അന്ന് താജ്മഹലിന് മുള ഉപയോഗിച്ച് ചട്ടക്കൂട് പണിതു; കറുത്ത തുണികൊണ്ട് മൂടി; മോക് ഡ്രില്‍ നടത്തി ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യ- പാക്ക് യുദ്ധം; ഇത്തവണ മുന്നറിയിപ്പായി എയര്‍ റെയ്ഡ് വാണിങും സൈറനും; കാര്‍ഗില്‍ യുദ്ധകാലത്തു പോലും സ്വീകരിക്കാത്ത നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍; കേരളം അടക്കം കനത്ത ജാഗ്രതയില്‍

കേരളം അടക്കം കനത്ത ജാഗ്രതയില്‍

Update: 2025-05-06 10:47 GMT

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ - പാകിസ്ഥാന്‍ സംഘര്‍ഷ സാധ്യത ശക്തമായതോടെ കനത്ത ജാഗ്രതയില്‍ സംസ്ഥാനങ്ങള്‍. ശത്രുരാജ്യത്തിന്റെ വ്യോമാക്രമണമുണ്ടായാല്‍ സ്വീകരിക്കേണ്ട സുരക്ഷ മുന്‍കരുതലായി മോക് ഡ്രില്‍ അടക്കം പരിശീലിപ്പിക്കാനാണ് നീക്കം. കാര്‍ഗില്‍ യുദ്ധ കാലത്ത് പോലും സ്വീകരിക്കാത്ത മോക് ഡ്രില്‍ ഇന്നും നാളെയുമായി ദേശവ്യാപകമായി സംഘടിപ്പിക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

കേരളം അടക്കമുള്ള സമുദ്രതീരത്തോട് ചേര്‍ന്ന് കിടക്കുന്ന സംസ്ഥാനങ്ങളിലും പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലുമാണ് ഉയര്‍ന്ന ജാഗ്രതാ നിര്‍ദ്ദേശം പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യ പാക്കിസ്ഥാന്‍ സംഘര്‍ഷം എങ്ങോട്ട് വേണമെങ്കിലും നീങ്ങാം എന്നാണ് സര്‍ക്കാര്‍ വ്യത്തങ്ങള്‍ പറയുന്നത്. കേരളത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തുമാണ് മോക് ഡ്രില്‍ നടക്കുകയെന്നാണ് ലഭ്യമായ വിവരം.




 


14 ജില്ലകളില്‍ മോക് ഡ്രില്‍

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം നാളെ കേരളത്തില്‍ 14 ജില്ലകളിലും തിരഞ്ഞെടുത്ത സ്ഥലങ്ങളില്‍ മോക്ഡ്രില്‍ നടത്തും. നാളെ നാലു മണിക്കാണ് മോക്ഡ്രില്‍. സിവില്‍ ഡിഫന്‍സ് മോക്ഡ്രില്ലുകള്‍ സംഘടിപ്പിക്കണമെന്നാണ് കേന്ദ്രം നിര്‍ദേശം നല്‍കിയിരിക്കുന്നത്. വ്യോമാക്രമണം ഉണ്ടായാല്‍ എന്തൊക്കെ മുന്‍കരുതലുകള്‍ പാലിക്കണം എന്നതു സംബന്ധിച്ച് ജനങ്ങള്‍ക്കു വിവരം നല്‍കുക എന്ന ഉദ്ദേശ്യത്തോടെയാണ് മോക്ഡ്രില്‍ നടത്തുന്നതെന്ന് അഗ്‌നിരക്ഷാസേനാ മേധാവി മനോജ് ഏബ്രഹാം പറഞ്ഞു.

