ഇന്ത്യയെ തകര്‍ക്കാന്‍ ആയുധം കടത്തി; ബംഗ്ലദേശിലെ രാഷ്ട്രീയ അഭയം രക്ഷയാകില്ലെന്ന് കരുതി മുങ്ങിയത് ചൈനയിലേക്ക്; മ്യാന്മാര്‍ അതിര്‍ത്തിയിലെ ഭീകര ക്യാമ്പുകള്‍ ഇന്ത്യ തകര്‍ത്തെന്ന്് വിലപിച്ച് പരേഷ് ബറൂവ; ഇന്ത്യന്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ ആരോപണവുമായി ഉള്‍ഫ; അസമിലെ ഭീകരരുടെ വാദം തള്ളി സൈന്യം; പുലര്‍ച്ചെ അതിര്‍ത്തിയില്‍ സംഭവിച്ചത് എന്ത്?

Update: 2025-07-14 04:50 GMT

ഗുവാഹത്തി: മ്യാന്മാര്‍ അതിര്‍ത്തിയിലെ തങ്ങളുടെ ക്യാമ്പുകള്‍ക്ക് നേരെ ഇന്ത്യന്‍ സൈന്യം ഡ്രോണ്‍ ആക്രമണം നടത്തിയതായി നിരോധിത സംഘടനയായ ഉള്‍ഫ (ഐ). ഞായറാഴ്ച തങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായെന്നാണ് ആരോപണം. എന്നാല്‍ ഇന്ത്യന്‍ സൈന്യം ഇത് നിഷേധിച്ചു. പരേഷ് ബറൂവ നേതൃത്വം നല്‍കുന്ന ഉള്‍ഫയുടേതാണ് ആരോപണം.

മ്യാന്മറിലെ സഗൈങ്ങിലുള്ള തങ്ങളുടെ ക്യാമ്പുകളില്‍ ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയെന്നാണ് ആരോപണം. പുലര്‍ച്ചെ രണ്ടു മുതല്‍ നാലു വരെ നാഗാലാന്‍ഡിലെ ലോങ്വ മുതല്‍ അരുണാചല്‍ പ്രദേശിലെ പാങ്‌സോ പാസ് വരേയുള്ള മേഖലയില്‍ ആക്രമണം നടത്തിയെന്നാണ് ഉള്‍ഫ ആരോപിക്കുന്നത്. ആക്രമണത്തില്‍ കമാന്‍ഡര്‍ മരിച്ചെന്ന് പോലും പ്രചരണമുണ്ട്.

ഇസ്രായേല്‍, ഫ്രാന്‍സ് നിര്‍മ്മിത 150-ലേറെ ഡ്രാണുകളുപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും ഉള്‍ഫ പ്രസ്താവനയില്‍ ആരോപിച്ചു. ആക്രമണത്തില്‍ നയന്‍ അസം, ഗണേഷ് അസം, പ്രദീപ് അസം എന്നിവര്‍ കൊല്ലപ്പെട്ടുവെന്നും 19 ഓളം പേര്‍ക്ക് പരിക്കേറ്റുവെന്നും പ്രസ്താവനയില്‍ ആരോപിച്ചു. നയന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയാണ് രണ്ടാമത്തെ ഡ്രോണ്‍ ആക്രമണം ഉണ്ടായത്. ഈ ആക്രമണത്തിലാണ് മറ്റു രണ്ടുപേരുടെ ജീവന്‍ നഷ്ടപ്പെട്ടതെന്നും അവര്‍ ആരോപിച്ചു.

മ്യാന്മര്‍ സൈന്യവുമായി സഹകരിച്ചാണ് ഈ ആക്രമണം നടത്തിയതെന്നും ആരോപിക്കുന്നു. എന്നാല്‍ ഗുവാഹത്തിയിലെ പ്രതിരോധ വക്താവ് ലെഫ്റ്റനന്റ് കേണല്‍ മഹേന്ദ്ര റാവത്ത് ഇക്കാര്യം നിഷേധിച്ചു. ഇന്ത്യന്‍ സൈന്യത്തിന് അത്തരത്തില്‍ ഒരു ഓപ്പറേഷനെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് സൈന്യം അറിയിച്ചു. അസമിലെ വിഘടനവാദി സംഘടനയായ ഉള്‍ഫയുടെ ഒരു വിഭാഗത്തെ നയിക്കുന്നത് പരേഷ് ബറുവയാണ്. ചൈനയിലെ യുനാന്‍ പ്രവിശ്യയിലാണ് പരേഷ് ബറുവ കഴിയുന്നത് എന്നാണ് സൂചന.

നേരത്തെ ഇന്ത്യയിലേക്ക് ആയുധക്കടത്ത് നടത്തിയ കേസില്‍ ബറുവയെ വെറുതെ വിട്ടിരുന്നു ബംഗ്ലാദേശ്. ബംഗ്ലദേശ് നാഷനലിസ്റ്റ് പാര്‍ട്ടിയും (ബിഎന്‍പി) ജമാഅത്തെ ഇസ്‌ലാമിയും ചേര്‍ന്നായിരുന്നു 2001 മുതല്‍ 2006 വരെ ഭരണം നടത്തിയിരുന്നത്. ഖാലിദ സിയ മന്ത്രിസഭയുടെ കാലത്താണ് പരേഷ് ബറുവയ്ക്ക് ബംഗ്ലദേശ് അഭയം നല്‍കിയത്. ഇതിനിടെ, ഉള്‍ഫയ്ക്കു വേണ്ടി 10 ലോഡ് ആയുധങ്ങള്‍ കടത്തിയത് 2004 ഏപ്രിലില്‍ പിടികൂടി. 27,000 ഗ്രനേഡുകള്‍, 150 റോക്കറ്റുകള്‍ എന്നിവയടക്കമുള്ള ആയുധങ്ങളാണ് ഇന്ത്യ വിരുദ്ധ ശക്തികള്‍ക്ക് എത്തിച്ചുകൊടുത്തത്.

തുടര്‍ന്നു വന്ന ഷെയ്ഖ് ഹസീന മന്ത്രിസഭ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് ഖാലിദ സിയ മന്ത്രിസഭയിലെ ആഭ്യന്തര സഹമന്ത്രിയായിരുന്ന ലുത്ഫുസ്മാന്‍ ബാബര്‍, മന്ത്രിയും ജമാഅത്തെ ഇസ്?ലാമി നേതാവുമായ മൊതിയൂര്‍ റഹ്‌മാന്‍ നിസാമി, ഇന്റലിജന്‍സ് മേധാവി റെസാഖുല്‍ ഹൈദര്‍ ചൗധരി തുടങ്ങി 6 പേരെ കുറ്റവാളികളായി കണ്ടെത്തിയത്.

ഇതില്‍ നിസാമിയെ 1971ലെ കൂട്ടക്കൊലക്കേസില്‍ തൂക്കിലേറ്റി. മറ്റുള്ളവരെ കുറ്റവിമുക്തരാക്കി്. ഇതിനിടെ ബറുവ ചൈനയില്‍ അഭയം തേടുകയും ചെയ്തു.

Tags:    

Similar News