എവിടെയും വലിഞ്ഞു കയറി ചെല്ലാമെന്നാണോ? യാത്രയയപ്പ് ചടങ്ങിന് ദിവ്യ പോയത് എന്തിന്? കലക്ടറുടെ പങ്കും അന്വേഷിക്കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടറി; 'നിന്റെ കണ്ണിലെ നനവും മനസിലെ നോവും വെറുതെയാകില്ല'; നവീന്റെ കുടുംബത്തെ പിന്തുണച്ച് ഫേസ്ബുക്കില്‍ കുറിപ്പും
എവിടെയും വലിഞ്ഞു കയറി ചെല്ലാമെന്നാണോ?
പത്തനംതിട്ട: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യക്കെതിരെ കടുത്ത വിമര്‍ശനവുമായി സിപിഎം പത്തനംതിട്ട നേതൃത്വം. ദിവ്യക്കെതിരെ കടുത്ത അമര്‍ഷത്തിലാണ് നേതാക്കള്‍. ഇക്കാര്യം വ്യക്തമാക്കുന്നതാണ് ജില്ലാ സെക്രട്ടറി കെ പി ഉദഭാനുവിന്റെ വാക്കുകളും ഫേസ്ബുക്ക് കുറിപ്പും.
ഉദ്യോഗസ്ഥര്‍ മാത്രം പങ്കെടുത്ത എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങിന് ദിവ്യ പോയത് എന്തിന്? എവിടെയും വലിഞ്ഞു കയറി ചെല്ലാമെന്നാണോ? എന്നും കെ പി ഉദയഭാനു ചോദിക്കുന്നു. യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് പറയപ്പെടുന്നത്. ഇതില്‍ ജില്ലാ കലക്ടര്‍ക്കും നല്ലപങ്കുണ്ടെന്നാണ് സംശയിക്കപ്പെടുന്നത്. ഇതേക്കുറിച്ചെല്ലാം അന്വേഷിക്കണം. നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പം പാര്‍ട്ടി നില്‍ക്കുമെന്നും കെ പി ഉദയഭാനു പറഞ്ഞു.
നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പു തന്നിട്ടുണ്ട്. സ്വതന്ത്ര അന്വേഷണമുണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. ദിവ്യക്കെതിരെ സംഘടനാ തലത്തില്‍ നടപടി വേണോയെന്ന് പാര്‍ട്ടി സംസ്ഥാന നേതൃത്വം തീരുമാനിക്കട്ടെ. കണ്ണൂര്‍ ജില്ലാ കലക്ടര്‍ക്കെതിരെ ഉയര്‍ന്ന ആരോപണം സര്‍ക്കാര്‍ പരിശോധിക്കും. നവീന്റെ കുടുംബവുമായി വീണ്ടും പാര്‍ട്ടി സംസാരിക്കും. അവര്‍ക്കൊപ്പം തന്നെ ജില്ലയിലെ പാര്‍ട്ടി നിലകൊള്ളും.
രാത്രി രണ്ടു മണി വരെ നവീന്‍ ബാബു വീട്ടുകാരുമായി സംസാരിച്ചുവെന്നാണ് പറഞ്ഞത്. കലക്ടര്‍ ഇതില്‍ സ്വീകരിച്ച സമീപനം നവീന്‍ബാബു ഭാര്യയോട് പറഞ്ഞു. ആരാണോ ഇതില്‍ പങ്കാളിയായത് അവര്‍ക്കെല്ലാം അര്‍ഹിക്കുന്ന ശിക്ഷ നല്‍കണം. ഇനി ഓരോ നടപടിയും വീട്ടുകാരുടെ കൂടി അഭിപ്രായം മാനിച്ചു മാത്രമേ കൈക്കൊള്ളു.അതിനനുസരിച്ച് മുന്നോട്ട് പോകാനാണ് തീരുമാനം. എല്ലാ അര്‍ത്ഥത്തിലും പാര്‍ട്ടി നവീന്റെ കുടുംബത്തിനൊപ്പം തന്നെയുണ്ടാകുമെന്നും കെപി ഉദയഭാനു പറഞ്ഞു.
