പതിനെട്ടാംപടിക്ക് ഇരുവശങ്ങളിലുമായി മണിമണ്ഡപം നിര്‍മിച്ചതും അന്നദാന മണ്ഡപത്തിന് ലിഫ്റ്റ് പണിയാന്‍ 10 ലക്ഷം രൂപ നല്‍കിയതും പലതവണയായി സംഭാവനയായി 25 ലക്ഷത്തോളം നല്‍കിയതും ഉണ്ണികൃഷ്ണന്‍ പോറ്റിയിലൂടെ മറ്റാരോ? 2025 ജനുവരി ഒന്നിന് അന്നദാനവും പടിപൂജയും ഉദയാസ്തമന പൂജയും നടത്തിയ പോറ്റി? ഈ ഭരണ സമിതിയുടെ കാലത്തും 'ഉണ്ണികൃഷ്ണന്‍ നിറഞ്ഞാടി'!
തിരുവനന്തപുരം: ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയില്ലെന്ന് ഇപ്പോഴുള്ള ദേവസ്വം ഭരണ സമിതി ഇനി പറയരുത്. ഈ ദേവസ്വം ഭരണ സമിതിയുടെ കാലത്തും സന്നിധാനത്ത് നിറഞ്ഞു കളിച്ചു ഉണ്ണികൃഷ്ണന്‍ പോറ്റി. ഇതിന്റെ തുടര്‍ച്ചയായിരുന്നു 2025ലെ ദ്വാരക ശില്‍പ്പ സ്വര്‍ണ്ണ പാളി ഇടപാട്. എന്നാല്‍ അത് എങ്ങനെയോ പൊളിഞ്ഞു.
2025 ജനുവരി ഒന്നിന് അന്നദാനം, പടിപൂജ, ഉദയാസ്തമന പൂജ, കളഭാഭിഷേകം എന്നിവ ഉണ്ണിക്കൃഷ്ണന്‍പോറ്റി നടത്തിയതും മറ്റാരുടെയോ സ്‌പോണ്‍സര്‍ഷിപ്പിലാണ്. പതിനെട്ടാംപടിക്ക് ഇരുവശങ്ങളിലുമായി മണിമണ്ഡപം നിര്‍മിച്ചതും അന്നദാന മണ്ഡപത്തിന് ലിഫ്റ്റ് പണിയാന്‍ 10 ലക്ഷം രൂപ നല്‍കിയതും പലതവണയായി സംഭാവനയായി 25 ലക്ഷത്തോളം നല്‍കിയതും ഉണ്ണികൃഷ്ണന്‍ പോറ്റിയല്ല. ഇതിലെ യഥാര്‍ഥ സ്‌പോണ്‍സര്‍മാരെ കണ്ടെത്തണമെന്നും വിജിലന്‍സ് ശുപാര്‍ശ ചെയ്തു. ഉണ്ണിക്കൃഷ്ണന്‍ പോറ്റി പലയിടത്തും ബിനാമി പേരുകളില്‍ ഭൂമി ഇടപാടുകള്‍ നടത്തിയതായും വിവരമുണ്ട്.
ഇതില്‍ പടിപൂജയ്ക്ക് വലിയ ബുക്കിംഗാണ് ശബരിമലയില്‍. എന്നിട്ടും ഈ ഭരണ സമിതിയുടെ കാലത്ത് പോറ്റിയ്ക്ക് ആര്‍ക്കോ വേണ്ടി ഉദയാസ്തമയ പൂജ നടത്താനായി. ഇതെല്ലാം സര്‍വ്വത്ര ദുരൂഹമാണ്. ശബരിമലയില്‍ ആര്‍ക്കും പ്രത്യേക പരിഗണന നല്‍കരുതെന്ന് ഹൈക്കോടതി 2024 ഡിസംബറില്‍ ഉത്തവിട്ടിരുന്നു. മറ്റ് ഭക്തര്‍ക്ക് നല്‍കാത്ത പരിഗണന വ്യവസായിയായ സുനില്‍ സ്വാമിയ്ക്ക് സന്നിധാനത്ത് നല്‍കരുതെന്ന് വിശദീകരിച്ച കോടതി ഉത്തരവിലായിരുന്നു ഇതുണ്ടായിരുന്നത്. ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ഈ ഉത്തരവ്. നേരത്തേ ശബരിമലയുമായി ബന്ധപ്പെട്ട സുനില്‍ സ്വാമിയുടെ ഇടപെടലുകള്‍ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. മാസങ്ങളായി ഇവ കോടതി പരിശോധിച്ചുവരികയായിരുന്നു. വിവിധ വകുപ്പുകളില്‍ നിന്ന് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച ശേഷമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് വന്നത്. എന്നാല്‍ ഈ ഉത്തരവ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അതിന് ശേഷവും ബാധകമായില്ല. അതിന്റെ തുടര്‍ച്ചയിലാണ് പുതിയ വിവാദങ്ങള്‍.
