ഉന്നാവ് പീഡനക്കേസ് മുഖ്യപ്രതിക്ക് ജാമ്യം; അതിജീവിതയുടെ അമ്മയെ ഓടുന്ന ബസില്‍ നിന്ന് തള്ളിയിട്ട് സിആര്‍പിഎഫ്; കുല്‍ദീപ് സിങ് പുറത്തിറങ്ങുമ്പോള്‍ ഭീതിയോടെ കുടുംബം; നീതി തേടി സുപ്രീം കോടതിയിലേക്ക്; അതിജീവിതയുമായി കൂടിക്കാഴ്ച നടത്തി രാഹുല്‍ ഗാന്ധി; നമ്മള്‍ മരിച്ച സമൂഹമെന്ന് രാഹുല്‍; പ്രധാനമന്ത്രിയെ കാണാന്‍ അനുമതി തേടി കുടുംബം

ഉന്നാവ് പീഡനക്കേസ് മുഖ്യപ്രതിക്ക് ജാമ്യം

Update: 2025-12-24 14:42 GMT

ന്യൂഡല്‍ഹി: രാജ്യം നടുങ്ങിയ ഉന്നാവ് പീഡനക്കേസിലെ മുഖ്യപ്രതിയും ബിജെപി മുന്‍ എംഎല്‍എയുമായ കുല്‍ദീപ് സിങ് സെന്‍ഗര്‍ ജയില്‍ മോചിതനാകുന്നു. വിചാരണക്കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ ഡല്‍ഹി ഹൈക്കോടതി മരവിപ്പിച്ചതോടെയാണിത്. പ്രതി പുറത്തിറങ്ങുമ്പോള്‍, വിധിയില്‍ പ്രതിഷേധിച്ച അതിജീവിതയും അമ്മയും ഡല്‍ഹിയില്‍ കയ്യേറ്റത്തിനിരയായി. അതിജീവിതയുടെ അമ്മയെ ഓടുന്ന ബസില്‍ നിന്ന് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ തള്ളിയിട്ടു.

കോടതി വിധി ഇങ്ങനെ

കുല്‍ദീപ് സിങ് സെന്‍ഗറിന്റെ അപ്പീല്‍ ഹര്‍ജിയില്‍ അന്തിമ തീരുമാനം വരുന്നത് വരെ ശിക്ഷ മരവിപ്പിച്ചു. അതിജീവിതയുടെ വീടിന്റെ 5 കിലോമീറ്റര്‍ പരിധിയില്‍ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. പീഡനക്കേസിന് പുറമെ, പെണ്‍കുട്ടിയുടെ പിതാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസിലും കുല്‍ദീപ് കുറ്റക്കാരനാണ്.

തെരുവില്‍ അതിജീവിതയുടെ രോദനം

ഹൈക്കോടതി വിധിയില്‍ പ്രതിഷേധിച്ച് മാധ്യമങ്ങളെ കാണാന്‍ ശ്രമിച്ച അതിജീവിതയുടെ അമ്മയോട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കാട്ടിയത് കൊടും ക്രൂരതയാണ്. മാധ്യമങ്ങളോട് സംസാരിക്കാതിരിക്കാന്‍ അതിജീവിതയുടെ അമ്മയെ ഓടുന്ന ബസില്‍ നിന്ന് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ തള്ളിയിട്ടു.

അമ്മയെ റോഡില്‍ ഉപേക്ഷിച്ച ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിയുമായി ബസ് ഓടിച്ചുപോയി. തന്റെ മകളെ അവര്‍ തടവിലാക്കിയിരിക്കുകയാണെന്ന് അമ്മ മാധ്യമങ്ങളോട് വിതുമ്പിക്കൊണ്ട് പറഞ്ഞു. അതേസമയം, മാണ്ഡി ഹൗസിലോ ഇന്ത്യാ ഗേറ്റിലോ പ്രതിഷേധിക്കാന്‍ അനുമതിയില്ലെന്നും പകരം അതിജീവിതയെയും അമ്മയെയും ജന്തര്‍ മന്ദിറിലേക്കോ അവരുടെ വീട്ടിലേക്കോ കൊണ്ടുപോകുമെന്നും സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍ അതിജീവിതയെ അപായപ്പെടുത്താനാണ് നീക്കമെന്ന് അമ്മ ആരോപിച്ചു.