നേരത്തെ നവീന്‍ബാബുവിന്റെ കുടുംബത്തിനൊപ്പം സിപിഎം ഉണ്ടാകുമെന്ന് വ്യക്തമാക്കി കെ പി ഉദയഭാനു ഫെയ്‌സ്ബുക്കില്‍ കുറിപ്പ് ഇട്ടിരുന്നു. ''പാതിയുടഞ്ഞ കുടവുമായി അച്ഛന് വലം വയ്ക്കുന്ന നിന്റെ മനസ് ഉടഞ്ഞുപോകാതെ ചേര്‍ത്തുവെയ്ക്കാന്‍ ഞങ്ങളുണ്ടാകും. നിന്റെ കണ്ണിലെ നനവും മനസിലെ നോവും വെറുതെയാകില്ല. ഇതാണുറപ്പ്, ഇതുമാത്രമാണ് ചെങ്കൊടി പ്രസ്ഥാനത്തിന്റെ ഉറപ്പ്'' - കെ പി ഉദയഭാനു ഫേസ്ബുക്കില്‍ കുറിച്ചു.
കുറിപ്പ് ഇങ്ങനെയാണ്: ''മകളേ നി കുടമുടച്ചു താതന് ചെയ്തതു ശേഷക്രിയ നിന്‍ മനമുടയാതെ ചേര്‍ത്തുവച്ച് ഞങ്ങളുണ്ടാകും. ഹൃദയം മുറിയുന്ന വേദനകളെ ഉള്ളിലൊതുക്കി ഇന്നു നീ അച്ഛനുചെയ്ത ശേഷക്രിയ ആരുടെ കണ്ണുകളെയാണ് നനയിക്കാത്തത്. പാതിയുടഞ്ഞ കുടവുമായി അച്ഛനു വലം വെയ്ക്കുന്ന നിന്റെ മനസ് ഉടഞ്ഞുപോകാതെ ചേര്‍ത്തുവെയ്ക്കാന്‍ ഞങ്ങളുണ്ടാകും. നിന്റെ കണ്ണിലെ നനവും, മനസിലെ നോവും വെറുതെയാകില്ല. ഇതാണുറപ്പ് ഇതുമാത്രമാണ് ചെങ്കൊടി പ്രസ്ഥാനത്തിന്റെ ഉറപ്പ്.''
കേരളത്തിന്റെ സങ്കടമായി മാറിയ എഡിഎം നവീന്‍ ബാബുവിന് ഇന്നലെയാണ് ഹൃദയഭേദകമായ യാത്രയയപ്പ് നാട് നല്‍കിയത്. പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടുവളപ്പില്‍ മക്കളായ നിരുപമയും നിരഞ്ജനയും അന്ത്യകര്‍മ്മങ്ങള്‍ ചെയ്തു. ഭാര്യ മഞ്ചുഷക്കും മക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പം ഒരു നാട് മുഴുവന്‍ വിങ്ങിപ്പൊട്ടിയാണ് നവീന്‍ ബാബുവിനെ യാത്രയാക്കിയത്.
ചൊവ്വാഴ്ച എഡിഎമ്മായി ചുമതലയേല്‍ക്കാന്‍ എത്തേണ്ടിടത്തായിരുന്നു സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ നിന്ന് മൃതദേഹമെത്തിയത്. സഹപ്രവര്‍ത്തകര്‍ക്കും സീനിയര്‍ ഉദ്യോഗസ്ഥര്‍ക്കും ഒന്നും കരച്ചിലടക്കാനായില്ല. എല്ലാവര്‍ക്കും നവീന്‍ ബാബവിനെ കുറിച്ച് പറയാനുള്ളത് നല്ല വാക്കുകള്‍ മാത്രമായിരുന്നു. പത്തനംതിട്ട മുന്‍ ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചപ്പോള്‍ വികാരാധീനയായി.