സെപ്റ്റംബര്‍ 9-ാം തീയതിയിലെ ട്രൈബ്യൂണല്‍ ഉത്തരവനുസരിച്ച് കൃഷി പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ചുമതല ബി അശോകിന്; ആ ഫയല്‍ മുകളിലേക്ക് ടിങ്കു ബിസ്വാള്‍ ഒപ്പിട്ട് അയച്ചത് സെപ്റ്റംബര്‍ 11നും; സര്‍വകലാശാലാ നിയമഭേദഗതി ബില്ലില്‍ ആള്‍മാറാട്ടവും വ്യാജ രേഖ ചമയ്ക്കലും; ആരോപണമുന നീളുന്നത് ചീഫ് സെക്രട്ടറിയിലേക്ക്; പിണറായിയ്ക്ക് മറ്റൊരു തലവേദന
തിരുവനന്തപുരം: കാര്‍ഷിക സര്‍വകലാശാലയടക്കമുള്ളവയുമായി ബന്ധപ്പെട്ട സര്‍വകലാശാലാ നിയമഭേദഗതി ബില്‍ വിവാദത്തിലേക്ക്. നിയമസഭ അംഗീകരിച്ച ബില്ലുമായി ബന്ധപ്പെട്ടാണ് പ്രതിസന്ധി. ഗവര്‍ണറുടെയും വൈസ് ചാന്‍സലര്‍മാരുടെയും അധികാരം വെട്ടിക്കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള സര്‍വകലാശാലാ നിയമഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് മന്ത്രിസഭ പരിശോധിച്ച ഫയല്‍ തയാറാക്കിയത് അനധികൃത മാര്‍ഗത്തിലൂടെയാണെന്നും അത് വ്യാജരേഖയാണെന്നും ആരോപണം ഉയരുകയാണ്. ഈ വിഷയത്തില്‍ ഗുരുതര പരാതിയുമായി കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി.അശോക് രംഗത്തു വന്നതായാണ് സൂചന.
സര്‍വകലാശാലാ നിയമഭേദഗതി ബില്‍ സംബന്ധിച്ച്, മന്ത്രിസഭയ്ക്കു പരിഗണിക്കാന്‍ കൃഷി വകുപ്പില്‍നിന്നു തയാറാക്കിയ ഫയലിലാണ് വിവാദത്തിന് ഇടനല്‍കുന്നത്. ഈ കൃഷി വകുപ്പിലെ ഫയല്‍ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെന്ന നിലയില്‍ ടിങ്കു ബിസ്വാളാണ് ഒപ്പിട്ടത്. സെപ്റ്റംബര്‍ 11നാണ് ഫയലില്‍ ഒപ്പിട്ടിട്ടുള്ളത്. സെപ്റ്റംബര്‍ 9-ാം തീയതിയിലെ ട്രൈബ്യൂണല്‍ ഉത്തരവനുസരിച്ച് കൃഷി പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ചുമതല ബി അശോകിനാണ്. പിന്നെ എങ്ങനെ 11ന് ടിങ്കു ബിസ്വാള്‍ ഒപ്പിടുമെന്നതാണ് ചോദ്യം. തന്റെ അതേ പദവിയിലിരുന്നു മറ്റൊരാള്‍ ഫയലില്‍ ഒപ്പുവയ്ക്കുന്നതു ഗുരുതര കുറ്റകൃത്യമാണെന്നാണ് അശോകിന്റെ കുറിപ്പ്.
കേരപദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ന്ന സംഭവത്തില്‍ അശോകിനെ ഓഗസ്റ്റ് 30നു കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കി പകരം ടിങ്കുവിനെ സര്‍ക്കാര്‍ നിയമിച്ചിരുന്നു. കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ സെപ്റ്റംബര്‍ 9ന് അശോകിന്റെ സ്ഥലംമാറ്റം സ്റ്റേ ചെയ്തു. എന്നിട്ടും വകുപ്പുമായി ബന്ധപ്പെട്ട ഫയലുകള്‍ കൈകാര്യം ചെയ്യാനുള്ള ഇ ഓഫിസ്, ഔദ്യോഗിക ഇ മെയില്‍ എന്നിവയുടെ ചുമതല കൈമാറിയിരുന്നില്ല. ഇക്കാര്യം ചീഫ് സെക്രട്ടറിയോടു പരാതിയായി അറിയിക്കുകയും ചെയ്തു. ഈ പരാതിയുള്ളപ്പോഴാണ് 11ന് വൈകിട്ട് ടിങ്കു ബിസ്വാള്‍ ഫയല്‍ ഒപ്പിട്ട് സര്‍ക്കാരിലേക്ക് വിട്ടത്. അടുത്ത ദിവസം ഇ ഓഫിസും ഇ മെയിലും അശോകിനു കൈമാറി. ടിങ്കു ബിസ്വാള്‍ ഒപ്പിട്ട ഫയലാണ് സെപ്റ്റംബര്‍ 23നു മന്ത്രിസഭയുടെ മുന്നിലെത്തിയത്. ഇതിന് പിന്നില്‍ ഗൂഡാലോചന നടന്നുവെന്നാണ് ആശോക് പറയുന്നത്.
ആള്‍മാറാട്ടം, വ്യാജരേഖ ചമയ്ക്കല്‍, ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന എന്നിങ്ങനെയുള്ള വകുപ്പുകള്‍ പ്രകാരമുള്ള കുറ്റകൃത്യമാണു ഫയലില്‍ നടന്നതെന്നാണ് അശോക് പറയുന്നത്. ചീഫ് സെക്രട്ടറിയുടെ ഓഫിസിലുള്ള ചിലര്‍ക്കു പങ്കുണ്ടെന്നും കുറിപ്പിലുണ്ട്. ഇതാണ് വിഷയത്തിന്റെ ഗൗരവ സ്വഭാവം കൂട്ടുന്നതും. നിയമസഭ പാസാക്കിയ ബില്‍ പിന്‍വലിക്കണമെന്നും ശരിയായ മാര്‍ഗത്തിലൂടെ അതു വീണ്ടും അവതരിപ്പിക്കേണ്ടതാണെന്നും 7 പേജുള്ള കുറിപ്പില്‍ ആവശ്യപ്പെടുന്നു. ഗവര്‍ണര്‍ ഒപ്പിടേണ്ട ബില്ലിനെതിരെയാണ് ഈ പരമാര്‍ശങ്ങള്‍. സര്‍വ്വകലാശാല നിയമഭേദഗതിയെ രാജ്ഭവന്‍ എതിര്‍ക്കാനാണ് സാധ്യത. ഈ സാഹചര്യത്തില്‍ അശോകിന്റെ കുറിപ്പ് സര്‍ക്കാരിന് തലവേദനയാണ്.
ഫയല്‍നീക്കത്തില്‍ ക്രമക്കേട് നടന്നെന്ന കുറിപ്പ് നിയമ സെക്രട്ടറി, ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ക്ക് ഒക്ടോബര്‍ 29നാണ് അശോക് നല്‍കിയത്. ബില്‍ ഗവര്‍ണറുടെ അംഗീകാരത്തിന് അയയ്ക്കാന്‍ യോഗ്യമല്ലെന്നും ക്രമക്കേട് ഗവര്‍ണര്‍ അറിഞ്ഞാല്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നും അശോക് നിയമവകുപ്പിനെ അറിയിച്ചു. ഈ സാഹചര്യത്തില്‍ ബില്‍ ഗവര്‍ണര്‍ക്ക് അയച്ചിട്ടില്ല. ബി അശോക് ഉറച്ച നിലപാടിലുമാണ്. ഇത് സര്‍ക്കാരിനെ വെട്ടിലാക്കുന്നുണ്ട്. ടിങ്കു ബിസ്വാളിനേയും ചീഫ് സെക്രട്ടറിയേയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ് കുറിപ്പ്. ഇത് ഐഎഎസിലും രണ്ടു പക്ഷം കൂടുതല്‍ സജീവമാക്കും. ചീഫ് സെക്രട്ടറിയുടെ പല നിലപാടിനേയും ഐഎഎസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നുണ്ട്.
കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിക്കെതിരെ വിജിലന്‍സില്‍ പരാതിയും പോയിരുന്നു. ഇതിന് പിന്നാലെയാണ് അശോകിന്റെ കുറിപ്പും വരുന്നത്.