അതിനിടെ ശബരിമല ദ്വാരപാലക ശില്‍പ്പപാളിയിലെ സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതി ഉണ്ണിക്കൃഷ്ണന്‍പോറ്റിക്ക് ചില്ലിക്കാശിന്റെ സ്ഥിരവരുമാനമില്ലെന്നും പണമെല്ലാം സ്‌പോണ്‍സര്‍മാരില്‍നിന്ന് തട്ടിയതാണെന്നും ദേവസ്വം വിജിലന്‍സിന്റെ കണ്ടെത്തലും അന്വേഷണം നടക്കും. ഉണ്ണിക്കൃഷ്ണന്‍പോറ്റിയുടെ 2017 മുതല്‍ 2025 വരെയുള്ള ആദായ നികുതി വകുപ്പിന്റെ റിട്ടേണ്‍ രേഖകളില്‍നിന്നാണ് ഇക്കാര്യം വ്യക്തമായത്. ശബരിമലയില്‍ സ്‌പോണ്‍സര്‍ഷിപ്പിലൂടെ ലഭിക്കുന്ന പണം ഇയാള്‍ തട്ടിയെടുത്തിരുന്നതായാണ് സൂചന. മറ്റ് പല സംസ്ഥാനങ്ങളില്‍നിന്നും സ്‌പോണ്‍സര്‍ഷിപ്പ് എന്ന പേരില്‍ പണം പിരിച്ചാണ് തട്ടിപ്പ് നടത്തിയത്. കഴിഞ്ഞവര്‍ഷം കാമാക്ഷി എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തിന്റെപേരില്‍ ഇയാളുടെ അക്കൗണ്ടിലേക്ക് 10,85,150 രൂപ വന്നതായി കാണുന്നു. ശബരിമലയിലെ കേടായ വാതില്‍ മാറ്റി പുതിയ വാതില്‍ സ്വര്‍ണം പൂശിനല്‍കിയതിന്റെ യഥാര്‍ഥ സ്‌പോണ്‍സര്‍ കര്‍ണാടക ബെല്ലാരി സ്വദേശിയും വ്യവസായിയുമായ ഗോവര്‍ധന്‍ ആണ്. ശ്രീകോവിലിന്റെ കട്ടിളയില്‍ പൊതിഞ്ഞ ചെമ്പുപാളികള്‍ക്ക് സ്വര്‍ണം പൂശി നല്‍കിയത് മലയാളിയും ബംഗളൂരുവില്‍ സ്ഥിരതാമസക്കാരനുമായ അജികുമാര്‍ ആണെന്ന് വ്യക്തം. ഈ സ്വര്‍ണ്ണമെല്ലാം എവിടെ പോയി എന്നതാണ് ഉയരുന്ന ചോദ്യം.
ശബരിമലയില്‍ ഏതെങ്കിലും ഒരു ഭക്തന് പ്രത്യേക പരിഗണന നല്‍കാന്‍ പാടില്ലെന്ന് കയറ്റുമതി വ്യവസായിയായ സുനില്‍ സ്വാമിയുടെ ഇടപെടലുകളുമായി ബന്ധപ്പെടുത്തി കോടതി പറഞ്ഞിരുന്നു. മറ്റ് ഭക്തര്‍ക്ക് ലഭിക്കാത്ത സൗകര്യങ്ങള്‍ സുനില്‍ സ്വാമിക്ക് ശബരിമലയില്‍ ലഭിക്കാന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി. എല്ലാ ദിവസത്തെ പൂജകളിലും സുനില്‍ സ്വാമി പങ്കെടുക്കുന്നുണ്ട്. ഈ സമയത്തെല്ലാം ശ്രീകോവിലിന് മുന്നില്‍ സുനില്‍ സ്വാമി ഉണ്ടാകാറുണ്ട്. നടതുറക്കുന്ന ദിവസങ്ങളിലെല്ലാം അവിടെ സുനില്‍ സ്വാമി സ്ഥിരമായി താമസിക്കുന്നു. ഈ പരിഗണനകളൊന്നും മറ്റ് ഭക്തര്‍ക്ക് ലഭിക്കാറില്ല. വിര്‍ച്വല്‍ ക്യൂ വഴി മാത്രമാണ് ഭക്തര്‍ക്ക് സന്നിധാദാനത്തേക്ക് പ്രവേശനമുള്ളത്. സുനില്‍ സ്വാമിക്കും ഈ രീതിയില്‍ പ്രവേശനം അനുവദിച്ചാല്‍ മതിയെന്ന് കോടതി പറഞ്ഞിരുന്നു. ശബരിമലയിലെ ഡോണര്‍ ഹൗസായ സഹ്യാദ്രി പില്‍ഗ്രിം സെന്ററിലെ 401-ാം മുറി പത്ത് വര്‍ഷമായി സുനില്‍ സ്വാമി മാത്രമാണ് ഉപയോഗിക്കുന്നതെന്നും കോടതി കണ്ടെത്തിയിരുന്നു.
ഡോണര്‍ റൂമുകളില്‍ ഒരു സീസണില്‍ അഞ്ച് ദിവസം ആ മുറിയില്‍ സൗജന്യമായി താമസിക്കാനും പത്ത് ദിവസം വാടക നല്‍കി താമസിക്കാനും അനുവാദമുണ്ട്. എന്നാല്‍ വര്‍ഷങ്ങളോളം അത് കൈവശം വെക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതെല്ലാം പരിഗണിക്കാതെയാണ് ഇപ്പോഴത്തെ ദേവസ്വം ബോര്‍ഡ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ വളര്‍ത്തിയത്.