ആംബുലന്‍സുകളും ആശുപത്രികളും ഉള്‍പ്പെടെ ഇതിനായി സജ്ജമാക്കും. ആക്രമണമുണ്ടായാല്‍ സ്വയംസുരക്ഷ ഉറപ്പാക്കാനുള്ള കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയാണു ലക്ഷ്യം. തുടക്കമെന്ന നിലയില്‍ എമര്‍ജന്‍സി സൈറന്‍ മുഴങ്ങും. തുടര്‍ന്ന് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് ആളുകള്‍ മാറുകയെന്നതാണ് നിര്‍ദേശം. സാധാരണ വ്യോമാക്രമണം സ്ഥിരമായി നടക്കുന്ന സ്ഥലങ്ങളില്‍ ആളുകള്‍ ബങ്കറുകളിലേക്കു മാറുകയാണ് ചെയ്യുന്നത്. അതേസമയം, ഇവിടെ വലിയ കെട്ടിടങ്ങളുടെ മുകളില്‍ ഒന്നും നില്‍ക്കാതെ ബെയ്സ്മെന്റ് പാര്‍ക്കിങ് ഉള്‍പ്പെടെയുള്ള സുരക്ഷിത സ്ഥാനങ്ങളിലേക്കാണു മാറേണ്ടത്. പാര്‍ക്ക് പോലെ പൊതുഇടങ്ങളില്‍ നില്‍ക്കാന്‍ പാടില്ല.

ജില്ലാ കലക്ടര്‍മാരും ജില്ലാ ഫയര്‍ ഓഫിസര്‍മാരുമാണ് മോക് ഡ്രില്ലിനു നേതൃത്വം നല്‍കുന്നത്. ജനങ്ങള്‍ക്കും ഇതേക്കുറിച്ചു ധാരണയുണ്ടാകണം. ഓഫിസിലാണെങ്കില്‍ മുകള്‍ നിലയില്‍ നില്‍ക്കാതെ താഴത്തെ നിലയിലേക്കോ പാര്‍ക്കിങ്ങിലേക്കോ മാറണം. നാളെ ആദ്യത്തെ പരിപാടി എന്ന നിലയിലാണ് നടത്തുന്നതെന്നും ജനങ്ങള്‍ ഇക്കാര്യത്തില്‍ ബോധവാന്മാരായി ഭാവിയില്‍ ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാല്‍ അതനുസരിച്ച് പെരുമാണമെന്നും മനോജ് ഏബ്രഹാം പറഞ്ഞു.

മോക് ഡ്രില്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി എ.ജയതിലകിന്റെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം ചേര്‍ന്നിരുന്നു. യുദ്ധമുണ്ടായാല്‍ വ്യോമാക്രമണത്തിനു ജനങ്ങളെ ജാഗരൂഗരാക്കാന്‍ എയര്‍ റെയ്ഡ് വാണിങ് സംവിധാനം നടപ്പാക്കും. കേരളത്തില്‍ തിരുവനന്തപുരത്തും എറണാകുളത്തുമാണ് പ്രധാനമായും ഇതുള്ളത്. ശത്രുരാജ്യം വ്യോമാക്രമണം നടത്താന്‍ ശ്രമിച്ചാല്‍ വിവരം ലഭിക്കുക വ്യോമസേനയ്ക്കായിരിക്കും. വ്യോമസേനയാണ് വിവിധയിടങ്ങളിലെ കണ്‍ട്രോള്‍ റൂമുകളിലേക്കു സന്ദേശം നല്‍കുക.

മോക് ഡ്രില്ലിന്റെ ഭാഗമായി നാളെ 4 മണിക്ക് എയര്‍ റെയ്ഡ് വാണിങ് വരും. ആദ്യം വിവിധ കേന്ദ്രങ്ങളില്‍ സൈറന്‍ മുഴക്കും. തുടര്‍ന്ന് സിവില്‍ ഡിഫന്‍സ് സംവിധാനം സജീവമാക്കാനാണ് മോക് ഡ്രില്ലിലൂടെ ലക്ഷ്യമിടുന്നത്. ആശയവിനിമയം നടത്താന്‍ ഹാം റേഡിയോയുടെയും മാധ്യമങ്ങളുടെയും സഹായം തേടും. തുടര്‍ന്ന് പ്രധാനപ്പെട്ട സ്ഥലങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ച് സുരക്ഷിതസ്ഥലങ്ങളിലേക്കു മാറ്റുകയും മുന്നറിയിപ്പു നല്‍കുകയും ചെയ്യും. കേരളത്തില്‍ ഏറെ നാളുകള്‍ക്കുള്ളില്‍ ആദ്യമായാണ് സിവില്‍ ഡിഫന്‍സ് മോക്ഡ്രില്‍ നടത്തുന്നത്. സിവില്‍ ഡിഫന്‍സിന്റെ കണ്‍ട്രോളിങ് ഓഫിസര്‍ ജില്ലാ കലക്ടര്‍മാരും നോഡല്‍ ഓഫിസര്‍ ജില്ലാ ഫയര്‍ ഓഫിസറുമാണ്.


