'കുട്ടികളുടെ നിഷ്‌കളങ്ക മനസുള്ളയാളാണ് ഇ.പി ജയരാജന്‍; അതുകൊണ്ടുതന്നെ വിപുലമായ സൗഹൃദത്തിന് ഉടമയാണ് അദ്ദേഹം; കട്ടന്‍ ചായയും പരിപ്പുവടയുമെന്ന് പറഞ്ഞ് ഇ.പിയെ വ്യക്തിഹത്യ ചെയ്യാന്‍ വലതുപക്ഷശക്തികള്‍ ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി; ഇ.പി ജയരാജന്റെ ആത്മകഥ 'ഇതാണെന്റെ ജീവിതം' പ്രകാശനം ചെയ്ത് പിണറായി വിജയന്‍
'കുട്ടികളുടെ നിഷ്‌കളങ്ക മനസുള്ളയാളാണ് ഇ.പി ജയരാജന്‍
കണ്ണൂര്‍: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ. പി.ജയരാജന്റെ ആത്മകഥ 'ഇതാണെന്റെ ജീവിതം ' മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. കണ്ണൂര്‍ ടൗണ്‍ സക്വയറില്‍ നടന്ന ചടങ്ങില്‍ കഥാകൃത്ത് ടി.പദ്മനാഭന്‍ പുസ്തകം ഏറ്റുവാങ്ങി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലൂടെ വളര്‍ന്നു മുന്നേറിയ ഒരാളെ സംബന്ധിച്ചിടത്തോളം വസ്തുതാപരമായ ആവിഷ്‌കാരമാണ് ഈ പുസ്തകമെന്നു മുഖ്യമന്ത്രി പറഞ്ഞു.
ഓരോ ചരിത്ര സംഭവങ്ങളെയും എങ്ങനെ നേരിട്ടു എന്നതിനുള്ള സാക്ഷ്യപത്രമായി ഈ പുസ്തകം മാറുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാലത്തിന്റെ കഥകൂടിയാവും ഇ.പി.യുടെ ആത്മകഥയെന്നും അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പട്ട ഇ.പി.യുടെ ബാല്യവും കൗമാരവും പ്രതിസന്ധി നിറഞ്ഞതായിരുന്നുവെന്നും പിണറായി പറഞ്ഞു. പലപ്പോഴും തെറ്റായ കാര്യങ്ങള്‍ പറഞ്ഞ് വലതുപക്ഷശക്തികള്‍ അദ്ദേഹത്തെ വ്യക്തിഹത്യ ചെയ്തു.
കട്ടന്‍ ചായയും പരിപ്പുവടയുമെന്നത് അദ്ദേഹം കാലോചിതമായ മാറ്റത്തെ കുറിച്ചു പറഞ്ഞതാണ്. ഇതുപാര്‍ട്ടിക്കും അദ്ദേഹത്തിനുമെതിരെയായി വലതുപക്ഷശക്തികളും മാധ്യമങ്ങളും ഉപയോഗിച്ചു. ഇതൊക്കെ അതിജീവിച്ചു കൊണ്ടാണ് ജയരാജന്‍ രാഷ്ട്രീയ രംഗത്തു നിലനിന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടികളുടെ നിഷ്‌കളങ്ക മനസുള്ളയാളാണ് ഇ.പി ജയരാജന്‍ അതുകൊണ്ടുതന്നെ വിപുലമായ സൗഹൃദത്തിന് ഉടമയാണ് അദ്ദേഹമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇ.പി ജയരാജന്റെ ഏറ്റവും വലിയ സമ്പത്ത് അദ്ദേഹത്തിന്റെ സ്‌നേഹിതന്മാരുടെ ബാഹുല്യമാണെന്ന് പുസ്തകം ഏറ്റുവാങ്ങിയ കഥാകൃത്ത് ടി.പത്മനാഭന്‍ പറഞ്ഞു. ചടങ്ങില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അധ്യക്ഷനായി. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, പ്രതിപക്ഷ ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി, ഗോവ മുന്‍ ഗവര്‍ണര്‍ പി. എസ് ശ്രീധരന്‍ പിള്ള , സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍, വി. ശിവദാസന്‍ എം.പി, എം.വിജയകുമാര്‍ ,മാതൃഭൂമി മാനേജിംഗ് ഡയരക്ടര്‍ എം.വി ശ്രേയംസ് കുമാര്‍, ആര്‍.രാജശ്രീ തുടങ്ങിയവര്‍ പങ്കെടുത്തു.
