ഞാനും ഈ തലമുറയില്‍ പെട്ടയാളാണ്, എന്നെയാരും പഴയതാക്കണ്ട; സ്‌നേഹത്തിന് നന്ദി, ഇതൊരു യാത്രയാണ്; കൂടെനടക്കാന്‍ ഒത്തിരിപ്പേരുണ്ടാകും, അവരേയും നമ്മുടെ ഒപ്പം കൂട്ടും, അതിനെ മത്സരമായൊന്നും കരുതേണ്ടതില്ല; പുരസ്‌ക്കാര നേട്ടത്തില്‍ പ്രതികരിച്ചു മമ്മൂട്ടി

ഞാനും ഈ തലമുറയില്‍ പെട്ടയാളാണ്, എന്നെയാരും പഴയതാക്കണ്ട; സ്‌നേഹത്തിന് നന്ദി, ഇതൊരു യാത്രയാണ്;

Update: 2025-11-03 12:04 GMT

കൊച്ചി: ഭ്രമയുഗത്തിലെ കഥയും കഥാപാത്രവും എല്ലാം വ്യത്യസ്തമായിരുന്നുവെന്നും അവാര്‍ഡൊന്നും പ്രതിക്ഷിച്ചിട്ടല്ല ചിത്രം ചെയ്തതെന്നും ഇതെല്ലാം സംഭവിക്കുന്നതാണെന്നും മമ്മൂട്ടി. ഭ്രമയുഗത്തിലെ ത്രസിപ്പിക്കുന്ന അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആസിഫ്, ടൊവിനോ, ഷംല ഹംസ, സിദ്ധാര്‍ഥ് ഭരതന്‍ ഉള്‍പ്പടെ പുരസ്‌കാരങ്ങള്‍ നേടിയ എല്ലാവര്‍ക്കും അഭിനന്ദനം അറിയിക്കുന്നതായും മമ്മൂട്ടി പറഞ്ഞു. സ്‌നേഹത്തിന് നന്ദി. ഇതൊരു യാത്രയാണ്. കൂടെനടക്കാന്‍ ഒത്തിരിപ്പേരുണ്ടാകും. അവരേയും നമ്മുടെ ഒപ്പം കൂട്ടും. അതിനെ മത്സരമായൊന്നും കരുതേണ്ടതില്ല എന്നും അദ്ദേഹം പ്രതികരിച്ചു.

പുതുതലമുറയാണല്ലോ ഇത്തവണ അവാര്‍ഡ് മൊത്തം കൊണ്ടുപോയത് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, താന്‍ എന്താ പഴയതാണോ, താനും ഈ തലമുറയില്‍പ്പെട്ട ആളല്ലേ എന്ന രസകരമായ മറുപടിയാണ് അദ്ദേഹം നല്‍കിയത്. റിലീസിനൊരുങ്ങുന്ന കളങ്കാവില്‍ ബോക്‌സ് തൂക്കുമോ എന്ന ചോദ്യത്തിനും കിട്ടി തക്കതായ മറുപടി.

തൂക്കാനെന്താ കട്ടിയാണോ എന്നായിരുന്നു മഹാനടന്റെ ചിരിയില്‍ പൊതിഞ്ഞുള്ള മറുചോദ്യം. കൊടുമണ്‍ പോറ്റിയായി വിസ്മയം തീര്‍ത്താണ് മമ്മൂട്ടി ഇക്കുറി മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. മമ്മൂട്ടിക്ക് സ്വയം പുതുക്കാനുള്ള വേദിയാണ് ഓരോ സിനിമയും.

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ മികച്ച നടനുള്ള പുരസ്‌കാരം നേടിയ റെക്കോഡും മമ്മൂട്ടി സ്വന്തമാക്കി. 1981ല്‍ അഹിംസ എന്ന സിനിമയിലൂടെയാണ് ആദ്യ പുരസ്‌കാര നേട്ടം. പിന്നീട് അടിയൊഴുക്കുകള്‍, യാത്ര, നിറക്കൂട്ട്, ഒരു വടക്കന്‍ വീരഗാഥ, മൃഗയ, വിധേയന്‍, പൊന്തന്‍മാട, കാഴ്ച, പാലേരി മാണിക്യം, നന്‍പകല്‍ നേരത്ത് മയക്കം, ഭ്രമയുഗം ഇങ്ങനെ പോകുന്ന മഹാനടന്റെ അവാര്‍ഡ് പെരുമ. മമ്മൂട്ടി മലയാള സിനിമയുടെ മുഖമായിട്ട് 50 വര്‍ഷം കഴിഞ്ഞു.

പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെയാണ് മമ്മൂട്ടിയിലെ നടന്‍. 'ഇനിയും തേച്ചാല്‍ ഇനിയും മിനുങ്ങും' എന്ന് മമ്മൂട്ടി തന്നെ തന്റെ അഭിനയത്തെക്കുറിച്ച് പറഞ്ഞിട്ടുമുണ്ട്.

Tags:    

Similar News