 



ബ്ലാക് ഔട്ട് ഡ്രില്ലും

ആകാശമാര്‍ഗ്ഗമുള്ള ആക്രമണം തടയാന്‍ എയര്‍ സൈറന്‍, ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കാനും താമസിപ്പിക്കാനുമുള്ള സൗകര്യം, രാത്രി വിളക്കണച്ച് ബ്ലാക് ഔട്ട് ഡ്രില്‍ തുടങ്ങി 10 നിര്‍ദ്ദേശങ്ങളാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത്. കാര്‍ഗില്‍ യുദ്ധകാലത്ത് പോലും ഇത്രയും വിപുലമായ തയ്യാറെടുപ്പിന് നിര്‍ദ്ദേശം ഉണ്ടായിരുന്നില്ല. കേരളം, തമിഴ്നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, ഒഡിഷ ആന്ധ്രപ്രദേശ്, പശ്ചിമ ബംഗാള്‍ തുടങ്ങിയ തീര സംസ്ഥാനങ്ങള്‍ക്കാണ് നിര്‍ദ്ദേശം. ഇതിന് പുറമെ ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, ദാദ്ര നഗര്‍ ഹവേലി, മധ്യപ്രദേശ് എന്നീ പടിഞ്ഞാറന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും  ഉയര്‍ന്ന ജാഗ്രതാ നിര്‍ദ്ദേശമുണ്ട്.

ഡല്‍ഹി അടക്കമുള്ള വടക്കന്‍ സംസ്ഥാനങ്ങളില്‍ തയ്യാറെടുപ്പ് കേന്ദ്രം നേരിട്ട് നിരീക്ഷിക്കും. ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണ്ണറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സാഹചര്യം വിലയിരുത്തി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാവിലെ യോഗം വിളിച്ച് കേന്ദ്ര നിര്‍ദ്ദേശം ഗൗരവമായെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. പ്രധാനമന്ത്രി ഇന്നും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലുമായി ചര്‍ച്ച നടത്തി. പാക്കിസ്ഥാനിലേക്കുള്ള ജലമൊഴുക്കില്‍ കൂടുതല്‍ നിയന്ത്രണത്തിനാണ് ഇന്ത്യയുടെ തീരുമാനം. 20 ശതമാനം കുറവെങ്കിലും ഈ സീസണില്‍ പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന ജലത്തില്‍ ഉണ്ടാകും.

ലക്ഷ്യം സ്വയരക്ഷ


1971ന് ശേഷം യുദ്ധ മോക് ഡ്രില്ലുകള്‍ നടത്താന്‍ തീരുമാനിക്കുന്നത് ഇത് ആദ്യമാണ്. ആക്രമണമുണ്ടാകുന്ന പക്ഷം സ്വയരക്ഷ ഉറപ്പുവരുത്താനായി പൊതുജനങ്ങളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിശീലനം നല്‍കണം. എന്തെങ്കിലും തരത്തിലുള്ള അടിയന്തര സാഹചര്യങ്ങള്‍ ഉണ്ടായാല്‍ അപ്പോള്‍ സ്വീകരിക്കേണ്ട നടപടികളെകുറിച്ച് പരിശീലനം നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാന കെട്ടിടങ്ങളുടെയും പ്ലാന്റുകളുടെയും സംരക്ഷണത്തിനായി സ്വീകരിക്കേണ്ട നടപടികള്‍ തയ്യാറാക്കണമെന്നും ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശിച്ചിരുന്നു.

പാകിസ്ഥാനുമായി ഉടന്‍ തന്നെ ഒരു ഏറ്റുമുട്ടല്‍ ഉണ്ടാകുമെന്ന സൂചനകള്‍ക്കിടെയിലാണ് നാളെ ഇന്ത്യ വീണ്ടും ഒരു മോക് ഡ്രില്ലിന് തയ്യാറെടുക്കുന്നത്. ഭീഷണികള്‍ക്ക് സാദ്ധ്യയുള്ളവ ഉള്‍പ്പെടെ 244 സിവില്‍ ഡിഫന്‍സ് ജില്ലകളില്‍ മോക് ഡ്രില്ലികള്‍ നടത്താനാണ് ആഭ്യന്ത മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. 1971ല്‍ മോക് ഡ്രില്ലുകള്‍ കണ്ടവര്‍ക്ക് ഇത് ഒരു ഓര്‍മ്മ പുതുക്കല്‍ ആയിരിക്കും. 1971ലെ മോക് ഡ്രില്ലുകള്‍ ഇന്നും പലരുടെയും ഓര്‍മയിലുണ്ട്.


