യുഎഇ ദേശീയ കറന്‍സിയായ ദിര്‍ഹത്തിന് പുതിയ ചിഹ്നം; കേന്ദ്ര ബാങ്ക് പുറത്തിറക്കിയ ദേശീയ പതാകയില്‍ നിന്ന് പ്രചോദിതമായ ചിഹ്നത്തിന് ഡിജിറ്റല്‍ രൂപവും; രാജ്യത്തിന്റെ അഭിവൃദ്ധിയും, സ്ഥിരതയും മൂല്യവും സൂചിപ്പിക്കുന്ന രേഖയായി പുതിയ ചിഹ്നം
യു എ ഇ ദേശീയ കറന്‍സിയായ ദിര്‍ഹത്തിന് ഇനി മുതല്‍ പുതിയ ചിഹ്നം
ദുബായ്: യു എ ഇ ദേശീയ കറന്‍സിയായ ദിര്‍ഹത്തിന് ഇനി മുതല്‍ പുതിയ ചിഹ്നം. കേന്ദ്ര ബാങ്ക് വ്യാഴാഴ്ച പുതിയ ചിഹ്നം പുറത്തിറക്കി. കറന്‍സി-ഡിജിറ്റല്‍ രൂപങ്ങളില്‍ ഇനി പുതിയ ചിഹ്നമായിരിക്കും. ദേശീയ പതാകയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ ചിഹ്നത്തിന് രൂപം കൊടുത്തിരിക്കുന്നത്.
ദിര്‍ഹത്തിന്റെ ഇംഗ്ലീഷ് നാമത്തിലെ അക്ഷരമായ 'D' യില്‍ നിന്നാണ് ചിഹ്നത്തിന്റെ ഉത്ഭവം. രാജ്യത്തെ സാമ്പത്തിക സ്ഥിരത വര്‍ദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ട് യുഎഇ ദിര്‍ഹത്തിന്റെ സ്ഥിരതയെ സൂചിപ്പിക്കുന്ന രണ്ട് തിരശ്ചീന രേഖകള്‍ അടങ്ങുന്നതാണ് പുതിയ ചിഹ്നം. ദേശീയ കറന്‍സിയെ രാജ്യാന്തരതലത്തില്‍ ഈ പുതിയ ചിഹ്നം പ്രതിനിധീകരിക്കും.
ഡിജിറ്റല്‍ ദിര്‍ഹത്തിന് ഭൗതിക ദിര്‍ഹവുമായി രൂപത്തില്‍ വ്യത്യാസമുണ്ട്. ദേശീയ കറന്‍സിയുടെ ചുറ്റുമായി വൃത്തത്തോടുകൂടിയാണ് ഡിജിറ്റല്‍ ദിര്‍ഹം. യുഎഇ പതാകയുടെ നിറങ്ങള്‍ ഡിജിറ്റല്‍ ദിര്‍ഹത്തില്‍ ഉള്‍ചേര്‍ത്തിരിക്കുന്നു.
1973 മെയിലാണ് യുഎഇ ദിര്‍ഹം പുറത്തിറക്കുന്നത്. ആഗോള സമ്പദ് വ്യവസ്ഥയും ലോകബാങ്കുമായുളള ഉദ്ഗ്രഥനത്തെ സൂചിപ്പിക്കുന്നതായിരുന്നു ആ പ്രകാശനം. വെറുമൊരു കറന്‍സി എന്നതിനേക്കാള്‍, രാജ്യത്തിന്റെ സ്വത്വം, മൂല്യം, സവിശേഷമായ പുരോഗതി എന്നിവയുടെ ദേശീയരേഖയാണ് ദിര്‍ഹം.
അടുത്തിടെ യു.എ.ഇ 100 ദിര്‍ഹത്തിന്റെ പുതിയ കറന്‍സി നോട്ട് പുറത്തിറക്കിയിരുന്നു. പേപ്പറിന് പകരം പോളിമറിലാണ് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് പുതിയ നോട്ട് പുറത്തിറക്കിയത്. പഴയ പേപ്പര്‍ നോട്ടും നൂറ് ദിര്‍ഹത്തിന്റെ പോളിമര്‍ നോട്ടിനൊപ്പം പ്രാബല്യത്തിലുണ്ടാകും. ബാങ്കുകള്‍, എ.ടി.എമ്മുകള്‍, കറന്‍സി എക്സ്ചേഞ്ച് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നൂറ് ദിര്‍ഹത്തിന്റെ പുതിയ നോട്ടുകള്‍ ലഭ്യമായിരിക്കും.
രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ ചിത്രത്തിനൊപ്പം ഉമ്മുല്‍ഖുവൈന്‍ കോട്ടയാണ് പുതിയ നോട്ടിന്റെ ഒരു വശത്തുള്ളത്. മറുവശത്ത് ഫുജൈറ തുറമുഖവും ഇത്തിഹാദ് റെയിലും സ്ഥാനം പിടിച്ചിട്ടുണ്ട്. വാജ്യ കറന്‍സി നിര്‍മിക്കുന്നവര്‍ക്ക് അനുകരിക്കാന്‍ കഴിയാത്ത സുരക്ഷ സംവിധാനങ്ങള്‍ നോട്ടിന്റെ പ്രത്യേകതയാണ്. യു.എ.ഇ നേരത്തേ 50 ദിര്‍ഹം, 500 ദിര്‍ഹം, 1000 ദിര്‍ഹം എന്നിവയുടെ പോളിമര്‍ നോട്ടുകള്‍ പുറത്തിറക്കിയിരുന്നു. ഇവ ലോകത്തെ ഏറ്റവും മികച്ച കറന്‍സി നോട്ടിനുള്ള അവാര്‍ഡും ഈയിടെ സ്വന്തമാക്കി.