ഫാൽക്കൺ ഇൻവോയ്‌സ് ഡിസ്‌കൗണ്ടിംഗ് തട്ടിപ്പ്; രണ്ട് പേർ അറസ്റ്റിൽ; നിക്ഷേപകർക്ക് മടക്കി നൽകാനാണുള്ളത് 850 കോടി രൂപ; തട്ടിപ്പിനിരയായത് 6,000 ത്തിലധികം നിക്ഷേപകർ; മുഖ്യപ്രതികൾ ഒളിവിലെന്ന് പൊലീസ്

Update: 2025-02-17 07:25 GMT

ഹൈദരാബാദ്: ഫാൽക്കൺ ഇൻവോയ്‌സ് ഡിസ്‌കൗണ്ടിംഗ് പ്ലാറ്റ്‌ഫോം വഴി നിക്ഷേപകരിൽ നിന്നും പണം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. ഫാൽക്കൺ ഇൻവോയ്‌സ് ഡിസ്‌കൗണ്ടിംഗ് പ്ലാറ്റ്‌ഫോമിന്റെ ബിസിനസ് മേധാവിയായ പവൻ കുമാർ ഒഡേല, ഫാൽക്കൺ ക്യാപിറ്റൽ വെഞ്ച്വേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ കാവ്യ നല്ലൂരി എന്നിവരാണ് അറസ്റ്റിലായത്. രാജ്യത്തുടനീളമുള്ള 6,000 ത്തിലധികം നിക്ഷേപകരിൽ നിന്നും 850 കോടി രൂപ കമ്പനി തട്ടിയതായാണ് പ്രാഥമിക നിഗമനം. മുഖ്യപ്രതിയായ കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ അമർദീപ് കുമാർ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ആര്യൻ സിംഗ്, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ യോഗേന്ദർ സിംഗ് എന്നിവർ ഇപ്പോഴും ഒളിവിലാനിന്നാണ് പൊലീസ് പറയുന്നത്.

19 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) സെക്ഷൻ 316(2), 318(4), 61(2), 1999 ലെ തെലങ്കാന സ്റ്റേറ്റ് പ്രൊട്ടക്ഷൻ ഓഫ് ഡെപ്പോസിറ്റേഴ്സ് ഓഫ് ഫിനാൻഷ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിലെ 5 എന്നിവ പ്രകാരമാണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ക്രിപ്‌റ്റോകറൻസി പ്ലാറ്റ്‌ഫോം, മൾട്ടി ലെവൽ മാർക്കറ്റിംഗ് സ്‌കീമുകൾ, ആഡംബര ഹോസ്പിറ്റാലിറ്റി, സ്വകാര്യ ചാർട്ടർ സേവനങ്ങൾ, റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ എന്നിവയുൾപ്പെടെ ഒന്നിലധികം കമ്പനികൾ സ്ഥാപിക്കുന്നതിനായി നിക്ഷേപകരുടെ ഫണ്ട് ദുരുപയോഗം ചെയ്‌തതായി പോലീസ് വ്യക്തമാക്കുന്നു.

1,700 കോടി രൂപയാണ് നിക്ഷേപകരിൽ നിന്നും ശേഖരിച്ചുവെന്നും, അതിൽ 850 കോടി രൂപ നിക്ഷേപകർക്ക് തിരികെ നൽകി. ബാക്കി 6,979 നിക്ഷേപകർക്ക് 850 കോടി രൂപ നൽകണമെന്ന് പോലീസ് പറയുന്നു. പ്രതിവർഷം 11–22 ശതമാനം ലാഭം നൽകാമെന്ന് വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്. നിക്ഷേപ പരിധി 25,000 മുതൽ 9 ലക്ഷം രൂപ വരെയായിരുന്നു. ദുരുപയോഗം ചെയ്ത ഫണ്ടുകൾ തിരിച്ചുപിടിക്കാനും മറ്റ് പ്രതികളെ പിടികൂടാനും പൊലീസ് കൂടുതൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള വലിയ നിക്ഷേപകങ്ങൾക്ക് മുൻപായി ധനകാര്യ സ്ഥാപനങ്ങളുടെ നിയമസാധുത സെബി, ആർ‌ബി‌ഐ പോലുള്ള വഴി ഉറപ്പാക്കണമെന്നും പൊലീസ് ജനങ്ങളോട് ആവശ്യപ്പെട്ടു.

മൊബൈല്‍ ആപ്പിലൂടെയും, വെബ്സൈറ്റിലൂടെയുമായിരുന്നു കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍. ഈ വര്‍ഷം ജനുവരി രണ്ടാം വാരം മുതലാണ് കമ്പനിയുടെ പേയ്‌മെന്റുകള്‍ മുടങ്ങിയത്. ഇത് നിക്ഷേപകരെ വലിയ പ്രതിസന്ധിയിലാക്കി. തുടര്‍ന്ന് നിക്ഷേപകര്‍ ഹൈദരാബാദിലെ കമ്പനിയുടെ ഓഫീസിലെത്തി. എന്നാല്‍ ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ഓഫീസ് പൂട്ടി സ്ഥലം വിട്ടിരുന്നു. ഓഫീസിന് പുറത്ത് കമ്പനി അധികൃതര്‍ നോട്ടീസ് പതിച്ചിരുന്നു. ഓഫീസ് താത്കാലികമായി അടക്കുകയാണെന്നും ആയിരുന്നു നോട്ടീസില്‍ പറഞ്ഞിരുന്നത്. ഇതോടെ നിക്ഷേപകര്‍ വലിയ ആശങ്കയിലായി. കമ്പനി വാഗ്ദാനം നല്‍കിയ ലാഭം നല്‍കാതായതോടെ സമ്പാദ്യം മുഴുവന്‍ നിക്ഷേപിച്ചവര്‍ക്ക് വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. കുറച്ച് ദിവസങ്ങളായി ഫാല്‍ക്കന്റെ ഓഫീസുകളില്‍ നിക്ഷേപകര്‍ എത്തുന്നുണ്ട്.

എന്നാല്‍ ഓഫീസ് അടച്ചു പൂട്ടിയതില്‍ നിരാശരായ നിക്ഷേപകര്‍ ഓഫീസ് വസ്തുവകകള്‍ക്ക് കേടുപാടുകള്‍ വരുത്തിയിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ ഫാല്‍ക്കണിന്റെ ഓഫീസ് പൊലീസെത്തി അടച്ചിട്ടിരിക്കുകയാണ്. ഓഫീസിന്റെ വാടക പോലും നല്‍കിയിട്ടില്ലെന്നും ആരോപണമുണ്ട്. പണം നഷ്ടമായ നിക്ഷേപകര്‍ വാട്സ്ആപ്പ്, ടെലിഗ്രാം പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ കൂട്ടായ്മ രൂപീകരിച്ച് നിയമ പോരാട്ടത്തിനൊരുങ്ങുകയാണ്. അതേസമയം, സംഭവത്തില്‍ പൊലീസ് വിശദമായി അന്വേഷണം നടത്തി വരികയാണ്. പ്രതികളെ കണ്ടെത്തുന്നതിനായി പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. പ്രതികള്‍ വിദേശത്തേക്ക് കടന്നോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളിലും പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Tags:    

Similar News