റഷ്യയുടെ അണക്കെട്ട് ഡ്രോണ്‍ ആക്രമണത്തില്‍ തകര്‍ത്ത് യുക്രൈന്‍; തെക്കന്‍ ബെല്‍ഗൊറോഡ് മേഖലയില്‍ വ്യാപകമായ വെള്ളപ്പൊക്കം; പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; തകര്‍ന്ന റിസര്‍വോയറില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുകുന്ന വീഡിയോകള്‍ പുറത്ത്

റഷ്യയുടെ അണക്കെട്ട് ഡ്രോണ്‍ ആക്രമണത്തില്‍ തകര്‍ത്ത് യുക്രൈന്‍

Update: 2025-10-29 09:45 GMT

മോസ്‌കോ: റഷ്യയിലെ ഒരു അണക്കെട്ടില്‍ യുക്രൈന്‍ സൈന്യം വന്‍ തോതിലുള്ള ഡ്രോണാക്രമണം നടത്തി. ഇത് കാരണം റഷ്യയിലെ തെക്കന്‍ ബെല്‍ഗൊറോഡ് മേഖലയില്‍ വ്യാപകമായ വെള്ളപ്പൊക്കമുണ്ടായി. ഇതിന്റെ ഫലമായി റഷ്യന്‍ സൈനികര്‍ ഇപ്പോള്‍ ഇവിടെ ഒറ്റപ്പെട്ടിരിക്കുകയാണ്. അണക്കെട്ട്് തകര്‍ന്നതിനെ തുടര്‍ന്ന് വെള്ളിയാഴ്ചയും ശനിയാഴ്ചയും അധികൃതര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ നിരവധി സൈനിക യൂണിറ്റുകള്‍ ഇപ്പോള്‍ ചിന്നിച്ചിതറിയ അവസ്ഥയിലാണ്. സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട ദൃശ്യങ്ങളില്‍, തകര്‍ന്ന റിസര്‍വോയറില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുകുന്നത് കാണാം.

വോവ്ചാന്‍സ്‌കിലെ അതിര്‍ത്തിയുടെ ഉക്രേനിയന്‍ ഭാഗത്ത് നിലയുറപ്പിച്ച റഷ്യന്‍ സൈനികര്‍ പൂര്‍ണമായി ഒറ്റപ്പെട്ടു പോയി എന്നാണ് റിപ്പോര്‍ട്ട്.

ആക്രമണത്തിനുശേഷം വെള്ളം ഒഴുകി, റഷ്യന്‍ ബങ്കറുകളും ട്രഞ്ചുകളും വെള്ളത്തിലായിരിക്കുകയാണ്. റഷ്യന്‍ സൈനികരുടെ സംവിധാനങ്ങള്‍ മൊത്തത്തില്‍ തകരാറിലായതായും സൂചനയുണ്ട്. യുക്രൈനിയന്‍ ഡ്രോണുകള്‍ റിസര്‍വോയറില്‍ ആക്രമണം നടത്തിയതായി പ്രാദേശിക ഗവര്‍ണര്‍ വ്യാസെസ്ലാവ് ഗ്ലാഡ്കോവ് സ്ഥിരീകരിച്ചു.

വെള്ളപ്പൊക്ക സാധ്യതയുള്ളതിനാല്‍ ഷെബെക്കിനോ, ബെസ്ലിയുഡോവ്ക എന്നീ അതിര്‍ത്തി മേഖലകളിലെ താമസക്കാരോട് വീടുകള്‍ ഒഴിയാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങളുടെ സൈന്യം തന്നെയാണ് ഡാമില്‍ ആക്രമണം നടത്തിയതെന്ന കാര്യം യുക്രൈനും സ്ഥിരീകരിച്ചിട്ടുണ്ട്. ഹാംഗ് ഇന്‍ ദെയര്‍ ഡാം എന്നാണ് യുക്രൈന്‍ സൈന്യം ഈ ദൗത്യത്തിന് പേരിട്ടിരുന്നത്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഡാമിലെ ജലനിരപ്പ് മൂന്നടി കുറഞ്ഞിരുന്നു. ഈ ഡാം ഉള്‍പ്പെടുന്ന മേഖലയില്‍ നേരത്തേയും നിരവധി തവണ യുക്രൈന്‍ ആക്രമണം നടത്തിയിരുന്നു. ഈയിടെ യുക്രൈന്‍ റഷ്യയുടെ ഊര്‍ജ്ജ സംവിധാനങ്ങളും ആക്രമിച്ച് തകര്‍ത്തതി രാജ്യത്തിന് വലിയ തോതിലുള്ള പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

കഴിഞ്ഞയാഴ്ച യുക്രൈന്‍ ബ്രിട്ടീഷ് നിര്‍മ്മിത സ്റ്റോംഷാഡോ മിസൈലുകള്‍ ഉപയോഗിച്ച് റഷ്യയുടെ വെടിമരുന്ന് നിര്‍മ്മാണ കേന്ദ്രം തകര്‍ത്തിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഈ മിസൈലുകള്‍ ഉപയോഗിക്കാന്‍ ബ്രിട്ടന്‍ യുക്രൈന് അനുമതി നല്‍കിയത്. കഴിഞ്ഞ മാസം റഷ്യന്‍ തലസ്ഥാനമായ മോസ്‌ക്കോയിലേക്ക് 140 ഓളം ഡ്രോണുകള്‍ അയച്ച് ശക്തമായ ആക്രമണം നടത്തിയിരുന്നു.

മോസ്‌കോയിലെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി അടച്ചിട്ടതായി വ്യോമയാന നിരീക്ഷണ ഏജന്‍സിയായ റോസാവിയറ്റ്സിയ പറഞ്ഞു. തങ്ങളുടെ പ്രദേശത്തിനുള്ളില്‍ യുക്രൈനിയന്‍ ആക്രമണങ്ങള്‍ മൂലമുണ്ടായ നാശനഷ്ടങ്ങളുടെ പൂര്‍ണ്ണ വ്യാപ്തി റഷ്യ വളരെ അപൂര്‍വമായി മാത്രമേ വെളിപ്പെടുത്താറുള്ളൂ.

Tags:    

Similar News