ആത്മകഥയിലെ ഉള്ളടക്കം പാര്‍ട്ടി കേന്ദ്ര നേതൃത്വം പരിശോധിച്ചിട്ടുണ്ടെന്നാണ് സൂചനയുണ്ടായിരുന്നു. വിവാദ ഭാഗങ്ങളെല്ലാം ഒഴിവാക്കി കൊണ്ടുള്ള ജീവിതാനുഭവങ്ങളാണ് മാതൃഭൂമി പബ്ളിക്കേഷന്‍സ് പുറത്തിറക്കിയ ആത്മകഥയിലുള്ളത്. നേരത്തെ കട്ടന്‍ ചായയും പരിപ്പുവടയുമെന്ന പേരില്‍ ഡി.സി ബുക്സ് പ്രസിദ്ധീകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന ആത്മകഥയിലെ ചില പ്രസക്തഭാഗങ്ങള്‍ പുറത്തു വന്നിരുന്നു. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇതിന്റെ പി.ഡി.എഫ് കോപ്പി പ്രചരിപ്പിക്കപ്പെട്ടത്. എന്നാല്‍ തന്റെ അനുമതിയോടെയല്ല ആത്മകഥയെന്ന പേരില്‍ ചില ഭാഗങ്ങള്‍ പുറത്തുവിട്ടതെന്നായിരുന്നു ഇപി ജയരാജന്റെ വാദം. ഇതിനെതിരെ അദ്ദേഹം നിയമനടപടി സ്വീകരിക്കുകയും ചെയ്തു.
പാലക്കാട് ഉപതെരഞ്ഞെടുപ്പ് വേളയില്‍ തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാനും തേജോവധം ചെയ്യുന്നതിനുമാണ് തന്റെ പേരില്‍ അല്ലാത്ത ആത്മകഥയിലെ ചില ഭാഗങ്ങള്‍ പുറത്തുവിട്ടതെന്നായിരുന്നു ഇപി ജയരാജന്‍ പാര്‍ട്ടി നേതൃത്വത്തിന് നല്‍കിയ വിശദീകരണം. ഇതു സി.പി.എം നേതൃത്വം അംഗീകരിക്കുകയും വിവാദങ്ങളില്‍ ഇപി യോടൊപ്പം നില്‍ക്കുകയും ചെയ്തു. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ തനിക്കു നേരിട്ട അവഗണനയില്‍ അതൃപ്തി ഇ.പി ജയരാജന്‍ ഇപ്പോഴും മറച്ചു വയ്ക്കുന്നില്ല.
തന്നെക്കാള്‍ ജൂനിയറായ എം.വി ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയാക്കിയതും പി.ബിയില്‍ ഇടം നേടാത്തതും ഇപ്പോഴും കനലു പോലെ പുകഞ്ഞുകൊണ്ടിരിക്കുകയാണ്. എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്നും ഇ.പി ജയരാജന്‍ ഒഴിവായതും ഈ കാരണങ്ങള്‍ കൊണ്ടു തന്നെയാണ്. ബി.ജെ.പി നേതാവ് പ്രകാശ് ജാവേദ്ക്കറുമായി ആക്കുളത്തെ മകന്റെ ഫ്ളാറ്റില്‍ നിന്നും കൂടിക്കാഴ്ച്ച നടത്തിയ വാര്‍ത്ത കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിനത്തില്‍ വന്നത് സി.പി.എമ്മിനെ വെട്ടിലാക്കിയിരുന്നു.
ഇതിന്റെ പിന്നിലും ഗൂഡാലോചനയുണ്ടെന്നാണ് ഇപിയുടെ വാദം പാര്‍ട്ടിയില്‍ എംവി ഗോവിന്ദന്റെ നേതൃത്വത്തിലുള്ള വിഭാഗം തനിക്കെതിരെ ഒളിയുദ്ധം നടത്തുന്നതായി ഇ.പി പലപ്പോഴും പറയാതെ പറഞ്ഞിട്ടുണ്ട്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നില്ല.
