ലണ്ടനിലെ മലയാളി നഴ്‌സിനും പ്രതിശ്രുത വധുവിനും വാഹനാപകടത്തില്‍ ദാരുണാന്ത്യം; അപകടം വിവാഹ സ്വപ്‌നങ്ങളുമായി സൗദിയിലെത്തിയപ്പോള്‍; മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കാത്ത വിധം കത്തിയമര്‍ന്നു; നടുങ്ങി യുകെ, സൗദി മലയാളികള്‍
ലണ്ടനിലെ മലയാളി നഴ്‌സിനും പ്രതിശ്രുത വധുവിനും വാഹനാപകടത്തില്‍ ദാരുണാന്ത്യം
ലണ്ടന്‍: സൗദിയിലെ വിനോദ സഞ്ചാര കേന്ദ്രം സന്ദര്‍ശിച്ചു മടങ്ങിയ ലണ്ടനിലെ മലയാളി നഴ്‌സിനും പ്രതിശ്രുത വധുവിനും വാഹനാപകടത്തില്‍ ദാരുണാന്ത്യം. വയനാട് സ്വദേശികളായ അഖില്‍ അലക്‌സ്, ടീന എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റു മൂന്നു പേരും അപകടത്തില്‍ മരണത്തിന് കീഴടങ്ങി. മരിച്ച മറ്റു മൂന്നു പേര്‍ സൗദി സ്വദേശികളാണ്. മദീനയിലെ കാര്‍ഡിയാക് സെന്ററില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്നുടീന.
വിവാഹത്തോടനുബന്ധിച്ച് അടുത്ത ദിവസം നാട്ടില്‍ പോകാനിരിക്കുകയായിരുന്നു ടീന. നാട്ടിലേക്ക് പോകാനായാണ് ലണ്ടനില്‍ നിന്നും അലക്‌സും സൗദിയിലേക്ക് എത്തിയത്. തുടര്‍ന്ന് അല്‍ ഉല സന്ദര്‍ശിച്ചതിനു ശേഷം സൗദിയില്‍ നിന്നും ഒരുമിച്ച് നാട്ടിലെത്തി വിവാഹിതരാകാനിരിക്കെയാണ് ദുരന്തത്തില്‍ ഇരുവരുടേയും ജീവന്‍ പൊലിഞ്ഞത്. സൗദിയിലെ വിനോദ സഞ്ചാര കേന്ദ്രമാണ് അല്‍ ഉല. ഇതു സന്ദര്‍ശിച്ചു മടങ്ങവേയാണ് അപകടം സംഭവിച്ചത്.
ഇവര്‍ സഞ്ചരിച്ച വാഹനവും എതിര്‍വശത്ത് നിന്നും വന്ന സൗദി സ്വദേശികളുടെ ലാന്‍ഡ്ക്രൂയിസറും തമ്മില്‍ കൂട്ടിയിച്ച് തീപിടിക്കുകയായിരുന്നു. മരിച്ച രണ്ടു മലയാളികളുടേയും മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്തവണ്ണം കത്തിയമര്‍ന്നു പോയെന്നാണ് സാമൂഹികപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം. അല്‍ ഉലയില്‍നിന്ന് 150 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായത്.
പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മലയാളി സാമൂഹിക പ്രവര്‍ത്തകന്‍ നിയമനടപടികള്‍ പൂര്‍ത്തീകരിക്കാന്‍ രംഗത്തുണ്ട്. മൃതദേഹങ്ങള്‍ അല്‍ ഉലയിലെ മുഹ്‌സിന്‍ ആശുപത്രിയിലാണ് നിലവില്‍ സൂക്ഷിച്ചിരിക്കുന്നത്. ഇന്ന് മദീന ആശുപത്രിയിലേക്ക് മാറ്റും