടിയപ്പോള്‍
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ലോക കോടീശ്വരനും ടെസ്ല ഉടമയുമായ ഇലോണ്‍ മസ്‌ക്കും തമ്മിലുള്ള ബന്ധം നിരവധി മാസങ്ങളായി വഷളായി തുടരുകയാണ്. ഇരുവരും നിരന്തരമായി പരസ്പരം വാക്പോരാട്ടം നടത്തുകയായിരുന്നു. ഒരു കാലത്ത് ആത്മമിത്രങ്ങളായിരുന്ന ഇരുവരും പിന്നീട് പിണങ്ങിയപ്പോള്‍ ബദ്ധശത്രുക്കളായി മാറുകയായിരുന്നു.
എന്നാല്‍ മാസങ്ങള്‍ നീണ്ട സംഘര്‍ഷത്തിന് ശേഷം, പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇലോണ്‍ മസ്‌കും കഴിഞ്ഞ ദിവസം ഒന്നിച്ച് കണ്ടു മുട്ടി. ട്രംപിന്റെ വിശ്വസ്തനായിരുന്ന ചാര്‍ളി കിര്‍ക്കിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയതായിരുന്നു ഇരുവരും. അരിസോണയിലെ ഗ്ലെന്‍ഡേലിലുള്ള സ്റ്റേറ്റ് ഫാം അരീനയ്ക്കുള്ളിലെ തന്റെ പ്രത്യേക ക്യാബിനില്‍ വെച്ചാണ് ട്രംപ് മസ്‌ക്കിനെ കണ്ടത്. മസ്‌ക്ക് ട്രംപുമായിഹസ്തദാനം നടത്തിയതിന് ശേഷം ഒരു ചെറിയ നിമിഷം സംസാരിക്കുകയും ചെയ്തു.
അറുപതിനായിരത്തോളം പേരാണ് കിര്‍ക്കിന് ആദരവ് അര്‍പ്പിക്കാനായി എത്തിയത്. ഇരുവരും തമ്മില്‍ എന്താണ് സംസാരിച്ചത് എന്നറിയാനായിരുന്നു എല്ലാവര്‍ക്കും താല്‍പ്പര്യം. വീണ്ടും ഇവര്‍ തമ്മില്‍ വഴക്കുണ്ടായോ എന്ന കാര്യമാണ് സമൂഹ മാധ്യമങ്ങളില്‍ പലരും സംശയം ചോദിച്ചിരുന്നത്. എന്നാല്‍ ട്രംപ് മസ്‌ക്കിനോട് സുഖമാണോ എന്ന് ചോദിച്ചതായിട്ടാണ് ലിപ് ലീഡര്‍മാര്‍ വെളിപ്പെടുത്തുന്നത്.
മസ്‌ക് തന്നോട് സംസാരിക്കാന്‍ ആഗ്രഹിക്കുന്നതായി കേട്ടല്ലോ എന്ന ട്രംപിന്റെ ചോദ്യത്തിനോട് മസ്‌ക്ക് തോള്‍ കുലുക്കുന്നതായിട്ടാണ് കാണപ്പെടുന്നത്. പഴയ ചങ്ങാതികള്‍ വീണ്ടും സൗഹൃദത്തിലേക്ക് വരുന്നതിന്റെ സൂചനയായിട്ടാണ് പലരും ഇതിനെ കണക്കാക്കുന്നത്. കഴിഞ്ഞ ജൂണില്‍ അമേരിക്കന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനായി നിയോഗിച്ച സമിതിയായ ഡോജിന്റെ ചുമതല ഒഴിഞ്ഞതിന് പിന്നാലെ മസ്‌ക്കും ട്രംപും തമ്മില്‍ നിരന്തരമായി പരസ്പരം വാക്കുകള്‍ കൊണ്ട് ആക്രമിക്കുന്നത് പതിവായിരുന്നു.
തന്റെ രണ്ടാമത്തെ ഭരണത്തിലെ നാഴികക്കല്ലായ നിയമനിര്‍മ്മാണം വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്ലിനെ മസ്‌ക്ക് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇത് നികുതിദായകര്‍ക്ക് കോടിക്കണക്കിന് നഷ്ടമുണ്ടാക്കുമെന്നും സര്‍ക്കാര്‍ കടം വര്‍ദ്ധിപ്പിക്കുമെന്നും മസ്‌ക് മുന്നറിയിപ്പ്
നല്‍കിയിരുന്നു. കഴിഞ്ഞ ജൂലൈയില്‍ മിഷിഗണില്‍ നടന്ന ഒരു റാലിയില്‍ പങ്കെടുത്ത് ട്രംപ് മസ്‌ക്കിനെ കുറിച്ച് പറഞ്ഞത് അദ്ദേഹം വന്നിടത്തേക്ക് മടങ്ങാന്‍ സമയമായി എന്നാണ്.
കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ ഫയലുകളില്‍ ട്രംപിനെക്കുറിച്ചുള്ള അധിക വിവരങ്ങള്‍ ഫെഡറല്‍ അധികാരികള്‍ സൂക്ഷിച്ചിട്ടുണ്ടെന്ന അവകാശവാദം മസ്‌ക് പോസ്റ്റ് ചെയ്യുകയും പിന്നീട് ഡിലീറ്റ് ചെയ്യുകയും ചെയ്തു. ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന് പോലും മസ്‌ക്ക് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കിര്‍ക്കിന് ആദരാഞ്ജലി അര്‍പ്പിക്കാനായി ട്രംപ് വേദിയിലേക്ക് നടന്നപ്പോള്‍, ജനക്കൂട്ടം അദ്ദേഹത്തിന് അഭിവാദ്യം അര്‍പ്പിക്കുകയായിരുന്നു.
പ്രസിഡന്റിനൊപ്പം അദ്ദേഹത്തിന്റെ മക്കളായ എറിക്, ഡോണ്‍ ജൂനിയര്‍, മരുമകന്‍ ജാരെഡ് കുഷ്‌നര്‍ എന്നിവരും ഉണ്ടായിരുന്നു.2024 ലെ തിരഞ്ഞെടുപ്പില്‍ ട്രംപിനെ വിജയിപ്പിക്കുന്നതാനായി മുന്‍നിരയില്‍ നിന്നവരായിരുന്നു കിര്‍ക്കും മസ്‌ക്കും. ട്രംപിനെ പിന്തുണയ്ക്കുന്നതിനായി മസ്‌ക്ക് 290 മില്യണ്‍ ഡോളറിലധികമാണ് ചെലവഴിച്ചത്. അതേസമയം, തിരഞ്ഞെടുപ്പിനിടെ രാജ്യത്തുടനീളമുള്ള കോളേജ് കാമ്പസുകളില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനായി കിര്‍ക്കും വലിയ തോതില്‍ പ്രവര്‍ത്തിച്ചിരുന്നു.