മുന്‍ ധര്‍മ്മടം എം.എല്‍.എ കെ.കെ നാരായണന്‍ കുഴഞ്ഞുവീണ് മരിച്ചു; പിണറായിക്ക് വേണ്ടി മണ്ഡലം ഒഴിഞ്ഞുമാറിയ വിനീതന്‍; ബീഡിത്തൊഴിലാളിയില്‍ നിന്നും രാഷ്ട്രീയ ഉയരങ്ങളിലേക്ക്; അടിയന്തരാവസ്ഥയിലെ ക്രൂരമര്‍ദ്ദനം ഏറ്റുവാങ്ങിയ പോരാളി; വിടവാങ്ങിയത് കണ്ണൂര്‍ രാഷ്ട്രീയത്തിലെ സൗമ്യമുഖം

കെ കെ നാരായണന്‍ കുഴഞ്ഞുവീണ് മരിച്ചു

Update: 2025-12-30 14:06 GMT

പെരളശ്ശേരി: മുന്‍ ധര്‍മ്മടം എം എല്‍ എ യും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ കെ കെ നാരായണന്‍ (77) കുഴഞ്ഞുവീണ് മരിച്ചു. പെരളശ്ശേരി സ്‌കൂളില്‍ ഒരു പരിപാടിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ കണ്ണൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

2011 മുതല്‍ 2016 വരെ ധര്‍മടം എം എല്‍ എ യായിരുന്നു. സി.പി.എം എടക്കാട് ഏരിയാ സെക്രട്ടറി, കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എന്ന നിലയിലും വര്‍ഗബഹുജന ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: സുശീല. പെരളശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. സുനീഷ് മകനാണ്.

ബീഡി തൊഴിലാളി ജീവിതമാരംഭിച്ച കെ.കെ നാരായണന്‍ കമ്യുണിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായി മാറുകയായിരുന്നു അടിയന്തരാവസ്ഥക്കാലത്ത് പൊലിസിന്റെ മര്‍ദ്ദനമേല്‍ക്കുകയും ജയിലിലാകുകയും ചെയ്തു. കഴിഞ്ഞ കുറച്ചു കാലമായി വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് സജീവ രാഷ്ട്രീയത്തിലുണ്ടായിരുന്നില്ലെങ്കിലും പൊതുപരിപാടികളില്‍ പങ്കെടുത്തിരുന്നു.

1948 ഫെബ്രുവരി പതിനഞ്ചിന് കണ്ണൂരിലെ പെരളശ്ശേരിയിലായിരുന്നു കെ കെ നാരായണന്റെ ജനനം. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. 2011 ലാണ് അദ്ദേഹം ധര്‍മ്മടത്ത് നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 2016 ലെ തെരഞ്ഞെടുപ്പില്‍ പിണറായി വിജയന് വേണ്ടിയായിരുന്നു അദ്ദേഹം ധര്‍മ്മടം മണ്ഡലം ഒഴിഞ്ഞത്. കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്ക്, എ കെ ജി സ്മാരക സഹകരണ ആശുപത്രി എന്നിവയുടെ അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്

Tags:    

Similar News