അതിജീവിതയുമായി കൂടിക്കാഴ്ച നടത്തി രാഹുല്‍ ഗാന്ധി; പ്രധാനമന്ത്രിയെ കാണണമെന്ന് അതിജീവിത

ഡല്‍ഹിയിലെ 10 ജനപഥില്‍ സോണിയാ ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു ഒരു മണിക്കൂര്‍ നീണ്ട വൈകാരികമായ കൂടിക്കാഴ്ച. 'നീതി ലഭിക്കും വരെ കൂടെയുണ്ടാകും' എന്ന ഉറപ്പാണ് രാഹുല്‍ കുടുംബത്തിന് നല്‍കിയത്. തങ്ങളെ കൊല്ലാന്‍ ഉന്നതര്‍ കരുനീക്കുന്നു എന്ന ഭീതിയിലാണ് അതിജീവിതയും അമ്മയും രാഹുലിനെ കാണാനെത്തിയത്. പ്രധാനമായും മൂന്ന് ആവശ്യങ്ങളാണ് അവര്‍ മുന്നോട്ടുവെച്ചത്:

കുല്‍ദീപ് സിംഗിനെതിരെ സുപ്രീം കോടതിയില്‍ പോരാടാന്‍ രാജ്യത്തെ ഏറ്റവും മികച്ച അഭിഭാഷകനെ ലഭ്യമാക്കണം. ബിജെപി ഭരണത്തിന് കീഴില്‍ തങ്ങള്‍ കൊല്ലപ്പെടുമെന്ന് ഭയമുണ്ടെന്നും, അതിനാല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ഏതെങ്കിലും സംസ്ഥാനത്തേക്ക് താമസം മാറ്റണമെന്നും കുടുംബം ആവശ്യപ്പെട്ടു.

കുടുംബം പുലര്‍ത്താന്‍ അതിജീവിതയുടെ ഭര്‍ത്താവിന് ഒരു ജോലി നല്‍കണം. ഈ മൂന്ന് ആവശ്യങ്ങളും രാഹുല്‍ ഗാന്ധി അംഗീകരിക്കുകയും ഉടന്‍ നടപടി ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.

'നമ്മള്‍ മരിച്ച സമൂഹമായി മാറുന്നു': രാഹുല്‍

കൂടിക്കാഴ്ചയ്ക്ക് പിന്നാലെ എക്‌സ് പ്ലാറ്റ്ഫോമിലൂടെ രാഹുല്‍ ഗാന്ധി രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. 'പീഡകര്‍ക്ക് ജാമ്യം ലഭിക്കുകയും അതിജീവിതകളെ കുറ്റവാളികളെപ്പോലെ കാണുകയും ചെയ്യുന്ന ഈ വ്യവസ്ഥിതി എന്തുതരം നീതിയാണ്? നമ്മള്‍ സാമ്പത്തികമായി മാത്രമല്ല, ഒരു സമൂഹമെന്ന നിലയിലും മരിച്ചുകൊണ്ടിരിക്കുകയാണ്,' രാഹുല്‍ കുറിച്ചു.

നടുറോഡിലെ ക്രൂരത; മാധ്യമങ്ങളെ കാണാന്‍ സമ്മതിച്ചില്ല

നേരത്തെ, മാധ്യമങ്ങളെ കാണാന്‍ ശ്രമിച്ച അതിജീവിതയുടെ അമ്മയെ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ഓടുന്ന ബസില്‍ നിന്നും തള്ളിയിട്ടിരുന്നു. ഈ ക്രൂരതയുടെ ദൃശ്യങ്ങള്‍ രാജ്യം മുഴുവന്‍ ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ അതിജീവിത സമയം ചോദിച്ചിട്ടുണ്ടെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.

അതിജീവിതയെയും കുടുംബത്തെയും സംരക്ഷിക്കുമെന്നും കേസ് സുപ്രീം കോടതിയില്‍ ശക്തമായി എത്തിക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കിയതോടെ ഉന്നാവ് കേസ് വീണ്ടും ദേശീയ രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.

നീതി നിഷേധത്തിന്റെ നാള്‍വഴികള്‍

2017-ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് കുല്‍ദീപ് സിങ് സെന്‍ഗര്‍ കുടുങ്ങിയത്. പീഡനത്തിന് പിന്നാലെ പെണ്‍കുട്ടിയുടെ പിതാവ് പോലീസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദ്ദനമേറ്റു കൊല്ലപ്പെട്ടു. തുടര്‍ന്ന് അതിജീവിത സഞ്ചരിച്ച കാര്‍ ട്രക്കിടിച്ച് തകര്‍ക്കാനും ശ്രമമുണ്ടായി. ഇത്രയും ക്രൂരതകള്‍ക്ക് നേതൃത്വം നല്‍കിയ പ്രതിയാണ് ഇപ്പോള്‍ നിയമത്തിന്റെ പഴുതിലൂടെ പുറത്തിറങ്ങുന്നത്.

'ഞങ്ങളെ അവര്‍ കൊലപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ക്ക് നീതി കിട്ടിയില്ല,' എന്ന അതിജീവിതയുടെ അമ്മയുടെ വാക്കുകളാണ് സമൂഹ മനസാക്ഷിയുടെ ഉള്ളില്‍ മുഴങ്ങുന്നത്.

Tags:    

Similar News