 



1971ലെ മോക് ഡ്രില്ലുകള്‍'അന്ന് ഞാന്‍ കോളേജില്‍ പഠിക്കുന്ന കാലമായിരുന്നു. വൈകുന്നേരം ഏഴ് മണിക്ക് സൈറണ്‍ മുഴങ്ങി. അതിന് അര്‍ത്ഥം വീട്ടിലെ ലൈറ്റുകള്‍ ഓഫ് ചെയ്യുകയെന്നായിരുന്നു. അന്ന് ഞങ്ങള്‍ താമസിച്ചിരുന്നത് ഝാര്‍ഖണ്ഡിലെ ദുംകയിലായിരുന്നു. റോഡിയോകളില്‍ ലൈറ്റുകള്‍ ഓഫ് ചെയ്യാനുള്ള നിര്‍ദേശങ്ങള്‍ വന്നിരുന്നു' - 1971ലെ മോക് ഡ്രില്ലില്‍ സമയത്ത് ഉണ്ടായിരുന്ന പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ മധുരേന്ദ്ര പരാസാദ് സിന്‍ഹ പറഞ്ഞു.

യുദ്ധം തുടങ്ങുന്നതിന് രണ്ടോ നാലോ ദിവസം മുന്‍പാണ് മോക് ഡ്രില്ലുകള്‍ നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഡിസംബര്‍ 16ന് പാകിസ്ഥാന്‍ സൈന്യത്തിലെ ലെഫ്റ്റനന്റ് ജനറല്‍ എ എകെ. നിയാസി ധാക്കയില്‍ വച്ച് കീഴടങ്ങല്‍ കരാറില്‍ ഒപ്പുവച്ചു. ഇത് അന്നത്തെ കിഴക്കന്‍ പാകിസ്ഥാന്റെ വിമോചനത്തിന് കാരണമായി. പിന്നാലെ യുദ്ധം അവസാനിക്കുകയും ചെയ്‌തെന്ന് സിന്‍ഹ കൂട്ടിച്ചേര്‍ത്തു.


 



സൈറണ്‍ മുഴങ്ങുമ്പോഴെല്ലാം ലൈറ്റുകള്‍ അണച്ച് ഏതെങ്കിലും മേശയ്ക്കടിയില്‍ ഒളിക്കാന്‍ സൈന്യം നിര്‍ദേശിച്ചിരുന്നതായും സിന്‍ഹ ഓര്‍ക്കുന്നു. ഗ്ലാസുകളില്‍ കറുത്ത പെയിന്റ് അടിക്കുകയും വീട്ടിലെ ഗ്ലാസുകള്‍ പേപ്പര്‍ കൊണ്ട് മറയ്ക്കുകയും ചെയ്തിരുന്നു. സൈറണ്‍ കേട്ടാല്‍ ലൈറ്റ് അണച്ച് തറയില്‍ ചെവി അടച്ച് കിടക്കണമായിരുന്നുവെന്ന് വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആര്‍ കെ ശര്‍മ്മ പറയുന്നു.താജ്മഹല്‍ കറുത്ത തുണികൊണ്ട് മൂടി. 1942ല്‍ രണ്ടാം ലോകമഹായുദ്ധസമയത്താണ് താജ്മഹല്‍ ആദ്യമായി മറയ്ക്കപ്പെടുന്നത്. ഈ സ്മാരകത്തില്‍ ബോംബാക്രമണം നടക്കാന്‍ സാദ്ധ്യതയുണ്ടെന്ന് കരുതിയ ബ്രിട്ടീഷുകാരാണ് അത് ചെയ്തത്. അവര്‍ താജ്മഹലിന് മുള ഉപയോഗിച്ച് ചട്ടക്കൂട് പണിഞ്ഞിരുന്നു. 1965ലും 1975ലും ഇന്ത്യ പാകിസ്ഥാന്‍ യുദ്ധം നടന്നപ്പോള്‍ താജ്മഹല്‍ കറുത്ത തുണികൊണ്ട് മൂടിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

Tags:    

Similar News